നല്ല കാഴ്ചപ്പാട്; വേണ്ടത് യാഥാര്‍ഥ്യബോധം കൂടി
text_fieldsപിണറായി സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് സമര്‍പ്പിച്ചത് അദ്ദേഹംതന്നെ തൊട്ടുമുമ്പ് ഇറക്കിയ ധവളപത്രത്തിന്‍െറ നിഴലിലാണ്. കണക്കുകളുടെ വിശദാംശങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസം ഉണ്ടാകാമെങ്കിലും അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം ഇന്നുള്ളത് എന്നതൊരു വസ്തുതയാണ്. 10,000 കോടിയിലേറെ രൂപയുടെ സാമ്പത്തികബാധ്യതയാണ് പുതിയ സര്‍ക്കാറിന് ഏറ്റെടുക്കേണ്ടിവന്നതെന്ന് ധവളപത്രം ചൂണ്ടിക്കാട്ടിയിരുന്നു. കുതിച്ചുയരുന്ന കമ്മിയും വരുമാനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ ഉദാസീനതയും സുനിശ്ചിതമായ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുകയായിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ഖജനാവു മുടിച്ചതിന്‍െറ കണക്കുകള്‍ ധവളപത്രം നിരത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, പരിമിതികളെ നേരിട്ടുകൊണ്ട് ഉണ്ടാക്കാവുന്ന നല്ല ബജറ്റാണ് വെള്ളിയാഴ്ച നിയമസഭയില്‍ മന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. തോമസ് ഐസക്തന്നെ മുമ്പ് സൂചിപ്പിച്ചതുപോലെ സാധാരണക്കാരനുമേല്‍ നികുതിഭാരം കൂടുതലായി ചുമത്താതെ വരുമാനം കൂട്ടാനുള്ള വഴികളാണ് ബജറ്റ് തേടുന്നത്. അതോടൊപ്പം, അനാവശ്യ ചെലവുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനവും ബജറ്റ് പ്രതിഫലിപ്പിക്കുന്നു. ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ബജറ്റിലെ കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളും നമ്മുടെ സാമ്പത്തിക പ്രതിസന്ധിയുടെ ഗൗരവം കുറച്ചുകൊണ്ടുവരാന്‍ ഉതകുമെന്നുവേണം കരുതാന്‍.
ബജറ്റിന്‍െറ മറ്റൊരു സവിശേഷത, ദീര്‍ഘകാല ആസൂത്രണത്തിന്‍േറതായ ഒരു കാന്‍വാസിലാണ് അതിന്‍െറ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത് എന്നതാണ്. ബജറ്റ് ആസൂത്രിതസമ്പദ്ഘടനയുടെ പക്കലുള്ള ശക്തമായ ആയുധമാണെന്ന സമീപനം അതിലുണ്ട്. ഭാവിയിലേക്കുള്ള കരുതലെന്ന നിലക്ക് കുറെ പ്രധാന നിര്‍ദേശങ്ങള്‍ ബജറ്റ് മുന്നോട്ടുവെക്കുന്നു. വിദ്യാഭ്യാസമേഖലയിലെ മുതലിറക്കും അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പ്രത്യേക സംവിധാനവും ഈ ബജറ്റിന്‍െറ പരിമിതമായ ശേഷിയിലൊതുങ്ങുന്നവയല്ല-മുന്നോട്ടുള്ള വഴികാട്ടികളായും നാളേക്കുവേണ്ടിയുള്ള ഓര്‍മപ്പെടുത്തലായും അവ തല്‍ക്കാലം അക്ഷരരൂപത്തിലാണെങ്കില്‍പോലും ബജറ്റിന്‍െറ ഭാഗമായിരിക്കുന്നു. അതേസമയം, ഇവ അടക്കം യാഥാര്‍ഥ്യമാകാതിരിക്കാനുള്ള സാധ്യതകളും മുന്നിലുള്ളത് കാണാതിരുന്നുകൂടാ.
