മുറിവൈദ്യത്തിനെതിരെ അടിയന്തര നടപടി വേണം
text_fieldsസാമ്പത്തിക, സാമൂഹികരംഗങ്ങളില്‍ രാജ്യം നേടിക്കൊണ്ടിരിക്കുന്ന പുരോഗതിയെ സംബന്ധിച്ച ഇന്ത്യക്കാരുടെ വീരസ്യങ്ങളെ വിഫലമാക്കുന്നതാണ് ചിലപ്പോഴെങ്കിലും പുറത്തുചാടുന്ന കണക്കുകളും സ്ഥിതിവിവരങ്ങളും. ഇക്കഴിഞ്ഞ മാസം ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അതിവേഗം മുന്നോട്ടു കുതിക്കുകയും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമായി ആഭ്യന്തര ഉല്‍പാദനത്തിന്‍െറ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്യുമ്പോഴും പ്രതിശീര്‍ഷവരുമാനം, പ്രസവത്തില്‍ മരിക്കുന്ന അമ്മമാരുടെ നിരക്ക്, കാര്‍ഷികരംഗത്തും മറ്റിടങ്ങളിലുമുള്ള സ്ത്രീ തൊഴില്‍ശേഷിയുടെ മികവ് എന്നിവയിലെല്ലാം ഇന്ത്യ പിറകിലായിപ്പോകുന്നുണ്ട്്. ഇന്ത്യ സാമൂഹിക, സാമ്പത്തികരംഗത്ത് നേടിയെന്നുപറയുന്ന പുരോഗതിക്കനുസൃതമായി മറ്റു മണ്ഡലങ്ങളില്‍ പ്രതീക്ഷിക്കപ്പെട്ട വളര്‍ച്ചയോ വികാസമോ ഉണ്ടാക്കാന്‍ കഴിയില്ളെന്ന പരാതിയെ സാധൂകരിക്കുന്നതാണ് ഈയിടെയായി പുറത്തുവരുന്ന ചില കണക്കുകള്‍. രാജ്യം പൊതുവില്‍ ഏറെ മുന്നേറിയെന്നു കരുതിയ ആരോഗ്യരംഗത്ത് ആശ്വാസജനകമായ രീതിയിലല്ല കാര്യങ്ങള്‍ എന്നു മാത്രമല്ല, ആശാസ്യമല്ലാത്ത പലതും ഈ രംഗത്ത് നടന്നുവരുന്നുണ്ടെന്നുമാണ് ഒൗദ്യോഗിക ഏജന്‍സികള്‍ നല്‍കുന്ന വിവരം.
ആരോഗ്യരംഗത്ത് ഏറെ മുന്നോട്ടുപോയ കേരളമോഡലിന്‍െറ നാട്ടില്‍ പോലും പകര്‍ച്ചവ്യാധികളുടെയും മാരകരോഗങ്ങളുടെയും തിരിച്ചുവരവ് ദൃശ്യമാകുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയിലെ ആരോഗ്യരംഗത്തെ വസ്തുതാപരമായി വിശകനം ചെയ്തു ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. കേരളം, തമിഴ്നാട് തുടങ്ങിയ രണ്ടോ മൂന്നോ സംസ്ഥാനങ്ങളെ മാറ്റിവെച്ചാല്‍ ആരോഗ്യരക്ഷാരംഗത്ത് ഇന്ത്യക്ക് ഇനിയും ഏറെ മുന്നേറാനുണ്ടെന്നാണ് ‘ശോചനാലയ’പരസ്യങ്ങളിലൂടെ കേന്ദ്ര ഭരണകൂടം തന്നെ വെളിപ്പെടുത്തുന്നത്. ഇന്ത്യയുടെ ഈ ദരിദ്രാവസ്ഥയുടെ ഉദാഹരണമാണ് അമ്മമാരുടെ പ്രസവത്തിലെ മരണനിരക്ക്. 2013 വരെയുള്ള കണക്കനുസരിച്ച് ഒരു ലക്ഷം അമ്മമാരില്‍ 193 പേര്‍ മക്കളെ അനാഥമാക്കി വേര്‍പിരിയുന്നുണ്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമുണ്ടത്രേ. ഇറാനില്‍ ഇത് 23 ഉം ശ്രീലങ്കയില്‍ 29ഉം ആണെന്നറിയുക. ശിശുമരണത്തിന്‍െറ കാര്യത്തിലുമുണ്ട് ഭീകരമെന്നു പറയാവുന്ന അന്തരം. ഇന്ത്യയില്‍ പിറന്നുവീഴുന്ന ആയിരം ശിശുക്കളില്‍ 41.4 പേര്‍ മരണത്തിനിരയാകുമ്പോള്‍ ശ്രീലങ്കയില്‍ അത് 8.2 ഉം മാലദ്വീപില്‍ 8.4 ഉം ആണ്.
