Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമോദിയുടെ യു.എസ്...

മോദിയുടെ യു.എസ് ദൗത്യം പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍

text_fields
bookmark_border
മോദിയുടെ യു.എസ് ദൗത്യം പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍
cancel

രണ്ടു വര്‍ഷത്തിനുള്ളില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുമായി ഏഴു തവണ കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ യു.എസ് സന്ദര്‍ശനം ശ്രദ്ധേയമായത് ഉഭയകക്ഷി സൗഹൃദം കൂടുതല്‍ ഊഷ്മളമായതും അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി പരിഗണിക്കത്തക്കവിധം ബന്ധം പുതിയ തലങ്ങളിലേക്ക് വളര്‍ന്നതുമാണ്. യു.എസ് കോണ്‍ഗ്രസിന്‍െറ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ലഭിച്ച അവസരം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയ മോദി ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചതും ഇന്ത്യയും അമേരിക്കയും പങ്കുവെക്കുന്ന മൂല്യങ്ങളെക്കുറിച്ച് വാചാലമായതും അംഗങ്ങളുടെ കൈയടി നേടിയത് മോദിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെട്ടിട്ടുണ്ട്.

2002ല്‍ ഗുജറാത്തില്‍ നടന്ന ന്യൂനപക്ഷ കൂട്ടക്കൊലയുടെ പേരില്‍ വളരെക്കാലം വിസപോലും നിഷേധിക്കപ്പെട്ട ഒരു രാഷ്ട്രീയനേതാവിന് അനുകൂലമായി കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ അമേരിക്ക അത് തങ്ങളുടെ സാമ്രാജ്യത്വ അജണ്ടകള്‍ പ്രയോഗവത്കരിക്കുന്നതിന്  പരമാവധി പ്രയോജനപ്പെടുത്തുകയാണെന്ന് വേണം വിലയിരുത്താന്‍. ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനവും കരുത്തും പ്രതിരോധിക്കുന്നതിന് സമീപകാലത്തായി യു.എസ് ഭരണകൂടം സ്വീകരിച്ചുപോരുന്ന നയതന്ത്രപരമായ മാറിച്ചിന്തിക്കലിന്‍െറ അനുരണനങ്ങള്‍ ഇന്ത്യയോടുള്ള സമീപനത്തിലും പ്രകടമായിക്കാണാനുണ്ട്. ജപ്പാന്‍ സന്ദര്‍ശനവേളയില്‍ അമേരിക്ക ആറ്റംബോംബ് വര്‍ഷിച്ച ഹിരോഷിമ സന്ദര്‍ശിച്ച് ദു$ഖം രേഖപ്പെടുത്തിയതും വിയറ്റ്നാമിലേക്കുള്ള ആയുധനിരോധം എടുത്തുകളഞ്ഞതുമെല്ലാം ചൈനയെ മുന്നില്‍കണ്ടുകൊണ്ടുള്ള നയംമാറ്റമായാണ് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

വൈറ്റ്ഹൗസില്‍ ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ സുപ്രധാന വിഷയങ്ങളില്‍ ധാരണയിലത്തൊന്‍ സാധിച്ചത് നേട്ടമായി മോദിക്ക് അവകാശപ്പെടാം. മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംഘം (എം.ടി.സി.ആര്‍), ആണവ വിതരണ സംഘം എന്നിവയില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്ന കാര്യത്തില്‍ ഒബാമ പൂര്‍ണ പിന്തുണയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എം.ടി.സി.ആറില്‍ അംഗത്വം നേടുന്ന 35ാമത്തെ രാജ്യമായി ഇന്ത്യ മാറുന്നതോടെ മിസൈലുകള്‍ വില്‍ക്കാനും ഡ്രോണുകള്‍ വാങ്ങാനുമുള്ള സാധ്യതകളാണ് തുറന്നുകിട്ടുക. പുതിയ ധാരണയുടെ അടിസ്ഥാനത്തില്‍  മിസൈല്‍, ആളില്ലാ വിമാനം (ഡ്രോണ്‍) എന്നിവയുടെ കാര്യത്തില്‍ നവീനസാങ്കേതികവിദ്യ ലഭ്യമാകാന്‍ വഴിതുറക്കുന്നതോടെ ഈ മേഖലയില്‍ വന്‍കുതിപ്പ് പ്രതീക്ഷിക്കാനാകും.