മുഖ്യമായും രണ്ട് കാരണങ്ങളാണ് ചില പ്രധാന നിര്‍ദേശങ്ങളെപ്പറ്റി സന്ദേഹമുയര്‍ത്തുന്നത്. ഒന്നാമതായി, പദ്ധതിച്ചെലവുകള്‍ ചുരുക്കാതെയും വികസന നിക്ഷേപങ്ങളില്‍ സന്ധിചെയ്യാതെയും മുന്നോട്ടുപോകുമെന്ന പ്രഖ്യാപനത്തെ ഇന്നത്തെ അവസ്ഥയില്‍ വെറും സ്വപ്നമെന്നേ വിളിക്കാന്‍ കഴിയൂ. അതിനുതക്ക ധനസമാഹരണം സാധ്യമായേക്കില്ല. ബജറ്റില്‍ പറഞ്ഞ വലിയവലിയ കാര്യങ്ങളില്‍ പലതും കടലാസിലൊതുങ്ങുമോ എന്ന ആശങ്ക ഉയരുന്നത് ഇവിടെയാണ്. രണ്ടാമതായി, ആസൂത്രിത വികസനമെന്നത് വെറും മൂലധനത്തിന്‍െറ മാത്രം പ്രശ്നമല്ല. അതൊരു ജനാധിപത്യപരമായ പ്രക്രിയകൂടിയാണ്. ജനങ്ങളുടെ ജീവിതത്തെ നേരിട്ടുബാധിക്കുന്ന വലിയ തീരുമാനങ്ങളില്‍ നടപടിയുമായി മുന്നോട്ടുപോകുന്നതിനുമുമ്പ് വിശദമായ ചര്‍ച്ചകളും സമവായവും അവയുടെ അടിസ്ഥാനത്തിലുള്ള നയരൂപവത്കരണവും അത്യാവശ്യമാണ്. നാലുവരിപ്പാത, ഗെയില്‍ വാതക പൈപ്പിടല്‍ തുടങ്ങിയ വിവാദവിഷയങ്ങളില്‍ ഏകപക്ഷീയ തീരുമാനങ്ങള്‍ ഉണ്ടാകുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ അതനുസരിച്ചുള്ള നീക്കിയിരിപ്പും കരുതലും ബജറ്റില്‍ പ്രതിഫലിക്കണം. അക്കാര്യത്തില്‍ വ്യക്തത ഉണ്ടാകണം.
നികുതിനിര്‍ദേശങ്ങളില്‍ സാധാരണക്കാരെ ഒഴിവാക്കിയതും ആഡംബരവസ്തുക്കളെ മാത്രം പിടികൂടിയതും സ്വാഗതാര്‍ഹമാണ്. പരിസ്ഥിതി രക്ഷയെ ലാക്കാക്കി, പഴകിയ വാഹനങ്ങള്‍ക്ക് ഹരിതനികുതി ചുമത്തുന്നതിനോടും ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ളാസ്റ്റിക് ഗ്ളാസുകള്‍ക്ക് 20 ശതമാനം നികുതി ഈടാക്കുന്നതിനോടുമൊന്നും എതിര്‍പ്പുണ്ടാകേണ്ടതില്ല; ഫ്ളക്സ് ബോര്‍ഡുകള്‍പോലുള്ള പരിസ്ഥിതിക്ക് ദോഷകരവും എന്നാല്‍, വ്യാപകവുമായ ഉല്‍പന്നങ്ങളെ നിരുത്സാഹപ്പെടുത്താനും നികുതി നിര്‍ദേശങ്ങളെ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള നികുതികള്‍ ബജറ്റില്‍ നിര്‍ദേശിക്കുന്നതിനപ്പുറം അവ പിരിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തലും പ്രധാനമാണ്.
ചെറുകിടക്കാരെ പിഴിയുകയും വന്‍കിടക്കാരെ ഒഴിവാക്കുകയും ചെയ്യുന്ന രീതി എല്ലാനിലക്കും ദോഷംചെയ്യും. 881 കോടി രൂപയുടെ നികുതിയിളവുകള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഏതാനും ചിലര്‍ക്ക് അനുവദിച്ചതായി ധവളപത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നികുതിവരുമാനം പ്രതീക്ഷക്കൊത്ത് വര്‍ധിപ്പിക്കാനാകുമെന്ന ആത്മവിശ്വാസം ധനമന്ത്രി പ്രകടിപ്പിച്ചിട്ടുമുണ്ട്. 25 ശതമാനമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്ന വര്‍ധന. അതിന് വിവിധ മാര്‍ഗങ്ങള്‍ അദ്ദേഹം വരച്ചുകാട്ടിയിരിക്കുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യമാസം തന്നെ (ജൂണില്‍) നികുതിവരുമാനം 19 ശതമാനം കൂടിയതായി മന്ത്രി അവകാശപ്പെടുന്നു. ബജറ്റിനു പിന്നിലെ കാഴ്ചപ്പാട് നന്നെങ്കിലും അത് നടപ്പാക്കുന്നതിലെ പ്രായോഗികശേഷിയും ജനാധിപത്യനിഷ്ഠയുമാണ് കണ്ടറിയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
