Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightരാജ്യതലസ്ഥാനത്തൊരു...

രാജ്യതലസ്ഥാനത്തൊരു ക്രൂരഹത്യ

text_fields
bookmark_border
രാജ്യതലസ്ഥാനത്തൊരു ക്രൂരഹത്യ
cancel

ഡല്‍ഹിയില്‍ മലയാളി ബാലനെ അടിച്ചുകൊന്ന സംഭവം നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനയുടെയും കുറ്റകൃത്യങ്ങളോടുള്ള അധികൃതരുടെയും സമൂഹത്തിന്‍െറയും നിസ്സംഗമനോഭാവത്തിന്‍െറയും മറ്റൊരു ലക്ഷണമാണ്. കൊല്ലപ്പെട്ട രജത് ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ പാന്‍മസാല കടക്കാരനും രണ്ടുമക്കളും രജതിനെയും കൂട്ടുകാരെയും വളഞ്ഞ് ആക്രമിക്കുകയായിരുന്നു. അക്രമത്തിന്‍െറ കാരണങ്ങളെപ്പറ്റി വ്യത്യസ്തമായ വിശദീകരണങ്ങളുണ്ട്. മുമ്പുണ്ടായിരുന്ന വഴക്കിന്‍െറ തുടര്‍ച്ചയാണെന്നും കടയില്‍നിന്ന് സാധനമെടുത്തതിന്‍െറ പകയാണെന്നും കടക്കാര്‍ക്ക് രജത് നല്‍കാനുണ്ടായിരുന്ന പണം കൊടുക്കാത്തതാണ് കാരണമെന്നും കേള്‍ക്കുന്നു. എന്തുതന്നെയായാലും ഇത്തരം കാര്യങ്ങളുടെ പേരില്‍ മാരകമായി മര്‍ദിക്കുന്ന രീതി വ്യാപിച്ചുവരുന്നു എന്നത് നിസ്സാരമായി കാണാനാവില്ല. തെരുവ് കോടതിയെന്ന ഭയാനകമായ പുതിയ ശൈലികളാണ് നാട്ടില്‍ പലേടത്തും കണ്ടുകൊണ്ടിരിക്കുന്നത്. ആര്‍ക്കും തോന്നിയപോലെ ആരെയും കൊല്ലാമെന്ന സ്ഥിതി. ഇതിന്‍െറ കാരണങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും അടിയന്തരനടപടികള്‍ വേണ്ടതുണ്ട്. നിയമം കൈയിലെടുക്കുന്നവര്‍ക്ക് ആരെയും ഭയപ്പെടേണ്ടതില്ളെന്ന സ്ഥിതി ശക്തിപ്പെട്ടുവരുകയാണ്. നീതിന്യായ നടപടികളിലെ കാലതാമസവും പൊലീസ് സേനയുടെ ക്രിമിനലീകരണവും കാരണങ്ങളാവാം. ഇതിനെല്ലാം പുറമെ, അസഹിഷ്ണുതയും ആള്‍ക്കൂട്ട നീതിയും ഒരു ഫാഷനായിത്തന്നെ വളര്‍ന്നുവരുന്നുമുണ്ട്.

ഡല്‍ഹി പൊലീസ് സ്വതവേതന്നെ കാര്യക്ഷമതക്കും നീതിബോധത്തിനും പേരെടുത്തവരല്ല. വര്‍ഗീയചായ്വ് മുതല്‍ പ്രാദേശികചിന്ത വരെ അവരുടെ നിലപാടുകളെ സ്വാധീനിക്കുന്നുണ്ട് എന്നതാണനുഭവം. കേന്ദ്രസര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സേന ഡല്‍ഹിയിലെ രാഷ്ട്രീയ വിഭാഗീയതകളിലും പക്ഷംചേരുന്നതായി ആരോപണമുണ്ട്. രജതിന്‍െറ പിതാവ് ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതി പൊലീസ് സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? രജതിനൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പാന്‍മസാലക്കാരനും മക്കള്‍ക്കുമെതിരെ മൊഴിനല്‍കിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ല; അവരെ കസ്റ്റഡിയിലെടുത്തില്ല. പാന്‍മസാലക്കാര്‍ മരിജുവാന അടക്കം കച്ചവടം ചെയ്യുന്നുണ്ടെന്നും ലാഭത്തിന്‍െറ വിഹിതം പൊലീസിനും കിട്ടുന്നുണ്ടെന്നുമാണ് സ്ഥലവാസികള്‍ പറയുന്നത്. കടയില്‍നിന്ന് മയക്കുമരുന്നും മറ്റും മാറ്റുന്നതിന് പൊലീസ് ഒത്താശചെയ്തതായും ആരോപണമുണ്ട്. ലഹരിമരുന്ന് വാണിഭക്കാരായ അനധികൃത പാന്‍മസാലക്കടക്കാരും ഡല്‍ഹി പൊലീസും തമ്മിലുള്ള കൂട്ടുകെട്ട് രജത് വധത്തെ തുടര്‍ന്നുള്ള സംഭവങ്ങളില്‍ പ്രകടമാണെന്ന് ആക്ഷേപമുണ്ട്. തങ്ങള്‍ക്ക് മാസപ്പടി പിരിച്ചുനല്‍കുന്ന അനധികൃത പാന്‍മസാലക്കച്ചവടക്കാരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. നിയമലംഘകരും നിയമപാലകരും ഒത്തുകളിക്കുമ്പോള്‍ കൊലപാതകംവരെ ശിക്ഷിക്കപ്പെടാതെ പോകും.

