Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകരിപ്പൂര്‍: മുടക്കിയത്...

കരിപ്പൂര്‍: മുടക്കിയത് തുടങ്ങട്ടെ ആദ്യം

text_fields
bookmark_border
കരിപ്പൂര്‍: മുടക്കിയത് തുടങ്ങട്ടെ ആദ്യം
cancel

കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, വെള്ളിയാഴ്ച തിരുവനന്തപുരത്ത് ജനപ്രതിനിധികളുടെയും സംഘടനാഭാരവാഹികളുടെയും യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. വിമാനത്താവളത്തിന്‍െറ റണ്‍വേ വികസനവും അതിനു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പും അതുയര്‍ത്തുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്ത് ഒരു സമവായത്തിലത്തെിച്ചേരുന്നതിന്‍െറ ഭാഗമായാണ് യോഗം എന്നറിയുന്നു. കോഴിക്കോട് റണ്‍വേ അറ്റകുറ്റപ്പണികളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ വിമാനത്താവളം നിലനിര്‍ത്താന്‍  റണ്‍വേ വികസിപ്പിക്കുന്നതിന് 248 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍, 1996ല്‍ ഏറ്റെടുത്ത 105 ഏക്കറില്‍ 51 ഏക്കര്‍ ഉപയോഗിക്കാതെ കിടക്കുകയും പിന്നീട് 2004ല്‍ പുതിയ ടെര്‍മിനല്‍, കാര്‍ പാര്‍ക്കിങ് എന്നിവക്കായി 137 ഏക്കര്‍ കൂടി എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെടുകയും ചെയ്തു. സ്ഥലമേറ്റെടുപ്പിനെതിരെ ജനകീയപ്രതിരോധ കമ്മിറ്റികള്‍ നിലവില്‍വരികയും അതിന്‍െറ അനുരണനങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുകയും ചെയ്തതോടെ കരിപ്പൂര്‍ വിമാനത്താവളവികസനവും തുടര്‍പ്രവര്‍ത്തനവും പ്രതിസന്ധിയിലായ മട്ടാണ്.

1988ല്‍ കരിപ്പൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതല്‍ അന്താരാഷ്ട്ര പദവിക്കുവേണ്ടി ഗള്‍ഫ് പ്രവാസികളുടെ മുക്കാലേ മുണ്ടാണിയും വസിക്കുന്ന മലബാറില്‍നിന്ന് മുറവിളിയുയര്‍ന്നതാണ്. 1992 ഫെബ്രുവരി 15ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍െറ ഷാര്‍ജ വിമാനം പറന്നതോടെ ആ സ്വപ്നം യാഥാര്‍ഥ്യമായി. ചുരുങ്ങിയ കാലത്തിനുള്ളില്‍ കോഴിക്കോട് താവളം വമ്പിച്ച ലാഭത്തിലേക്ക് കുതിച്ച ഇന്ത്യയിലെ ആദ്യ പൊതുമേഖലാ വിമാനത്താവളമായി മാറി. എന്നിട്ടും അന്താരാഷ്ട്രപദവി എയര്‍പോര്‍ട്ടിന് പതിച്ചുകിട്ടാന്‍ 2006 ഫെബ്രുവരി ഒന്നുവരെ, 14 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ഏഴാമത്തെ വിമാനത്താവളമായി മാറിയ കരിപ്പൂരിന്‍െറ ഓരോ ഘട്ടത്തിലുമുയര്‍ന്ന വികസന മുറവിളികള്‍ക്കൊപ്പംതന്നെ അതിന്‍െറ ചിറകരിയുന്നതിനുള്ള ദുരൂഹമായ നീക്കങ്ങളും മുറക്കു നടന്നു. ഈ വിഷയത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സുതാര്യതയില്ലാത്ത നടപടിക്രമങ്ങള്‍ക്കു മുന്നില്‍ അന്തിച്ചു നില്‍ക്കാനും പിന്നെപ്പിന്നെ അവര്‍ പറയുന്നത് ഏറ്റുവിളിക്കാനും മാത്രമേ ഭരണപ്രതിപക്ഷ രാഷ്ട്രീയനേതൃത്വത്തിനും കഴിഞ്ഞിട്ടുള്ളൂ. അതിനപ്പുറം സംഭവലോകത്തെ വസ്തുതകള്‍ വിലയിരുത്തി വിഷയങ്ങള്‍ പരിഹരിക്കാനുള്ള ഇച്ഛാശക്തി ഭരിക്കുന്നവരും മറുഭാഗത്തുള്ളവരുമായ രാഷ്ട്രീയക്കാര്‍ പ്രകടിപ്പിച്ചില്ളെന്നതാണ് അനുഭവം. അതിന്‍െറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റണ്‍വേ റീ കാര്‍പെറ്റിങ്ങിന്‍െറ പേരില്‍ കഴിഞ്ഞ വര്‍ഷം വൈഡ് ബോഡി വിമാനങ്ങളുടെ സര്‍വിസ് അവസാനിപ്പിച്ചതും അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടും പഴയ സര്‍വിസുകള്‍ പുനരാരംഭിക്കാതെ റണ്‍വേയുടെയും താവളത്തിന്‍െറയും വികസനത്തിന് സ്ഥലം വിട്ടുകിട്ടാന്‍ വിലപേശുന്നതും.

