Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജെ.എന്‍.യു: ഇന്ത്യയെ...

ജെ.എന്‍.യു: ഇന്ത്യയെ നാണംകെടുത്തരുത്

text_fields
bookmark_border

രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയത്തെുടര്‍ന്ന് ഹൈദരാബാദിലെ കേന്ദ്രസര്‍വകലാശാലയിലുയര്‍ന്ന കലാപം കെട്ടടങ്ങുംമുമ്പ് രാജ്യത്തെ വിശ്വപ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലകൂടി വിവാദത്തിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്‍െറ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രതിഷേധച്ചടങ്ങാണ് ജെ.എന്‍.യുവിനെ വിവാദത്തിലാഴ്ത്തിയിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് തൊണ്ണൂറോളം വിദ്യാര്‍ഥികള്‍ സംബന്ധിച്ച പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നു പറഞ്ഞ് ദേശദ്രോഹക്കുറ്റം ചുമത്തി പരിപാടിയില്‍ പങ്കെടുത്ത കലാശാലാ യൂനിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ആറുപേര്‍ക്കെതിരെക്കൂടി കേസെടുത്തിട്ടുണ്ട്. ‘ദേശദ്രോഹികളി’ല്‍നിന്ന് ജെ.എന്‍.യുവിനെ മോചിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തന്നെയാണ് മുന്‍കൈയെടുക്കുന്നത്. ഏറ്റവുമൊടുവില്‍ അഫ്സല്‍ ഗുരു പ്രതിഷേധപരിപാടിക്ക് ലശ്കറെ ത്വയ്യിബയുടെയും ഭീകരനേതാവ് ഹാഫിസ് സഈദിന്‍െറയും പിന്തുണയുണ്ടെന്ന വാദവുമായി രാജ്നാഥ് സിങ് രംഗത്തുവന്നിരിക്കുന്നു. ഹൈദരാബാദിലെന്നപോലെ ജെ.എന്‍.യുവിലും നിസ്സാരപ്രശ്നം പര്‍വതീകരിച്ച് ബി.ജെ.പി ഹിന്ദുത്വരാഷ്ട്രീയത്തിന് മുതല്‍ക്കൂട്ടുകയാണെന്ന് പ്രതിപക്ഷകക്ഷികള്‍ ആക്ഷേപിക്കുന്നു. തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരം പ്രഖ്യാപിച്ചിരിക്കെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന ആശങ്കയുയര്‍ന്നിരിക്കുന്നു.

ആഗോളതലത്തില്‍ പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങളെ വാര്‍ത്തെടുത്ത ഇന്ത്യയുടെ അക്കാദമികരംഗത്തെ അഭിമാനസ്തംഭമാണ് ജെ.എന്‍.യു. സ്ഥാപിത ആശയഗതികള്‍ക്കും അഭിരുചികള്‍ക്കും അതീതമായി ചിന്തയിലും ആശയപ്രകാശനത്തിലും ജനാധിപത്യത്തിന്‍െറ സര്‍വസാധ്യതകളും തുറന്നിടുന്നുവെന്നതാണ് ജെ.എന്‍.യുവിന്‍െറ മുഖ്യ ആകര്‍ഷണംതന്നെ. ആര്‍ക്കും ഏതു കാര്യത്തിലും ഏതറ്റംവരെയും സംവാദമാകാം എന്ന ജെ.എന്‍.യുവിലെ തുറന്ന രാഷ്ട്രീയ ചര്‍ച്ചാന്തരീക്ഷത്തില്‍ പതിവു പരിപാടികളിലൊന്നു മാത്രമായിത്തീരേണ്ടിയിരുന്ന ചടങ്ങാണ് ഇപ്പോള്‍ പ്രശ്നവത്കരിച്ചിരിക്കുന്നത്. ദേശദ്രോഹപ്രവര്‍ത്തനം ആര്, എവിടെ നടത്തിയാലും തടയേണ്ടതുതന്നെ. എന്നാല്‍, ഇടതു മിതവാദികളും ആത്യന്തികവാദികളും സംഘ്പരിവാര്‍ ശക്തികളുമടക്കം അന്യോന്യം ദഹിക്കാത്ത പല പരിപാടികളും ജെ.എന്‍.യു കാമ്പസില്‍ നടത്താറുണ്ട്. താത്ത്വികസംവാദങ്ങളുടെ തലം വിട്ട് അതു മറ്റു തലങ്ങളിലേക്കു വഴിതെറ്റാത്തതു കൊണ്ടുതന്നെ അതില്‍ പുറം ഇടപെടലുകളോ പ്രശ്നങ്ങളോ ഉണ്ടാകാറില്ല. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ചും ദന്തേവാഡയില്‍ സി.ആര്‍.പി.എഫിനെതിരായ ആക്രമണത്തില്‍ ‘ആഘോഷിച്ചു’മൊക്കെ പരിപാടികള്‍ നടന്ന കാമ്പസിലെ ചെറുചടങ്ങില്‍ പിടിച്ച് സ്ഥാപനത്തില്‍ ദേശദ്രോഹികള്‍ കൂടുകെട്ടിയെന്ന മട്ടില്‍ പ്രചാരണത്തിനും പ്രതിരോധത്തിനും ഇറങ്ങിത്തിരിച്ച സംഘ്പരിവാര്‍ ശക്തികളും അതിന്‍െറ ചുവടൊപ്പിച്ചു നീങ്ങുന്ന കേന്ദ്ര ഭരണകൂടവുമാണ് പ്രശ്നം സങ്കീര്‍ണമാക്കിയിരിക്കുന്നത്.

