Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightയു.ഡി.എഫ് സര്‍ക്കാര്‍...

യു.ഡി.എഫ് സര്‍ക്കാര്‍ പിന്നെയും ഏത്തമിടുന്നു

text_fields
bookmark_border

ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ എക്സൈസ് മന്ത്രി കെ. ബാബുവും രാജിവെച്ചത് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന ഐക്യമുന്നണിക്ക് കിട്ടിയ കനത്തപ്രഹരമാണ്. ഇതേകേസില്‍ നേരത്തേ കെ.എം. മാണി രാജിവെച്ചൊഴിയുന്നതുമായി ബന്ധപ്പെട്ട വാദവിവാദങ്ങള്‍ക്കൊന്നും അവസരംനല്‍കാതെ മുന്‍കൂട്ടി പറഞ്ഞതുപോലെ എതിരായി കോടതി ഉത്തരവുണ്ടായപ്പോള്‍തന്നെ രാജിനല്‍കി നാണംകെടാന്‍ ഇടംകൊടുത്തില്ല എന്ന് ബാബുവിന് ആശ്വസിക്കാം. എന്നാല്‍ ഒരേകേസില്‍ രണ്ട് മന്ത്രിമാര്‍ കുടുങ്ങുകയും മുഖ്യമന്ത്രിക്കുനേരെ ആരോപണങ്ങള്‍ ഒന്നൊന്നായി ഉയരുകയും ചെയ്തിരിക്കെ നേരത്തേ ഹൈകോടതി ചൂണ്ടിക്കാട്ടിയപോലെ സീസറുടെ ഭാര്യ സംശയത്തിന് അതീതമാകണമെന്നത് യു.ഡി.എഫിന് മൊത്തം ബാധകമായനിലയാണ്.

സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങില്ളെന്ന ബാബുവിന്‍െറ തീരുമാനം നന്നായി. എന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കോഴവാങ്ങിയെന്ന ഈ കേസിലും പ്രമാദമായ മറ്റ് ചില കേസുകളിലും വിഷയത്തിന്‍െറ മെറിറ്റിലേക്കും രാഷ്ട്രീയധാര്‍മികതയിലേക്കും കടക്കാതെ കോടതിക്കുമുന്നിലെ നിയമവ്യവഹാരങ്ങളില്‍ സാങ്കേതിക നൂലിഴകളുണ്ടാക്കി അതില്‍ പിടിച്ചുതൂങ്ങാനാണ് ഇതുവരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ശ്രമിച്ചുപോന്നത്. കോടതിവിധികളും പരാമര്‍ശങ്ങളുമൊക്കെ എതിരായി വരുമ്പോഴും സാമാന്യയുക്തിയെ പരിഹസിക്കുന്നവിധം ന്യായീകരണവുമായി രംഗത്തുവരികയായിരുന്നു അവര്‍. അധികാരമുപയോഗിച്ച് അഴിമതി അന്വേഷണങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും യു.ഡി.എഫ് സര്‍ക്കാര്‍ നടത്തി. കോടതി ആവശ്യപ്പെട്ട അന്വേഷണം വെച്ചുതാമസിപ്പിച്ചും അന്വേഷണത്തില്‍ കൈകടത്തുന്നെന്ന പ്രതിയോഗികളുടെ ആരോപണത്തെ ശരിവെക്കുന്നതരത്തില്‍ ഉദ്യോഗസ്ഥരെ കൈകാര്യംചെയ്തും അഴിമതി ആരോപണങ്ങളില്‍നിന്ന് മുക്തിനേടുന്നതിനുപകരം അതിനെ വെല്ലുവിളിക്കുന്ന രീതിയാണ് സര്‍ക്കാര്‍ അവലംബിച്ചത്. ജുഡീഷ്യറിയുടെ ഇടപെടലിനെ പരിഹാസ്യമാക്കിയ സന്ദര്‍ഭത്തില്‍ കോടതി കേസ് സംബന്ധിച്ച അഭിപ്രായപ്രകടനങ്ങള്‍ വിലക്കുന്ന സ്ഥിതി വരെയുണ്ടായി.

