Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപ്രകോപനത്തിന്‍െറ...

പ്രകോപനത്തിന്‍െറ ഹൈഡ്രജന്‍ ബോംബ്

text_fields
bookmark_border
പ്രകോപനത്തിന്‍െറ ഹൈഡ്രജന്‍ ബോംബ്
cancel

ലോകശ്രദ്ധ പിടിച്ചുപറ്റാനും സ്വന്തം പ്രജകള്‍ക്കിടയില്‍ കേമത്തം നടിക്കാനും ഏകാധിപതികള്‍ സ്വീകരിക്കുന്ന പതിവ് ഗിമ്മിക്കുകളിലൊന്നാണ് പ്രകോപനങ്ങളിലൂടെ അരുതായ്മയുടെ മറുകര താണ്ടുക എന്നത്. പൂര്‍വേഷ്യയുടെ സ്ഥിരം തലവേദനയായ ഉത്തര കൊറിയ തങ്ങള്‍ ഹൈഡ്രജന്‍ ബോംബ് വിജയപ്രദമായി പരീക്ഷിച്ചിരിക്കുന്നുവെന്ന് ആഹ്ളാദപൂര്‍വം ലോകത്തെ അറിയിച്ചത് ഇതിന്‍െറ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്. സ്റ്റാലിനിസ്റ്റ് വാഴ്ചയിലൂടെ മൂന്നു തലമുറകളായി ഏകാധിപത്യത്തിന്‍െറ മ്ളേച്ഛമാതൃക കാഴ്ചവെക്കുന്ന ഏഷ്യയിലെ അപൂര്‍വരാജ്യമായ ഉത്തര കൊറിയയുടെ ഇപ്പോഴത്തെ നടപടിയുടെ ആത്യന്തികലക്ഷ്യം അയല്‍രാജ്യവും മുഖ്യശത്രുവുമായ ദക്ഷിണ കൊറിയയെയും ആ രാജ്യത്തിന്‍െറ കാവലാളായി നില്‍ക്കുന്ന അമേരിക്കയെയും ഞെട്ടിച്ച്, അതിലൂടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഞെളിയുക എന്നത് മാത്രമാവാം. തന്‍െറ മുപ്പത്തിമൂന്നാം ജന്മദിനത്തില്‍തന്നെ ഹൈഡ്രജന്‍ ബോംബ് സ്ഫോടനത്തിന്‍െറ ‘കോരിത്തരിപ്പിക്കുന്ന മുഴക്കംകേട്ട്’ ആഹ്ളാദിക്കാന്‍ പ്രജകളെ ആഹ്വാനംചെയ്യുന്ന കിം ജോങ് ഉന്‍ എന്ന സ്വേച്ഛാധിപതി ആണവപരീക്ഷണത്തിനു തുടക്കമിട്ട പിതാവ് കിം ഇല്‍സുങ്ങിന്‍െറ പാതയിലൂടെ കൂടുതല്‍ ഭ്രാന്തമായാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തം.

2006ലും 2009ലും 2013ലും അണുബോംബ് പരീക്ഷണം നടത്തി ആഗോളസമൂഹത്തിന്‍െറ രോഷത്തിനും യു.എന്‍ ഉപരോധത്തിനും വിധേയമാവേണ്ടിവന്ന ഒരു രാജ്യം കൂടുതല്‍ പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ധൈര്യംകാട്ടിയത് വരുംവരായ്കകളെ കുറിച്ച് നല്ല ബോധത്തോടെ തന്നെയാവണം. ‘തിന്മയുടെ അച്ചുതണ്ടായി’ അമേരിക്ക മുദ്രകുത്തിയ ശത്രുരാജ്യങ്ങളില്‍ ഇറാന്‍  അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ആണവായുധ പരീക്ഷണത്തില്‍നിന്ന് പിന്മാറാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും സമാധാനകരാറിനുള്ള അന്തരീക്ഷം തെളിഞ്ഞുവരുകയും ചെയ്യുമ്പോഴാണ് സ്വതന്ത്രപരമാധികാര രാജ്യമെന്ന നിലയില്‍ തങ്ങള്‍ക്കും ഹൈഡ്രജന്‍ ബോംബുണ്ടാക്കാനുള്ള അവകാശമുണ്ടെന്നും തങ്ങളുടെ രാജ്യത്തെ ആക്രമിക്കാനും തകര്‍ക്കാനും തക്കംപാര്‍ത്തുകഴിയുന്ന അമേരിക്കക്കുള്ള മറുപടിയാണിതെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് പ്രകോപനത്തിന്‍െറ ബോംബ് പൊട്ടിച്ചിരിക്കുന്നത്.

