ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കട്ടെ
text_fieldsനിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പാദപതനങ്ങള്‍ കേട്ട് തുടങ്ങിയ ഒരു ഘട്ടത്തില്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ കെട്ടഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളെയും മുന്നണിനേതാക്കളെയും മാത്രമല്ല, നേരെച്ചൊവേ ചിന്തിക്കുന്ന സാധാരണക്കാരനെപോലും കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. കേരള രാഷ്ട്രീയചരിത്രത്തില്‍ ജുഗുപ്സാവഹമായ കുറെ അധ്യായങ്ങള്‍ മുമ്പ് കഴിഞ്ഞുപോയിട്ടുണ്ടെങ്കിലും ഇപ്പോള്‍ നമ്മുടെ മുന്നില്‍ വാര്‍ന്നുവീണുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ അപൂര്‍വവും നാടിന്‍െറ സദാചാരപരവും ധാര്‍മികവുമായ മനോതലങ്ങളെ അളന്നുതിട്ടപ്പെടുത്തുന്നതുമാണ്. സമീപകാലത്ത് കേരളരാഷ്ട്രീയത്തിലെ ചര്‍ച്ചകളും വാദപ്രതിഭാഗങ്ങളുമെല്ലാം രണ്ടേരണ്ടുവിഷയത്തിലാണ് ചുരുട്ടിക്കൂട്ടപ്പെട്ടത്; ബാര്‍കോഴയും സോളാര്‍ തട്ടിപ്പും. ഇതുമായി ബന്ധപ്പെട്ട നിയമയുദ്ധങ്ങളും ജഡ്ജിമാരുടെ നിരീക്ഷണങ്ങളും ജുഡീഷ്യല്‍ കമീഷനിലെ മൊഴിയെടുപ്പുമൊക്കെയാണ് നാട്ടിലെ മുഖ്യവര്‍ത്തമാനം. ബാര്‍കോഴ കുരുക്കില്‍പ്പെട്ട് ഇതിനകം ധനമന്ത്രിക്ക് സ്ഥാനനഷ്ടം സംഭവിച്ചുകഴിഞ്ഞു. അതിനിടയിലാണ് സോളാര്‍ വിവാദങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍െറ ദൈനംദിന നടപടികള്‍പോലും ജനശ്രദ്ധ പിടിച്ചുപറ്റുംവിധം വാര്‍ത്താപ്രാമുഖ്യം നേടുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 14മണിക്കൂറോളം കമീഷന്‍ മുമ്പാകെ വിസ്തരിക്കപ്പെട്ടതുതന്നെ സംസ്ഥാനരാഷ്ട്രീത്തിലെ അത്യപൂര്‍വസംഭവമായി. ഏത് വിവാദമുയരുമ്പോഴും ജുഡീഷ്യല്‍കമീഷനെവെച്ച് പെട്ടെന്ന് തലയൂരുന്ന ഭരണ-രാഷ്ട്രീയനേതൃത്വത്തിനു ഒരു പാഠം കൂടിയായി മുഖ്യമന്ത്രിയുടെ അനുഭവം. അഴിമതിയും സ്ത്രീബന്ധവുമൊക്കെ കൂട്ടിക്കുഴഞ്ഞുകിടക്കുന്ന ഒരു കേസില്‍ മുഖ്യമന്ത്രി ഈവിധം വിസ്തരിക്കപ്പെടുന്നത് പോലും നമ്മുടെ രാഷ്ട്രീയ-ഭരണമണ്ഡലത്തിന്‍െറ അപചയത്തെയും മൂല്യച്യുതിയെയുമാണ് തൊട്ടുകാണിക്കുന്നത്.
