Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബറാക് ഒബാമയുടെ...

ബറാക് ഒബാമയുടെ പ്രഭാഷണം നല്‍കുന്ന സൂചനകള്‍

text_fields
bookmark_border
ബറാക് ഒബാമയുടെ പ്രഭാഷണം നല്‍കുന്ന സൂചനകള്‍
cancel


അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ  സ്റ്റേറ്റ് ഓഫ് യൂനിയനിലെ തന്‍െറ അവസാന പ്രഭാഷണം ആരംഭിച്ചത്് അടുത്ത വര്‍ഷത്തിനുമപ്പുറം അമേരിക്കയുടെ ഭാവിയെക്കുറിച്ച് ചിലത് സംസാരിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടാണ്. വലിയ പ്രത്യാശയോടെ അധികാരമേല്‍ക്കുകയും മാറ്റത്തെ കുറിച്ച് ധാരാളമായി സംസാരിക്കുകയും ചെയ്ത ഒരു പ്രസിഡന്‍റ്  ഏഴുവര്‍ഷത്തെ ഭരണാനുഭവത്തിനുശേഷം രാജ്യത്തിനും ലോകത്തിനുതന്നെയും നല്‍കുന്ന സന്ദേശം വിശകലനം ചെയ്യപ്പെടേണ്ടതുതന്നെ. അമേരിക്കയുടെ സാമ്പത്തിക, സാമൂഹിക മേഖലയില്‍ വരുത്തിയ പരിവര്‍ത്തനങ്ങള്‍, ലോക പൊലീസ് എന്നതിന് പകരം ലോകത്തിന്  നേതൃത്വം നല്‍കുന്നവര്‍ എന്ന പദവി പ്രബലമാക്കുന്നതിലേക്കുള്ള നടപടികള്‍, അമേരിക്കയിലെ  ആഭ്യന്തര രാഷ്ട്രീയമാറ്റങ്ങളെ കുറിച്ചുള്ള സൂചനകള്‍, ലോക രാഷ്ട്രീയ സമവാക്യങ്ങളിലെ അമേരിക്കന്‍ ഇടപെടലുകളും ഭീകരവാദത്തോടുള്ള കടുത്ത നിലപാടും, ആഗോളതാപനം തുടങ്ങിയവയെല്ലാം ഉള്‍ചേര്‍ന്ന് ആന്തരികവും ബാഹ്യവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അമേരിക്കയുടെ ശേഷിയിലുള്ള ഉറച്ചബോധ്യവും ബോധ്യപ്പെടുത്തലുമായിരുന്നു ആ സംസാരത്തില്‍. 
 അമേരിക്കയുടെ രാഷ്ട്രീയം  ആഴ്ന്നുനില്‍ക്കുന്നത്  ജനഹിതത്തിലല്ല മറിച്ച്, വ്യവസ്ഥാപിതമായ ലോബിയിങ്ങിലാണ്. ആരു ഭരിച്ചാലും ആയുധക്കച്ചവടക്കാരും വന്‍കിട മുതലാളിമാരും തീരുമാനിക്കുന്നതാണ് ആ രാജ്യത്തിന്‍െറ നിലപാടുകളായിത്തീരാറുള്ളത്. രാഷ്ട്രീയപരമായി ഇസ്രായേല്‍ ലോബിയുടെ ദൂഷിത വലയത്തില്‍നിന്ന്  മുക്തമാകാന്‍ ഒരുകാലത്തും അമേരിക്കന്‍ നേതൃത്വത്തിന് സാധിച്ചിട്ടുമില്ല. വിദേശ നിലപാടുകള്‍ അമേരിക്കന്‍ ഹിതത്തിനേക്കാളും ഇസ്രായേല്‍  ഹിതമായിത്തീരുന്നതില്‍നിന്ന് ഒബാമയുടെ ഭരണവും ഏറെയൊന്നും വിഭിന്നമായില്ല. വസ്തുതകളെക്കുറിച്ച് ശരിയായ ധാരണകളുണ്ടാകുകയും അത് പൊതുസമക്ഷം നന്നായി അവതരിപ്പിക്കുകയും ചെയ്യാന്‍ കഴിയുമെങ്കിലും വ്യവസ്ഥിതിയുടെ ഭാഗമാകാനല്ലാതെ തിരുത്തല്‍ ശക്തിയാകാന്‍  യു.എസ് പ്രസിഡന്‍റ്  ആഗ്രഹിച്ചാലും നടക്കുകയില്ളെന്നതിന്‍െറ തെളിവാകുകയാണ് ഒബാമയുടെ ഭരണകാലയളവ്. അതുകൊണ്ടുതന്നെയാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ പ്രസിഡന്‍റല്ലാത്ത ജിമ്മി കാര്‍ട്ടറിനോളം സത്യസന്ധനാകാന്‍ ബറാക് ഒബാമക്ക് കഴിയാതെ പോയതും.
