Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപച്ചക്കറി...

പച്ചക്കറി കഴുകുന്നതിനെതിരെയും നിയമ നടപടിയോ?

text_fields
bookmark_border
പച്ചക്കറി കഴുകുന്നതിനെതിരെയും നിയമ നടപടിയോ?
cancel

കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ‘വെജിവാഷ്’ എന്ന കീടനാശിനി പ്രതിരോധലായനിക്കെതിരെ രാജ്യത്തെ കീടനാശിനി നിര്‍മാതാക്കള്‍ രംഗത്തിറങ്ങിയത് ദുരൂഹമായിരിക്കുന്നു. ഏതാനും ഇനം പച്ചക്കറികളിലെ പുറമേയുള്ള കീടനാശിനിവിഷാംശം കഴുകിക്കളയുന്നതിന് സര്‍വകലാശാല വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്നാണ് ‘വെജിവാഷ്’. കേരളത്തിലും പുറത്തുമുള്ള നാല്‍പതോളം സ്വകാര്യ കമ്പനികള്‍ക്ക് സര്‍വകലാശാല ‘വെജിവാഷ്’ നിര്‍മിക്കുന്ന സാങ്കേതികവിദ്യ കൈമാറിയിട്ടുണ്ട്. ഈ കമ്പനികളില്‍ പകുതിയോളം ‘വെജിവാഷ്’ നിര്‍മിച്ച് വിപണിയിലിറക്കുന്നുമുണ്ട്. പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനി വിഷാംശത്തിന്‍െറ തോതിനെക്കുറിച്ച് നടന്ന പഠനങ്ങള്‍, വന്‍തോതില്‍ അത്തരം വിഷാംശമുള്ളതായി തെളിയിച്ചിരുന്നു. ജനങ്ങളില്‍ ഇത് സ്വാധീനം ചെലുത്തിത്തുടങ്ങിയതോടെ കീടനാശിനി പ്രയോഗത്തിനെതിരായ അഭിപ്രായം രൂപപ്പെട്ടുവരുകയും ചെയ്തു. ‘വെജിവാഷി’ന്‍െറ വില്‍പനക്ക് ഇത് അനുകൂലഘടകമായി. അതിന്‍െറ പൊതുസ്വീകാര്യത വര്‍ധിച്ചുകൊണ്ടിരിക്കെയാണ് ഡല്‍ഹി ആസ്ഥാനമായുള്ള ക്രോപ് കെയര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സി.സി.എഫ്.ഐ) എന്ന കീടനാശിനി നിര്‍മാതാക്കളുടെ സംഘടന മുന്നോട്ടുവന്നിരിക്കുന്നത്. ‘വെജിവാഷി’ന് അംഗീകാരമില്ളെന്നും അതിന്‍െറ വില്‍പന ഉടനെ നിരോധിക്കണമെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണറോട് അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സര്‍വകലാശാലക്കെതിരെ വക്കീല്‍ നോട്ടീസ് നല്‍കിയതിന് പുറമേ, അധികൃതരെ ഭീഷണിപ്പെടുത്തിയതായും വാര്‍ത്തകളില്‍ കാണുന്നു.
സി.സി.എഫ്.ഐ എന്തിനിത്ര അസ്വസ്ഥരാകുന്നു എന്നത് വ്യക്തമല്ല. പച്ചക്കറിയും പഴങ്ങളും കഴുകാനുപയോഗിക്കുന്ന ലായനി നിരോധിക്കാന്‍ ഭക്ഷ്യസുരക്ഷാ കമീഷണറോട് ആവശ്യപ്പെടുന്നതിന്‍െറ യുക്തിയെന്താവും? ‘വെജിവാഷ്’ ഭക്ഷ്യവസ്തുവല്ല-ആ നിലയിലല്ല അത് വില്‍പന നടത്തുന്നതും. രണ്ടാമത് തങ്ങളുണ്ടാക്കുന്ന കീടനാശിനിയുടെ അംശം പച്ചക്കറിയും പഴവും ഭക്ഷിക്കുന്നതിനുമുമ്പ് കഴുകിക്കളയുന്നത് തടയണമെന്ന ആവശ്യത്തിലെ ന്യായമെന്താണ്? ഫോണിലൂടെയും ഊമക്കത്തിലൂടെയും സമ്മര്‍ദം ചെലുത്തുന്നവര്‍ക്ക് മറ്റുനിലക്ക് ‘പിന്‍വാതില്‍ സമ്മര്‍ദം’ ശക്തമാക്കാനും ശേഷിയുണ്ടാകും. പക്ഷേ, എന്തിന്? കാരണങ്ങള്‍ ഊഹിക്കാനേ കഴിയൂ. സംസ്ഥാനത്ത് കീടനാശിനിക്കെതിരായ അവബോധം ശക്തിപ്പെട്ടതും അതില്‍ കാര്‍ഷികസര്‍വകലാശാലയും മറ്റും വഹിച്ച പങ്കും ‘വെജിവാഷ്’തന്നെ കീടനാശിനിക്കെതിരായ ഓര്‍മപ്പെടുത്തലായി വര്‍ത്തിക്കുന്നു എന്നതും ഒരു കാരണമാകാം. അപ്പോഴും കീടനാശിനി ലോബി മുന്നില്‍ക്കാണുന്ന ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണവും പഠനവും സര്‍ക്കാര്‍ മുന്‍കൈയില്‍ ഉണ്ടാകേണ്ടതുണ്ട്. പൊതുജനാരോഗ്യത്തിനും സുതാര്യമായ ആരോഗ്യനയങ്ങള്‍ക്കുമെതിരായ നീക്കമാണ് കീടനാശിനി ലോബിയുടെതെന്ന് ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലാക്കാനാകും; അവരുദ്ദേശിക്കുന്ന തന്ത്രങ്ങള്‍ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെവരെ ബാധിക്കില്ളേ എന്നും അന്വേഷിക്കേണ്ടതുണ്ട്.
കീടനാശിനികളെ ചെറുക്കുന്ന തരം ജി.എം വിളകള്‍ (ജനിതകമാറ്റം വരുത്തിയ വിളകള്‍) വന്‍തോതില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലിറങ്ങാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ഇന്ന് ഇത്തരത്തില്‍ ഇറങ്ങുന്നവ (സോയാബീനും ചോളവും) കാലിത്തീറ്റയുണ്ടാക്കാനാണ് കൂടുതലും ഉപയോഗിക്കുന്നത്. എന്നാല്‍, ഭക്ഷ്യവിളകള്‍തന്നെ ജി.എം വിദ്യവഴി കൃഷി ചെയ്യാനുള്ള അനുമതിക്കായി മൊണ്‍സാന്‍േറാ അടക്കമുള്ള ഭീമന്‍ കോര്‍പറേറ്റുകള്‍ കുറെ വര്‍ഷങ്ങളായി ശ്രമിച്ചുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന് കീഴിലെ ജനിതക എന്‍ജിനീയറിങ് വിലയിരുത്തല്‍ സമിതി (ജി.ഇ.എ.സി) ഇക്കാര്യത്തില്‍ അതിശക്തമായ സമ്മര്‍ദം നേരിടുന്നുണ്ട്; ഇടക്കാലത്ത് ഒന്നുരണ്ട് തവണ അവര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങിയെങ്കിലും പൊതു ജനപ്രക്ഷോഭവും കോടതി ഇടപെടലുംമൂലം തിരുത്തേണ്ടിവരുകയായിരുന്നു. ഇപ്പോഴിതാ ജി.എം കടുക് വ്യാപകമായി പരീക്ഷിക്കുന്നതിന് ജി.ഇ.എ.സി ചിലരെ അനുവദിച്ചിരിക്കുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് അരുണ റോഡ് റീഗ്സ് കേസ് കൊടുത്തിരിക്കുകയാണ്. വിത്തുമുതല്‍ കൃഷിയും കീടനിയന്ത്രണവുംവരെ , ഭക്ഷ്യവിഭവങ്ങളുടെ ഉല്‍പാദനപ്രക്രിയ മുഴുവന്‍ കുത്തകയാക്കിയെടുക്കാന്‍ കോര്‍പറേറ്റുകള്‍ സര്‍ക്കാറിലും പുറത്തും സമ്മര്‍ദം ശക്തമാക്കുന്ന ഘട്ടത്തിലാണ് നമ്മുടെ പഴം-പച്ചക്കറി വിപണിയെയും ചിലര്‍ നോട്ടമിടുന്നത്. ആരോഗ്യപരിരക്ഷ, ഭക്ഷ്യസുരക്ഷ, നയസുതാര്യത, കമ്പോളനിയന്ത്രണം തുടങ്ങിയ വിവിധ വശങ്ങള്‍ ഉള്‍പ്പെടുന്നതാണ് വെജിവാഷിനെതിരായ നീക്കമെന്ന് കരുതേണ്ടിയിരിക്കുന്നു. സംസ്ഥാന ഭക്ഷ്യ കൃഷിവകുപ്പിന്‍െറ ജാഗ്രത ആവശ്യപ്പെടുന്നതാണ് വിഷയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story