കാമ്പസുകളുടെ ജീവനെടുക്കും കാലം

07:20 AM
19/01/2016

ഹൈദരാബാദ് സര്‍വകലാശാലയിലെ പിഎച്ച്.ഡി വിദ്യാര്‍ഥിയുടെ ആത്മഹത്യ വെറുമൊരു ഒറ്റപ്പെട്ട ആകസ്മികതയല്ല. കാമ്പസില്‍നിന്ന് മാസങ്ങളായി സസ്പെന്‍ഡ് ചെയ്യപ്പെട്ട അഞ്ച് ദലിത് വിദ്യാര്‍ഥികളിലൊരാളാണ് തൂങ്ങിമരിച്ച രോഹിത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെപ്പറ്റി അന്വേഷണം വേണമെന്ന ആവശ്യം ഇതോടെ ശക്തിപ്പെട്ടിരിക്കുന്നു. കാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന സവര്‍ണ അസഹിഷ്ണുതയുടെ ഇരകളാണ് രോഹിത് അടക്കം ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍െറ (എ.എസ്.എ) പ്രവര്‍ത്തകര്‍. അഞ്ച് എ.എസ്.എ പ്രവര്‍ത്തകരെ സര്‍വകലാശാല ഭരണകാര്യാലയത്തിലും ഹോസ്റ്റലുകളിലും മറ്റ് പൊതുഇടങ്ങളിലും പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ്. പ്രതിഷേധസൂചകമായി അഞ്ചു പേരും കഴിഞ്ഞ ദിവസങ്ങളില്‍ തുറസ്സായ സ്ഥലത്താണ് ഉറങ്ങിയിരുന്നത്.

ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയുടെ നേതാവ് സുശീല്‍ കുമാറിനെ മര്‍ദിച്ചു എന്ന പരാതിയിലാണ് കഴിഞ്ഞ ആഗസ്റ്റില്‍ ദലിത് ഗവേഷക വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, എ.എസ്.എയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണമാണിതെന്ന് മറുപക്ഷം പറയുന്നു. സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളുണ്ട് എന്നതാണ് നേര്. വര്‍ധിച്ചുവരുന്ന അസഹിഷ്ണുത തന്നെ പ്രശ്നങ്ങളുടെ മര്‍മം. രാജ്യത്തെ പൊതുപ്രശ്നങ്ങളോട് പ്രതികരിക്കുകയും ആരോഗ്യകരമായ സംവാദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥി ആക്ടിവിസം ഹൈദരാബാദ് സര്‍വകലാശാലക്ക് അപരിചിതമല്ല. എന്നാല്‍, മുസഫര്‍ നഗര്‍ കലാപത്തില്‍ ബി.ജെ.പി നേതാക്കളുടെ പങ്ക് വെളിപ്പെടുത്തിയ ‘മുസഫര്‍ നഗര്‍ ബാകി ഹേ’ എന്ന ഡോക്യുമെന്‍ററി കാമ്പസില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ ശ്രമം നടന്നപ്പോള്‍ എ.ബി.വി.പി അത് തടസ്സപ്പെടുത്തി.

