Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസുതാര്യതയെ...

സുതാര്യതയെ ഭരണകൂടംഎന്തിനു ഭയപ്പെടണം

text_fields
bookmark_border
സുതാര്യതയെ ഭരണകൂടംഎന്തിനു ഭയപ്പെടണം
cancel

നെടുനാളത്തെ ജനകീയ പോരാട്ടത്തിനു ശേഷം രാജ്യത്തെ പൗരന്മാര്‍ നേടിയെടുത്ത, വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമം അനുശാസിക്കുംവിധം വകവെച്ചുകൊടുക്കാന്‍ തയാറാവുന്നില്ല എന്ന പരാതി പുതിയതല്ളെങ്കിലും നിയമം  അട്ടിമറിക്കാന്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ സമീപകാലത്ത് നടത്തിയ ഗൂഢശ്രമങ്ങളെ നിസ്സാരമായി കണ്ടുകൂടാ. വിവരാവകാശനിയമത്തിന്‍െറ പരിധിയില്‍ ഉള്‍പ്പെടാത്ത വിവരങ്ങള്‍ എന്തൊക്കെയാണെന്ന് നിയമം വ്യക്തമായി പറയുന്നുണ്ടെന്നിരിക്കെ രഹസ്യമായോ അവിഹിതമായോ തങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ പുറംലോകം അറിയാതിരിക്കുന്നതിന് ഈ നിയമത്തെ ദുരുപയോഗംചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതിനെതിരെ മുഖ്യവിവരാവകാശ കമീഷണര്‍ കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണങ്ങള്‍ ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അസ്തമയകാലത്ത് ധിറുതിപിടിച്ചും ഗോപ്യമായും എടുത്ത ഒട്ടേറെ വിവാദ തീരുമാനങ്ങള്‍ക്കു പിന്നിലെ നിഗൂഢത നീക്കാന്‍ കമീഷണറുടെ ഉത്തരവ് പ്രയോജനപ്പെടാതിരിക്കില്ല. മന്ത്രിസഭാ തീരുമാനങ്ങളെല്ലാം മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതില്ല  എന്ന ഇടതുസര്‍ക്കാറിന്‍െറ നിലപാട് തിരുത്താനുള്ള മുന്നറിയിപ്പുകൂടിയായി വേണം ഇതിനെ കാണാന്‍.

വിവരാവകാശ ആക്ടിവിസ്റ്റായ അഡ്വ. ബി. ബിനു 2016 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 12 വരെയുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനങ്ങള്‍ സംബന്ധിച്ച അജണ്ട, മിനുട്സ് എന്നിവ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി വിചിത്രമായിരുന്നു. ആവശ്യപ്പെട്ട വിവരങ്ങള്‍ നിയമത്തിലെ 8(1)(i) വകുപ്പുപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമേ നല്‍കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ അതത് വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ക്ക് നല്‍കുകയാണ് പതിവെന്നും അത്തരം തീരുമാനങ്ങള്‍ അനുസരിച്ച് നടപടി പൂര്‍ത്തിയായിക്കഴിഞ്ഞുവോ എന്ന് ബന്ധപ്പെട്ട വകുപ്പാണ് വ്യക്തമാക്കേണ്ടതെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.

വിവരങ്ങള്‍ വേണമെങ്കില്‍ അതത് വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന പൊതു അധികാരികളുടെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുമായി ബന്ധപ്പെടുകയാണ് വേണ്ടതെന്ന തികച്ചും നിരുത്തരവാദപരവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ ഊട്ടിവളര്‍ത്തുന്നതുമായ മറുപടിയാണ് അപേക്ഷകന് കിട്ടിയത്. കാബിനറ്റ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ കോപ്പികള്‍ക്കുവേണ്ടിയുള്ള അപേക്ഷയും അതൊന്നും ജനം അറിയേണ്ട വിവരമല്ല എന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. ഹരജിയില്‍ പരാമര്‍ശിക്കപ്പെട്ട കാലയളവില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ച് അപൂര്‍ണവും ശരിയല്ലാത്തതുമായ വിവരങ്ങളാണ് പുറത്തുവന്നതെന്നും മാധ്യമങ്ങളെയും പൊതുജനത്തെയും ഗവണ്‍മെന്‍റ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമുള്ള ഹരജിക്കാരന്‍െറ ആരോപണം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവരുന്ന സാഹചര്യത്തില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

