പഠിപ്പുമുടക്കും കോടതിയും
text_fieldsപഠിപ്പുമുടക്ക് സമരത്തിനെതിരെ ശക്തമായ താക്കീത് നല്‍കിക്കൊണ്ടുള്ള കേരള ഹൈകോടതിയുടെ ചൊവ്വാഴ്ചത്തെ വിധിപ്രസ്താവം ഇനിയുള്ള ദിവസങ്ങളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഉന്നത വിദ്യാഭ്യാസം മൗലികാവകാശമല്ളെങ്കിലും വ്യക്തിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ഘടകമാണെന്ന കാരണത്താല്‍ മനുഷ്യാവകാശമാണെന്നും അത് ലംഘിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവരുതെന്നും, പഠിപ്പുമുടക്ക് ഈ അവകാശമാണ് ലംഘിക്കുന്നതെന്നുമാണ് ജസ്റ്റിസ് വി. ചിദംബരേഷ് വിധിപ്രസ്താവത്തില്‍ പറഞ്ഞിരിക്കുന്നത്. അധ്യയനത്തിന് തടസ്സംസൃഷ്ടിക്കുന്ന പഠിപ്പുമുടക്ക് സമരക്കാരെ കാമ്പസില്‍നിന്ന് പൊലീസിന് നീക്കംചെയ്യാം. ക്ളാസില്‍ കയറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ ആരെങ്കിലും തടയുകയോ അധ്യയനത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താല്‍ പ്രിന്‍സിപ്പലിന്‍െറയോ വകുപ്പ് മേധാവിയുടെയോ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് ഇടപെടാന്‍ ബാധ്യതയുണ്ട് -കോടതി ഉത്തരവ് പറയുന്നു.
പഠിപ്പുമുടക്ക് സമരങ്ങളെ തുടര്‍ന്ന് ക്ളാസുകള്‍ നഷ്ടപ്പെടുന്നുവെന്നും, യു.ജി.സി നിര്‍ദേശിച്ചതനുസരിച്ചുള്ള അധ്യയന മണിക്കൂറുകള്‍ ലഭ്യമാക്കാന്‍ സ്ഥാപനത്തോട് നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ട് കൊച്ചിന്‍ യൂനിവേഴ്സിറ്റിക്ക് കീഴിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികളായ ലിയോ ലൂക്കോസ്, ആദിത്യ തേജസ് കൃഷ്ണന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധി. പരീക്ഷയെ അഭിമുഖീകരിക്കാന്‍ ആവശ്യമായ അധ്യയന സമയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി പറയുന്നു.
വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വ ത്തില്‍ നമ്മുടെ നാട്ടില്‍ കാര്യമായി നടക്കുന്ന ഒരു പരിപാടിയാണ് പഠിപ്പുമുടക്ക് സമരം. ഏതെങ്കിലും വിദ്യാര്‍ഥി സംഘടന പഠിപ്പുമുടക്കിന് നോട്ടീസ് നല്‍കുകയോ പ്രകടനം ആരംഭിക്കുകയോ ചെയ്താലുടന്‍ ലോങ് ബെല്‍ അടിച്ച് അധ്യയനം നിര്‍ത്തി കലാലയം അടയ്ക്കുന്നതാണ് നാട്ടിലെ പതിവ്. അതായത്, പഠിപ്പുമുടക്ക് സമരം എന്നത് വിദ്യാര്‍ഥികള്‍ കൂട്ടമായി ക്ളാസ്മുറികള്‍ ബഹിഷ്കരിക്കുന്ന ഒരു സമരമുറയല്ല. ഏതെങ്കിലും ഒരു വിദ്യാര്‍ഥി സംഘടനയുടെ തീരുമാനം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുംമേല്‍ അടിച്ചേല്‍പിക്കപ്പെടുന്ന ഏര്‍പ്പാടാണ്. അത്തരമൊരു സാഹചര്യത്തില്‍, ‘ക്ളാസില്‍ ഒരു കുട്ടിയെങ്കിലുമുണ്ടെങ്കില്‍ പഠിപ്പിക്കാന്‍ ബാധ്യതപ്പെട്ടവരാണ് അധ്യാപകര്‍’ എന്ന ഹൈകോടതി വിധിയിലെ പ്രസ്താവം ഏറെ ശ്രദ്ധേയമാണ്. പഠിപ്പുമുടക്കിനോട് താല്‍പര്യമില്ലാത്ത മഹാഭൂരിപക്ഷം വിദ്യാര്‍ഥികളും അടിച്ചേല്‍പിക്കപ്പെടുന്ന സമരങ്ങളുടെ ഇരകളാകുന്ന സാഹചര്യമാണുള്ളത്. അങ്ങനെയിരിക്കെ ഹൈകോടതി വിധി, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയില്‍ വ്യാപകമായി സ്വാഗതം ചെയ്യപ്പെടും.