ദേശദ്രോഹ പ്രവര്‍ത്തനം പറഞ്ഞ് കാമ്പസില്‍ റെയ്ഡ് നടത്തി വിദ്യാര്‍ഥികളെ അറസ്റ്റ്ചെയ്യാനും സമീപസംസ്ഥാനങ്ങളിലും വിമാനത്താവളങ്ങളിലുമൊക്കെ ജാഗ്രതാനിര്‍ദേശം നല്‍കി അവര്‍ക്ക് തടവറയൊരുക്കാനും മാത്രം ‘വകയില്ലാത്ത’താണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ ഒത്താശയോടെ നടന്നുവരുന്ന ഓപറേഷനെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരായ പ്രതിഷേധം ദേശദ്രോഹകരമായിത്തീരുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ ബി.ജെ.പിക്കും എ.ബി.വി.പിക്കും ബാധ്യതയുണ്ട്. ഗുരുവിന്‍െറ തൂക്കിക്കൊലയെ വന്‍ അപരാധമായിക്കണ്ട് പ്രതിഷേധിക്കുകയും മൃതദേഹം കശ്മീരിലേക്ക് വിട്ടുകിട്ടണമെന്ന് വാദിക്കുകയും ചെയ്യുന്ന പി.ഡി.പിയെ ഭരണത്തില്‍ കൂട്ടുപിടിച്ച കക്ഷിയാണല്ളോ ബി.ജെ.പി. രാജ്യത്തിനും ഭരണകൂടത്തിനുമെതിരെ മുദ്രാവാക്യം മുഴക്കുന്നത് ജീവപര്യന്തത്തടവിനുവരെ വഴിയൊരുക്കുന്ന രാജ്യദ്രോഹമായിരുന്നത് കൊളോണിയല്‍ കാലത്തായിരുന്നു. 1962ല്‍ സുപ്രീംകോടതി ഇതിന് വ്യാഖ്യാനം നല്‍കിയിട്ടുണ്ട്.

ജനക്കൂട്ടത്തെ ഇളക്കിവിടാനോ ആക്രമണത്തിന് പ്രേരിപ്പിക്കാനോ ഉദ്ദേശിച്ച് പറയുന്ന വാക്കുകള്‍ മാത്രമേ ദേശദ്രോഹകരമായിത്തീരൂ എന്നാണ് കോടതി വിശദീകരണം. കനയ്യ കുമാറും കൂട്ടുകാരും സംഘടിപ്പിച്ച പരിപാടി ആക്രമണത്തിന് പ്രേരിപ്പിക്കാത്തിടത്തോളം കുറ്റകരമോ ദേശദ്രോഹകരമോ എന്നു പറയാനാവില്ല. പറയപ്പെട്ട പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതാര് എന്നതും ദുരൂഹമാണെന്നും വാര്‍ത്തയുണ്ട്. ഏതായാലും അതുകൊണ്ടുമാത്രം കേന്ദ്രം ഇപ്പോള്‍ കൈയാളുന്നതുപോലുള്ള ഗൗരവമായ വകുപ്പുകള്‍ ചുമത്തി വിദ്യാര്‍ഥികളെ ശിക്ഷിക്കാനുള്ള പഴുതില്ളെന്നു തന്നെയാണ് സുപ്രീംകോടതിയിലെയും മറ്റും അഭിഭാഷക പ്രമുഖര്‍ വാദിക്കുന്നത്. ഇത്രയും ബാലിശമായൊരു കേസുമായി മുന്നോട്ടുനീങ്ങുന്നത് ജെ.എന്‍.യു എന്ന വിശ്വോത്തര സ്ഥാപനത്തിന്‍െറ മാത്രമല്ല, ഇന്ത്യയുടെകൂടി പ്രതിച്ഛായയായിരിക്കും കളങ്കപ്പെടുത്തുകയെന്ന് തിരിച്ചറിയാന്‍ കേന്ദ്രം ഇനിയും അമാന്തിക്കരുത്.

Show Full Article
TAGS:madhyamam editorial 
Next Story