അതീവരഹസ്യമായ നീക്കങ്ങളിലൂടെ വന്‍കിട വ്യവസായികളെയും ബിസിനസുകാരെയും സഹായിക്കുകയായിരുന്നു സര്‍ക്കാര്‍. ഒഴികഴിവു പറഞ്ഞ്, വിവരങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരുനിലക്കും അംഗീകരിക്കാന്‍ നിര്‍വാഹമില്ല എന്നാണ് മുഖ്യവിവരാവകാശ കമീഷണര്‍ ഉത്തരവില്‍ ഓര്‍മപ്പെടുത്തുന്നത്. പ്രായോഗിക ബുദ്ധിമുട്ടുകളും നടപടിക്രമങ്ങളുടെ സങ്കീര്‍ണതയും ചൂണ്ടിക്കാട്ടി  വിവരങ്ങള്‍ തേടുന്നവര്‍ക്ക് അത് നിഷേധിക്കുന്നത് വിവരാവകാശനിയമത്തിന്‍െറ അന്തസ്സത്തക്ക് യോജിച്ചതല്ല. വിവരസാങ്കേതിക വിദ്യ ഇത്രകണ്ട് പുരോഗമിച്ച ഇക്കാലത്ത് മന്ത്രിസഭായോഗത്തിന്‍െറ അജണ്ട, മിനുട്സ്, തീരുമാനങ്ങള്‍ എന്നിവ കമ്പ്യൂട്ടര്‍വത്കരിച്ചാല്‍ സുതാര്യത ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

ജനക്ഷേമവും സാമൂഹിക നീതിയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാറിനും സുതാര്യതയെ ഭയപ്പെടേണ്ടതില്ല. ജനങ്ങളിലേക്ക് വിവരങ്ങള്‍ യഥാവിധി ഒഴുകുന്നില്ളെങ്കില്‍ അഭ്യൂഹങ്ങളും അര്‍ധസത്യങ്ങളുമായിരിക്കും പ്രചരിപ്പിക്കപ്പെടുക. ഈ ദിശയില്‍ പുതിയ ഇടതുമുന്നണി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നിലപാടില്‍ പുനര്‍വിചിന്തനത്തിനു തയാറാവുമെന്നുതന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മന്ത്രിസഭാ യോഗങ്ങള്‍ക്കുശേഷം മുഖ്യമന്ത്രിതന്നെ സുപ്രധാന തീരുമാനങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്ന ഏറെക്കാലമായി പിന്തുടര്‍ന്നുവരുന്ന കീഴ്വഴക്കം പെട്ടെന്ന് വേണ്ടെന്നുവെച്ചത് വാര്‍ത്തയുടെ സുഗമമായ ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജനങ്ങള്‍ അറിയേണ്ട പ്രധാന വിവരങ്ങള്‍ക്കുപോലും മാധ്യമങ്ങള്‍ നെട്ടോട്ടം ഓടേണ്ടിവരുന്ന അവസ്ഥ കേരളംപോലെ രാഷ്ട്രീയപ്രബുദ്ധമായ ഒരു സംസ്ഥാനത്തിനു നാണക്കേടാണ്. മാധ്യമങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിനു പകരം അവയെ അകറ്റിനിര്‍ത്തുന്നതുകൊണ്ട് ഗുണത്തെക്കാളേറെ ദോഷമേ ഉണ്ടാവൂവെന്ന്  സര്‍ക്കാറിന്‍െറ മാധ്യമ ഉപദേഷ്ടാക്കളെ പ്രത്യേകം ഓര്‍മപ്പെടുത്തേണ്ടതില്ലല്ളോ.

Show Full Article
TAGS:madhyamam editorial 
Next Story