Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇടതുപക്ഷത്തെ...

ഇടതുപക്ഷത്തെ ആശയക്കുഴപ്പം

text_fields
bookmark_border
ഇടതുപക്ഷത്തെ ആശയക്കുഴപ്പം
cancel

ത്വരിത മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് തദനുസൃതമായി സ്വയം മാറുന്നതിനും പുതിയ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ളെങ്കില്‍ നിലനില്‍പും അതിജീവനവും വന്‍ തിരിച്ചടികള്‍ നേരിടേണ്ടിവരുന്ന സാഹചര്യമാണുണ്ടാവുക. പ്രതിയോഗികള്‍ അവസരവാദപരമെന്ന് അപഹസിച്ചാലും രാഷ്ട്രീയധാരയില്‍നിന്ന്  പുറംതള്ളപ്പെടാതിരിക്കണമെങ്കില്‍ അവസരത്തിനൊത്ത് ഉയരുകയും നയനിലപാടുകള്‍ ആവശ്യാനുസൃതം തിരുത്തുകയും ഇന്നലെ നിരാകരിച്ചതിനെ ഇന്ന് പുണരുകയുമൊക്കെ വേണ്ടിവരും. യഥാസമയത്തോ വൈകിയോ ഇത്തരം മാറ്റങ്ങള്‍ക്ക് വിധേയമാവാത്ത പാര്‍ട്ടികളൊന്നും രാജ്യത്തില്ളെന്നതാണ് ശരി. കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ച് ആ പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് നിഷ്കാസനം ചെയ്യാന്‍ ദീര്‍ഘകാലം പണിയെടുത്ത ഇടതുപാര്‍ട്ടികള്‍, ബി.ജെ.പിയും എന്‍.ഡി.എയും അധികാരമേല്‍ക്കുന്ന സ്ഥിതിയുണ്ടായപ്പോള്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ക്ക് തയാറായതും കോണ്‍ഗ്രസ് നിയന്ത്രിത യു.പി.എ സര്‍ക്കാറിനെ ഒമ്പതുവര്‍ഷക്കാലം പിന്തുണച്ചതും ഉദാഹരണമാണ്.

കോണ്‍ഗ്രസാകട്ടെ വികസനശത്രുക്കളും ശല്യക്കാരുമായി കണ്ട ഇടതുപക്ഷത്തിന്‍െറ പിന്തുണ സ്വീകരിക്കുന്നതില്‍ വൈമനസ്യം കാട്ടിയതുമില്ല. ജമ്മു-കശ്മീര്‍ വിഘടനവാദികളുടെ നേരെ മൃദുസമീപനം സ്വീകരിക്കുന്നുവെന്നാരോപിച്ച് അകറ്റിനിര്‍ത്തിയ പി.ഡി.പിയുമായി ഭരണം പങ്കിടാന്‍ ബി.ജെ.പി തയാറായതാണ് മറ്റൊരുദാഹരണം. ഈ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരഭ്രഷ്ടമാക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിന് സി.പി.എമ്മിന്‍െറ ബംഗാള്‍ ഘടകം ചിന്തിക്കുന്നത് അസ്വാഭാവികമാണെന്ന് പറയാന്‍ പറ്റില്ല. പക്ഷേ, ദേശീയതലത്തില്‍തന്നെ വന്‍ വിവാദ വിഷയമായിത്തീര്‍ന്നിരിക്കുന്നു സി.പി.എം ബംഗാള്‍ ഘടകത്തിന്‍െറ പുറപ്പാട്. അതേപ്പറ്റി സത്വരമായാലോചിച്ചു തീരുമാനമെടുക്കാന്‍ സി.പി.എം പോളിറ്റ് ബ്യൂറോയും സെന്‍ട്രല്‍ കമ്മിറ്റിയും ഡല്‍ഹിയില്‍ സമ്മേളിക്കുകയാണ്.

വലതുപക്ഷ പിന്തിരിപ്പന്‍ സാമ്പത്തിക നയങ്ങളും മൃദുഹിന്ദുത്വവും കൊണ്ടുനടക്കുന്ന കോണ്‍ഗ്രസിനെയും ആ പാര്‍ട്ടി നയിക്കുന്ന യു.ഡി.എഫിനെയും തറപറ്റിച്ച് ഭരണം വീണ്ടെടുക്കുകയാണ് ഉടനെ നടക്കാന്‍പോവുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സംസ്ഥാന ഘടകത്തിന്‍െറ പ്രഖ്യാപിത അജണ്ട. അതിന് തികച്ചും വിരുദ്ധമായി അതേ കോണ്‍ഗ്രസിനോട് ബംഗാളില്‍ കൈകോര്‍ക്കുന്നു എന്നുവന്നാല്‍ ഇവിടെ പ്രചാരണത്തിന്‍െറ മുനയൊടിയുകയും ജനങ്ങളില്‍ കടുത്ത ആശയക്കുഴപ്പമുണ്ടാവുകയും അത്തരമൊരവസ്ഥയില്‍നിന്ന് ബി.ജെ.പി മുതലെടുക്കുകയും ചെയ്യുമെന്ന ആശങ്കയാണ് പ്രതിസന്ധിയുടെ മര്‍മം. ഇരുസംസ്ഥാന ഘടകങ്ങളും അവരുടെ വാദഗതികള്‍ ശക്തമായിത്തന്നെ പി.ബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും മുമ്പാകെ അവതരിപ്പിക്കുന്നുണ്ട്. തീരുമാനമെടുക്കാനാവാതെ നേതാക്കളും കുഴങ്ങുകയാണ്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തോട് മമത കാണിക്കുമ്പോള്‍ കേരളത്തിന്‍െറ നിലപാടിനോടാണ് മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ ആഭിമുഖ്യം. രണ്ടിനും അതിന്‍േറതായ ന്യായീകരണവുമുണ്ട്.

