Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഹരിയാനയില്‍ വിതച്ചത്...

ഹരിയാനയില്‍ വിതച്ചത് കൊയ്യുന്നു

text_fields
bookmark_border
ഹരിയാനയില്‍ വിതച്ചത് കൊയ്യുന്നു
cancel

ഒ.ബി.സി വിഭാഗത്തില്‍പെടുത്തി സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ കര്‍ഷകവിഭാഗമായ ജാട്ടുകള്‍ വീണ്ടും സായുധപ്രക്ഷോഭത്തിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിലും തുടര്‍ന്നുള്ള വെടിവെപ്പിലുമായി 12 പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാന മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്‍െറ വീട്ടിലേക്ക് ഇരച്ചുകയറിയ കലാപകാരികള്‍ വീടിനു തീകൊളുത്തുകയും നിരവധിവാഹനങ്ങളും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും നശിപ്പിക്കുകയും ചെയ്തു. സംസ്ഥാനംവഴി കടന്നുപോകുന്ന ആയിരത്തോളം ട്രെയിന്‍ സര്‍വിസ് അനിശ്ചിതമായി മുടങ്ങിയതോടെ റെയില്‍വേക്ക് നൂറുകോടിയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കൊള്ളയും കൊള്ളിവെപ്പുമായി അക്രമാസക്തമായ പ്രക്ഷോഭത്തെ നേരിടാന്‍ കണ്ടാലുടന്‍ വെടി നിര്‍ദേശവുമായി കേന്ദ്രസേനയെ നിയോഗിച്ചു. ഏറ്റവുമൊടുവില്‍ പ്രക്ഷോഭക്കാരുടെ ആവശ്യം പരിഗണിച്ച് ജാട്ട് സമുദായക്കാര്‍ക്ക് സംവരണം അനുവദിക്കുന്ന ബില്ല് സഭയില്‍ അവതരിപ്പിക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്.  ജാട്ട് സമുദായത്തിന് പുറത്തുനിന്ന് ആദ്യമായി മുഖ്യമന്ത്രിയായത്തെുന്ന പഞ്ചാബ് ഖത്രി വിഭാഗക്കാരനായ ഖട്ടറിന്‍െറ പുതിയ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സമരനേതാക്കള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയതോടെ സംഘര്‍ഷം താല്‍ക്കാലികമായി കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് ഭരണ കര്‍ത്താക്കള്‍.
1991ല്‍ വി.പി. സിങ് പ്രധാനമന്ത്രിയായിരിക്കെ, മണ്ഡല്‍ കമീഷന്‍ ശിപാര്‍ശകള്‍ അംഗീകരിച്ചതില്‍ പിന്നെയാണ് ജാട്ടുകള്‍ തങ്ങളെയും മറ്റു പിന്നാക്കവിഭാഗ (ഒ.ബി.സി) ഗണത്തില്‍പെടുത്തി സംവരണമാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് തുടക്കംകുറിച്ചത്. 1997ല്‍ ഇതുസംബന്ധിച്ച് പഠിച്ച ദേശീയ പിന്നാക്കവിഭാഗ കമീഷന്‍ ഹരിയാന, യു.പി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മുഖ്യ ഒ.ബി.സി പട്ടികയില്‍ ജാട്ടുകളെ ഉള്‍പ്പെടുത്താനുള്ള ശിപാര്‍ശ തിരസ്കരിച്ചത് ഈ വിഭാഗത്തിനിടയില്‍ അസംതൃപ്തി പടര്‍ത്തി. തുടര്‍ന്ന് സമരത്തിനിറങ്ങിയ ജാട്ടുകളെ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി പ്രീണിപ്പിക്കാന്‍ ഭരണത്തിലേറിയവര്‍ മാറിമാറി നടത്തിയ വഴിവിട്ടനീക്കങ്ങളാണ് ഇപ്പോള്‍ ഹരിയാന കത്തുന്ന സ്ഥിതിവിശേഷത്തില്‍ കൊണ്ടത്തെിച്ചത്. 2002ല്‍ ഹരിയാനയടക്കമുള്ള ആറു സംസ്ഥാനങ്ങളിലെ ജാട്ടുകളുടെ സര്‍വേ നടത്തിയപ്പോള്‍ ഹരിയാനയിലെ ജനസംഖ്യയില്‍ 26 ശതമാനം വരുന്ന ജാട്ടുകള്‍ പരമ്പരാഗതമായി ‘പിന്നാക്ക’മായി പരിഗണിക്കപ്പെടുമ്പോഴും സാമൂഹികമായി മെച്ചപ്പെട്ടനിലയിലാണെന്ന് കണ്ടത്തെിയിരുന്നു. ഏറ്റവുമൊടുവില്‍ 2014 ഫെബ്രുവരി 26ന് പിന്നാക്കവിഭാഗ ദേശീയ കമീഷന്‍ ഒ.ബി.സി പട്ടികയില്‍ കയറാനുള്ള മാനദണ്ഡങ്ങള്‍ ജാട്ടുകള്‍ക്ക് ബാധകമാകുന്നില്ളെന്ന് കേന്ദ്രഗവണ്‍മെന്‍റിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, തൊട്ടടുത്ത മാര്‍ച്ചില്‍ ബിഹാര്‍, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്, ഡല്‍ഹി, യു.