ഉത്തര കൊറിയ പരീക്ഷിച്ചിരിക്കുന്നത് ഹൈഡ്രജന്‍ ബോംബ് തന്നെയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും 2013ലെ പരീക്ഷണം സൃഷ്ടിച്ച 5.1 തീവ്രതയുള്ള ഭൗമികചലനത്തിനു സമാനമായതാണ് ഇപ്പോഴുണ്ടായിരിക്കുന്നത് എന്നതിനാല്‍ നിജ$സ്ഥിതി അറിയാന്‍ സമയമെടുക്കുമെന്നുമാണ് പൊതുവായ വിലയിരുത്തല്‍. ഹൈഡ്രജന്‍-തെര്‍മോന്യൂക്ളിയര്‍ ബോംബ് ആയിരുന്നുവെങ്കില്‍ പ്രഹരം ഇതാകുമായിരുന്നില്ല എന്നാണ് വിദഗ്ധാഭിപ്രായം. ഏത് തരത്തിലുള്ള ബോംബായാലും ശരി, അന്താരാഷ്ട്രസമൂഹം ഒന്നു കിടുങ്ങിയിട്ടുണ്ട്. രാഷ്ട്രാന്തരീയ സമാധാനത്തിനും സുരക്ഷിതത്വത്തിനുമുള്ള വ്യക്തമായ വെല്ലുവിളി എന്ന് വിശേഷിപ്പിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, മേഖലയുടെ സുരക്ഷയെ തകിടംമറിക്കുന്നതാണ് ഉത്തര കൊറിയയുടെ നടപടിയെന്ന് അപലപിച്ചിരിക്കയാണ്. വിഷയം രക്ഷാകൗണ്‍സിലില്‍ എത്തുമ്പോള്‍ എന്നും കമ്യൂണിസ്റ്റ് രാജ്യത്തിനു അനുകൂലമായി നില്‍ക്കാറുള്ള ചൈനയും റഷ്യയുമടക്കം കിം ജോങ് ഉനിന്‍െറ ധിക്കാരപരമായ നീക്കത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ മട്ടുമാറില്ളെന്ന് ആര്‍ക്കും ഉറപ്പുനല്‍കാനാവില്ല. രക്ഷാസമിതി അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെങ്കിലും എന്തു ശിക്ഷാനടപടിയായിരിക്കും കൈക്കൊള്ളാന്‍ പോവുന്നതെന്നോ അത്തരമൊരു നീക്കത്തെ ചൈന വീറ്റോ ചെയ്യുമെന്നോ കണ്ടറിയാനിരിക്കുന്നേയുള്ളൂ. ഉത്തരകൊറിയയുടെമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി വാണിജ്യരംഗത്ത് ഒറ്റപ്പെടുത്തുക എന്നതിനപ്പുറം ഏതറ്റംവരെ പോകാനാവുമെന്ന വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങളുയരുക സ്വാഭാവികമാണ്.

ആണവായുധ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയും ആഗോളസമൂഹവും സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം ധര്‍മരോഷം പ്രകടിപ്പിക്കാറുണ്ടെങ്കിലും തദ്വിഷയകമായി രണ്ടുപതിറ്റാണ്ടുമുമ്പ് നിലവില്‍വന്ന അന്താരാഷ്ട്ര കരാര്‍ ഇപ്പോഴും പാതിവഴിക്ക് തന്നെയാണ്. നിയമപരമായി ബാധകമാവേണ്ട എട്ട് പ്രധാനരാജ്യങ്ങള്‍കൂടി അതില്‍ ചേരാനിരിക്കുന്നുണ്ട്. അമേരിക്കയടക്കമുള്ള നാല് രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഇതുവരെ ‘റാറ്റിഫൈ’ ചെയ്തിട്ടില്ല. ഇസ്രായേല്‍, ഇന്ത്യ, പാകിസ്താന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ പക്കല്‍ ആണവായുധങ്ങളുണ്ടെങ്കിലും കരാറില്‍ ഒപ്പുവെക്കാന്‍ ഇതുവരെ മുന്നോട്ടുവന്നിട്ടുമില്ല. ആണവപരീക്ഷണ ഉദ്യമത്തില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സമീപകാലത്ത് ലോകം വീര്‍പ്പടക്കി കണ്ടതാണ്. എന്നാല്‍, ഉത്തര കൊറിയയുടെ  കാര്യത്തില്‍ ഒന്നും വിലപ്പോവില്ല എന്നാണ് ഇത$പര്യന്ത അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. രക്ഷാസമിതിയില്‍ പ്രമേയങ്ങള്‍ കണ്ട് കിം ജോങ് ഉനിനെപോലുള്ളവര്‍ വഴിക്കുവരുമെന്ന് കരുതുന്നത് അമിതപ്രതീക്ഷയായിരിക്കും.

Show Full Article
TAGS:madhyamam editorial 
Next Story