മടങ്ങുക നാം മണ്ണിലേക്ക്
text_fieldsമാര്‍ക്സിസ്റ്റ് വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയുടെ ‘കാമ്പസ് ജൈവ പച്ചക്കറിത്തോട്ടം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് യൂനിവേഴ്സിറ്റി കോളജ് കാമ്പസില്‍ വാഴക്കന്ന് നട്ടുകൊണ്ട് നിര്‍വഹിക്കവെ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രധാനമായ രണ്ടു പ്രഖ്യാപനങ്ങള്‍ നടത്തി. ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തവും അനുപേക്ഷ്യവുമായ കാര്യങ്ങളാണ് രണ്ടും. സംസ്ഥാനത്ത് അമ്പതിനായിരം ഹെക്ടറില്‍ ജൈവകൃഷി ആരംഭിക്കുമെന്നതാണ് ഒന്ന്. രണ്ടാമതായി, സംസ്ഥാനത്തെ കമ്പോളങ്ങളിലേക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പച്ചക്കറികള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും എന്നും. വിഷമയമായ പച്ചക്കറികള്‍ ചെക്പോസ്റ്റില്‍ തടഞ്ഞ് തിരിച്ചയക്കുമെന്നും അത്തരം വ്യാപാരികള്‍ക്ക് പിന്നീട് കേരളത്തില്‍ വിപണനംനടത്താന്‍ ലൈസന്‍സ് നല്‍കില്ളെന്നും മുന്നറിയിപ്പുനല്‍കുകകൂടി ചെയ്തിട്ടുണ്ട് മുഖ്യമന്ത്രി.
അത്യുഷ്ണവും വരള്‍ച്ചയും മൂലം ഇതരസംസ്ഥാനങ്ങളില്‍ പച്ചക്കറിയുല്‍പാദനം ഗണ്യമായി കുറഞ്ഞത് അവിടങ്ങളില്‍നിന്നുള്ള വരവിനെ പ്രതികൂലമായി ബാധിച്ചതിനാല്‍ കേരളത്തിലെ വിപണിയില്‍ പച്ചക്കറിവില അനിയന്ത്രിതമായി ഉയര്‍ന്നുകൊണ്ടിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കിലോഗ്രാമിന് 10-15 ക. മാത്രം വിലയുണ്ടായിരുന്ന തക്കാളിക്ക് 60-70 ക. വരെയും വെണ്ടയുടെ വില 30 രൂപയില്‍നിന്ന് 40-50 ക. വരെയും നേന്ത്രക്കായ വില 70 ക. വരെയും വര്‍ധിച്ചതായാണ് വിപണികളില്‍നിന്നുള്ള വിവരം. മറ്റെല്ലാ ഇനങ്ങള്‍ക്കും രണ്ടിരട്ടിയിലധികം വില കയറിയിട്ടുണ്ട്. കേരളം മുഖ്യമായും ആശ്രയിക്കുന്ന തമിഴ്നാട്ടില്‍നിന്ന് പച്ചക്കറി ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. കിട്ടുന്ന പച്ചക്കറിയാകട്ടെ രാസവളങ്ങള്‍ അമിതമായി ചേര്‍ത്തതും മാരക കീടനാശിനികള്‍ വേണ്ടതിലധികം പ്രയോഗിക്കപ്പെട്ടതുമാണെന്ന സത്യം നാം അനുഭവിച്ചറിഞ്ഞതുമാണ്.
നിത്യോപയോഗ സാധനങ്ങളുടെ വില രണ്ടിരട്ടി വര്‍ധിച്ചതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി ഭക്ഷ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഞൊടിയിടക്കുള്ളില്‍ പരിഹാരംകാണാന്‍ ഭക്ഷ്യവകുപ്പിനെ സഹായിക്കുന്നതല്ലല്ളോ ഭക്ഷ്യോല്‍പന്നങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തിയുടെ അടുത്തൊന്നുമത്തൊത്ത കേരളത്തിന്‍െറ അവസ്ഥ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സസിന്‍െറ നിര്‍ദേശമനുസരിച്ച് ദിവസേന 280 ഗ്രാം പച്ചക്കറിയെങ്കിലും ഒരാള്‍ കഴിച്ചിരിക്കണം. അതുപ്രകാരം 25 ലക്ഷം ടണ്‍ പച്ചക്കറിവേണം കേരളത്തിന്‍െറ ആവശ്യം നിറവേറാന്‍. സംസ്ഥാനം ഉല്‍പാദിപ്പിക്കുന്നതോ വെറും അഞ്ചുലക്ഷം ടണ്‍! ബാക്കിക്കുവേണ്ടി നാം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. അതിന് ചെലവിടുന്നത് 1000 കോടിയോളം രൂപയും.
