Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightദുരന്തങ്ങളില്‍ നിന്നു...

ദുരന്തങ്ങളില്‍ നിന്നു പഠിക്കാത്ത അമേരിക്ക

text_fields
bookmark_border
ദുരന്തങ്ങളില്‍ നിന്നു പഠിക്കാത്ത അമേരിക്ക
cancel

അമേരിക്കയില്‍ ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ ക്ളബില്‍ കയറിയ അക്രമി 50 പേരെ വെടിവെച്ചുകൊല്ലുകയും നിരവധി പേര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്ത സംഭവം അമേരിക്കയെ ഞെട്ടിച്ചിരിക്കുന്നു. 2001 സെപ്റ്റംബര്‍ 11ന്‍െറ ഭീകരാക്രമണത്തിനു ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഞായറാഴ്ച പുലര്‍ച്ചെ നടന്നത്. ഉമര്‍ മീര്‍ സിദ്ദീഖ് മതീന്‍ എന്നു പേരായ കുടിയേറ്റ വംശജനാണ് അക്രമിയെന്നും ഇയാള്‍ ഭീകരസംഘടനയായ ഐ.എസ്.ഐ.എസിനു വേണ്ടിയാണ് കൃത്യം നടത്തിയതെന്നുമാണ് പ്രാഥമികവിവരം.  സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിന്‍െറ ജീവനക്കാരനായിരുന്ന ഉമര്‍ മതീന്‍ മാനസിക തകരാറുള്ള ആളായിരുന്നുവെന്നും സ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്നും അക്രമിയുടെ ഭാര്യ സി.എന്‍.എന്‍ ചാനലിനോട് വ്യക്തമാക്കിയിട്ടുണ്ട്. ചാവേറാക്രമണത്തെ പ്രശംസിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായിരുന്ന ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) 2013ലും 2014ലും ഇയാളെ ചോദ്യം ചെയ്തിരുന്നെങ്കിലും നിരീക്ഷണത്തില്‍ വെച്ചിരുന്നില്ല. അമേരിക്കയിലെ ആയുധനിയമം അനുസരിച്ചുതന്നെയാണ് ഇയാള്‍ പിസ്റ്റളും ലോങ് ഗണുമൊക്കെ സംഘടിപ്പിച്ചത്.

ഫ്ളോറിഡയിലെ ഭീകരക്കുരുതിയുടെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷണം നടന്നുവരുകയാണ്. ഇതുമായി ബന്ധപ്പെട്ട വിശകലനങ്ങളില്‍ തെളിയുന്ന വസ്തുത നിയമവാഴ്ചയുടെ രംഗത്ത് അമേരിക്കയില്‍ നിലനില്‍ക്കുന്ന അരക്ഷിതവും അശിക്ഷിതവുമായ നിയമങ്ങളും സംവിധാനങ്ങളുമാണ്. ഐ.എസ് ഭീകരരില്‍പെട്ടയാളാണ് അക്രമിയെന്ന പ്രാഥമിക റിപ്പോര്‍ട്ട്പോലും ഇക്കാര്യത്തില്‍ അമേരിക്ക സ്വീകരിച്ചുവരുന്ന അഴകൊഴമ്പന്‍ നിലപാടുകളെയാണ് ചോദ്യംചെയ്യുന്നത്. 2001ലെ ഭീകരാക്രമണശേഷം ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ നാട്ടില്‍ പുതിയ നിയമങ്ങളും സംവിധാനങ്ങളും ആവിഷ്കരിച്ച അമേരിക്ക ആഗോളതലത്തില്‍തന്നെ ഭീകരതയെ നേരിടാനുള്ള നിയമനിര്‍മാണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുകയും ഈ പ്രതിരോധത്തില്‍ ലോകത്തെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയും ചെയ്തു. 2001 സെപ്റ്റംബര്‍ 11ന് ശേഷം ലോകരാജ്യങ്ങളില്‍ കുറ്റാന്വേഷണസംവിധാനങ്ങളിലും നിയമങ്ങളിലും അടിമുടി മാറ്റംവന്നു. എന്നാല്‍, ഇതിന് മുന്‍കൈയെടുത്ത അമേരിക്കക്ക് ഇതുവരെ സ്വന്തം നാട്ടിലെ തോക്കിന്‍കളിയുടെ ഭീഷണിയെ മറികടക്കാനായിട്ടില്ല. നാളേറെ ചെല്ലുന്തോറും തെളിഞ്ഞുവരുന്ന ഐ.എസ് ഭീകരസംഘത്തിന്‍െറ കിരാതവൃത്തികള്‍ക്കുപോലും ഈ ക്രിമിനലിസത്തിന്‍െറ അകമ്പടിയുണ്ടെന്ന ആരോപണം ഇപ്പോള്‍ ശക്തമാണ്. ആദ്യഘട്ടത്തില്‍ മതത്തിന്‍െറ പേരില്‍ ചാരിവെക്കപ്പെട്ട ഈ സംഘത്തിന്‍െറ റിക്രൂട്ട്മെന്‍റ് മുതല്‍ ഓപറേഷന്‍വരെയുള്ള ആക്രമണപദ്ധതികള്‍ക്ക് മയക്കുമരുന്ന്, അധോലോക ഗുണ്ടായിസം, ആയുധക്കളികള്‍ തുടങ്ങി അമേരിക്കക്ക് സവിശേഷമായും പടിഞ്ഞാറിന് പൊതുവിലും ചിരപരിചിതമായ ക്രിമിനല്‍ പശ്ചാത്തലം സഹായമായിത്തീരുന്നുവെന്നാണ് പുതിയ സൂചനകള്‍.