റണ്‍വേ നവീകരണത്തിന്‍െറ ആദ്യഘട്ടം കഴിഞ്ഞാല്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ അവസരമൊരുക്കുമെന്നും പ്രതിമാസം 12 കോടിയിലധികം നഷ്ടം വരുന്നതിനാല്‍ ഉടനെ അറ്റകുറ്റപ്പണി തീര്‍ത്ത് പഴയപടി പുന$സ്ഥാപിക്കുമെന്നും കഴിഞ്ഞ സെപ്റ്റംബര്‍ 18ന് ചെന്നൈയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ദക്ഷിണമേഖല എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഐ.എന്‍. മൂര്‍ത്തി അറിയിച്ചതാണ്. ഇതൊക്കെ കാറ്റില്‍ പറത്തി, സൗദിയ, എമിറേറ്റ്സ് തുടങ്ങി കോഴിക്കോട്ടെ എയര്‍ട്രാഫിക്കില്‍ മുന്‍നിരയില്‍നിന്ന വിമാനകമ്പനികള്‍ സര്‍വിസ് നടത്താന്‍ തയാറായിട്ടും അതിന് ഉടക്കുവെച്ച് 385 ഏക്കര്‍ താവളവികസനത്തിന് വിട്ടുകിട്ടിയിട്ടാവാം ബാക്കി എന്ന ധാര്‍ഷ്ട്യത്തിലാണിപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി. റണ്‍വേ ബലക്ഷയം തീര്‍ത്ത് പേവ്മെന്‍റ് ക്ളാസിഫിക്കേഷന്‍ നമ്പര്‍ 56ല്‍നിന്ന് 75 ആയി ഉയര്‍ത്തി. ബോയിങ് 747, 777 എന്നീ കോഡ് ഇ ഗണത്തിലെ വലിയ വിമാനങ്ങളിറക്കാന്‍ പര്യാപ്തമാണിതെന്ന് സാങ്കേതികവിഭാഗം പറയുന്നു. കോഴിക്കോട് ബോയിങ് 737, എ 320 എന്നീ കോഡ് ഡി വിഭാഗം വിമാനങ്ങളാണ് നിര്‍ദേശിച്ചിരുന്നത്. പിന്നീട് ഇത് ഇ കാറ്റഗറിയില്‍പെട്ട സര്‍വിസ് കൂടി നടത്താന്‍തക്ക ക്ഷമത വര്‍ധിപ്പിച്ചു. 2002ല്‍ ബി 747ല്‍ ഹജ്ജ് സര്‍വിസും പിന്നീട് ജിദ്ദ സര്‍വിസും തുടങ്ങിയപ്പോള്‍ അതോറിറ്റിയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സും സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി. അന്താരാഷ്ട്ര സുരക്ഷാ നടപടിക്രമങ്ങള്‍ ചിട്ടയോടെ പാലിക്കുന്ന എമിറേറ്റ്സും സൗദിയയും കരിപ്പൂരില്‍ സര്‍വിസ് തുടരാന്‍ ഇപ്പോഴും തയാറാണ്.

റണ്‍വേ സ്ട്രിപ് 300 മീറ്റര്‍ വേണമെന്നും കരിപ്പൂരില്‍ 150 മീറ്ററേ ഉള്ളൂവെന്നും പറയുന്നു. എന്നാല്‍, തിരുവനന്തപുരം, ഹൈദരാബാദ്, ഗോവ, ലഖ്നോ, ജയ്പൂര്‍ താവളങ്ങളിലും ഇതേ അളവാണുള്ളത്. ലഖ്നോയില്‍ റണ്‍വേ നീളം 2760 ആണ്. കോഴിക്കോട് ഇത് 2850 ഉണ്ട്. ഇതൊക്കെയുണ്ടായിട്ടും ഒരു സുരക്ഷാപഠനവും നടത്താതെ എടുത്ത തീരുമാനത്തില്‍ പിടിച്ചുതൂങ്ങി 34 ശതമാനം വരുമാനവും ഹജ്ജ് എംബാര്‍കേഷന്‍ പോയന്‍റ് അടക്കമുള്ള സൗകര്യങ്ങളും നിഷേധിച്ച് കരിപ്പൂരിന്‍െറ കഴുത്ത് ഞെരിക്കുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി. കൊച്ചിയില്‍ ഒരു അന്താരാഷ്ട്ര താവളം നിലവിലിരിക്കുകയും കണ്ണൂരില്‍ അധികൃതരുടെ ആഗ്രഹത്തിനനുസൃതമായ വിശാലതയില്‍ പുതിയത് വരാനിരിക്കുകയും ചെയ്യുമ്പോള്‍ ജനസാന്ദ്രത കൂടിയ കുന്നിന്‍പ്രദേശങ്ങള്‍ കുടിയൊഴിപ്പിച്ച് വിമാനത്താവളവികസനം നടക്കുമോ, നടന്നാല്‍തന്നെ അതെപ്പോള്‍ തീരും, അതല്ല, അസാധ്യമായതു കാട്ടി ഉള്ള സാധ്യതകള്‍കൂടി കൊട്ടിയക്കാനുള്ള ഗൂഢശ്രമമാണോ ഇത് എന്നതെല്ലാം ദുരൂഹമായി തുടരുകയാണ്. ജനകീയരോഷത്തെ മെരുക്കി സ്ഥലമേറ്റെടുപ്പിന് വാശിയോടെ രംഗത്തുള്ള സര്‍ക്കാര്‍ സര്‍വിസ് സസ്പെന്‍ഡ് ചെയ്ത അന്യായ തീരുമാനത്തില്‍നിന്ന് അതോറിറ്റിയെ പിന്തിരിപ്പിക്കാനുള്ള ആര്‍ജവമാണ് ആദ്യം കാണിക്കേണ്ടത്. അങ്ങനെ ജനവിശ്വാസം വീണ്ടെടുത്ത് സ്തംഭിച്ച സര്‍വിസുകള്‍ പുനരാരംഭിക്കുന്ന മുറയ്ക്ക് വികസനത്തിനുള്ള ചര്‍ച്ചയും തുടങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story