ആകാശം തുറന്നാലും പ്രവാസിയുടെ പ്രതീക്ഷ പുലരാന്‍ പോകുന്നില്ല
text_fieldsകേന്ദ്രസര്‍ക്കാറിന്‍െറ പ്രഥമ വ്യോമയാന നയം കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും പ്രായോഗികതലത്തില്‍ ആര്‍ക്കൊക്കെയാണ് ഗുണംചെയ്യാന്‍ പോകുന്നതെന്ന സൂക്ഷ്മമായ അന്വേഷണം ആശാവഹമായ നിഗമനത്തിലല്ല കൊണ്ടത്തെിക്കുന്നത്. പുതിയ നയത്തിലൂടെ കോര്‍പറേറ്റ് താല്‍പര്യങ്ങളാണ്് ലക്ഷ്യമിടുന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വിമാനയാത്ര അനിവാര്യമായി വരുന്ന പ്രവാസികളെപ്പോലുള്ള സാധാരണക്കാരെ മനസ്സില്‍ കണ്ടല്ല; മറിച്ച്, വ്യോമയാന രംഗത്ത് കടന്നുവരുന്ന സ്വകാര്യകമ്പനികളെയും യാത്രക്ക് വിമാനത്തെ ആശ്രയിക്കുന്ന മധ്യവര്‍ഗത്തെയും സേവിക്കുക എന്നതിലാണ് ഊന്നല്‍നല്‍കിയിരിക്കുന്നത്. ഇതുവരെ വ്യോമഗതാഗതം വഴി ബന്ധിപ്പിക്കപ്പെടാത്ത പ്രദേശങ്ങളെ പുതിയ വിമാനത്താവളങ്ങള്‍ തുറന്ന് ബന്ധിപ്പിക്കാനും വിമാനയാത്രാ ചെലവ് കുറക്കാനും ലക്ഷ്യമിടുന്നുണ്ടത്രെ.
ആഭ്യന്തര സര്‍വിസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് രാജ്യാന്തര സര്‍വിസ് നടത്താനുള്ള കടമ്പകള്‍ ഭാഗികമായെങ്കിലും എടുത്തുകളയുക, യൂറോപ്യന്‍-സാര്‍ക് രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ആകാശം തുറന്നിടുക എന്നിവയാണ് പുതിയ നയത്തിലെ എടുത്തുപറയേണ്ട വശങ്ങള്‍. 35 കോടിയോളം വരുന്ന ഇന്ത്യന്‍ മധ്യവര്‍ഗം വിമാനയാത്ര വേണ്ടത്ര ശീലമാക്കിയിട്ടില്ല എന്ന കണ്ടത്തെലാണ് ഈ വിഭാഗത്തെ ആകര്‍ഷിക്കുംവിധം യാത്രാനിരക്ക് കുറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നതത്രെ. നിലവില്‍ പ്രതിവര്‍ഷം എട്ടു കോടി ടിക്കറ്റ് മാത്രമാണുപോലും വിറ്റഴിക്കുന്നത്്. 2022 ആകുമ്പോഴേക്കും അത് 30 കോടിയായി വര്‍ധിപ്പിക്കുകയാണ് ഉന്നം. ചെലവു കുറഞ്ഞ യാത്ര എങ്ങനെ സാധ്യമാവും എന്നതിനെക്കുറിച്ച് പുതിയ നയത്തില്‍ അസന്ദിഗ്ധമായി പറയുന്നില്ല. ചെറുപട്ടണങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് ഒരു മണിക്കൂര്‍ യാത്രക്ക് പരമാവധി ഈടാക്കാവുന്നത് 2500 രൂപയാവണമെന്നും 30 മിനിറ്റ് യാത്രക്ക് 1200 രൂപയില്‍ കവിയരുതെന്നും വ്യവസ്ഥ ചെയ്യുന്നത് എല്ലാ സെക്ടറിലും ബാധകമല്ളെന്നും പുതുതായി തുടങ്ങുന്ന റൂട്ടുകളിലും ചെറുപട്ടണങ്ങളില്‍നിന്നുള്ളവക്കും മാത്രമാണെന്നതും ശ്രദ്ധേയമാണ്. അതായത്, വന്‍ നഗരങ്ങള്‍ ത മ്മില്‍ ബന്ധിപ്പിക്കുന്ന, ഏറ്റവും തിരക്കുള്ള റൂട്ടുകളില്‍ പഴയ നിരക്കുതന്നെ നല്‍കേണ്ടിവരുമെന്ന് ചുരുക്കം.