നിത്യോപയോഗ പച്ചക്കറികളില്‍ മിക്കതും നട്ടുവളര്‍ത്താന്‍ അനുയോജ്യമായ മണ്ണാണ് കേരളത്തിലേത്. നാലഞ്ച് മാസം നീളുന്ന മഴക്കാലവും 44 നദികളിലെ വെള്ളവും ശാസ്ത്രീയമായി ഉപയോഗിച്ചാല്‍ ജൈവപച്ചക്കറികൃഷി വിജയിപ്പിച്ചെടുക്കാനാവും. ഇപ്പോഴാകട്ടെ ടെറസുകളില്‍വരെ പച്ചക്കറികൃഷി നടത്താമെന്ന് തെളിഞ്ഞിട്ടുമുണ്ട്. പതിനായിരക്കണക്കിന് ഹെക്ടര്‍ കരഭൂമിയും വയലുകളും തരിശായി കിടക്കുമ്പോഴാണ് കേരളത്തിന്‍െറ പച്ചക്കറി-പഴവര്‍ഗ ദാരിദ്ര്യം എന്നോര്‍ക്കണം. സംസ്ഥാനത്ത് കാര്‍ഷികസര്‍വകലാശാലകള്‍ക്കോ ഗവേഷണകേന്ദ്രങ്ങള്‍ക്കോ കുറവൊന്നുമില്ല. ഉല്‍പാദന വര്‍ധനക്കും ജൈവകൃഷി വ്യാപനത്തിനുമായി അവയൊക്കെ നിരന്തരം നടത്തുന്ന പഠനഗവേഷണങ്ങളുടെ ഫലങ്ങള്‍ പുറത്തുവരാത്ത കുഴപ്പവുമില്ല. കൃഷിയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാനും ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും സംസ്ഥാനമാകെ കൃഷിഭവനുകളും തയാര്‍.
കാര്‍ഷിക വികസനത്തിന് പ്രതിവര്‍ഷം നീക്കിവെക്കുന്ന തുകയും അനേകം കോടികളാണ്. എന്നിട്ടൊക്കെ, കേരളീയര്‍ ജീവിതത്തിന്‍െറ നിലനില്‍പിന് അനുപേക്ഷ്യമായ ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറിയുടെയും പഴങ്ങളുടെയും ഉല്‍പാദനത്തില്‍ ദയനീയമാംവിധം പിന്നിലായിപ്പോയത് എന്തുകൊണ്ടാണെന്ന് സഗൗരവം പരിശോധിക്കേണ്ടതുണ്ട്. വന്‍കിട വ്യവസായങ്ങളും വികസന പദ്ധതികളും രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുകൊണ്ട് അവയുടെ നേരെ ഉയരുന്ന എതിര്‍പ്പുകള്‍ മനസ്സിലാക്കാനാവും. എന്നാല്‍, പ്രകൃതി സൗഹൃദപരമായ കാര്‍ഷിക വികസനം പരിസ്ഥിതിയെ സംരക്ഷിക്കുകയല്ലാതെ തകര്‍ക്കുമെന്ന ഭയപ്പാടിന് ഒരടിസ്ഥാനവുമില്ലാതിരിക്കെ, മലയാളികളെ ഗ്രസിച്ചുകഴിഞ്ഞ അലസതയും അധ്വാന വിമുഖതയും കുറുക്കുവഴിക്ക് പണം വാരിക്കൂട്ടാനുള്ള വ്യഗ്രതയും സര്‍വോപരി സര്‍ക്കാറുകളുടെ തെറ്റായ വികസനനയങ്ങളും മുന്‍ഗണനാക്രമങ്ങളുമാണ് ഇപ്പോള്‍ അനുഭവിക്കുന്ന ഭക്ഷ്യസുരക്ഷ പ്രതിസന്ധിക്ക് കാരണങ്ങളെന്ന് വ്യക്തമാണ്. മണ്ണിലേക്ക് മടങ്ങാനും വിഷമുക്തമായ ഭക്ഷ്യോല്‍പാദനം സുസാധ്യമാക്കാനും പുതിയ ഇടതുമുന്നണി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ എല്ലാ മനുഷ്യസ്നേഹികളുടെയും പിന്തുണ ലഭിക്കാതിരിക്കാന്‍ ഒരു ന്യായവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