ഇപ്പോള്‍ ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട കോടതിവിധിയിലും ഗവണ്‍മെന്‍റിനെതിരായ രൂക്ഷവിമര്‍ശമുണ്ട്. കഴിഞ്ഞ ഡിസംബര്‍ എട്ടിന് മലയാളവേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളം നല്‍കിയ പരാതി ഒമ്പതിന് പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ബാബുവിനെതിരെ ദ്രുതപരിശോധന നടത്തി ജനുവരി 23ന് ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ഒന്നരമാസത്തിലേറെ പിന്നിട്ടശേഷവും പരിശോധനക്ക് സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു വിജിലന്‍സിനുവേണ്ടി ഹാജരായ അഭിഭാഷകന്‍. കേസില്‍ തെളിവ് ശേഖരിക്കേണ്ടത് സര്‍ക്കാറിന്‍െറ ചുമതലയാണെന്ന് നിരീക്ഷിച്ച കോടതി വിജിലന്‍സിന്‍െറ സത്യസന്ധതയെ ചോദ്യംചെയ്തു. ഒന്നരമാസത്തിനിടെ പണംനല്‍കിയ ആളെയോ കിട്ടിയെന്നുപറയുന്ന ആളെയോ വിചാരണചെയ്തോ, പരാതിയില്‍പറയുന്ന കക്ഷികളെ ചോദ്യംചെയ്തോ, കെ. ബാബുവിന്‍െറ ബാങ്ക് അക്കൗണ്ട്, ലോക്കറുകള്‍, ആസ്തി എന്നിവ പരിശോധിച്ചോ എന്നുതുടങ്ങി കേസുമായി ബന്ധപ്പെട്ട സാമാന്യബുദ്ധിയിലുയരുന്ന സംശയങ്ങളാണ് കോടതിയും ഉന്നയിച്ചത്. കേസ് മന$പൂര്‍വം വെച്ചു താമസിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ കോടതി അന്വേഷിക്കുന്നവരുടെ താല്‍പര്യക്കുറവിലേക്കും വിരല്‍ചൂണ്ടി. അഴിമതി തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് കോടതി, നീതിപീഠത്തെ മണ്ടനാക്കരുതെന്നുതന്നെ ഗവണ്‍മെന്‍റിന് മുന്നറിയിപ്പ് നല്‍കി.

നേരത്തേ ബിജു രമേശ് എന്ന മദ്യവ്യവസായി, അടച്ച ബാറുകള്‍ തുറക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതി ഉന്നയിച്ചതുമുതല്‍ സംഭവം വിവാദമായിത്തീര്‍ന്നപ്പോഴെല്ലാം സാധാരണക്കാരുടെ മനസ്സിലുയര്‍ന്ന സംശയങ്ങള്‍ക്ക് തിട്ടമായ മറുപടി നല്‍കുന്നതിനുപകരം ഞഞ്ഞാമിഞ്ഞ കളിക്കുകയായിരുന്നു സര്‍ക്കാര്‍. യു.ഡി.എഫ് ഭരണത്തിലേറിയശേഷം ഉയര്‍ന്ന ഒട്ടുമിക്ക ആരോപണങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. ആരോപണങ്ങള്‍ക്ക് തിട്ടമായ മറുപടിപറഞ്ഞ് ഭരണസുതാര്യത ഉറപ്പുവരുത്തുന്നതിനുപകരം ആരോപകരെയും അതേറ്റുപിടിക്കുന്നവരെയും കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ നേരിടാനും പ്രത്യാരോപണങ്ങള്‍ ഉന്നയിക്കാനുമാണ് ഗവണ്‍മെന്‍റ് ശ്രമിച്ചത്. ഭരണകൂടത്തിനെതിരെ അഴിമതിയാരോപണം ഉയരുമ്പോള്‍ അതിന്‍െറ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുപകരം ആവലാതിയുടെ സാംഗത്യവും അത് ഉന്നയിച്ചവരുടെ ഉദ്ദേശ്യശുദ്ധിയുമൊക്കെ ചോദ്യംചെയ്ത് വാഗ്വാദങ്ങളില്‍ ജയിക്കാനായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്‍െറ ശ്രമം.

ഇക്കാര്യത്തില്‍ അസാമാന്യമായ രാഷ്ട്രീയ മെയ്വഴക്കമാണ് മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും പ്രകടിപ്പിക്കുന്നത്. നേരത്തേ കെ.എം. മാണിയും ഇപ്പോള്‍ ബാബുവും കുറ്റാരോപിതരായപ്പോള്‍ സംഭവിച്ചതും അതുതന്നെ. എന്നാല്‍, രണ്ടിടത്തും ഭരണകൂടത്തെ നീതിപീഠം ഏത്തമിടീച്ചു. സുതാര്യകേരളവും കരുതലുമൊക്കെ വാഗ്ദാനംചെയ്ത് ഭരണത്തിലേറിയ യു.ഡി.എഫ് ഗവണ്‍മെന്‍റിനെ തുടക്കംമുതല്‍ ഒടുക്കംവരെ അഴിമതിക്കേസുകള്‍ ഒഴിയാബാധയായി പിന്തുടരുകയാണ്. വ്യവസ്ഥാപിതവും നിയമവിധേയവുമായ മാര്‍ഗങ്ങളിലൂടെ ആരോപണക്കറകള്‍ മായ്ച്ചുകളയുന്നതിനുപകരം വീണതു വിദ്യയാക്കി രക്ഷപ്പെടാനുള്ള കുറുക്കുവിദ്യകളാണ് യു.ഡി.എഫ് ഗവണ്‍മെന്‍റ് തേടുന്നത്. ധാര്‍മികത തീണ്ടാത്ത രാഷ്ട്രീയക്കളികള്‍ക്ക് കോടതികളില്‍നിന്ന് തുടര്‍ച്ചയായി അടിയേല്‍ക്കുകയും ചെയ്യുന്നു. അതും അവഗണിക്കാനാണ് ശ്രമമെങ്കില്‍ വരുംതെരഞ്ഞെടുപ്പില്‍ ജനകീയ കോടതിയില്‍ മുഖംകുത്തി വീഴാന്‍ ഏറെ പണിപ്പെടേണ്ടിവരില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story