ലോക നേതൃത്വം ഏറ്റെടുക്കാന്‍ ലോക പൊലീസ് ആകേണ്ടതില്ളെന്ന് ഉണര്‍ത്തിയ ഒബാമ പശ്ചിമേഷ്യ അങ്ങേയറ്റം അസ്ഥിരവും യുദ്ധോന്മുഖവുമായി നിലനില്‍ക്കുന്നതില്‍ ഉത്കണ്ഠാകുലനാണ്. അഫ്ഗാനിസ്താനും പാകിസ്താനും പുതിയ ഭീകരസംഘങ്ങളുടെ സുഭദ്ര താവളമാകുന്നുവെന്നാണ്  ഒബാമ നല്‍കിയ പ്രധാന മുന്നറിയിപ്പ്.  പ്രസിഡന്‍റ് ഒബാമ പറഞ്ഞത് എല്ലാം ശരിയാണ്.  പക്ഷേ, വൈവിധ്യങ്ങളുടെയും സഹവര്‍ത്തിത്വത്തിന്‍െറയും സ്വര്‍ഗമായിരുന്ന ആ ദേശങ്ങളെ  യുദ്ധങ്ങളുടെയും വംശീയ ഭിന്നതയുടെയും പിശാച് വാഴും നാടാക്കിയതിന്‍െറ പാപക്കറ  തൂത്തുമാറ്റാന്‍ അമേരിക്കക്കാകുമോ? അരനൂറ്റാണ്ടു കാലത്തിലേറെയായി  പാകിസ്താന്‍ അമേരിക്കയുടെ ഉറ്റമിത്രമാണ്. അഫ്ഗാനും പശ്ചിമേഷ്യയും ദശകങ്ങളായി അമേരിക്കയുടെ നിയന്ത്രണത്തിലുമാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവിടെ തീവ്രവാദം വളരുകയും പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നത്? ഐ.എസിനെ ഉന്മൂലനം ചെയ്യുമെന്ന പ്രഖ്യാപനം ആത്മാര്‍ഥതയോടെ ആണെങ്കില്‍ ഈ ചോദ്യങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കാനും തെറ്റുകള്‍ തിരുത്താനും അമേരിക്ക സ്വയം സന്നദ്ധമാകേണ്ടിവരും. 
