Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇത് ഫാഷിസമല്ലാതെ...

ഇത് ഫാഷിസമല്ലാതെ മറ്റെന്താണ്?

text_fields
bookmark_border

ഫാഷിസം, നാസിസം തുടങ്ങിയ ഹിംസാത്മക ആശയധാരകളെയും അതിന്‍െറ പേരിലുള്ള ഭീകരകൃത്യങ്ങളെയും കുറിച്ച് ചരിത്രത്തില്‍ മാത്രം വായിച്ചുപഠിച്ച നമ്മുടെ തലമുറക്ക് അത്തരം ഹീനവിചാരഗതികളുടെ തിരിച്ചുവരവ് നേരിട്ടുകാണാന്‍ അവസരമൊരുക്കിയിരിക്കയാണ് ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് തലസ്ഥാനനഗരിയില്‍ അരങ്ങേറുന്ന പ്രക്ഷുബ്ധവും അത്യന്തം ലജ്ജാവഹവുമായ സംഭവവികാസങ്ങള്‍. പാര്‍ലമെന്‍റ് ആക്രമണ കേസില്‍ കഴുമരത്തിലേറ്റപ്പെട്ട കശ്മീര്‍ സ്വദേശി അഫ്സല്‍ ഗുരുവിന്‍െറ ചരമവാര്‍ഷികം ജെ.എന്‍.യു കാമ്പസില്‍ ആചരിച്ചുവെന്നും പ്രസ്തുത ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും ആരോപിച്ച് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ അടക്കം ആറു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച മോദി സര്‍ക്കാറും അത്തരം നടപടികള്‍ക്കു പിന്നില്‍ പ്രേരണയായി വര്‍ത്തിച്ച ഹിന്ദുത്വശക്തികളും മൂന്നുനാലു ദിവസമായി കോടതികളിലും പരിസരത്തും കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ജനാധിപത്യത്തിലും നിയമവാഴ്ചയിലും തെല്ളെങ്കിലും വിശ്വാസമുള്ളവരെ ഞെട്ടിപ്പിക്കുന്നതാണ്.

കനയ്യ കുമാറിന്‍െറ അറസ്റ്റ് സൃഷ്ടിച്ച രൂക്ഷമായ പ്രതിഷേധത്തിനും രോഷത്തിനും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് സംഘ്പരിവാറിന്‍െറ ചെല്ലപ്പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ നിയമവാഴ്ചയെ വെല്ലുവിളിക്കാനും നീതിന്യായകോടതികളുടെ പ്രവര്‍ത്തനംതന്നെ അട്ടിമറിക്കാനും സംഘ്പരിവാറിന്‍െറ കാലാള്‍പ്പടയെ കയറൂരിവിട്ടതിന്‍െറ പ്രത്യാഘാതമാണ് സുപ്രീംകോടതിയിലും കനയ്യയുടെ കേസ് കേള്‍ക്കുന്ന പട്യാല ഹൗസ് കോടതി സമുച്ചയത്തിലും  കാണാന്‍ കഴിഞ്ഞത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കോടതിക്കകത്തുവെച്ച് അഭിഭാഷകരില്‍ ഒരുവിഭാഗം മര്‍ദിച്ചവശനാക്കുക, പൊലീസ് സേന നിര്‍ന്നിമേഷം അത് നോക്കിനില്‍ക്കുക, സംഭവം കാമറയില്‍ പകര്‍ത്താനും രംഗം സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാനും ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ വളഞ്ഞുവെച്ച് മര്‍ദിക്കുക -ഞെട്ടിപ്പിക്കുന്ന കാഴ്ചകളുടെ മുന്നില്‍ ലോകംതന്നെ അദ്ഭുതംകൂറുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ പോക്ക് ഏത് ദിശയിലൂടെയാണെന്ന് നിഷ്പക്ഷമതികള്‍ക്ക് പരസ്പരം ചോദിക്കേണ്ടിവരുന്ന അവസ്ഥ. കഴിഞ്ഞ തിങ്കളാഴ്ച കനയ്യയെ പട്യാലഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷക വേഷമണിഞ്ഞ ഒരുസംഘം ഹിന്ദുത്വവാദികള്‍ വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിക്കുകയും അഴിഞ്ഞാടുകയും ചെയ്തപ്പോള്‍ പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെട്ട് നിയമവാഴ്ച ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടത് മുതിര്‍ന്ന ജേണലിസ്റ്റുകള്‍ അടങ്ങുന്ന ജനാധിപത്യപ്രവര്‍ത്തകരാണ്. അതിന്‍െറ അടിസ്ഥാനത്തില്‍ കോടതിക്കകത്ത് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ വെക്കണമെന്നും കൂടുതല്‍ പേരെ അകത്ത് കടത്തരുതെന്നുമൊക്കെ കോടതി നിര്‍ദേശം നല്‍കിയതുമാണ്. എന്നാല്‍, പരമോന്നത നീതിപീഠത്തിന്‍െറ ആജ്ഞകള്‍ കാറ്റില്‍പറത്തിയാണ് ഒരുസംഘമാളുകള്‍ ബുധനാഴ്ച അഭിഭാഷകരുടെ ഗൗണണിഞ്ഞ് ഗുണ്ടായിസം പുറത്തെടുത്തതും വിദ്യാര്‍ഥി നേതാവിനെ ക്രൂരമായി മര്‍ദിച്ചതും. സുപ്രീംകോടതി അയച്ച അന്വേഷണ സംഘത്തെയും അക്രമികള്‍ വെറുതെവിട്ടില്ല. ഇഷ്ടികയേറും തെറിവിളിയും കൊണ്ട് അക്രമികള്‍ വരവേറ്റപ്പോള്‍ കപില്‍ സിബല്‍ അടക്കമുള്ള ആറംഗ അഭിഭാഷകസംഘത്തിനു ജീവനുംകൊണ്ട് ഓടിരക്ഷപ്പെടേണ്ടിവന്നു എന്ന് കേള്‍ക്കുമ്പോള്‍ ഫാഷിസം ഇത്രയും പെട്ടെന്ന് നമ്മുടെ സാമൂഹികപരിസരം കീഴടക്കിക്കഴിഞ്ഞോ എന്ന്  ആരും ചോദിച്ചുപോകാം.

