സി.പി.എമ്മിന്‍െറ കൊല്‍ക്കത്ത പ്ളീനം
text_fieldsസ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സി.പി.എം ഏറ്റവും ദുര്‍ബലമായ ഘട്ടത്തിലാണ് അഞ്ചു ദിവസം നീണ്ട പ്ളീനം സംഘടിപ്പിച്ചത്. സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം ആരായുക എന്നതായിരുന്നു 37 വര്‍ഷത്തെ ഇടവേളക്കുശേഷം ചേര്‍ന്ന ഈ പ്ളീനത്തിന്‍െറ ലക്ഷ്യം. ദേശീയതലത്തില്‍ പാര്‍ട്ടിയുടെ ബഹുജനാടിത്തറക്ക് വന്‍തോതില്‍ ഇടിവുണ്ടായതിന്‍െറ പശ്ചാത്തലത്തില്‍ സംഘടന ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പ്ളീനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചതെന്ന് കരട് റിപ്പോര്‍ട്ടിന്‍െറ ആമുഖം വ്യക്തമാക്കുന്നുണ്ട്. ലോക്സഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ അംഗങ്ങളാണ് നിലവില്‍ സി.പി.എമ്മിനുള്ളത്. 1978ലെ സാല്‍ക്കിയ പ്ളീനത്തില്‍നിന്ന് കൊല്‍ക്കത്ത പ്ളീനത്തിലേക്ക് എത്തുമ്പോള്‍ പാര്‍ട്ടി കേരളത്തിലും ത്രിപുരയിലുമായി ഒതുങ്ങിയിരിക്കുന്നു. കോണ്‍ഗ്രസുമായി ധാരണയില്ളെങ്കില്‍ മമതയെ തളക്കാനാകാത്ത വണ്ണം ദുര്‍ബലമാണ് ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥ. ബിഹാറില്‍ പാര്‍ട്ടി നിശ്ചലാവസ്ഥയിലാണെന്നും യു.പിയില്‍ പാര്‍ട്ടി പിന്നോട്ടു പോകുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നാമമാത്ര സ്വാധീനമുണ്ടായിരുന്ന ഹിമാചല്‍ പ്രദേശിലും പാര്‍ട്ടിയുടെ വളര്‍ച്ച കീഴ്പോട്ടാണ്. നേരത്തെയുള്ളതിനേക്കാള്‍ അല്‍പം ഭേദപ്പെട്ട അവസ്ഥയുള്ളത് രാജസ്ഥാനില്‍മാത്രം. പാര്‍ട്ടി അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുകയും ബ്രാഞ്ച് കമ്മിറ്റികളില്‍ പാതിയും നിര്‍ജീവമാകുകയും ചെയ്യുന്ന സാഹചര്യത്തിലും ദൗര്‍ബല്യങ്ങളെ തുറന്നുപറയാന്‍ പ്രകടിപ്പിച്ച ധൈര്യവും പരിഹാരം തേടാനുള്ള പാര്‍ട്ടിയുടെ ഇച്ഛാശക്തിയും അഭിനന്ദനീയമാണ്. പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ സംഘടനകള്‍ക്കും ഇതില്‍ മാതൃകയുണ്ട്.
ആഗോളവത്കരണാനന്തര സാമൂഹിക ഘടനയും രാഷ്ട്രീയ നയരൂപവത്കരണങ്ങളും ഭൂരിപക്ഷം ജനങ്ങളുടെ ഹിതങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ആത്മഹത്യയിലേക്ക് നടന്നുപോകുന്ന കര്‍ഷകന്‍െറ ഒടുവിലത്തെ കുറിമാനം മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മീയ പ്രഭാഷണം വരെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഇന്ത്യപോലെ ദരിദ്രരുടെ ബാഹുല്യമുള്ള രാജ്യത്ത് ഇടതുപക്ഷം ഉപ്പുവെച്ച കലം കണക്കെ നാശോന്മുഖമാകുന്നതിന്‍െറ കാരണങ്ങള്‍ പറഞ്ഞുതരുന്ന എണ്ണമറ്റ പഠനങ്ങള്‍ പാര്‍ട്ടിക്കകത്തുനിന്നും വെളിയില്‍നിന്നും പുറത്തുവന്നിട്ടുണ്ട്. സാമ്രാജ്യത്വത്തേയും നവ മുതലാളിത്തത്തെയും നേരിടുന്നതിലും മതനിരപേക്ഷതക്ക് കാവലാളാകുന്നതിലും സംഭവിച്ച വീഴ്ചകള്‍ക്ക് ശാഠ്യതയേറിയ സൈദ്ധാന്തികവാശികളും അയവേറിയ അടവുനയങ്ങളും ഒരുപോലെ കാരണമായിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഗുണകാംക്ഷാപരമായ അത്തരം വിമര്‍ശങ്ങളെ സ്വാംശീകരിക്കുന്നതിലും പ്രായോഗികമായി തിരുത്തുന്നതിലും സി.പി.എം നിരന്തരമായി പരാജയപ്പെടുകയാണ്. അല്ളെങ്കില്‍ അധികാര രാഷ്ട്രീയത്തിലേക്കുള്ള കുറുക്കുവഴികളില്‍ അവ കൈയൊഴിക്കുന്നതാണ് ഉചിതമെന്ന് നേതൃത്വവും അനുയായികളും ഒരുപോലെ കരുതുന്നു. പാര്‍ലമെന്‍ററി വ്യാമോഹം, വിഭാഗീയത, ധാര്‍മികച്യുതി, ഉദ്യോഗസ്ഥ മനോഭാവം, വ്യക്തിനിഷ്ഠത, പാര്‍ട്ടി രീതിക്കു നിരക്കാത്ത ജീവിതശൈലി തുടങ്ങിയ ദുഷ്പ്രവണതകള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തിയെന്നതും പുതിയ കണ്ടുപിടുത്തമൊന്നുമല്ല. 2000ത്തില്‍ പാര്‍ട്ടിപരിപാടി കാലോചിതമായി പരിഷ്കരിക്കുന്നതിന് തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലും ശേഷം നടന്ന പാര്‍ട്ടി കോണ്‍ഗ്രസുകളിലും വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന കാര്യങ്ങളായി കണ്ടത്തെിയതും ഇവയൊക്കത്തെന്നെയായിരുന്നു. എന്നിട്ടും ഇവ വര്‍ധിക്കുകയല്ലാതെ തരിമ്പും കുറഞ്ഞതായി ഒരു അനുഭവവുമില്ല.
