കുറ്റവാളിയുടെ മൊഴി ആഘോഷിക്കപ്പെടുമ്പോള്‍
text_fieldsഡേവിഡ് കോള്‍മന്‍ ഹെഡ്ലിയുടെ അവ്യക്തമായ ഒരു മൊഴിക്ക് കേന്ദ്ര ഭരണപക്ഷവും അവരുടെ രാഷ്ട്രീയ കൂട്ടാളികളും നല്‍കുന്ന പ്രചാരണംതന്നെ അതിനെ സംശയാസ്പദമാക്കുന്നു. 2004ല്‍ ഗുജറാത്ത് പൊലീസ് കൊലചെയ്ത ഇശ്റത് ജഹാന്‍ ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്ന ഹെഡ്ലിയുടെ മൊഴിയാണ് അന്തിമമായ ജുഡീഷ്യല്‍ തീര്‍പ്പെന്നോണം ആഘോഷിക്കപ്പെടുന്നത്. മുംബൈ ഭീകരാക്രമണ കേസില്‍ കുറ്റസമ്മതമൊഴി നല്‍കുകയായിരുന്നു അമേരിക്കന്‍ ജയിലിലുള്ള ഹെഡ്ലി. ഇന്ത്യയിലൊരു സ്ഥലത്ത് നടന്ന ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയ്യിബയുടെ ഒരു വനിതാ അംഗം കൊല്ലപ്പെട്ടതായി ലശ്കര്‍ തലവന്‍ മുസമ്മില്‍ ഭട്ട് പറഞ്ഞത് താന്‍ കേട്ടിരുന്നു എന്നാണ് മൊഴി. ആ അംഗത്തിന്‍െറ പേര് ഓര്‍മയില്ളെന്നുപറഞ്ഞ ഹെഡ്ലിയോട്, സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം മൂന്നു പേരുകളില്‍നിന്ന് ഒന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞു; ആ പേരുകളില്‍നിന്ന് ഹെഡ്ലി ഇശ്റതിന്‍േറത് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ നഗരത്തില്‍ ആക്രമണം നടത്തിയതിന്‍െറ പേരില്‍ പിടിയിലായയാള്‍ ദൂരെയിരുന്ന് നല്‍കുന്ന കൃത്യതയില്ലാത്ത കുറ്റസമ്മതമൊഴിക്കിടെ, സൂചനയടങ്ങുന്ന ചോദ്യത്തിന് നല്‍കിയ മറുപടിവെച്ച് ഇശ്റത് ജഹാന്‍ ലശ്കര്‍ അംഗമായിരുന്നുവെന്ന് അന്തിമവിധി പറയുകയാണ് ചിലര്‍. ഇതിന്‍െറ പിന്നിലുള്ള പ്രേരണ നീതിബോധമല്ല; രാഷ്ട്രീയമാണ്.
ഹെഡ്ലിയുടെ മൊഴിക്ക് നിയമദൃഷ്ട്യാ ഒരു വിലയുമില്ളെന്ന് നിയമ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലശ്കറുമായി ബന്ധമുണ്ടായിരുന്ന ഹെഡ്ലി പറഞ്ഞതെല്ലാം സംശയാസ്പദമാണെന്ന് ഇശ്റത് ജഹാനെ പ്രതിനിധാനംചെയ്യുന്ന അഡ്വ. വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയിലെ ഉന്നതരെയടക്കം സംരക്ഷിക്കാന്‍ ഉന്നമിട്ടുള്ളതാണ് ആ മൊഴി. 2011ല്‍ ഗുജറാത്ത് ഹൈകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തില്‍, ഇശ്റതിനെയും മറ്റും വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതാണെന്ന് കണ്ടത്തെിയതാണ്. സി.ബി.ഐയും ഇത് ശരിവെച്ചു. അതിന്‍െറ അടിസ്ഥാനത്തില്‍ അനേകം പ്രമുഖരെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇപ്പോള്‍ മുംബൈ ഭീകരാക്രമണത്തെപ്പറ്റി ഹെഡ്ലിയെ വിഡിയോവഴി ചോദ്യംചെയ്യുന്നതിന്‍െറ പശ്ചാത്തലം ഇതുകൂടിയാണ്. പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം ലശ്കറിനെക്കുറിച്ച് ചോദിക്കുന്നതിനിടെ അതിലെ വനിതാ അംഗങ്ങളിലേക്കും ഇശ്റതിലേക്കും