തലതിരിഞ്ഞ വിദേശ നയത്തിന്‍െറ കെടുതി അമേരിക്ക ആഭ്യന്തരമായും നേരിടുന്നുവെന്ന് കൃത്യതയോടെ ഒബാമ വ്യക്തമാക്കുന്നു. ഡോണാള്‍ഡ് ട്രംപിന്‍െറ മുസ്ലിം വിദ്വേഷ പ്രചാരണത്തിന് യു.എസ് ജനപിന്തുണ ലഭിക്കുന്നതിലുള്ള അസ്വസ്ഥതയും മുസ്ലിംകളോടുള്ള അനുകമ്പയും തുളുമ്പുന്നുണ്ട് അദ്ദേഹത്തിന്‍െറ വാക്കുകളില്‍. കുടിയേറ്റനയം ലഘൂകരിക്കണമെന്ന വാദം ഉന്നയിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. എന്നാല്‍, ഏറ്റവും കൂടുതല്‍ ആളുകളെ തിരിച്ചയക്കുകയും പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്ത കാലമായി ഒബാമയുഗം വിലയിരുത്തപ്പെടും. ആഫ്രോ-ലാറ്റിന്‍ സമൂഹങ്ങള്‍ നേരിടുന്ന വിവേചനങ്ങളെ കുറിച്ചും അവരുടെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതിനെകുറിച്ചും  നിശ്ശബ്ദനാണ് ഒബാമ. കഴിഞ്ഞ വര്‍ഷം മാത്രം 986 പേരാണ് അമേരിക്കന്‍ പൊലീസിനാല്‍ കൊല്ലപ്പെട്ടത്. ഭൂരിഭാഗവും കറുത്ത വംശജര്‍തന്നെ. ഇതില്‍ യു.എസ്  ഭരണകര്‍ത്താക്കള്‍ അസ്വാഭാവികത ദര്‍ശിക്കുന്നില്ല്ള. തങ്ങള്‍ കൊല്ലുന്ന പൗരന്മാരുടെ എണ്ണത്തെക്കുറിച്ചുപോലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ഫണ്ട് ലഭിക്കുന്ന ചില പൊലീസ് വിഭാഗങ്ങള്‍ക്ക് ബാധ്യതയില്ളെന്നാണ് അറ്റോണി ജനറല്‍ ലൊറെറ്റ ലിന്‍ച് പറയുന്നത്. അമേരിക്കന്‍ മണ്ണില്‍ പിറന്ന വെളുത്ത വര്‍ഗക്കാരനാകണം യു.എസ് പ്രസിഡന്‍റ് എന്ന് ദ്യോതിപ്പിക്കുന്ന വംശവെറിയന്‍ പ്രസ്താവനയിറക്കാന്‍ അമേരിക്കന്‍ ജനതയിലും വരേണ്യവിഭാഗങ്ങളിലും രൂഢമൂലമായ മേല്‍കോയ്മാബോധമാണ് ട്രംപിനെ ഉദ്യുക്തനാക്കുന്നത്. തോക്കിന്‍െറ സംസ്കാരത്തില്‍നിന്ന്് രാജ്യത്തെ മുക്തമാക്കുമെന്ന ഒബാമയുടെ ദൃഢനിശ്ചയംപോലും വൃഥാവിലാകുന്നതിന്‍െറ കാരണം അന്വേഷിക്കുന്നവര്‍ ചെന്നത്തുക ഇത്തരം സാംസ്കാരിക വംശബോധത്തിലും അതിനെ പ്രതിരോധിക്കാനുള്ള അടിച്ചമര്‍ത്തപ്പെട്ട  ജനതയുടെ വിഹ്വലതകളിലുമാണ്. ബറാക് ഒബാമയുടെ പ്രഭാഷണത്തെപ്പറ്റി നടത്തിയ സി.എന്‍.എന്‍ സര്‍വേയില്‍ 68 ശതമാനം പേരും ആ സമീപനം അമേരിക്കയെ ശരിയായ പാതയില്‍ നയിക്കുമെന്ന് വിലയിരുത്തിയെങ്കിലും പ്രഭാഷണങ്ങളിലെ ക്രിയാത്മകതയും ആത്മാര്‍ഥതയും പ്രവൃത്തിയില്‍ കാണുന്നില്ല എന്ന വിമര്‍ശം ഏറെ പേരും പങ്കുവെച്ചത് വെറുതെയല്ല.

Show Full Article
TAGS:barak obama 
Next Story