പി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും രാജസ്ഥാനിലെ രണ്ടു ജില്ലകളിലുമുള്ള ജാട്ടുകളെ അധികാരം വിട്ടൊഴിയും മുമ്പേ യു.പി.എ സര്‍ക്കാര്‍ ഒ.ബി.സിയില്‍പെടുത്തി. എന്നാല്‍, പിന്നാക്ക കമീഷന്‍െറ കണ്ടത്തെലിന്‍െറ അടിസ്ഥാനത്തില്‍ ഇത് സാധുവാകില്ളെന്ന് സുപ്രീംകോടതി വിധിച്ചു. സംവരണമനുവദിക്കുന്നതിന് ജാതി മാത്രമല്ല, സാമൂഹിക പിന്നാക്കാവസ്ഥ കൂടി പരിഗണിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍, സാമ്പത്തികസംവരണമല്ല, ജാതിസംവരണംതന്നെ വേണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.  
ഭൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജാട്ട്, ജാട്ട് സിഖ്, റോഡ്, ത്യാഗി, ബിഷ്ണോയ് ജാതിക്കാര്‍ക്ക് പ്രത്യേക പിന്നാക്കവിഭാഗം (എസ്.ബി.സി) എന്നപേരില്‍ 10 ശതമാനം സംവരണം നല്‍കിയിരുന്നു. ജനറല്‍ കാറ്റഗറിയില്‍ സാമ്പത്തിക അവശതയനുഭവിക്കുന്നവര്‍ക്ക് പിന്നെയൊരു 10 ശതമാനവും. അതോടെ, 50 ശതമാനംവരെ എന്ന സുപ്രീംകോടതി ചട്ടം പോലും മറികടന്ന് സംവരണം 67 ശതമാനത്തിലത്തെി. രാജ്പുത്തുകള്‍, പഞ്ചാബികള്‍, അഗര്‍വാള്‍, ബ്രാഹ്മണര്‍ എന്നിവരെല്ലാം ഇതുവഴി സംവരണത്തിന്് അര്‍ഹതനേടി. അതോടെ നിയമപരമായ സാധുതനേടാന്‍ ഈ തീരുമാനത്തിന് കഴിഞ്ഞില്ല. അതോടൊപ്പം പിന്നാക്കവിഭാഗക്കാരില്‍നിന്നുള്ള എതിര്‍പ്പും വിളിച്ചുവരുത്തി. 90 സീറ്റുകളുള്ള ഹരിയാന നിയമസഭയില്‍ ജനസംഖ്യയില്‍ 27 ശതമാനമുള്ള ജാട്ടുകളാണ് 30 സീറ്റുകളില്‍ വിധി നിര്‍ണയിക്കുന്നത്. 2014ല്‍ ബി.ജെ.പി അധികാരത്തിലേറുന്നതും ജാട്ടുകളുടെ ഈ അതിമോഹത്തില്‍ പിടിച്ചാണ്. പിന്നീട് ബി.ജെ.പിക്കുള്ളില്‍ ഇക്കാര്യത്തില്‍ തര്‍ക്കമായി. ഒടുവില്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ച 10 ശതമാനം സംവരണം ഇരട്ടിയാക്കാമെന്ന് പറഞ്ഞെങ്കിലും ജാട്ടുകള്‍ വഴങ്ങിയില്ല. കുരുക്ഷേത്രയിലെ എം.പി രാജ്കുമാര്‍ സൈനിയെപോലുള്ള ബി.ജെ.പി നേതാക്കള്‍, സായുധസേനയിലും സര്‍ക്കാര്‍ സര്‍വിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതിയായ പ്രാതിനിധ്യമുള്ള ജാട്ടുകളെ ഒ.ബി.സി പട്ടികയില്‍ പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ്. പ്രക്ഷോഭക്കാരെ നേരിടാന്‍ 35 പിന്നാക്കസമുദായങ്ങളില്‍നിന്ന് വളന്‍റിയര്‍പടയെ നിയോഗിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇങ്ങനെ ജാതിപ്രീണനംവഴി ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍ വിതച്ചതിന്‍െറ ദുരന്തഫലം അവര്‍തന്നെ കൊയ്തെടുക്കുന്നതാണ് ഹരിയാനയില്‍ കാണുന്നത്. സംവരണം ആവശ്യപ്പെട്ട് പലഭാഗങ്ങളില്‍നിന്ന് അനാവശ്യ ബഹളങ്ങളുണ്ടാക്കി സംവരണംതന്നെ മുടക്കാന്‍ ചിലരൊക്കെ ഇറങ്ങിപ്പുറപ്പെട്ടതിന്‍െറ ലക്ഷണങ്ങള്‍ കാണാനുണ്ട്. താല്‍ക്കാലിക രാഷ്ട്രീയലാഭത്തിന് നടത്തുന്ന ജാതിപ്രീണനത്തിന് എന്തു വില കൊടുക്കേണ്ടിവരും എന്നതിന് കൃത്യമായ ഉദാഹരണമാണ് ഹരിയാനയിലെ സംവരണപ്രക്ഷോഭം. പ്രക്ഷോഭകാരികളെ മാത്രമല്ല, അവരെ വളര്‍ത്തിയെടുക്കുന്ന അധികാര രാഷ്ട്രീയക്കാരെയും നിലക്കുനിര്‍ത്തിയാലേ ഈ കാലുഷ്യങ്ങള്‍ക്ക് ശമനമുണ്ടാകുകയുള്ളൂ എന്ന പാഠവും ഹരിയാന നല്‍കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story