ജെ.എന്‍.യുവിലെ സംഭവവികാസങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി എന്നതിന്‍െറ തെളിവാണ് സമരപാതയിലുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിശ്വവിഖ്യാത ചിന്തകന്‍ നോം ചോംസ്കിയും നൊബേല്‍ സമ്മാന ജേതാവ് ഒര്‍ഹന്‍ പാമുക്കുമടക്കം 64 പ്രമുഖര്‍ പുറപ്പെടുവിച്ച പ്രസ്താവന. കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങളെ കൂട്ടുപിടിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ ദേശദ്രോഹത്തിനു കേസെടുക്കുന്നത്സ്വേച്ഛാധിപത്യമനോഭാവത്തിന്‍െറയും അസഹിഷ്ണുതയുടെയുംബഹിര്‍സ്ഫുരണമായാണ് പ്രസ്താവനയില്‍ എടുത്തുകാട്ടുന്നത്. വിദേശരാജ്യങ്ങളില്‍ ചുറ്റിക്കറങ്ങി ചിന്തേരിട്ടു മിനുക്കിയ വാക്കുകളില്‍ രാജ്യത്തിന്‍െറ മഹത്ത്വം പ്രഘോഷണംചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂക്കിനു താഴെ പൊലീസ് നിഷ്ക്രിയമാവുകയും നിയമവാഴ്ച തകരുകയും ചെയ്തിട്ടും പഠിച്ചുറപ്പിച്ച നിശ്ശബ്ദതയും തണുത്തുറഞ്ഞ നിസ്സംഗതയുമാണ് അദ്ദേഹം വെച്ചുപുലര്‍ത്തുന്നത്.

അമരക്കാരന്‍െറ  മൗനമാണ് അംഗീകാരമായി കരുതി കൂടുതല്‍ പ്രകോപനപരവും പക്ഷപാതപരവുമായ നടപടികളുമായി മുന്നോട്ടുപോവാന്‍ പൊലീസിനും അവരുടെ തലപ്പത്തിരിക്കുന്നവര്‍ക്കും ധൈര്യംപകരുന്നത്. കനയ്യ കുമാറിനെതിരെ ദേശവിരുദ്ധ കുറ്റം ചുമത്തിയത് പൊലീസിന്‍െറ അമിതാവേശംമൂലമാണെന്ന് ആഭ്യന്തര മന്ത്രാലയം സമ്മതിക്കുമ്പോഴും ജെ.എന്‍.യു കാമ്പസിലെ സംഭവങ്ങള്‍ ആസൂത്രിതമായ ദേശദ്രോഹ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് സമര്‍ഥിക്കാനുള്ള ഗൂഢപദ്ധതിയുമായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ റെയ്ഡും അറസ്റ്റും തുടരുകയാണിപ്പോഴും. ജെ.എന്‍.യു അടക്കമുള്ള കാമ്പസുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി മാറിയിട്ടുണ്ടെന്നും രാജ്യത്തിനു പുറത്തുള്ള വിധ്വംസക ശക്തികള്‍ അതിന്‍െറ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ഥാപിച്ച് സര്‍വകലാശാലകളുടെ സ്വയംഭരണത്തെയും വിദ്യാര്‍ഥികളുടെ സ്വതന്ത്ര ചിന്തയെയും നശിപ്പിക്കുകയാണ് വലതുപക്ഷ ശക്തികളുടെ ആത്യന്തികലക്ഷ്യം. ഫണം വിടര്‍ത്തിയാടുന്ന ആസുരതക്കെതിരെ ജനാധിപത്യമാര്‍ഗത്തിലൂടെ ശക്തവും ഫലപ്രദവുമായ ചെറുത്തുനില്‍പ് അനിവാര്യമാണെന്ന് ഓര്‍മപ്പെടുത്തേണ്ടതില്ലല്ളോ.

Show Full Article
TAGS:madhyamam editorial 
Next Story