ഗള്‍ഫ് പ്രവാസത്തോടെ കേരളത്തെ സംബന്ധിച്ചിടത്തോളം വിമാനം സാധാരണക്കാരന്‍െറ യാത്രാ ഉപാധിയായി മാറിയത് ഈ വിഷയത്തിലുള്ള ഏതു തീരുമാനവും സാകൂതം നിരീക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. മോദിസര്‍ക്കാറിന്‍െറ പുതിയ ആകാശനയം മറുനാട്ടില്‍ചെന്ന് ജീവസന്ധാരണം തേടുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് (യു.എന്‍ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രവാസിസമൂഹം ഇന്ത്യക്കാരുടെ; 1.6 കോടി) എങ്ങനെ അനുകൂലമായി ഭവിക്കും എന്നൊരന്വേഷണം നിരാശ മാത്രമായിരിക്കും നല്‍കുക. വിദേശത്ത്, വിശിഷ്യ, അറബ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന 35-40 ലക്ഷം കേരളീയരെ സംബന്ധിച്ചിടത്തോളം പ്രവാസജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ വശം യാത്രയുമായി ബന്ധപ്പെട്ടതാണ്. ചോര നീരാക്കി മരുക്കാട്ടില്‍ സമാഹരിക്കുന്ന പണത്തിന്‍െറ വലിയൊരു ഭാഗം വിമാനക്കമ്പനികള്‍ തട്ടിയെടുക്കുന്ന ദാരുണമായ അനുഭവങ്ങളെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും ഇതുവരെ നമ്മുടെ സര്‍ക്കാറുകള്‍ക്ക് ഈദിശയില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നത് നാണക്കേടാണ്. പുതിയ വ്യോമയാന നയത്തിലും ഇന്ത്യന്‍ പ്രവാസികളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു വ്യവസ്ഥയും ഇല്ല എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപകാലത്ത് യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രവാസികള്‍ നേരിടുന്ന യാത്രാക്ളേശങ്ങളെക്കുറിച്ചുള്ള രോദനങ്ങള്‍ കേട്ടിട്ടില്ല എന്ന് കരുതാനാവില്ല. വിവിധ സംഘടനകളും വ്യക്തികളും പലതവണ ഈ വിഷയം ഭരണകൂടങ്ങളുടെ മുന്നില്‍ അതുള്‍ക്കൊള്ളുന്ന ഗൗരവത്തോടെ അവതരിപ്പിച്ചതാണ്. പക്ഷേ, പുതിയ നയത്തില്‍ അതിന്‍െറയൊന്നും പ്രതിഫലനം കാണാനില്ല. ആഭ്യന്തര സര്‍വിസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് അന്താരാഷ്ട്ര സെക്ടറില്‍ സര്‍വിസ് നടത്തണമെങ്കില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും 20 വിമാനങ്ങള്‍ കൈവശമുണ്ടാവുകയും വേണമെന്ന 2004ലെ മാനദണ്ഡം പകുതികണ്ട് റദ്ദാക്കിയതാണ് പുതിയ നയത്തിലെ എടുത്തുപറയേണ്ട ഏക കാര്യം. അതായത്, 20 വിമാനമുണ്ടായാല്‍ മതി, അഞ്ചുവര്‍ഷത്തെ സേവനപാരമ്പര്യം വേണ്ടാ എന്നതാണ് പുതിയ നയം.
ഇതുകൊണ്ടുമാത്രം മലയാളികളുടെ സ്വപ്നത്തിലുള്ള ‘എയര്‍ കേരള’ എന്ന വ്യോമയാന പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ല എന്ന് ചുരുക്കം. ന്യായമായ നിരക്കില്‍, നമ്മുടെ സ്വന്തം വിമാനം എന്ന വാഗ്ദാനം പ്രവാസികളെ സംബന്ധിച്ചിടത്തോളം മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ കേവലമൊരു കബളിപ്പിക്കലായി പരിണമിക്കുകയാണെന്ന് പറയുന്നതാവും ശരി. അതേസമയം, എയര്‍ ഏഷ്യ, വിസ്താര തുടങ്ങിയ കമ്പനികള്‍ അന്താരാഷ്ട്ര സര്‍വിസ് തുടങ്ങുന്നതോടെ വിപണി മത്സരം കൂടുന്നതിന്‍െറ ഫലമായി ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കാം. അങ്ങനെ കുറഞ്ഞുകിട്ടിയാല്‍ ഭാഗ്യം എന്നല്ലാതെ, നമ്മുടെ സര്‍ക്കാറുകളുടെ സുചിന്തിത തീരുമാനത്തിന്‍െറ ഫലമായി പ്രവാസികളുടെ പ്രതീക്ഷകളൊന്നും സഫലമാവാന്‍ പോകുന്നില്ളെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