ഈ ദുരവസ്ഥയെ നേരിടുന്നതിനുപകരം ആരോഗ്യസുരക്ഷക്കുള്ള ഫണ്ടുകളും ബജറ്റ് നീക്കിയിരിപ്പുമൊക്കെ വെട്ടിക്കുറക്കുന്ന സമീപനമാണ് കേന്ദ്ര ഭരണകൂടം സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം ഫണ്ടില്‍ 20 ശതമാനമാണ് വെട്ടിക്കുറച്ചത്്. ദരിദ്രരും സാധാരണക്കാരുമായ ആളുകള്‍ക്ക് ലഭ്യമാകേണ്ടിയിരുന്ന സര്‍ക്കാര്‍ സഹായത്തിലാണ് ഇത് കുറവ് വരുത്തിയത്. പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവിനെക്കുറിച്ച് ആകുലപ്പെടുന്ന ഭരണകൂടം അതിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളുടെ ഫലപ്രാപ്തിക്കുറവിനെക്കുറിച്ചും അതിനിടയാക്കുന്ന അധികൃതരുടെ അലംഭാവത്തെക്കുറിച്ചും വേണ്ടത്ര ശ്രദ്ധരല്ല. ഈ നിരുത്തരവാദിത്തത്തിലേക്ക് വെളിച്ചംവീശുന്നു ജൂണില്‍ ലോകാരോഗ്യസംഘടന പ്രസിദ്ധപ്പെടുത്തിയ ഇന്ത്യയിലെ ആരോഗ്യസേവനരംഗത്തെക്കുറിച്ച റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ഭിഷഗ്വരന്മാരായി സേവനമനുഷ്ഠിക്കുന്നവരില്‍ 57 ശതമാനം പേര്‍ മതിയായ യോഗ്യതകളില്ലാത്തവരാണത്രെ.
2001ല്‍ സെന്‍സസ് എടുക്കുമ്പോള്‍ ഇതില്‍ മൂന്നിലൊന്നുപേര്‍ക്ക് സെക്കന്‍ഡറി സ്കൂള്‍ തലത്തിലുള്ള വിദ്യാഭ്യാസയോഗ്യതയാണുണ്ടായിരുന്നത്. ഒന്നര പതിറ്റാണ്ടിനുശേഷവും ഇതില്‍ കാര്യമായ പുരോഗതിയില്ളെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണമേഖലയില്‍ 18.8 ശതമാനം പേര്‍ക്കാണ് അംഗീകൃതയോഗ്യതകളുള്ളത്. ഒരു ലക്ഷം പേര്‍ക്ക് 80 ഡോക്ടര്‍മാര്‍ എന്നതാണ് ഇന്ത്യയുടെ കണക്ക്. അലോപ്പതി, ഹോമിയോ, ആയുര്‍വേദ, യൂനാനി ഡോക്ടര്‍മാരടങ്ങിയ ഇവരില്‍ യഥാര്‍ഥ യോഗ്യതയുള്ളവരെ മാത്രം മാറ്റിനിര്‍ത്തിയാല്‍ 36 എണ്ണമേ വരൂ എന്നും റിപ്പോര്‍ട്ടിലുണ്ട്. വിദേശരാജ്യങ്ങളില്‍ കീര്‍ത്തികേട്ട ഇന്ത്യയുടെ ആതുരശുശ്രൂഷാ സേവനം സ്വദേശത്തെ യാഥാര്‍ഥ്യലോകത്ത് എത്രമാത്രം ദയനീയമായ വൈപരീത്യത്തിലാണുള്ളതെന്നതിന്‍െറ തെളിവാണ് റിപ്പോര്‍ട്ട്. അനധികൃത ആരോഗ്യസേവനത്തെക്കുറിച്ചും നിയമവിരുദ്ധ ഡോക്ടര്‍മാരെക്കുറിച്ചുമൊക്കെ പലതവണ പരാതികളുയര്‍ന്നതാണ്. അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമൊക്കെ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍, ഗവണ്‍മെന്‍റ് നടപടികള്‍ ഇക്കാര്യത്തില്‍ ഇനിയും ഫലപ്രദമായിട്ടില്ളെന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.
പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള നിയമവിരുദ്ധ മുറിവൈദ്യന്മാര്‍ സജീവമാണെന്നും പിടിക്കപ്പെട്ടാലും തൊട്ടടുത്ത നാളില്‍ പുറത്തിറങ്ങി ‘പ്രാക്ടിസ്’ തുടരാനും അവര്‍ക്കു കഴിയുന്നുണ്ടെന്നും ഐ.എം.എ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ പറയുന്നു. ഗവണ്‍മെന്‍റ് കുറെക്കൂടി ജാഗരൂകമാകേണ്ടതുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന നിരവധി തെളിവുകളിലൊന്നു മാത്രമാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ആതുരസേവന മേഖലയെ കൂടുതല്‍ രോഗാതുരമാക്കുന്ന ഇത്തരം കൃത്രിമങ്ങള്‍ ആരോഗ്യ-രോഗപ്രതിരോധരംഗത്ത് ആഞ്ഞുപിടിച്ച് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും അന്തര്‍ദേശീയതലത്തില്‍ ആരോഗ്യരംഗത്ത് ഇന്ത്യ നേടിയെടുത്ത പേരും പെരുമയും ഇല്ലാതാക്കിക്കളയുകയും ചെയ്യും. ഈയൊരു തിരിച്ചറിവോടെയുള്ള സര്‍ക്കാറിന്‍െറ അടിയന്തര ഇടപെടലും പ്രശ്നപരിഹാരവും ഇക്കാര്യത്തിലുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