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം തന്നെ മോശമാണെന്ന ധാരണ നമ്മുടെ സമൂഹത്തില്‍ വ്യാപകമായുണ്ട്. പല കാലങ്ങളിലായുണ്ടായ കോടതിവിധികള്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്‍െറ വ്യാപ്തിയെ പല രീതിയില്‍ വെട്ടിച്ചുരുക്കിയിട്ടുമുണ്ട്. വിദ്യാര്‍ഥികള്‍ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൊന്നും ഇടപെടാതെ അടങ്ങിയൊതുങ്ങിയിരുന്ന് പഠിച്ചാല്‍ മതിയെന്ന ഉപരിവര്‍ഗബോധത്തെ പലപ്പോഴും കോടതികള്‍ താലോലിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെതന്നെ, അറപ്പും വെറുപ്പുമുണ്ടാക്കുന്ന ഏര്‍പ്പാടായി വിദ്യാര്‍ഥി രാഷ്ട്രീയം തരംതാണുപോയിട്ടുണ്ട് എന്നതും വാസ്തവമാണ്. എന്തിനും ഏതിനും പഠിപ്പുമുടക്ക് എന്ന, എളുപ്പം വിജയിപ്പിച്ചെടുക്കാവുന്ന സമരം സംഘടിപ്പിക്കുക എന്നതല്ലാതെ സര്‍ഗാത്മകതയും വ്യത്യസ്തതയുമുള്ള എന്തെങ്കിലും സമര/പ്രവര്‍ത്തന വഴികള്‍ വികസിപ്പിച്ചെടുക്കാന്‍ മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകള്‍ക്കായിട്ടില്ല. വിദ്യാര്‍ഥി രാഷ്ട്രീയം ജനാധിപത്യത്തിന്‍െറ ഭാഗമാണെന്ന് വാദിക്കുമ്പോള്‍തന്നെ, തങ്ങള്‍ക്ക് ആധിപത്യമുള്ള കാമ്പസുകളില്‍ മറ്റുള്ളവര്‍ക്ക് പ്രാഥമികമായ ജനാധിപത്യ അവകാശങ്ങള്‍പോലും വകവെച്ചുകൊടുക്കാന്‍ തയാറാകാത്തവരാണവര്‍. കേരളത്തിലെ കാമ്പസുകളില്‍ ഏറ്റവും സ്വാധീനമുള്ള ഇടതു വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ ആകട്ടെ ഇക്കാര്യത്തില്‍ ആരെയും തോല്‍പിക്കുംവിധം മിടുക്കന്മാരാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തോട് പൊതുവില്‍ സമൂഹത്തില്‍ അലര്‍ജി സൃഷ്ടിക്കാന്‍ പ്രധാന കാരണം വിദ്യാര്‍ഥി സംഘടനകള്‍ തന്നെയാണെന്ന് ചുരുക്കം.
അധ്യാപകരുടെ നേതൃത്വത്തിലുള്ള കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളായി നമ്മുടെ കലാലയങ്ങള്‍ മാറാന്‍ പാടില്ല. സര്‍ഗാത്മകതയും സംഘടനാപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവുമെല്ലാം അവിടെ വേണം. നിയമത്തിന്‍െറയും കോടതി ഉത്തരവിന്‍െറയും ബലത്തില്‍ അവയെല്ലാം അവസാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ വലിയ അപകടമാവും. അതേസമയം, വിദ്യാര്‍ഥിരാഷ്ട്രീയത്തെ അല്‍പംകൂടി നിലവാരമുള്ള അവസ്ഥയിലേക്ക് ഉയര്‍ത്താന്‍ വിദ്യാര്‍ഥി സംഘടനകളും ശ്രദ്ധിക്കണം. എന്തിനും ഏതിനും പഠിപ്പുമുടക്ക് സമരം എന്ന അവസ്ഥ മാറണം. സമരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവരേണ്ടതാണ്. അങ്ങനെ അല്‍പംകൂടി സര്‍ഗാത്മകമായ കാമ്പസ് രാഷ്ട്രീയം ഉയര്‍ന്നുവരട്ടെ. രക്ഷിതാക്കളും കോടതികളും വിദ്യാര്‍ഥികളും മാധ്യമങ്ങളുമെല്ലാം അതിനുവേണ്ടി സമ്മര്‍ദം സൃഷ്ടിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
