Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബുര്‍ഹാന്‍ വാനിക്കു...

ബുര്‍ഹാന്‍ വാനിക്കു ശേഷം കശ്മീര്‍

text_fields
bookmark_border
ബുര്‍ഹാന്‍ വാനിക്കു ശേഷം കശ്മീര്‍
cancel

ബുര്‍ഹാന്‍ മുസഫര്‍ വാനി എന്ന 22കാരന്‍ ജൂലൈ എട്ടിന് സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ച വാര്‍ത്ത വന്നതു മുതല്‍ കശ്മീര്‍ താഴ്വരയാകെ തിളച്ചുമറിയുകയാണ്. ബുര്‍ഹാന്‍െറ വധത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതിനകം 30 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്വരയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുകയാണ്.

കശ്മീരിലെ ഏറ്റവും സുഘടിതമായ വിഘടനവാദ സംഘടനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിസ്ബുല്‍ മുജാഹിദീന്‍െറ കമാന്‍ഡറായാണ് ബുര്‍ഹാന്‍ അറിയപ്പെടുന്നത്. കശ്മീര്‍ വിഘടനവാദ പ്രസ്ഥാനത്തിന്‍െറ പോസ്റ്റര്‍ ബോയ് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ ചെറുപ്പക്കാരന്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു. ബുര്‍ഹാന്‍െറ വിഡിയോകളും ചിത്രങ്ങളും കശ്മീരി ചെറുപ്പക്കാര്‍ക്കിടയില്‍ വൈറലാണ്. കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാല്‍ എന്ന പ്രദേശത്തുനിന്നുള്ള, സമ്പന്ന കുടുംബാംഗമായ ഈ ചെറുപ്പക്കാരന്‍ വിഘടനവാദത്തിന്‍െറ വഴിയിലത്തെുന്നത് യാദൃച്ഛികമല്ല. കശ്മീരിലെ അസ്വസ്ഥതയുണ്ടാക്കുന്ന സാഹചര്യത്തിന്‍െറ സൃഷ്ടിയാണവന്‍.

ബുര്‍ഹാന് 15 വയസ്സുള്ളപ്പോഴാണ് സഹോദരന്‍ ഖാലിദിനോടൊത്ത് പുതുതായി വാങ്ങിയ ബൈക്കില്‍ കറങ്ങാനിറങ്ങിയത്. വഴിയില്‍വെച്ച് അവരെ തടഞ്ഞുവെച്ച സൈനികര്‍ സിഗരറ്റ് വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുവത്രെ. സിഗരറ്റ് വാങ്ങിക്കൊടുത്തശേഷവും സേനാംഗങ്ങള്‍ ഖാലിദിനെ മര്‍ദിച്ചുവെന്നാണ് ഹൈസ്കൂള്‍ പ്രിന്‍സിപ്പലായ ബുര്‍ഹാന്‍െറ പിതാവ് പറയുന്നത്. ഖാലിദും ബുര്‍ഹാനും അതിന് പ്രതികാരം ചെയ്യാന്‍ അന്നു തീരുമാനിച്ചു. ഹിസ്ബുല്‍ മുജാഹിദീനിലേക്കുള്ള ആ സഹോദരന്മാരുടെ വഴി അങ്ങനെയായിരുന്നു. ഖാലിദിനെ കഴിഞ്ഞ വര്‍ഷം സുരക്ഷാസേന വധിച്ചു. അതിനുശേഷം ബുര്‍ഹാന്‍ സായുധവഴിയില്‍ കൂടുതല്‍ സജീവമായി. ധാരാളം ചെറുപ്പക്കാരെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ ബുര്‍ഹാന്‍െറ ഇടപെടലിന് സാധിച്ചുവെന്നാണ് പറയപ്പെടുന്നത്. ഏതെങ്കിലും ആക്രമണത്തിലോ കൊലപാതകത്തിലോ ബുര്‍ഹാന്‍െറ നേരിട്ടുള്ള പങ്ക് സുരക്ഷാസേന ആരോപിക്കുന്നില്ല. അതേസമയം, താഴ്വരയിലെ പുതുതലമുറ വിഘടനവാദികളുടെ പ്രചോദകമായി ബുര്‍ഹാന്‍ വളരുകയായിരുന്നു. അങ്ങനെയാണ് സൈന്യം അവന്‍െറ തലക്ക് 10 ലക്ഷം വിലയിടുന്നത്.

മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചതുപോലെ, സോഷ്യല്‍ മീഡിയയിലെ ബുര്‍ഹാനെക്കാള്‍ ശക്തനായിരിക്കുകയാണ് കുഴിമാടത്തിലെ ബുര്‍ഹാന്‍. ത്രാലില്‍ നടന്ന ബുര്‍ഹാന്‍െറ സംസ്കാരച്ചടങ്ങില്‍ സര്‍വ വിലക്കുകളും മറികടന്ന് അമ്പതിനായിരത്തില്‍പരം ആളുകള്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ കശ്മീര്‍ കണ്ട ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നുവത്രെ അത്. ത്രാലിന് പുറമെ സംസ്ഥാനത്ത് 16ഓളം കേന്ദ്രങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മയ്യിത്ത് നമസ്കാര ചടങ്ങുകള്‍ ബുര്‍ഹാനുവേണ്ടി സംഘടിപ്പിക്കപ്പെട്ടു.

തലക്ക് 10 ലക്ഷം ഇനാം പ്രഖ്യാപിക്കപ്പെട്ട ഒരു തീവ്രവാദി പയ്യനുവേണ്ടി ജനങ്ങള്‍ ഇങ്ങനെ തെരുവിലിറങ്ങുന്നത് ഇന്ത്യയില്‍ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം കൗതുകകരവും അസ്വസ്ഥതയുളവാക്കുന്നതുമായ വാര്‍ത്തയായിരിക്കും. പക്ഷേ, കശ്മീരിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ധാരണയുള്ളവര്‍ക്ക് അതില്‍ അതിശയമുണ്ടാവുകയുമില്ല. ഈ കണക്കൊന്ന് കാണുക: ഇപ്പോഴത്തെ കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി അനന്ത്നാഗ് മണ്ഡലത്തില്‍നിന്നാണ് രണ്ടാഴ്ച മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. വെറും 28,550 ആളുകള്‍ മാത്രമാണ് ആ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. അതില്‍ 17,701 വോട്ടുകള്‍ നേടിയാണ് മഹ്ബൂബ വിജയിക്കുന്നത്. അതായത്, ഇരുപതിനായിരത്തില്‍ താഴെ ആളുകളുടെ മാത്രം പിന്തുണയുള്ളയാളാണ് ആ നാടിന്‍െറ മുഖ്യമന്ത്രി. അതേസമയം, ബുര്‍ഹാന്‍ വാനിക്കു വേണ്ടി അനന്ത്നാഗില്‍ നടന്ന പ്രകടനങ്ങളില്‍ ഇതിന്‍െറ ഇരട്ടി ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. കശ്മീരിലെ യഥാര്‍ഥ ജനവികാരം എന്തെന്ന് മനസ്സിലാക്കാന്‍ ഈ താരതമ്യം മാത്രം മതിയാകും. പക്ഷേ, ഈ വികാരം മനസ്സിലാക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനും രാഷ്ട്രീയ, സൈനിക നേതൃത്വത്തിനും മാധ്യമങ്ങള്‍ക്കും സാധിക്കുന്നില്ല എന്നതാണ് കശ്മീര്‍ പ്രതിസന്ധിയുടെ കാതല്‍.

ബുര്‍ഹാന്‍െറ വധത്തത്തെുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമായി തുടരുകതന്നെയാണ്. ഈ സംഘര്‍ഷങ്ങളെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് തെറ്റായ സമീപനമാകും. കശ്മീര്‍പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍വേണ്ടി 2010 ഒക്ടോബറില്‍ ദിലീപ് പഡഗോണ്‍കര്‍ അധ്യക്ഷനായ  മധ്യസ്ഥ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു. 2011 ഒക്ടോബറില്‍ അവര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. പ്രസ്തുത റിപ്പോര്‍ട്ട് മുന്നില്‍വെച്ച് എന്തെങ്കിലും പ്രവര്‍ത്തന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല. ഉരുക്കുമുഷ്ടികൊണ്ട് പ്രശ്നം തീര്‍ക്കണമെന്ന നിലപാടുകാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. ആ നിലപാട് നമ്മുടെ രാജ്യത്തിന് ഗുണമാണോ ചെയ്യുക എന്നത് ഗൗരവത്തില്‍ ആലോചിക്കണം. വൈകാരികതകള്‍ മാറ്റിവെച്ച് കശ്മീരിന്‍െറയും കശ്മീരികളുടെയും വിഷയം ചര്‍ച്ചചെയ്യാനുള്ള വിശാലതയാണ് കേന്ദ്ര സര്‍ക്കാറില്‍നിന്ന് വിവേകമതികള്‍ പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story