Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപാവ ഗവര്‍ണര്‍മാര്‍ക്ക്...

പാവ ഗവര്‍ണര്‍മാര്‍ക്ക് ഈ വിധി പാഠമാവട്ടെ

text_fields
bookmark_border
പാവ ഗവര്‍ണര്‍മാര്‍ക്ക് ഈ വിധി പാഠമാവട്ടെ
cancel

കേന്ദ്രത്തില്‍ അധികാരക്കസേരയിലിരിക്കുന്ന രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതങ്ങള്‍ നടപ്പാക്കാനാണ് രാജ്ഭവനില്‍ തങ്ങളെ കുടിയിരുത്തിയിരിക്കുന്നത് എന്ന് ധരിച്ചുവശായ കോടാലിപ്പിടികളായ ഗവര്‍ണമാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായി അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് ഭരണം പുന$സ്ഥാപിച്ചുകൊണ്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍െറ കഴിഞ്ഞ ദിവസത്തെ വിധി. സ്വാതന്ത്ര്യലബ്ധിതൊട്ട് 120 പ്രാവശ്യമെങ്കിലും ദുരുപയോഗം ചെയ്യപ്പെട്ട ഭരണഘടനയുടെ 356ാം ഖണ്ഡിക രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉപയോഗിക്കാനുള്ളതല്ളെന്നും ഗവര്‍ണര്‍മാരുടെ വിവേചനാധികാരം നീതിപീഠത്തിന്‍െറ പുന$പരിശോധനയിലൂടെ (ജുഡീഷ്യല്‍ റിവ്യൂ) റദ്ദാക്കാന്‍ മാത്രമല്ല, ഫലപ്രദമായി തിരുത്താനും സുപ്രീംകോടതിക്കു സാധിക്കുമെന്നും ഈ വിധിയിലൂടെ തെളിയിച്ചിരിക്കുന്നു. അങ്ങനെയാണ്, ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കെ തന്നെ, മുന്‍സര്‍ക്കാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള സാഹചര്യം നീതിപീഠം ഒരുക്കുന്നത്.

വിധിയെ തുടര്‍ന്ന് ബുധനാഴ്ച നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് പുതിയ ചരിത്രമായി. അരുണാചലിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ആഴത്തില്‍ വിലയിരുത്തുമ്പോഴാണ് സുപ്രീംകോടതി വിധിയുടെ പ്രാധാന്യം തൊട്ടുകാണിക്കാനാവുക. കേന്ദ്രാധികാരം ദുര്‍വിനിയോഗം ചെയ്ത്, തങ്ങള്‍ രാജ്യഭവനുകളില്‍ പ്രതിഷ്ഠിച്ച സംഘ്പരിവാര്‍ പിണിയാളുകളായ ഗവര്‍ണര്‍മാരെക്കൊണ്ട് രാഷ്ട്രീയ അട്ടിമറി നടത്തിച്ച്,  ബി.ജെ.പിയിതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ആവിഷ്കരിച്ച പദ്ധതിയാണ് പൊളിഞ്ഞുകൊണ്ടിരിക്കുന്നത്.

ഉത്തരാഖണ്ഡിലായിരുന്നു ആദ്യപരീക്ഷണം. ഹരീഷ് റാവത്തിന്‍െറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിക്കാനുള്ള നീക്കം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കുമൊടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് പരാജയപ്പെടുത്തിയത്. ‘കോണ്‍ഗ്രസ്മുക്ത ഭാരതം’ എന്ന ലക്ഷ്യത്തിലത്തൊന്‍ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും രാഷ്ട്രീയകുതിരക്കച്ചവടവും ഗവര്‍ണമാരുടെ അവിഹിത ഇടപെടലുകളും ആവശ്യമാണെന്ന് കണക്കുകൂട്ടിയതിന്‍െറ അടിസ്ഥാനത്തിലാവണം കരുനീക്കങ്ങള്‍ നടത്തിയത്. കോണ്‍ഗ്രസിനകത്ത് അന്തശ്ഛിദ്രത വളര്‍ത്തി ഒരു വിഭാഗം എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് ഭരണം പിടിച്ചെടുക്കാനുള്ള നികൃഷ്ട പദ്ധതിയാണ് അരുണാചലില്‍ പരമോന്നത നീതിപീഠം തകര്‍ത്തത്. ജനാധിപത്യത്തിന്‍െറയും ഫെഡറല്‍ വ്യവസ്ഥയുടെയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ചൈതന്യം തിരിച്ചുകൊണ്ടുവരുന്നതില്‍ അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിധി നാഴികക്കല്ലാണ്.

