2016 പിറന്നു, ഭൂരഹിതര്‍ ഇന്നും ഭൂരഹിതര്‍ തന്നെയാണ്
text_fieldsയു.ഡി.എഫ് സര്‍ക്കാര്‍ 2011ല്‍ കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റിത്തീര്‍ക്കുമെന്ന മഹത്തായ പ്രഖ്യാപനം നടത്തി. ഭൂരഹിതകേരളം പദ്ധതിയിലൂടെ മൂന്നു സെന്‍റ് നല്‍കി അത് ഒരു ചരിത്രസംഭവമാക്കല്‍ അത്ര അസാധ്യമായ കാര്യമൊന്നുമായിരുന്നില്ല. സാക്ഷാത്കരിക്കപ്പെട്ടാല്‍ ഈ ദേശത്തിലെ എല്ലാവരും മൂന്നു സെന്‍റ് മണ്ണിന്‍െറയെങ്കിലും നേരവകാശികളായിത്തീരുന്ന ആത്മാഭിമാനത്തിന്‍െറ മുഹൂര്‍ത്തമായിരിക്കും അത്. 2013 സ്വാതന്ത്ര്യദിനത്തിനുമുമ്പ് ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാര്‍വാഗ്ദാനത്തില്‍ വിശ്വസിച്ച് ഭൂമിയില്ലാതെ നട്ടംതിരിയുന്ന 3,59,038 പേര്‍ പ്രത്യാശയോടെ ചട്ടപ്രകാരം അപേക്ഷനല്‍കി കാത്തിരുന്നു. മുറപോലെ, പരിശോധനയുടെ കടമ്പകള്‍ കടന്ന് 2,43,928 പേര്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നിട്ടും, ഇതും ഏതൊരുസര്‍ക്കാര്‍ വാഗ്ദാനവുംപോലെയായി. പ്രഖ്യാപിച്ചസമയത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതില്‍ പരാജയപ്പെട്ടു. അന്നത്തെ റവന്യൂമന്ത്രി വീണ്ടും നയം വ്യക്തമാക്കി: അടുത്ത സ്വാതന്ത്ര്യദിനത്തിനുള്ളില്‍ വാഗ്ദാനം പാലിക്കുകതന്നെ ചെയ്യുമെന്ന്.
സര്‍ക്കാര്‍ ഉറപ്പല്ളേ, വീണ്ടും തെറ്റി. സര്‍ക്കാറും റവന്യൂവകുപ്പും വീണ്ടും പ്രഖ്യാപിച്ചു-മിച്ചഭൂമിയെ ഉപയോഗ്യമാക്കിയും അവ നേരിടുന്ന നിയമപ്രശ്നങ്ങള്‍ മറികടന്നും 2015 ഡിസംബര്‍ കഴിയുമ്പോഴേക്കും ഭൂരഹിതര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുകതന്നെ ചെയ്യും. ഇതാ, 2016 ജനുവരി പിറന്നിരിക്കുന്നു. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഭൂരഹിതരായ ദരിദ്രജനത വീണ്ടും വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഭൂരഹിതകേരളം പദ്ധതിപ്രകാരം 2015 കഴിയുമ്പോള്‍ ഭൂമി കണ്ടത്തെിനല്‍കിയത് 43,437 പേര്‍ക്കുമാത്രം. രേഖാപരമായിത്തന്നെ ഭൂമിക്ക് അര്‍ഹരായ രണ്ടു ലക്ഷത്തിലധികം പേര്‍ ഇന്നും ഭൂരഹിതര്‍. അപേക്ഷ നിരസിക്കപ്പെട്ട ഭൂരഹിതര്‍ ഒരുലക്ഷത്തിലധികം. ‘ഇങ്ങനത്തെ എത്രയോ അപേക്ഷ കൊടുത്തതാ സാറെ, വില്ളേജ് ഓഫിസിലും കലക്ടറേറ്റ് ഓഫിസിലും നിരങ്ങിനടന്ന് ഉള്ള കൂലിപ്പണി കളയാമെന്നല്ലാതെ കാര്യമൊന്നുമില്ല. ഇത് വെറും രാഷ്ട്രീയക്കളിയാ’ എന്നുപറഞ്ഞ് അപേക്ഷിക്കാതെ മാറിനിന്ന ലക്ഷങ്ങള്‍ അതിലുമേറെ.
