Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅനിവാര്യം, പരിസ്ഥിതി...

അനിവാര്യം, പരിസ്ഥിതി സൗഹൃദ ഗതാഗത സംസ്കാരം

text_fields
bookmark_border
അനിവാര്യം, പരിസ്ഥിതി സൗഹൃദ ഗതാഗത സംസ്കാരം
cancel

ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധവും നിയന്ത്രണവും ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഹൈകോടതിയുടെ വിധി സംസ്ഥാന സര്‍ക്കാറിനും വാഹന  ഉടമകള്‍ക്കും സമാശ്വാസം നല്‍കുന്നതാണ്. പത്തു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ കേരളത്തിലെ ആറ് കോര്‍പറേഷന്‍ പരിധിയിലെ നിരത്തുകളില്‍നിന്ന് ഒരുമാസത്തിനകം പിന്‍വലിക്കണമെന്ന  ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പൊതുഗതാഗത മേഖലയില്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമിടുന്നു ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിന്‍െറ സ്റ്റേ. അതിന്‍െറ സ്വാഭാവിക അനുരണനമാണ് ജൂണ്‍ 21ന് കേരളത്തിലെ മോട്ടോര്‍ തൊഴിലാളികള്‍ സംയുക്തമായി നടത്താന്‍ തീരുമാനിച്ച പണിമുടക്ക് മാറ്റിവെച്ചത്. മലിനീകരണത്തെക്കുറിച്ച വസ്തുനിഷ്ഠ പഠനങ്ങളില്ലാതെയും പരാതിക്കാരന്‍ ആവശ്യപ്പെടാതെയും  ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്നതല്ളെന്നും കേരളത്തില്‍ അസാധാരണ സാഹചര്യം സംജാതമാകാന്‍ വിധി ഇടവരുത്തിയിട്ടുണ്ടെന്നും ഹൈകോടതി ഇടക്കാല ഉത്തരവില്‍ നിരീക്ഷിച്ചിട്ടുണ്ട്.  

പെട്രോള്‍, പ്രകൃതിവാതക ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളെക്കാള്‍ ഡീസല്‍ വാഹനങ്ങള്‍ അന്തരീക്ഷ മലീനികരണത്തിന് കൂടുതല്‍ കാരണമാകുന്നുവെന്ന വസ്തുത അവിതര്‍ക്കിതമാണ്. ശൈത്യകാലങ്ങളില്‍ ഡല്‍ഹിപോലുള്ള വന്‍നഗരങ്ങളില്‍ ദീര്‍ഘിച്ച സമയം മൂടിക്കെട്ടിയ അന്തരീക്ഷത്തിന് ഡീസല്‍ വാഹനങ്ങള്‍ ബഹിര്‍ഗമിപ്പിക്കുന്ന പുകയും കോടയും വലിയ അളവില്‍ കാരണമാകുന്നുണ്ടെന്ന് സുപ്രീംകോടതി നിശ്ചയിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ കമ്മിറ്റിതന്നെ കണ്ടത്തെിയിട്ടുണ്ട്. പത്തു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ പെട്രോള്‍ വാഹനങ്ങളെക്കാള്‍ 7.5 ഇരട്ടിയിലധികം അന്തരീക്ഷ മലിനീകരണമാണത്രെ ഉല്‍പാദിപ്പിക്കുന്നത്. മനുഷ്യാരോഗ്യത്തെ സാരമായി ബാധിക്കുന്ന കാര്‍ബണ്‍ ഘടകങ്ങളുടെ ആധിക്യം 27 ഇരട്ടിയുമാണ് ഡീസല്‍ വാഹനങ്ങള്‍ക്ക്. 

ഇന്ധനക്ഷമത കുറഞ്ഞ ആഡംബര കാറുകള്‍ ഡീസലിലേക്ക് മാറുന്നതും അവയുടെ വിപണി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികമായതും നിരോധ ഉത്തരവിലേക്ക് നയിച്ച ഘടകങ്ങളാണ്. മറുവശത്ത്, ഹരിത ട്രൈബ്യൂണല്‍ വിധി വേഗത്തില്‍ നടപ്പാക്കുന്നത് കേരളത്തിന്‍െറ സാമൂഹിക ജീവിതത്തില്‍ വമ്പിച്ച പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്. ഡീസല്‍ വാഹന നിയന്ത്രണം വന്നാല്‍ 2000 കോടിയിലധികം രൂപയാണ് വിവിധ നികുതിയിനത്തില്‍ പൊതുഖജനാവിന് വരുന്ന നഷ്ടം. കെ.എസ്.ആര്‍.ടി.സിക്ക് 2000 ബസുകളും സ്വകാര്യമേഖലക്ക് 4000 ബസുകളും പിന്‍വലിക്കേണ്ടിവരും. മീഡിയം പാസഞ്ചര്‍, ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി രണ്ടു ലക്ഷത്തോളം വാഹനങ്ങള്‍ നിരത്തില്‍നിന്ന് അപ്രത്യക്ഷമാകുന്നത് ചരക്കു വിതരണത്തെയും പൊതുഗതാഗതത്തെയും ശക്തമായി ബാധിക്കും. ഒരു മാസത്തിനുള്ളില്‍ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുക അസാധ്യമാണ്. വാഹന നിര്‍മാണ മേഖലക്കും ഉത്തരവ് കനത്ത തിരിച്ചടിയാണ്. രാജ്യത്തെ മൊത്തം വ്യവസായ മേഖലയില്‍നിന്നുള്ള വരുമാനത്തില്‍  47 ശതമാനവും വാഹന നിര്‍മാണ മേഖലയില്‍നിന്നാണ്. നേരിട്ടുള്ള വിദേശ നിക്ഷേപം വരുന്ന പ്രധാന അഞ്ചു മേഖലകളില്‍ ഒന്നുകൂടിയാണിത്.  ഡല്‍ഹിയിലെ വിധി ഇതര ഭാഗങ്ങളില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണലില്‍ ഹരജി നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