ഇനിയൊരു നിയമസഭാ തെരഞ്ഞെടുപ്പില്‍കൂടി ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നാല്‍ സി.പി.എമ്മിന്‍െറ കോട്ടയായിരുന്ന പശ്ചിമ ബംഗാളില്‍ പാര്‍ട്ടിക്ക് മേല്‍വിലാസം നഷ്ടപ്പെടും എന്ന തിരിച്ചറിവ് ബംഗാള്‍ ഘടകത്തിന് മാത്രമല്ല കേന്ദ്ര നേതൃത്വത്തിനുമുണ്ട്. കോണ്‍ഗ്രസുമായി ധാരണയിലേര്‍പ്പെട്ടാല്‍ ചില സര്‍വേകള്‍ പ്രവചിക്കും പ്രകാരം ഭരണഭൂരിപക്ഷം ലഭിക്കും എന്ന കണക്കുകൂട്ടല്‍ വാസ്തവമാകണമെന്നില്ളെങ്കിലും പിടിച്ചുനില്‍ക്കാനുള്ള ശേഷി സി.പി.എമ്മിനും കോണ്‍ഗ്രസിനും കൈവന്നേക്കും. പാര്‍ട്ടി നിയമസഭക്കകത്തും പുറത്തും സജീവ സാന്നിധ്യമറിയിച്ചില്ളെങ്കില്‍ പിന്നെ ഇരുമ്പുലക്ക കണക്കെ നിലപാടില്‍ ഉറച്ചുനിന്നു എന്നവകാശപ്പെട്ടിട്ടെന്തുകാര്യം?  മറുവശത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ നിലവില്‍ ഒരേയൊരു കോട്ടയെന്ന് പറയാവുന്ന കേരളത്തെക്കൂടി പാര്‍ട്ടി എഴുതിത്തള്ളേണ്ടി വരും. ആകപ്പാടെ ചെകുത്താനും കടലിനും മധ്യേ അകപ്പെട്ട പ്രതീതി.

നിലനില്‍പിന്‍െറ പ്രശ്നം വരുമ്പോള്‍ ജനാധിപത്യവും മതനിരപേക്ഷതയും അഴിമതിവിരോധവുമൊക്കെ അര്‍ഥലോപം വന്ന വാക്കുകള്‍ മാത്രമായിത്തീരുന്നു. പശ്ചിമ ബംഗാളില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ഒരേപക്ഷത്ത് അഥവാ ഒരേ  മുന്നണിയില്‍ വന്നാല്‍ അധികാരനഷ്ടം ഭയക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പി ബാന്ധവത്തിനുപോലും ഉദ്യുക്തമാവില്ല എന്നും ഉറപ്പിക്കാന്‍ വയ്യ. മമത ബാനര്‍ജിയാണ് തൃണമൂലില്‍ എല്ലാം. ആയമ്മക്കാകട്ടെ പക്വതയുടെയോ ദീര്‍ഘദൃഷ്ടിയുടെയോ അസ്കിതകള്‍ ഇല്ലതാനും. സംസ്ഥാനത്ത് മുസ്ലിം വോട്ട് ബാങ്കാണ് നിര്‍ണായകമെങ്കിലും തൃണമൂലിലും ഇടതുമുന്നണിയിലും കോണ്‍ഗ്രസിലുമായി മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചുപോയാല്‍ അത് മതിയാവും തീവ്ര വലതുപക്ഷത്തിന്. ആത്യന്തികമായി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സാരമായ വൈവിധ്യവും വൈരുധ്യവും സൃഷ്ടിക്കുന്നതാണ് എന്നിരിക്കെ, മതനിരപേക്ഷ ജനാധിപത്യത്തിന്‍െറ വിശാലമായ അടിത്തറയില്‍ നിലയുറപ്പിച്ചുള്ള കൂട്ടുകെട്ടുകള്‍ക്കും ധാരണകള്‍ക്കും പഴുതുകളുണ്ട് എന്ന് തിരിച്ചറിയുന്നതാണ് ശരി.

Show Full Article
TAGS:madhyamam editorial 
Next Story