ആശുപത്രികളുടെ നിര്‍ദയ നിലപാടും അപലപിക്കപ്പെടേണ്ടതുണ്ട്. രജത് അവശനായി വീണപ്പോള്‍ കുറ്റവാളികള്‍ അവനെയുംകൊണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചിരുന്നു. അവ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അത്യാസന്നനിലയിലത്തെുന്ന രോഗികളെ ചികിത്സിക്കുന്നതിലെ ഈ വിമുഖത (അത് എന്തു കാരണം കൊണ്ടായാലും) നീതീകരിക്കാനാവില്ല-അത് മതിയല്ളോ ജീവഹാനിക്ക് കാരണമാകാന്‍. ലാല്‍ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലത്തെുമ്പോഴേക്കും രജത് മരിച്ചിരുന്നു. അക്രമം കണ്ടുനിന്നവരുടെ ഭീരുത്വവും നിഷ്ക്രിയത്വവുംകൂടി ചേര്‍ന്നാണ് രജതിന്‍െറ ജീവനെടുത്തത്. കേരളത്തിലടക്കം ഇത്തരം നിഷ്ക്രിയ സാക്ഷികള്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനമാകുകയാണ്. അവരില്‍ സുരക്ഷിതത്വബോധമുണ്ടാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നുമില്ല. കോട്ടയത്ത് അസംകാരന്‍ കൈലാശിനെ മോഷണമാരോപിച്ച് പിടിച്ചുകെട്ടി വെയിലത്ത് മരിക്കാന്‍ വിട്ടപ്പോള്‍ അമ്പതിലേറെ കാഴ്ചക്കാരുണ്ടായിരുന്നുവത്രെ. പേടികൊണ്ടല്ല അവിടെ അവര്‍ ഇടപെടാതിരുന്നത്. മങ്കടക്കടുത്ത് നസീര്‍ എന്നയാളെ മര്‍ദിച്ച അക്രമികള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി; നാട്ടുകാര്‍ക്ക് ഇടപെടാന്‍ അവിടെയും കഴിഞ്ഞില്ല.

കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന അന്തരീക്ഷമാണ് രാജ്യത്ത് വളര്‍ന്നുവരുന്നത്. കുറ്റവാസനയും കുറ്റകൃത്യങ്ങളോടുള്ള മൃദുസമീപനവും വെറുതെ ഉണ്ടാകുന്നതല്ല. അതിന് യോചിച്ച സാഹചര്യം ശക്തിപ്പെടുന്നതില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. നിയമവാഴ്ചയെ വരെ വെല്ലവിളിക്കാനും അക്രമവാസന പടര്‍ത്താനും ഭരണപക്ഷത്തുള്ളവര്‍തന്നെ തുനിഞ്ഞിറങ്ങുന്ന കാലത്ത് കുറ്റം മഹത്ത്വവത്കരിക്കപ്പെടുകയും ഇരകള്‍ക്ക് നീതികിട്ടാതെ പോകുകയും ചെയ്തില്ളെങ്കിലേ അദ്ഭുതമുള്ളൂ. ആ നിലക്ക് നോക്കുമ്പോള്‍ രാഷ്ട്രതലസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ഥിയെ പരസ്യമായി കൊന്നതും പൊലീസ് നിഷ്ക്രിയത്വം പുലര്‍ത്തുന്നതും ഒറ്റപ്പെട്ട സംഭവമായി കരുതാനാവില്ല. മോന്തായത്തിനു വളവുണ്ടായാല്‍ പരിഹാരം എളുപ്പമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story