പരിസ്ഥിതി  പക്ഷത്തുനിന്നു ചിന്തിക്കുമ്പോള്‍ നിലവിലെ സാഹചര്യങ്ങള്‍ ഡീസല്‍ വാഹനങ്ങളുടെ നിയന്ത്രണം അനിവാര്യമാക്കുന്നുണ്ട്. ലോകം അപ്രകാരം ചിന്തിക്കുകയും അതിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. ഡീസല്‍ വാഹനങ്ങള്‍ കഴിഞ്ഞാല്‍ അന്തരീക്ഷ മലിനീകരണം വരുത്തുന്നത് ഡീസലില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടവറുകളുടെ ജനറേറ്ററുകളാണ്. മൊബൈല്‍ ടവറുകളില്‍ പാരമ്പര്യേതര ഊര്‍ജോപയോഗത്തെക്കുറിച്ചും ലോകം ഗൗരവപൂര്‍വം ആലോചിക്കുന്നുണ്ട്. ഇത്തരം അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍തന്നെ, പൊതുഗതാഗത സംവിധാനത്തില്‍ ജനങ്ങള്‍ അവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്ന ഇന്ത്യയും കേരളവും പോലെയുള്ള സ്ഥലങ്ങളില്‍ അവ നടപ്പാക്കേണ്ടത് സാവകാശത്തോടെയും മുന്‍ഗണനാക്രമം പാലിച്ചുമായിരിക്കണം.

ഹരിത ട്രൈബ്യൂണലിന്‍െറ വിധിയില്‍ സാമൂഹിക ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന വേഗതക്കുള്ള കല്‍പനയുണ്ട്. എന്നാല്‍ മെച്ചപ്പെട്ട ഭാവിക്കുവേണ്ട കരുതല്‍ അത് പുലര്‍ത്തുന്നു എന്നത് കാണാതിരുന്നുകൂടാ. ഹൈകോടതിയുടെ ഇടക്കാല ഉത്തരവില്‍ സാമൂഹിക ജീവിതത്തിലുയര്‍ന്ന പ്രതിസന്ധിക്ക് താല്‍ക്കാലിക ശമനമുണ്ട്. പക്ഷേ, അതൊരിക്കലും ശാശ്വത വിധിയായി കരുതി പരിഹാര നടപടിക്രമങ്ങള്‍ ആരംഭിക്കാതെ മുന്നോട്ടുപോകുന്നത് ഭീമാബദ്ധവും ഭാവിതലമുറയോട് ചെയ്യുന്ന കുറ്റവുമാണ്. അഭിപ്രായ രൂപവത്കരണം നടത്തി, ആവശ്യമായ മുന്‍കരുതലുകളും ബദല്‍ പദ്ധതികളും  ഘട്ടംഘട്ടമായി കേരളത്തില്‍ നടപ്പാക്കാന്‍ രണ്ട് വിധികളും പ്രയോജനപ്പെടുകയാണ് വേണ്ടത്്. നിരത്തുകളുടെ ശോച്യാവസ്ഥയും തെറ്റായ ഗതാഗത സംസ്കാരവും അന്തരീക്ഷ മലിനീകരണത്തിന് ഹേതുവാകുന്ന രീതികളും തിരിച്ചറിഞ്ഞ് അവ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. വാഹനങ്ങള്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയിടുന്നതിനെ നിസ്സാരമായി ജനം കാണുന്നത് പരിസ്ഥിതി സംസ്കാരം ഗതാഗതത്തില്‍ ഇല്ലാത്തതുകൊണ്ടുതന്നെ. അതിനാല്‍, ഹൈകോടതി അന്തിമ വിധിക്കിടപ്രഖ്യാപിക്കുന്നതിനുമുമ്പുള്ള ഇടവേള ഭരണകൂടങ്ങള്‍ക്കും ജനങ്ങള്‍ക്കും  പരിസ്ഥിതിസൗഹൃദ ഗതാഗതസംസ്കാരത്തിലേക്ക് നടന്നടുക്കാനുള്ളതാകട്ടെ.

Show Full Article
TAGS:madhyamam editorial 
Next Story