ഈ അസഹിഷ്ണുതയെ അപലപിച്ച് എ.എസ്.എയും ഡല്‍ഹി സര്‍വകലാശാലയിലെ അംബേദ്കര്‍ റീഡിങ് ഗ്രൂപ്പും മദ്രാസ് ഐ.ഐ.ടിയിലെ അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിളും മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എ.എസ്.എയും മറ്റും ചേര്‍ന്ന് പ്രസ്താവന ഇറക്കി. ഹൈദരാബാദ് യൂനിവേഴ്സിറ്റി കാമ്പസില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. ഇതിനുപിന്നാലെ എ.എസ്.എ അംഗങ്ങളെ തെറിവിളിച്ച് എ.ബി.വി.പി നേതാവ് സുശീല്‍ കുമാര്‍ രംഗത്തത്തെിയത് വന്‍രോഷം സൃഷ്ടിച്ചു. നേതാവിനെ അവര്‍ അഭിമുഖീകരിച്ചു; അയാള്‍ രേഖാമൂലം ക്ഷമായാചനം ചെയ്തു. തുടര്‍ന്ന് വ്യാജ പ്രചാരണങ്ങള്‍ തുടങ്ങി. തന്നെ എ.എസ്.എക്കാര്‍ മര്‍ദിച്ചെന്ന് എ.ബി.വി.പി നേതാവ് ആരോപിച്ചു. ദേഹോപദ്രവം ഒന്നും ഉണ്ടായിട്ടില്ളെന്ന് യൂനിവേഴ്സിറ്റി സെക്യൂരിറ്റി ഓഫിസര്‍ പ്രോക്ടോറിയല്‍ കമ്മിറ്റിക്ക് മുമ്പാകെ സാക്ഷ്യപ്പെടുത്തിയിട്ടും ആരോപണ കര്‍ത്താവിനുവേണ്ടി ഒരു കേന്ദ്രമന്ത്രിയും യൂനിവേഴ്സിറ്റി അധികൃതരും കള്ളം പ്രചരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പ്രോക്ടോറിയല്‍ സമിതി അഞ്ച് വിദ്യാര്‍ഥികളെ ഏകപക്ഷീയമായി സസ്പെന്‍ഡ് ചെയ്തത് പിന്നീട് പിന്‍വലിക്കേണ്ടിവന്നു. മറ്റൊരു നിഷ്പക്ഷസമിതിയെ അന്വേഷണം ഏല്‍പിച്ചു.

സമിതിയുടെ കണ്ടത്തെല്‍, ആരോപണങ്ങളെ നിരാകരിക്കുന്നതായിരുന്നു. സുശീല്‍ കുമാറിന് അടിയേറ്റതിന് ഒരു തെളിവുമില്ളെന്നും സാക്ഷിമൊഴിയും ഡോക്ടറുടെ റിപ്പോര്‍ട്ടും മറിച്ചാണ് തെളിയിക്കുന്നതെന്നും സമിതി പറഞ്ഞു. എന്നാല്‍, ഇതിനെ മറികടന്ന് ആരോപണങ്ങള്‍ ശരിവെച്ചുള്ള തീര്‍പ്പാണ് പുതിയ വി.സിക്കു കീഴില്‍ പ്രോക്ടോറിയല്‍ സമിതി എടുത്തത്. അതിനുമുമ്പ് ബി.ജെ.പി എം.എല്‍.എ വൈസ് ചാന്‍സലറെ കണ്ടിരുന്നുതാനും. കാമ്പസിലെ അഭിപ്രായസ്വാതന്ത്ര്യത്തെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്തുന്ന ഈ രീതി പുതിയതോ ഒറ്റപ്പെട്ടതോ അല്ല. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയും പുതുതായി നിയമിക്കപ്പെട്ട വൈസ് ചാന്‍സലറും ബി.ജെ.പി നേതാക്കളുമെല്ലാം ഏകപക്ഷീയമായി ഇടപെട്ടതിലെ സന്ദേശം ഒന്നാണ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇപ്പോള്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നതും കാമ്പസിലെ ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ’പ്പറ്റി അന്വേഷിക്കാനാണത്രെ. ജാതിവിരുദ്ധതയും വധശിക്ഷാവിരോധവും അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കലും ദേശവിരുദ്ധ പ്രവര്‍ത്തനമാകുമെന്ന മുന്നറിയിപ്പ് ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്കോ കാമ്പസിനോ മാത്രമുള്ളതല്ല. ചരിത്ര ഗവേഷണ കൗണ്‍സിലും നാഷനല്‍ ബുക് ട്രസ്റ്റും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും മ്യൂസിയവും സര്‍വകലാശാലകളും ഒരേ വര്‍ണമുള്ളവര്‍ക്കുകീഴില്‍ അണിനിരത്തപ്പെടുമ്പോള്‍ ജനാധിപത്യവും ബഹുസ്വരതയും ഒന്നുകില്‍ ആത്മഹത്യചെയ്യും; അല്ളെങ്കില്‍ കശാപ്പുചെയ്യപ്പെടും.

Loading...
COMMENTS