സര്‍ക്കാറിന് പൊന്‍തൂവലാകുമായിരുന്ന ഭൂരഹിതപദ്ധതി സഫലീകരിക്കാനുള്ള നടപടിക്രമങ്ങള്‍ തുടക്കംമുതലേ അവതാളത്തിലായിരുന്നു. സര്‍ക്കാര്‍ അത് ഗൗരവത്തില്‍ ഉള്‍ക്കൊള്ളുകയൊ വിലയിരുത്തുകയൊ ചെയ്തില്ല. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ ഭൂരഹിത അപേക്ഷ സമര്‍പ്പിക്കപ്പെട്ടത് പശ്ചിമകൊച്ചിയില്‍നിന്നാണ്. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവരില്‍ ആ പ്രദേശത്തുനിന്ന് ആരുമുണ്ടായില്ല. ഇനി ഭൂമി ലഭിച്ചവരില്‍തന്നെ ഭൂരിഭാഗത്തിനും വീടുവെക്കാനൊ താമസിക്കാനൊ കൊള്ളാത്ത സ്ഥലമാണ് ലഭിച്ചത്. അവര്‍ വിഷണ്ണരായി പഴയ വാടകവീടുകളിലേക്കും പുറംമ്പോക്ക് ഭൂമിയിലേക്കുതന്നെയും തിരിച്ചുപോയി. ഭൂമി കിട്ടിയവരില്‍ ചിലര്‍ ഭൂമി കൈയേറിയെന്ന നിയമക്കുരുക്കില്‍വരെ അകപ്പെട്ടു. അതിനിടയില്‍ കണ്ണൂരിനെ ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യജില്ലയായി പ്രഖ്യാപിച്ചു. 11,033 പേര്‍ക്ക് മൂന്നു സെന്‍റുവീതം പട്ടയം നല്‍കുകയും ചെയ്തു. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് അതിരിട്ടുനല്‍കാന്‍ സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കും സമയംകിട്ടിയില്ല. അളന്നുകൊടുത്ത ഭൂമിയില്‍ പലതും വാസയോഗ്യമല്ലാത്തതും. കണ്ണൂരിന്‍െറ അതേ അനുഭവംതന്നെയാണ് പത്തനംതിട്ട, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ ഭൂരഹിതര്‍ക്കുമുണ്ടായത്. ദരിദ്രരുടെ അവകാശങ്ങള്‍ നിവര്‍ത്തിക്കുന്നതില്‍ ഭരണകൂടം കാണിക്കുന്ന അവഹേളനപരമായ വിവേചനം ഏത് നിയമനിര്‍മാണംകൊണ്ടാണ് പരിഹരിക്കാനാവുക. സര്‍ക്കാറുകളുടെ ‘വംശീയബോധ’ത്തിനെതിരെയും പ്രക്ഷോഭങ്ങള്‍ക്ക് സമയമായിരിക്കുന്നു.
ഇതേ സര്‍ക്കാറിന്‍െറ അധികാരാശ്രിതത്വത്തില്‍തന്നെയാണ് അമ്പതിനായിരത്തിലധികം ഏക്കര്‍ഭൂമി കൈയേറിയ വന്‍കിട തോട്ടമുടമകള്‍ നിര്‍ഭയം നാട്ടുരാജാക്കന്മാരായി വിലസുന്നത്; തിരിച്ചുപിടിക്കേണ്ട 80,000 ഏക്കറിലധികം വനഭൂമി സ്വകാര്യവ്യക്തികളും സര്‍ക്കാര്‍ കോര്‍പറേഷനുകളും കൈവശംവെച്ചനുഭവിക്കുന്നത്; പാട്ടക്കാലാവധി കഴിഞ്ഞ തോട്ടഭൂമി ഏറ്റെടുക്കാതെ പാഴാക്കുന്നത്. കുടിയേറ്റത്തിന്‍െറ പേരില്‍ ഇപ്പോഴും പട്ടയമേളകളും വിതരണ ഉത്സവങ്ങളും തകൃതിയായി സംഘടിപ്പിക്കപ്പെടുന്നത്. പക്ഷേ, സാക്ഷാല്‍ ഭൂരഹിതര്‍ ഈ ആഘോഷമേളകള്‍ക്ക് പുറത്താണ്. അവരുടെ കഞ്ഞി കുമ്പിളില്‍തന്നെ. കാരണം, അവര്‍ക്കനുയോജ്യമായ ഭൂമി കണ്ടത്തെി കൈമാറാന്‍ സര്‍ക്കാറിന് നാലുവര്‍ഷം മതിയാവുകയില്ല! പാവങ്ങള്‍ക്ക് നല്‍കാന്‍ ഭൂമിയില്ലാതാകുമ്പോഴും സമുദായസംഘടനകള്‍ക്കും സ്വന്തം പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരമുണ്ടാക്കാനും ഏക്കര്‍ കണക്കിന് ഭൂമി പതിച്ചുനല്‍കാന്‍ ഒരു വൈമനസ്യവും സര്‍ക്കാറിനുണ്ടായില്ല. രണ്ടരലക്ഷം ദരിദ്രരുടെ പ്രശ്നം പരിഹരിക്കാന്‍ നാലുവര്‍ഷം മതിയാകാതെപോകുന്ന സര്‍ക്കാറിന് ഇനിയുമെങ്ങനെയാണ് ജനരക്ഷകരാകാനാകുക! അതുകൊണ്ട് ആദര്‍ശപ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുന്ന വി.എം. സുധീരന്‍െറ ജനരക്ഷായാത്ര തിരുവനന്തപുരത്തത്തെുന്നതിനുമുമ്പ് സര്‍ക്കാര്‍പ്രഖ്യാപനത്തില്‍ കിനാവുകണ്ട പാവങ്ങള്‍ക്ക് മൂന്നു സെന്‍റ് ഭൂമി നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അടിയന്തരമായി മുന്നിട്ടിറങ്ങണം. യാത്ര സാര്‍ഥകമാകട്ടെ; ജനങ്ങളുടെ പ്രത്യാശകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
