ബാങ്കിങ് മേഖലയിലും അഴിമതിയുടെ കിലുക്കം
text_fieldsരാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിരതയെക്കുറിച്ച് അവിശ്വാസവും ആശങ്കയും ജനിപ്പിക്കുന്ന വാര്‍ത്തകളാണ് ബാങ്കിങ് മേഖലയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം നഷ്ടത്തിലാകുകയോ ലാഭത്തില്‍ കുറവുവരുത്തുകയോ ചെയ്ത ബാങ്കുകള്‍ 27 എണ്ണമാണ്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദവര്‍ഷത്തില്‍ 11 പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നഷ്ടം 12,867 കോടി രൂപയാണ്. വായ്പക്കുടിശ്ശികയുടെ ആധിക്യമാണ് നഷ്ടത്തിന്‍െറ പ്രധാന ഹേതുവെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടയിലാണ് 2004-2015 കാലയളവില്‍ 29 പൊതുമേഖലാ ബാങ്കുകള്‍ 2.11 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട വിവരാവകാശരേഖ വെളിപ്പെടുത്തുന്നത്. അതിന്‍െറ പകുതിയിലധികം തുകയും (1.14 ലക്ഷം കോടി രൂപ) എഴുതിത്തള്ളിയത് 2012-2015 കാലയളവിലും. വായ്പക്കുടിശ്ശികയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ നടത്തുന്ന അവിഹിത ഇടപെടലുകളും കിട്ടാക്കടങ്ങളും ഗുരുതര പ്രതിസന്ധിയാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 500 കോടി രൂപയിലധികം വായ്പക്കുടിശ്ശികയുള്ള കമ്പനികളുടെ പട്ടിക സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അതിഭീമമായ നഷ്ടം രേഖപ്പെടുത്തിയ ബാങ്ക് ഓഫ് ബറോഡയുമാണ് ഏറ്റവുമധികം കിട്ടാക്കടമുള്ള ബാങ്കുകള്‍. വായ്പാ പുന$ക്രമീകരണത്തിലൂടെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി എട്ടു ലക്ഷം കോടി രൂപയിലധികമായിരിക്കുമത്രെ. സാങ്കേതികമായി വായ്പകള്‍ ബാങ്കിന്‍െറ ആസ്തിയായിട്ടാണ് പരിഗണിക്കുക. ബാങ്കുകള്‍ അത് എഴുതിത്തള്ളുമ്പോള്‍ ആസ്തിയില്‍ കുറവുണ്ടാകുകയും ബാങ്ക് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനോ തകരുന്നതിനോ ഇടവരുകയും രാജ്യം വമ്പിച്ച സാമ്പത്തിക അസ്ഥിരതയിലേക്ക് ആപതിക്കുന്നതിന് കാരണമാകുകയും ചെയ്യും. യഥാര്‍ഥത്തില്‍ പൊരിവെയിലത്ത് പണിയെടുക്കുന്ന കര്‍ഷകരോ ഉന്നത വിദ്യാഭ്യാസം തേടുന്ന ദരിദ്രരോ കുടുംബംപോറ്റാന്‍ ചെറുകിട വായ്പ വാങ്ങുന്ന സാധാരണക്കാരനോ ഒന്നുമല്ല എഴുതിത്തള്ളുന്ന ഇത്രയും വലിയ തുകയുടെ ഗുണഭോക്താക്കള്‍. മറിച്ച്, രാഷ്ട്രീയസമ്മര്‍ദം ചെലുത്തിയും ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ ഇടപെടലുകളിലൂടെയും മതിയായ രേഖകളില്ലാതെ വായ്പ നേടിയെടുക്കുന്ന വന്‍കിട കോര്‍പറേറ്റുകളാണ് ഇതുവഴി നേട്ടംകൊയ്യുന്നത്. ഉദാരനിരക്കില്‍ വായ്പ കൈപ്പറ്റുകയും ബോധപൂര്‍വം കുടിശ്ശികവരുത്തി ഒടുവില്‍ എഴുതിത്തള്ളുന്നതിന്‍െറ ദാക്ഷിണ്യങ്ങള്‍ നേടുകയുമാണ് ഇത്തരം മൂലധനശക്തികള്‍. അരിവിതരണത്തിനും പാചകവാതകത്തിനും സബ്സിഡി അനുവദിക്കാന്‍ പണമില്ളെന്ന് സര്‍ക്കാര്‍ പരസ്യം നല്‍കുന്ന രാജ്യത്താണ്, 2015ല്‍ വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെമാത്രം 40,000 കോടി രൂപയുടെ വായ്പക്കുടിശ്ശിക എഴുതിത്തള്ളിയിരിക്കുന്നത്. അതിന്‍െറ ഗുണഭോക്താക്കള്‍ ആരെന്ന് വ്യക്തമാക്കാന്‍ ബാങ്കുകളും സര്‍ക്കാറും തയാറാകുന്നില്ല. അതിനാലാണ്, ബാങ്കുകളുടെ വായ്പാരീതിയില്‍ സംശയമുന്നയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ രംഗത്തുവന്നത്. അടുത്തകാലത്ത് തീര്‍പ്പാക്കുകയും ഒഴിവാക്കുകയും ചെയ്ത കിട്ടാക്കടത്തിന്‍െറ ഗുണഭോക്താക്കള്‍ ചെറുകിട വായ്പക്കാരല്ല മറിച്ച്, വന്‍കിടക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ബാങ്കിങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മുറിവുണക്കല്‍ ചികിത്സയല്ല ആഴത്തിലുള്ള സര്‍ജറിതന്നെ വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
റിലയന്‍സ്, അദാനി, എസ്സാര്‍, വേദാന്ത, ജിന്‍ഡാല്‍, വീഡിയോകോണ്‍ തുടങ്ങിയ ഇന്ത്യയിലെ പ്രധാന 10 കമ്പനികളുടെ നിലവിലെ വായ്പക്കുടിശ്ശിക 7.33 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ അവരുടെ വായ്പത്തുകയുടെ വര്‍ധനയാകട്ടെ ഏഴിരട്ടിയും. സ്വാഭാവികമായും എഴുതിത്തള്ളുന്നതിന്‍െറ ഗുണഭോക്താക്കളും ഇവര്‍തന്നെ. മദ്യരാജാവായ വിജയ് മല്യയാണ് ഗുണഭോക്താവായ മറ്റൊരു ‘ദരിദ്രന്‍’. വായ്പ തിരിച്ചടക്കാന്‍ ശേഷിയില്ലാത്ത സാധാരണക്കാരന്‍െറ പേരും കുറിയും പെരുമ്പറയടിച്ച് ജനസമക്ഷം അപമാനിക്കുന്ന ബാങ്കുകള്‍ ഇത്തരം ആഡംബര വായ്പാ സ്വീകര്‍ത്താക്കളുടെ വിവരങ്ങള്‍ അഭിമാനക്ഷതമുണ്ടാക്കുമെന്ന പേരില്‍ പുറത്തുപറയാന്‍ വിസമ്മതിക്കുകയാണ്. അതുകൊണ്ടാണ് മുന്‍ സി.എ.ജി വിനോദ് റായിയും റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. കെ.സി. ചക്രബര്‍ത്തിയും കടം എഴുതിത്തള്ളലിനെ ബാങ്കിങ് കുംഭകോണം എന്നു വിശേഷിപ്പിക്കുന്നത്. പൊതുസമക്ഷം വേണ്ടത്ര ശ്രദ്ധിക്കാതെപോകുന്ന വമ്പന്‍ അഴിമതിയുടെ ചുരുളുകളാണ്, ഈ എഴുതിത്തള്ളലിന്‍െറ പിന്നാമ്പുറത്തേക്ക് സുപ്രീംകോടതി കടക്കുകയാണെങ്കില്‍ അഴിയാന്‍ പോകുന്നത്. കുറ്റക്കാരായ കുടിശ്ശിക കോര്‍പറേറ്റ് കമ്പനികളുടെ പേരുപറയാന്‍ വിസമ്മതിക്കുന്നതുതന്നെ ബാങ്കുകളുടെ കളങ്കിതബന്ധവും രാഷ്ട്രീയ ഇടപെടലുകളും വ്യക്തമാക്കുന്നതാണ്. സ്വതന്ത്രമായ അന്വേഷണത്തിലൂടെ അവ പുറത്തുകൊണ്ടുവരുകയും പരാന്നഭോജികളായ ആഡംബര വ്യവസായികളെ ശിക്ഷിക്കുന്ന നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ളെങ്കില്‍ രാജ്യത്തെ കാത്തിരിക്കുന്നത് അപരിഹാര്യമായ സാമ്പത്തിക അസ്ഥിരതയായിരിക്കും. സമ്പന്നരെ സംരക്ഷിക്കുകയും സാധാരണക്കാരെ ശിക്ഷിക്കുകയും ചെയ്യുന്ന ബാങ്കിങ് സമ്പ്രദായം സമഗ്രമായി പരിഷ്കരിക്കേണ്ട സമയമായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