സൈനിക തുറമുഖങ്ങള്‍ പരസ്പരം സന്ദര്‍ശിക്കാനും സംയുക്ത സൈനികാഭ്യാസവും പരിശീലനവും സാധ്യമാക്കാനും യുദ്ധ-കലാപ മേഖലകളില്‍ സൈനിക സഹകരണം ഉറപ്പാക്കാനും കരാറിലത്തെിയിട്ടുണ്ട്. പ്രതിരോധമേഖലയില്‍ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും ഒബാമ വാഗ്ദാനം ചെയ്തിരിക്കയാണ്. 2007നു ശേഷം അമേരിക്ക ഇന്ത്യക്കു 15 ബില്യണ്‍ ഡോളറിന്‍െറ ആയുധങ്ങള്‍ വില്‍പന നടത്തിയിട്ടുണ്ട്. ഇനിയും ഇന്ത്യ അമേരിക്കന്‍ ആയുധങ്ങളുടെ ലാഭകരമായ വിപണിയായി തുടരുന്നതിനുള്ള അന്തരീക്ഷമാണ് പുതിയ കരാറുകളിലൂടെ സാധ്യമാക്കിയിരിക്കുന്നത്. നയതന്ത്രസംജ്ഞകളിലെ ആകര്‍ഷകമായ പദങ്ങള്‍ ഉപയോഗിച്ച് നമുക്കനുകൂലമായി നാമതിനെ വ്യാഖ്യാനിക്കുന്നുവെന്ന് മാത്രം.

യു.എസ് പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി മോദി ചെയ്ത ഒരു മണിക്കൂറോളം  നീണ്ട പ്രസംഗത്തിലൂടെ കോണ്‍ഗ്രസ് അംഗങ്ങളുടെ മനംകവരാനായെങ്കിലും മോദിയുടെ ഭൂതവും ഇന്ത്യയിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളും ആഗോളസമൂഹത്തിന് തൃപ്തി നല്‍കുന്നതല്ല എന്ന സന്ദേശം ഈ സന്ദര്‍ശനവേളയില്‍തന്നെ പ്രചരിപ്പിക്കപ്പെട്ടത് മോദിക്കു മാത്രമല്ല, ഇന്ത്യക്കുതന്നെ അവമതിയായി. യു.എസ് കോണ്‍ഗ്രസിലെ 18 അംഗങ്ങള്‍ സ്പീക്കര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച് മോദിയെ ഓര്‍മിപ്പിക്കാന്‍ ആവശ്യപ്പെടുകയും മൗലികാവകാശങ്ങള്‍ പരിരക്ഷിക്കുന്ന കാര്യത്തില്‍ മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരുമെല്ലാം അഭിമുഖീകരിക്കുന്ന ഭീഷണികളെക്കുറിച്ച് പ്രത്യേക സിറ്റിങ് നടത്തി മൊഴിയെടുത്തതും കേവലം വാചാടോപങ്ങള്‍കൊണ്ട് ചരിത്രത്തെ മായ്ച്ചുകളയാം എന്ന വിചാരഗതി തിരുത്തിപ്പിക്കുന്നതുമാണ്.

സ്വന്തം പ്രജകളുടെ അംഗീകാരവും ആദരവും ആര്‍ജിച്ചെടുക്കാതെ ആഗോളവേദിയില്‍ താരപരിവേഷം നേടിയെടുക്കാനുള്ള പിത്തലാട്ടങ്ങള്‍ തുറന്നുകാണിക്കപ്പെടുക സ്വാഭാവികം. അതേസമയം, സൈനിക, സാങ്കേതിക മേഖലകളില്‍ ഒബാമയുടെ ഭാഗത്തുനിന്ന് ലഭിച്ച വാഗ്ദാനങ്ങളുടെ പിന്നിലെ കാണാച്ചരടുകളെ നിസ്സാരമായി കാണാനും സാധ്യമല്ല. ഒരുവേള സോവിയറ്റ് റഷ്യയുമായാണ് അമേരിക്ക പരോക്ഷ യുദ്ധം പതിറ്റാണ്ടുകളോളം തുടര്‍ന്നതെങ്കില്‍ ഇപ്പോഴത് മറ്റൊരു സൂപ്പര്‍പവറാകാന്‍ പോകുന്ന ചൈനയോടാണ്. മറ്റേതെങ്കിലും രാജ്യത്തിനു മുന്നില്‍ നമ്മുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള ഏതു നേട്ടവും കാലാന്തരേണ വിപരീതഫലം ചെയ്യുമെന്ന അനുഭവപാഠം നമുക്ക് മറക്കാതിരിക്കാം.

Show Full Article
TAGS:madhyamam editorial 
Next Story