ചര്‍ച്ച വഴിമുട്ടുമ്പോള്‍ ജയിക്കുന്നത് ആര്?
text_fieldsഇന്നാരംഭിക്കേണ്ട ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ച നീട്ടിവെക്കാനുള്ള തീരുമാനത്തോടെ ജയിക്കുന്നത് ആ ലക്ഷ്യവുമായി പത്താന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയ ദുഷ്ടശക്തികള്‍ തന്നെയായിരിക്കും. ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇന്ത്യ മുന്നോട്ടുവെച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാന്‍ ഇസ്ലാമാബാദ് ഭരണകൂടത്തിനു സാധിക്കാതെ വന്നതാവാം ഇപ്പോഴത്തെ തീരുമാനത്തിനു കാരണം. പത്താന്‍കോട്ട് ഭീകരാക്രമണത്തിനുശേഷം പാകിസ്താന്‍ കൈക്കൊണ്ട നിലപാട് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഉത്തരവാദിത്തബോധമുള്‍ക്കൊള്ളുന്നതും ഇന്ത്യയുമായി ഏറ്റുമുട്ടലല്ല ആഗ്രഹിക്കുന്നത് എന്ന സന്ദേശം ലോകത്തിനു കൈമാറുന്നതുമായിരുന്നു. ആഗോളസമൂഹത്തിന്‍െറ, വിശിഷ്യ അമേരിക്കയുടെ കടുത്ത സമ്മര്‍ദം ഈ വിഷയത്തില്‍ നവാസ് ശരീഫ് സര്‍ക്കാറിന്മേലുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെട്ടതാണ്. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടന്നാല്‍ കൈമലര്‍ത്തുന്ന പതിവുശൈലി വിട്ടാണ് പാക് സര്‍ക്കാര്‍ ഇത്തവണ പെരുമാറിയത്.
ഏഴു സൈനികരുടെ മരണത്തിന് ഇടയാക്കിയ പത്താന്‍കോട്ട് ഭീകരാക്രമണത്തിനുശേഷം പ്രധാനമന്ത്രി നവാസ് ശരീഫ് പ്രധാനമന്ത്രി മോദിയെ നേരിട്ട് വിളിച്ച് ദു$ഖം പങ്കുവെച്ചതും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത അന്വേഷണസമിതിയെ നിയോഗിച്ചതും ലോകത്തെവിടെയും ഭീകരാക്രമണം നടത്താന്‍ പാക്മണ്ണ് ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ളെന്ന് ശക്തമായ ഭാഷയില്‍ പ്രഖ്യാപിച്ചതുമെല്ലാം നല്ല മാറ്റത്തിന്‍െറ ലക്ഷണമായാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. എല്ലാറ്റിനുമൊടുവില്‍, പത്താന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ഇന്ത്യ ആരോപിക്കുന്ന ജെയ്ശെ മുഹമ്മദ് എന്ന തീവ്രവാദിസംഘടനയുടെ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടി ഈ ദിശയിലെ വലിയ ചുവടുവെപ്പാവുമെന്ന് പ്രതീക്ഷിച്ചതാണ്. ജെയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറും സഹോദരന്‍ അബ്ദുല്‍റഹ്മാന്‍ റഊഫും അടക്കം 12പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പാക് പ്രധാനമന്ത്രിയുടെ ഓഫിസ് ബുധനാഴ്ച പുറത്തുവിട്ട വിവരം.
എന്നാല്‍, ആ വാര്‍ത്ത സ്ഥിരീകരിക്കാന്‍ പാക് വിദേശകാര്യ വക്താവ് പോലും ഇപ്പോള്‍ തയാറാവുന്നില്ല. അത്തരമൊരു അറസ്റ്റിനെക്കുറിച്ച് ഒരു വിവരവുമില്ല എന്നാണ് അദ്ദേഹത്തിന്‍െറ ഭാഷ്യം. പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ അധ്യക്ഷതയില്‍ ദേശീയതലത്തിലെയും പഞ്ചാബ് പ്രവിശ്യയിലെയും പ്രധാനപ്പെട്ട സുരക്ഷാമേധാവികളുടെയും സൈനിക മേധാവി, ഐ.എസ്.ഐ തലവന്‍, മുതിര്‍ന്ന മന്ത്രിമാര്‍, പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി എന്നിവരെ വിളിച്ചുവരുത്തി നടത്തിയ യോഗം മുഖ്യമായും ചര്‍ച്ച ചെയ്തത് ഇന്ത്യയെ അലോസരപ്പെടുത്തുകയും ഉഭയകക്ഷിബന്ധത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന പാക്കേന്ദ്രീകൃത ഭീകരവാദി ഗ്രൂപ്പുകളെ എങ്ങനെ തളച്ചിടാം എന്നതിനെക്കുറിച്ചാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആരോപണത്തിന്‍െറ നിജസ്ഥിതി അന്വേഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പഞ്ചാബ് പ്രവിശ്യയിലെ ഉന്നത പൊലീസ്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ആറംഗ സംഘത്തെ പത്താന്‍കോട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചതും ഇസ്ലാമാബാദ് ഭരണകൂടം വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന ധാരണ വളര്‍ത്താന്‍ സഹായകരമായിരുന്നു.