താനിരിക്കുന്ന പദവിയുടെ മാന്യതയും അന്തസ്സും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കാതെ അരുണാചല്‍ ഗവര്‍ണര്‍ രാജ്കോവ, ജനാധിപത്യ-ഭരണഘടനാ വ്യവസ്ഥകളെ ഉല്ലംഘിക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മന്ത്രിസഭാ അഴിച്ചുപണിയില്‍ സ്ഥാനം നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവ് കലിഖോ പുല്‍ നേതൃത്വം കൊടുക്കുന്ന ഒരു വിഭാഗം എം.എല്‍.എമാര്‍ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ അത് മുതലെടുത്ത് ഭരണം അട്ടിമറിക്കാന്‍ ഗവര്‍ണരുടെ നേതൃത്വത്തില്‍ നടത്തിയ അപൂര്‍വ നീക്കങ്ങളാണ് വിഷയം സുപ്രീംകോടതിവരെ എത്തിച്ചത്. സ്പീക്കറുടെ അധികാരങ്ങള്‍ സ്വയം എടുത്തുപയോഗിക്കുകയായിരുന്നു ഗവര്‍ണര്‍. 2016  ജനുവരി 14നു ചേരാന്‍ സ്പീക്കര്‍ തീരുമാനിച്ച നിയമസഭാ സമ്മേളനം 2015 ഡിസംബര്‍ 16ലേക്ക്  നേരത്തെയാക്കാനുള്ള ഗവര്‍ണരുടെ ഉത്തരവിനു ഒരു സാധുതയുമില്ല എന്ന് കോടതി കണ്ടത്തെി. ഭരണഘടനയുടെ 163ാം അനുച്ഛേദം നല്‍കുന്ന വിവേചനാധികാരത്തിന്‍െറ മറവിലായിരുന്നു ഈ നീക്കം.

നിയമസഭാ സമ്മേളനത്തിന്‍െറ അജണ്ട പോലും ഗവര്‍ണറാണ് തീരുമാനിച്ചത്. മന്ത്രിസഭയുടെ അനുമതിയില്ലാതെ സഭ വിളിച്ചുകൂട്ടിയത് ജനാധിപത്യവിരുദ്ധമാണെന്ന് ഗവര്‍ണര്‍ക്ക് തോന്നാത്തതില്‍ സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. എല്ലാം സ്വയം കൈകാര്യം ചെയ്യാന്‍ കെല്‍പുള്ള, സൂപ്പര്‍ ഭരണഘടനാ അധികാര സ്ഥാപനമാണ് ഗവര്‍ണറുടേതെന്ന് ഗവര്‍ണര്‍ സ്വയം തെറ്റിദ്ധരിച്ചതുപോലെ. ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയല്ളെന്നും മുഖ്യമന്ത്രിയുടെയും കാബിനറ്റിന്‍െറയും ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമല്ലാതെ പ്രവര്‍ത്തിക്കാന്‍ അധികാരമില്ളെന്നും മനസ്സിലാക്കാതെ,  സഭ വിളിച്ചുകൂട്ടാനും പിരിച്ചുവിടാനുമൊക്കെ മുന്നിട്ടിറങ്ങിയത് പച്ചയായ ഭരണഘടനാ ലംഘനമാണെന്ന് വിധിന്യായത്തില്‍ പറയുന്നുണ്ട്. പുന$സ്ഥാപിക്കപ്പെട്ട സര്‍ക്കാറിനു സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ എന്നതാണ് അടുത്ത പ്രധാന ചോദ്യം. എന്നാല്‍, പരമോന്നത നീതിപീഠത്തില്‍നിന്ന് ഇത്രമാത്രം വിമര്‍ശം ഏറ്റുവാങ്ങിയ ഒരാളെ ഗവര്‍ണരുടെ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നതിലെ രാഷ്ട്രീയമര്യാദയും നൈതികതയുമാണ് ആദ്യം ചര്‍ച്ചചെയ്യേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story