Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅത്യപൂര്‍വം ഈ ജനവിജയം

അത്യപൂര്‍വം ഈ ജനവിജയം

text_fields
bookmark_border
അത്യപൂര്‍വം ഈ ജനവിജയം
cancel

നൂറിലേറെ പൗരന്മാരെ രക്തസാക്ഷികളാക്കി ഞെട്ടിക്കുന്നതും ഉത്കണ്ഠജനകവുമായ പട്ടാള അട്ടിമറിശ്രമത്തെയാണ് തുര്‍ക്കിയിലെ ജനങ്ങളും ഭരണകൂടവും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിച്ചത്. ജനാധിപത്യത്തെ കശാപ്പുചെയ്യാനുള്ള സൈന്യത്തിന്‍െറ ശ്രമം തെരുവിലിറങ്ങി  പരാജയപ്പെടുത്തണമെന്ന പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഫേസ്ടൈം ആപ്ളിക്കേഷനിലൂടെ നടത്തിയ ആഹ്വാനം ജനങ്ങള്‍ അക്ഷാര്‍ഥത്തില്‍തന്നെ ഏറ്റെടുക്കുകയായിരുന്നു. സൈന്യത്തിലെ ചെറുവിഭാഗം മാത്രമാണ് അട്ടിമറിക്ക് നേതൃത്വം നല്‍കുന്നതെന്ന്  പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടത്  ആളുകളുടെ ആത്മവീര്യം ഉയര്‍ത്തി. മാധ്യമങ്ങള്‍ ജനങ്ങളുടെ ചെറുത്തുനില്‍പ് ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തു തുടങ്ങിയതോടെ സൈനിക നിരോധാജ്ഞയെ നിര്‍വീര്യമാക്കി ആവേശഭരിതരായി ജനങ്ങള്‍ തെരുവുകളെ നിബിഡമാക്കി.

സൈനികനേതൃത്വം ഒട്ടും പ്രതീക്ഷിക്കാതിരുന്നതും അവരെ പൂര്‍ണമായി ദുര്‍ബലപ്പെടുത്തുന്നതുമായിരുന്നു ഈ നീക്കങ്ങള്‍. പട്ടാളക്കാരുടെ  ടാങ്കുകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ നിരത്തി നിര്‍ത്തിയും വെടിയുതിര്‍ക്കുന്ന പട്ടാളക്കാരുടെ നേരെ നിര്‍ഭയം നടന്നടുത്തും തുര്‍ക്കി ജനത പ്രകടിപ്പിച്ച ഇച്ഛാശക്തി എല്ലാകാലത്തെയും ജനാധിപത്യപോരാട്ടങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. ഏകാധിപത്യത്തിന്‍െറ ആസൂത്രകരില്‍ അത് ഉള്‍ക്കിടിലമുണ്ടാക്കും. ലോകത്തെങ്ങുമുള്ള പൗരസമൂഹങ്ങള്‍ക്ക് അനന്യമായ ഊര്‍ജപ്രവാഹമാണ് ഉര്‍ദുഗാനും തുര്‍ക്കി ജനതയും സൃഷ്ടിച്ചത്. ഈ അട്ടിമറിശ്രമത്തെ ജനകീയമായി തോല്‍പിച്ചതിലൂടെ തുര്‍ക്കിയും ലോകവും അഭിമുഖീകരിക്കേണ്ടിവരുമായിരുന്ന കടുത്ത പ്രതിസന്ധികളെ മറികടന്നിരിക്കുന്നു. തുര്‍ക്കിയില്‍കൂടി സൈനിക അട്ടിമറി സംഭവിച്ചിരുന്നെങ്കില്‍ ഈജിപ്തിലെ പട്ടാള അട്ടിമറി സിറിയ, ഇറാഖ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വിഘാതമായി തീര്‍ന്നതുപോലെ, അതിരൂക്ഷമായ കലാപങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും ദുരന്തഭൂമിയായിത്തീരുമായിരുന്നു ഏഷ്യയുടെ വലിയ ഭൂപ്രദേശവും യൂറോപ്പിലെ ചില ഭാഗങ്ങളും.  

വിമത സൈനികസംഘം നടത്തിയ അട്ടിമറിശ്രമങ്ങള്‍ പരാജയപ്പെടുത്താന്‍  തുര്‍ക്കിയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഏകമനസ്സോടെ നിലകൊണ്ടു. ശനിയാഴ്ച ചേര്‍ന്ന പാര്‍ലമെന്‍റിന്‍െറ അടിയന്തര യോഗത്തില്‍ വിമതസൈന്യം പാര്‍ലമെന്‍റിനുനേരെ നടത്തിയ ബോംബാക്രമണം കടുത്ത ഭീകരാക്രമണമായി പരിഗണിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍  സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നു. തുര്‍ക്കി ദേശീയപാര്‍ട്ടി തലവന്‍ ദൗലത് ബാകലി സൈനികനീക്കം അസ്വീകാര്യമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അട്ടിമറിശ്രമങ്ങള്‍ക്കെതിരെ  കടുത്ത നടപടി കൈക്കൊള്ളാന്‍ അദ്ദേഹം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. അട്ടിമറിശ്രമത്തില്‍ 52 സൈനിക വിഭാഗങ്ങളില്‍നിന്ന് പങ്കാളികളായ 3000ത്തിനടുത്ത് പട്ടാളക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നു. 