പത്താന്‍കോട്ട് ആക്രമണം ഉണ്ടായതുതൊട്ട് കുറ്റപ്പെടുത്തലിന്‍െറയും എടുത്തുചാട്ടത്തിന്‍െറയും രീതിവിട്ട്, ഇന്ത്യ പരമാവധി അവധാനതയോടെയാണ് വിഷയത്തെ സമീപിച്ചതും കാര്യങ്ങള്‍ കൈകാര്യം ചെയ്തതും. ഉഭയകക്ഷി ചര്‍ച്ച ഒരുനിലക്കും പാളം തെറ്റില്ല എന്ന പ്രതീക്ഷ ഉണ്ടായത് അങ്ങനെയാണ്. പത്താന്‍കോട്ട് ആക്രമണത്തെ അപലപിക്കുകയും ഇന്ത്യ നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ കണ്ടത്തൊന്‍ സഹായിക്കാമെന്ന ഉറപ്പ് കിട്ടുകയുംചെയ്ത പശ്ചാത്തലത്തില്‍ പാകിസ്താനെ അവിശ്വസിക്കേണ്ട ആവശ്യമില്ളെന്നും സാവകാശം നല്‍കേണ്ടതുണ്ടെന്നുമുള്ള ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ പ്രസ്താവന അന്തരീക്ഷം കൂടുതല്‍ ചൂടുപിടിപ്പിക്കാനല്ല ഇന്ത്യ ആഗ്രഹിക്കുന്നതെന്നതിന്‍െറ തെളിവായാണ് പലരും കണ്ടത്. ചര്‍ച്ചാതീയതി മാറ്റിവെച്ച വിവരം വ്യാഴാഴ്ച ഒൗദ്യോഗികമായി അറിയിച്ച നമ്മുടെ വിദേശകാര്യ വക്താവ് പാകിസ്താന്‍ ഇതുവരെ കൈക്കൊണ്ട നടപടികളില്‍ സംതൃപ്തി രേഖപ്പെടുത്തുകയുമുണ്ടായി.
ശത്രുതയുടെയും പിരിമുറുക്കത്തിന്‍െറയും അന്തരീക്ഷത്തില്‍നിന്ന് മാറി, സമാധാനത്തിന്‍െറയും സൗഹൃദത്തിന്‍െറയും കാലാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന സന്ദേശമാണ് സമീപകാലത്തായി ഇന്ത്യ-പാക് സംഭാഷണങ്ങള്‍ കൈമാറുന്നത്. 1990ല്‍ അന്നത്തെ പ്രധാനമന്ത്രി വി.പി. സിങ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം വളര്‍ത്താന്‍ തുടങ്ങിവെച്ച സംഭാഷണങ്ങളാണ് പിന്നീട് സെക്രട്ടറിതല ചര്‍ച്ചകളിലേക്ക് വളര്‍ന്നതും നിലവിലെ ‘കോംപോസിറ്റ് ഡയലോഗി’ലേക്ക് രൂപപരിണാമം പ്രാപിച്ചതും. സെക്രട്ടറിതലത്തില്‍നിന്ന് മന്ത്രിതലത്തിലേക്ക് വികസിച്ച് ഭരണകര്‍ത്താക്കളുടെ സന്ദര്‍ശനങ്ങളിലൂടെ സൗഹൃദം വളര്‍ത്താനുള്ള നീക്കങ്ങള്‍ വിജയം കണ്ടപ്പോഴാണ് എ.ബി. വാജ്പേയി ലാഹോര്‍ സന്ദര്‍ശിച്ചതും മിനാറെ പാകിസ്താനില്‍ചെന്ന് ഭദ്രവും ഐശ്വര്യപൂര്‍ണവുമായ ഒരു പാകിസ്താനാണ് ഇന്ത്യയുടെ താല്‍പര്യത്തിന് അനുഗുണമെന്ന് തുറന്നാശംസിച്ചതുമൊക്കെ. ആഗ്ര ഉച്ചകോടിവരെ ആ സൗഹൃദം വളര്‍ന്നപ്പോള്‍ നല്ല അയല്‍ബന്ധം ആഗ്രഹിക്കാത്ത ശക്തികള്‍ എല്ലാം അട്ടിമറിക്കുകയായിരുന്നു. അതിര്‍ത്തിക്കിരുവശത്തുമുള്ള ഇത്തരം ശക്തികള്‍ ഇന്നും ചെലുത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദം മറികടന്ന് എത്രത്തോളം മുന്നോട്ടുപോകാനാവും എന്നതിനെ ആശ്രയിച്ചിരിക്കുന്നു മേഖലയിലെ സ്വാസ്ഥ്യവും സമാധാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