ഒര്‍ലാന്‍ഡോ അക്രമിയുടെ പേരും കുടുംബവും നോക്കി സഹജമായ വംശവെറിക്ക് അമേരിക്കയിലെ നിയോകോണുകളും പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമൊക്കെ ആക്കം കൂട്ടുമ്പോഴും പ്രസിഡന്‍റ് ബറാക് ഒബാമയോ ഒൗദ്യോഗിക അന്വേഷണ ഏജന്‍സികളോ അതിന് വേണ്ടത്ര ചെവികൊടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. വെള്ളക്കാരായ ക്രൈസ്തവ തീവ്രവാദികള്‍ അമേരിക്കയില്‍ നടത്തിവരുന്ന ആക്രമണങ്ങളെ ചൂണ്ടി വംശീയതക്ക് അപ്പുറമുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് ഇടക്കിടെ ക്ളബുകളിലും ആരാധനാലയങ്ങളിലും കലാലയങ്ങളിലുമൊക്കെ കൂട്ടക്കുരുതികള്‍ക്കിടയാക്കുന്നതെന്ന് അമേരിക്കന്‍ അധികൃതര്‍ തിരിച്ചറിയുന്നുണ്ടെന്നാണ് പുതിയ വര്‍ത്തമാനങ്ങള്‍. കുടിയേറ്റക്കാര്‍ക്കും മുസ്ലിംകള്‍ക്കും നിരോധം ഏര്‍പ്പെടുത്തുകയോ അതല്ല, രാജ്യത്ത് വ്യാപിച്ചുകഴിഞ്ഞ തോക്ക് സംസ്കാരം നിരോധിക്കുകയോ വേണ്ടത് എന്ന തര്‍ക്കമാണ് ഇപ്പോള്‍ അവിടെ മുറുകുന്നത്.

ഫ്ളോറിഡ സംഭവത്തെ തുടര്‍ന്ന് പ്രസിഡന്‍റ് ഒബാമ തോക്കുകള്‍ ക്രിമിനലുകള്‍ കൈവശപ്പെടുത്താതിരിക്കാന്‍ ആയുധനിയന്ത്രണം കര്‍ക്കശമാക്കുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ചു. പദവിയേറിയ ശേഷം ഇത് 14ാം തവണയാണ് വെടിവെപ്പ് ആക്രമണത്തിനുശേഷം ഒബാമക്ക് പ്രസ്താവനയിറക്കേണ്ടിവരുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനകം മാത്രം ആറാം തവണയും. എന്നാല്‍, ട്രംപിന്‍െറ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഇത് അംഗീകരിച്ചുകൊടുക്കുന്നില്ല. 2012ല്‍ 20 സ്കൂള്‍കുട്ടികളും ആറു ജീവനക്കാരും നിഷ്ഠുരമായി വധിക്കപ്പെട്ട കണേറ്റിക്കട്ട് ന്യൂടൗണിലെ സ്കൂളില്‍ നടന്ന വെടിവെപ്പിനുശേഷം തോക്ക് നിയന്ത്രിക്കാനുള്ള നിയമനിര്‍മാണത്തിനു മുതിര്‍ന്നെങ്കിലും സെനറ്റില്‍ റിപ്പബ്ളിക്കന്മാര്‍ ഒന്നടങ്കം അതിനെ തോല്‍പിക്കുകയായിരുന്നു. ഗണ്‍ഷോയില്‍നിന്നോ ഓണ്‍ലൈന്‍ വഴിയോ ഉപഭോക്താവിന്‍െറ പശ്ചാത്തലമൊന്നും തിരക്കാതെതന്നെ ആര്‍ക്കും തോക്കു വാങ്ങാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ന്യൂടൗണ്‍ സ്കൂളിലെ അക്രമിയും ഇപ്പോള്‍ ഉമര്‍ മതീനും ഉപയോഗിച്ചത് ഒരേയിനം ആയുധമാണെന്ന് കണ്ടത്തെിയിട്ടുണ്ട്.

എന്നാല്‍, ഭീകരതക്കെതിരെ വലിയ വായില്‍ പ്രസ്താവനയിറക്കുന്ന കോണ്‍ഗ്രസിലെ അംഗങ്ങളും അധികാരികളും കാര്യമായൊന്നും തോക്കു സംസ്കാരത്തെക്കുറിച്ച് മിണ്ടുന്നില്ല.  ദുരന്തങ്ങള്‍ വാതിലില്‍ മുട്ടുമ്പോഴും ശീലങ്ങളില്‍നിന്ന് വിട്ടുനടക്കാന്‍ അമേരിക്ക തയാറല്ല. ഭീകരതക്കെതിരായ യുദ്ധം പുറത്തേക്ക് പടര്‍ത്തി രാജ്യങ്ങളെയും ജനതകളെയും വിവേചനരഹിതമായി നശിപ്പിക്കുന്നവര്‍ അകത്തെ അക്രമികളെയും അക്രമസംസ്കാരത്തെയും ഇല്ലാതാക്കാനുള്ള വഴികളാരായുന്നതിനു പകരം അപ്പേരില്‍ കലഹിക്കുകയാണ്. ഈ സ്വയംകൃതാനര്‍ഥങ്ങള്‍ക്കുള്ള ശിക്ഷ ദുരന്തമായി ഏറ്റുവാങ്ങിയിട്ടും തിരിച്ചറിവിന് തയാറില്ലാത്തവരെ പിന്നെ ആര്‍ക്കു രക്ഷിക്കാന്‍ കഴിയും!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story