ജനറല്‍ ഉസാന്‍ ഉസ്്ബകിര്‍ അടക്കം അമ്പതിലധികം വരുന്ന ഉയര്‍ന്ന സൈനിക ഓഫിസര്‍മാരാണ് പ്രധാന പ്രതിപ്പട്ടികയിലുള്ളത്.  അട്ടിമറിയുടെ സൂത്രധാരന്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ പ്രവാസജീവിതം നയിക്കുന്ന ഫത്ഹുല്ല ഗുലനാണെന്നാണ് പ്രസിഡന്‍റ് ഉര്‍ദുഗാന്‍ ആവര്‍ത്തിക്കുന്നത്. ഗുലന്‍ അത് സര്‍വശക്തിയോടെ നിഷേധിക്കുന്നുണ്ടെങ്കിലും. അട്ടിമറിക്കാവശ്യമായ പിന്തുണ നല്‍കിയതിന്‍െറ പേരില്‍ ഹിസ്മത്ത് മൂവ്മെന്‍റുമായി ബന്ധമുള്ള 2745 ന്യായാധിപന്മാരെയും സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ടുണ്ട്. തുര്‍ക്കി സൈനിക സുപ്രീം കൗണ്‍സില്‍ പുന$സംഘടന വരുന്ന ആഗസ്റ്റില്‍ നടപ്പാക്കുന്നതിലൂടെ ഗുലന്‍ സംഘത്തിന് സൈന്യത്തിലുള്ള സ്വാധീനം ദുര്‍ബലമാകുമെന്നതിനാലാണ് ധിറുതിപിടിച്ച് സൈനിക അട്ടിമറിക്ക് ശ്രമിച്ചതെന്നാണ് ലഭ്യമായ സൂചനകള്‍.

തുര്‍ക്കി ജനത ഒറ്റക്കെട്ടായി  സര്‍ക്കാറിന് കീഴില്‍ അണിനിരന്നത് രാജ്യത്തെ  ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കാന്‍ ഉര്‍ദുഗാന്് ലഭിച്ച മികച്ച അവസരംകൂടിയാണ്. അതിന് കുറ്റവാളികളുടെ  വിചാരണയും ശിക്ഷയും സുതാര്യവും നീതിപൂര്‍വവുമാണെന്ന് ഉറപ്പുവരുത്തണം. പൗരാവകാശങ്ങള്‍ ധ്വംസിക്കാനും രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും ഈ അവസരം ഭരണകൂടം പ്രയോജനപ്പെടുത്തുമെന്ന വിമര്‍ശം നിലനില്‍ക്കുന്നതിനാല്‍ വിശേഷിച്ചും. മറുവശത്ത് അമേരിക്കയുമായുള്ള നയതന്ത്രബന്ധത്തെ അട്ടിമറിസംഭവം എങ്ങനെ ബാധിക്കുമെന്നതും കാണേണ്ടതാണ്.  ഗുലനെ പിന്തുണക്കുന്ന ഒരു രാജ്യവും തുര്‍ക്കിയുടെ സുഹൃത്തായിരിക്കില്ളെന്ന തുര്‍ക്കി പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്, സൈനിക അട്ടിമറിക്ക് അമേരിക്ക പരോക്ഷ പിന്തുണ നല്‍കിയെന്ന തരത്തിലുള്ള പരാമര്‍ശം വാസ്തവവിരുദ്ധവും ഉഭയകക്ഷിബന്ധത്തിന് ഹാനികരവുമാണെന്ന കെറിയുടെ പ്രസ്താവന, സിറിയയിലെ തീവ്രവാദവിരുദ്ധ സൈനിക നടപടികള്‍ക്കുവേണ്ടി അമേരിക്കക്ക് വിട്ടുകൊടുത്ത വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയത് തുടങ്ങിയതെല്ലാം നയതന്ത്രബന്ധം കലുഷമാകുന്നതിന്‍െറ സൂചകങ്ങളാണ്. പുതിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള ഉയര്‍ന്ന ജനാധിപത്യബോധവും വിപദിധൈര്യവും സൈനികമുഷ്ക്കിനെ പ്രശംസനീയമായ രീതിയില്‍ തോല്‍പിച്ച തുര്‍ക്കി ജനതക്ക് തുടര്‍ന്നും പ്രകടിപ്പിക്കാനാകുമെന്ന് പ്രത്യാശിക്കാം.

Show Full Article
TAGS:madhyamam editorial 
Next Story