ഹെഡ്ലിയെ നയിക്കുകയായിരുന്നു. ഏതെങ്കിലും വനിതാ ചാവേറിനെപ്പറ്റി അറിയുമോ എന്ന ചോദ്യത്തിന് അറിയില്ളെന്നായിരുന്നു മറുപടി. ഏതോ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ലശ്കര്‍ വനിതാ അംഗത്തെപ്പറ്റി സകിയ്യുര്‍റഹ്മാന്‍ ലഖ്വി ഭട്ടിനോട് പറഞ്ഞത് ഭട്ട് പിന്നീട് തന്നോട് പറഞ്ഞതായാണ് ഹെഡ്ലി ഓര്‍മിക്കുന്നത്. ഈ ഘട്ടത്തിലാണ് നിഗം ഇശ്റതിന്‍െറ പേര് അങ്ങോട്ട് പറഞ്ഞുകൊടുക്കുന്നത്. ഈയിടെ പത്മശ്രീ പുരസ്കാരം നേടിയ ഉജ്ജ്വല്‍ നിഗം ഒരുവര്‍ഷം മുമ്പ് വാര്‍ത്തയില്‍ വന്നത്, തൂക്കിക്കൊല്ലപ്പെട്ട അജ്മല്‍ കസബിനെപ്പറ്റി കള്ളം പറഞ്ഞതിന്‍െറ പേരിലാണ്. കസബിന് അനുകൂലമായി ജനവികാരം രൂപപ്പെടുന്നത് തടയാനാണത്രെ, ജയിലില്‍വെച്ച് കസബ് മട്ടന്‍ബിരിയാണിക്ക് വാശിപിടിച്ചതായി നിഗം പരസ്യപ്രസ്താവന നടത്തിയിരുന്നു. താന്‍ അന്ന് പറഞ്ഞത് അസത്യമായിരുന്നെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹംതന്നെ സമ്മതിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങളിലെ പ്രചാരണപ്രാധാന്യത്തെപ്പറ്റി നല്ല ബോധവും അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സന്നദ്ധതയുമുള്ളയാളായി അങ്ങനെ അദ്ദേഹം സ്വയം വെളിപ്പെടുകയും ചെയ്തതാണ്.
ഇശ്റതിനെക്കുറിച്ച ഹെഡ്ലിയുടെ മൊഴി കേട്ടുകേള്‍വി മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. നേരിട്ട് കാണുകയോ കേള്‍ക്കുകയോ ചെയ്യാത്തവരെ സാക്ഷിയായി നിയമം അംഗീകരിക്കുന്നില്ല. ഗുജറാത്ത് ഹൈകോടതി നേരിട്ട് നിയമിച്ച അന്വേഷണസംഘവും സി.ബി.ഐയും വ്യാജ ഏറ്റുമുട്ടലെന്ന് വിധിച്ച ശേഷം കുറ്റവാളികളെ രക്ഷിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. ബി.ജെ.പി കേന്ദ്രത്തില്‍ ഭരണമേറ്റ ശേഷം ഇത്തരം കേസുകളിലെ പ്രതികള്‍ സംരക്ഷിക്കപ്പെടുകയും രക്ഷപ്പെടുകയും ചെയ്തുവരുന്നു. സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പറഞ്ഞ പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. പ്രതിപ്പട്ടികയിലെ ഡി.ജി. വന്‍സാര, തരുണ്‍ ബാറോട്ട്, ജെ.ജി. പാര്‍മര്‍ തുടങ്ങിയവര്‍ സുരക്ഷിതരായി വിരമിച്ചു. പി.പി. പാണ്ഡേക്ക് കഴിഞ്ഞ വര്‍ഷം ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. ജി.എല്‍. സിംഘലും എന്‍.കെ. അമിനും ഉയര്‍ന്ന ലാവണങ്ങളില്‍ തുടരുന്നു. ഇത്തരം സാഹചര്യത്തില്‍, ഭീകരനായ ഒരു ജയില്‍പുള്ളിയുടെ കേട്ടുകേള്‍വിക്ക് ഹൈകോടതി നിയമിച്ച അന്വേഷകസംഘത്തെക്കാള്‍ വിശ്വാസ്യതയും നിയമസാധുതയും കല്‍പിക്കുന്നുവെങ്കില്‍ നീതിന്യായ സംവിധാനത്തെ പരിഹാസ്യമാക്കുന്നു എന്നാണര്‍ഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