സോളാര്‍ കമീഷന്‍ മുമ്പാകെ സരിത എസ്. നായര്‍ കഴിഞ്ഞ രണ്ടുദിവസമായി നല്‍കിയ മൊഴികളാണ് സംസ്ഥാനരാഷ്ട്രീയത്തെ ഇപ്പോള്‍ ചൂടുപിടിപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്. സ്ഫോടനാത്മകമായ ചില വെളിപ്പെടുത്തലുകളാണ് ഇക്കുറി സരിത നടത്തിയിരിക്കുന്നത്. കമീഷന്‍ മുമ്പാകെ മുഖ്യമന്ത്രിതന്നെ തള്ളിപ്പറഞ്ഞതാവണം ഇതുവരെ ‘പിതൃതുല്യനായി’ കണ്ട ഉമ്മന്‍ ചാണ്ടിക്ക് എതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ചത്. എന്നാല്‍, പ്രതിപക്ഷവും മദ്യലോബിയുമാണ് ഇപ്പോള്‍ സരിതക്കുപിന്നില്‍ കരുനീക്കങ്ങള്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശക്തിയായി വാദിക്കുന്നത്. സരിത പറയുന്നതൊന്നും ജനം വിശ്വസിക്കില്ളെന്നും തങ്ങളുടെ ഭാഷ്യങ്ങള്‍ക്കേ അവര്‍ ചെവികൊടുക്കുകയുള്ളൂവെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ തങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് അധികം താമസിയാതെ ജനം വിധിയെഴുതിക്കൊള്ളും. സംസ്ഥാനത്തെ ജനം സരിതയുടെ മൊഴിയിലെ ഗുരുതരമായ ചില ആരോപണങ്ങള്‍ കേട്ട് ഞെട്ടിയിട്ടുണ്ടെന്നത് നേരാണ്. താന്‍ തുടങ്ങാനിരുന്ന സോളാര്‍ മെഗാ പവര്‍ പ്രോജക്ടുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതിനു മുഖ്യമന്ത്രിക്ക് 1.9കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഏഴുകോടി കൊടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ അഡീഷനല്‍ പി.എ ജിക്കുമോന്‍ ജോസഫ് അറിയിക്കുകയുണ്ടായെന്നുമാണ് സരിത വെളിപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഡല്‍ഹിയിലെ തോമസ് കുരുവിളയുടെ കൈയില്‍ ഇന്നാലിന്ന ദിവസം ഇന്ന സ്ഥലത്തുവെച്ച് തുക കൈമാറിയെന്നൊക്കെ അക്കമിട്ട് നിരത്തുമ്പോള്‍ സരിതയായതുകൊണ്ട് മാത്രം ജനം അത് അവിശ്വസിച്ചുകൊള്ളുമെന്ന് കരുതുന്നത് അമിതപ്രതീക്ഷയായിമാറിയേക്കാം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനെ സമീപിച്ചുവെന്നും രണ്ടുകോടി ആവശ്യപ്പെട്ടതില്‍ നാല്‍പതും ലക്ഷം നല്‍കിയെന്നുമാണ് സരിതയുടെ മറ്റൊരു വെളിപ്പെടുത്തല്‍. സരിതയുടെ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്.ഐ.ആര്‍ തയാറാക്കി അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കയാണ്. മുഖ്യമന്ത്രിയൂടെ മുന്നില്‍ രാജി അല്ലാതെ മറ്റു മാര്‍ഗമില്ളെന്നാണ് പ്രതിപക്ഷത്തിനു ഓര്‍മപ്പെടുത്താനുള്ളതത്രെ.
നിഷ്പക്ഷമായും സത്യസന്ധമായും ചിന്തിക്കുന്ന ഏത് കേരളീയനെയും അങ്ങേയറ്റം അലോസരപ്പെടുത്തുന്നതാണ് കണ്‍മുന്നിലെ ലജ്ജാവഹമായ കാഴ്ചകള്‍. ഭരണഗാത്രത്തെ ആമൂലാഗ്രം ഗ്രസിച്ച അഴിമതിയെന്ന മഹാമാരിയില്‍നിന്ന് ചെങ്കോല്‍ ഏന്തുന്നവര്‍ക്കുപോലും രക്ഷപ്പെടാന്‍ സാധിക്കുന്നില്ളെങ്കില്‍ പിന്നെയാരിലാണ് ജനത്തിനു വിശ്വാസമര്‍പ്പിക്കാനാവുക? സരിത എസ്. നായര്‍ എന്ന സ്ത്രീ, ജീര്‍ണതയുടെ പടുകുഴിതോണ്ടിയ നമ്മുടെ രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥയുടെ കെട്ടുനാറിയ മുഖം അനാവൃതമാക്കുന്ന നിയോഗമാണോ ഒടുവില്‍ ഏറ്റെടുത്തിരിക്കുന്നത്? വ്യവസ്ഥിതിയുടെ അമരത്തിരിക്കുന്നവരുടെ ദൗര്‍ബല്യങ്ങള്‍ പരമാവധി ചൂഷണം ചെയ്തു കാര്യസിദ്ധിക്കായി ഇറങ്ങിപ്പുറപ്പെട്ട ഒരു സ്ത്രീയുടെ അനുഭവസാക്ഷ്യങ്ങള്‍ കേരളത്തിന്‍െറ മന$സാക്ഷിയെ പിടിച്ചുലക്കേണ്ടതാണ്. തെറ്റുചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അതിനു ഫലപ്രദമായ മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