പ്ളീനം പ്രമേയങ്ങളും ചര്‍ച്ചകളും വ്യക്തമാക്കിയതുപോലെ, സ്ത്രീപ്രാതിനിധ്യം, യുവജനപങ്കാളിത്തം, ജനകീയ കൂട്ടായ്മകളോടും സാമൂഹിക പ്രസ്ഥാനങ്ങളോടുമുള്ള സഹകരണം എന്നിവ വര്‍ധിപ്പിക്കാന്‍ പാര്‍ട്ടി തയാറാകണം. ദലിതരോടും ആദിവാസികളോടുമുള്ള വിവേചന വിഷയങ്ങള്‍, മുസ്ലിംകളുടെ പ്രശ്നങ്ങള്‍ തുടങ്ങിയവ ഏറ്റെടുക്കുക എന്ന ദൗത്യവും ആത്മാര്‍ഥതയോടെ നിര്‍വഹിച്ചാല്‍തന്നെ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉത്തരാധുനികതയുടെ ചിന്താപരിസരങ്ങളില്‍ ജീവിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കാനെങ്കിലും നേതൃരംഗങ്ങളിലെ ദുര്‍ബല ജനവിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്നവരുടെ അനുപാതക്കുറവ് പരിഹരിക്കല്‍ അടിയന്തര കര്‍ത്തവ്യമാണ്. പക്ഷേ, അത് പ്രാവര്‍ത്തികമാക്കണമെങ്കില്‍ ഘടനാപരവും ആശയപരവുമായ പൊളിച്ചെഴുത്തിന് പാര്‍ട്ടി അസാമാന്യമായ ത്രാണിതന്നെ കാണിക്കേണ്ടിവരും.
തീവ്ര വലതുപക്ഷ രാഷ്ട്രീയം ദേശീയ-സംസ്ഥാന മണ്ഡലങ്ങളിലെ ഓരോ സൂക്ഷ്മതലങ്ങളിലും ഭീതിജനകമായ സ്വാധീനം നേടുമ്പോഴും പുതിയ ജനാധിപത്യസംഘങ്ങള്‍ ഇന്ത്യയില്‍ കരുത്താര്‍ജിക്കുകയാണ്. ആംആദ്മിക്കും നവജനാധിപത്യ സംഘങ്ങള്‍ക്കും ലഭിക്കുന്ന പിന്തുണകള്‍ അത് തെളിയിക്കുന്നുണ്ട്. മര്‍ദിതരും ചൂഷിതരുമായ ജനസഞ്ചയത്തിന് വിമോചനത്തിന്‍െറ വഴി അനിവാര്യമാണ്. നിലനില്‍ക്കുന്ന വ്യവസ്ഥക്ക് ബദല്‍തേടുകയാണവര്‍. ഒരു കാലത്ത് ഇടതുപക്ഷമായിരുന്നു അവരുടെ അത്താണി. അവര്‍ക്കിന്ന് പുതിയ ഉത്തരങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും വര്‍ത്തമാനകാല ഇന്ത്യയില്‍ ഇടതുപക്ഷവും ആ ബദല്‍ രാഷ്ട്രീയത്തിന്‍െറ ചേരിയിലാണ്. അവരുടെ കരുത്ത് വീണ്ടെടുക്കാന്‍ പ്ളീനം പ്രയോജനകരമാകുമെങ്കില്‍ മതനിരപേക്ഷ ഇന്ത്യക്ക് അതു ശുഭവാര്‍ത്തയാണ്. അതല്ല സഹജ ദൗര്‍ബല്യങ്ങളില്‍ ആണ്ടുകിടക്കാനാണ് പ്ളീനാനന്തരവും പാര്‍ട്ടിയുടെ വിധിയെങ്കില്‍ മര്‍ദിത ജനത പുതുവഴികള്‍ തേടും. വിമോചനത്തിന് ഒറ്റവഴിയില്ളെന്ന് പഠിപ്പിച്ച ഫിദല്‍ കാസ്ട്രോയുടെ വാക്ക് ചുരുങ്ങിയപക്ഷം പാര്‍ട്ടിയെങ്കിലും മറക്കാതിരിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
