Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജനങ്ങളെ

ജനങ്ങളെ കബളിപ്പിക്കരുത്

text_fields
bookmark_border
ജനങ്ങളെ കബളിപ്പിക്കരുത്
cancel

1967ല്‍ കേരളത്തില്‍ അധികാരമേറ്റ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍െറ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭ അതേവരെ നിലവിലിരുന്ന മദ്യനിരോധം റദ്ദാക്കിയത് മുതല്‍ സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ പടിപടിയായുള്ള മദ്യനിരോധവും മദ്യവര്‍ജനവും വാഗ്ദാനം ചെയ്യാതെ ഒരു തെരഞ്ഞെടുപ്പും കഴിഞ്ഞുപോയിട്ടില്ല. അതിനിടെ, മദ്യനിരോധത്തെപ്പറ്റി പഠിക്കാന്‍ നിയുക്തമായ ഉദയഭാനു കമീഷന്‍ ഘട്ടംഘട്ടമായുള്ള മദ്യനിരോധം ശിപാര്‍ശയും ചെയ്തു. പിന്നീട് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ അത് നടപ്പാക്കുമെന്ന ഉറപ്പാണ് സ്ഥിരമായി സ്ഥലംപിടിച്ചുതുടങ്ങിയത്. ബജറ്റുകളില്‍ മദ്യവര്‍ജനത്തെക്കുറിച്ച ബോധവത്കരണത്തിന് നാമമാത്ര വിഹിതം നീക്കിവെക്കുന്നതും പതിവായി. യഥാര്‍ഥത്തില്‍ ഇടത്-വലത് മുന്നണികള്‍ക്കോ അവയുടെ സര്‍ക്കാറുകള്‍ക്കോ മദ്യനിരോധത്തോട് ആത്മാര്‍ഥമായ പ്രതിബദ്ധതയില്ളെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞതാണ്.

മദ്യവ്യവസായികളില്‍നിന്നും ബാറുടമകളില്‍നിന്നും സര്‍ക്കാറിന് റവന്യൂ ഇനത്തില്‍ ലഭിക്കുന്ന വന്‍ തുക മാത്രമല്ല ഇതിന് കാരണം. നൂറുകണക്കിനാളുകളുടെ ജീവന്‍ അപഹരിച്ചതും ഒട്ടേറെ പേരെ വികലാംഗരാക്കി മാറ്റിയതുമായ നിരവധി മദ്യദുരന്തങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിച്ചിട്ടും മന്ത്രിമാര്‍ക്കും പാര്‍ട്ടികള്‍ക്കും അധികാര ദല്ലാളുമാര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന മാസപ്പടികളും വന്‍ കോഴകളുമാണ് ഇലക്ഷന്‍ മാനിഫെസ്റ്റോയിലെ ഉറപ്പുകള്‍ കുറുപ്പിന്‍െറ ഉറപ്പായിത്തീരാന്‍ മുഖ്യ കാരണമെന്നത് പരക്കെ അറിയാവുന്ന സത്യമാണ്. ഏറ്റവുമൊടുവില്‍ നിലവാരമില്ലാത്ത ബാര്‍ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവിട്ടതു മുതല്‍ സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടേ തുടരുന്ന ബാര്‍കോഴ വിവാദങ്ങള്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരുമടക്കം എല്ലാവരുടെയും തൊലിയുരിക്കുന്നതാണ്.

കെ.പി.സി.സി പ്രസിഡന്‍റായി അവരോധിതനായ വി.എം. സുധീരന്‍െറ ഉറച്ച നിലപാടുമൂലം പൂട്ടിയ ബാറുകള്‍ തുറപ്പിക്കാനാവാത്ത പ്രതിസന്ധിയെ മറികടക്കാനും അദ്ദേഹത്തെ കടത്തിവെട്ടാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂട്ടുകാരും കണ്ടുപിടിച്ച വിദ്യയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളൊഴിച്ചുള്ള ഹോട്ടലുകളിലെല്ലാം ബാറുകള്‍ക്ക് താഴിടാനെടുത്ത തീരുമാനമെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍, ഘട്ടംഘട്ടമായി മദ്യനിരോധം നടപ്പാക്കാനുള്ള യു.ഡി.എഫ് വാഗ്ദാനത്തിന്‍െറ പാലനമാണിതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതേയവസരത്തില്‍ മൂന്നും നാലും നക്ഷത്രപദവിയുള്ള ബാറുകള്‍ക്ക് വൈന്‍-ബിയര്‍ ലൈസന്‍സുകള്‍ സുലഭമായി അനുവദിച്ചിട്ടുമുണ്ട്. എങ്കിലും മദ്യനിയന്ത്രണത്തിനുശേഷം മലയാളികളുടെ മദ്യപാനം എട്ടു ശതമാനത്തോളം കുറഞ്ഞിട്ടുണ്ടത്രെ.

ഗാര്‍ഹിക പീഡനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വാഹനാപകടങ്ങളുടെയും ഗ്രാഫ് കുത്തനെ ഉയര്‍ത്തുന്ന മദ്യപാനം എത്രയുംവേഗം എത്രയും കാര്യക്ഷമമായി തടയപ്പെടണമെന്നാഗ്രഹിക്കുന്നവരാണ് സ്ത്രീകളും കുട്ടികളുമടക്കം ബഹുഭൂരിഭാഗം ജനങ്ങളും. അതുണ്ടാക്കുന്ന റവന്യൂ നഷ്ടത്തെക്കാള്‍ എത്രയോ വലുതാണ് മദ്യ പിശാചിന്‍െറ താണ്ഡവംമൂലമുണ്ടാവുന്ന ദ്രവ്യനഷ്ടവും സൈ്വരജീവിതത്തിനുനേരെ ഉയരുന്ന ഭീഷണികളും. പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിന് തിരശ്ശീല ഉയരാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ മദ്യനിരോധക്കാര്യത്തില്‍ ഒരിക്കല്‍ക്കൂടി ജനങ്ങളെ വഞ്ചിക്കാനും കബളിപ്പിക്കാനുമാണോ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തയാറെടുക്കുന്നത് എന്നറിയേണ്ടതുണ്ട്. തങ്ങളുടെ മദ്യനയം വിജയിച്ചുവെന്ന് വിളിച്ചുകൂവുന്ന യു.ഡി.എഫ്, ബാര്‍കോഴ ആരോപണങ്ങളിലൂടെ തകര്‍ന്നുതരിപ്പണമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഉന്നതരുള്‍പ്പെടെ കളങ്കിതരായവരെ വീണ്ടും മത്സരരംഗത്തിറക്കുമോ എന്നറിയണം. സമ്പൂര്‍ണ മദ്യനിരോധത്തിന് ഉറച്ച നടപടികളുണ്ടാവുമോ എന്നും വ്യക്തമാക്കപ്പെടണം.

അതുപോലെ ഓരോ സര്‍ക്കാറിനും പ്രത്യേക മദ്യനയമുണ്ടാവും, മദ്യവര്‍ജനമാണ് ഇടതുമുന്നണിയുടെ നയം, സമ്പൂര്‍ണ മദ്യനിരോധം അപ്രായോഗികമാണ് എന്നൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കാനം രാജേന്ദ്രനുമൊക്കെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാതെ എല്‍.ഡി.എഫിന്‍െറ മദ്യനയം സുതാര്യമായി അവതരിപ്പിക്കേണ്ട സമയമാണിത്. മദ്യവര്‍ജനം വ്യക്തികള്‍ സ്വീകരിക്കേണ്ടതാണ്, സര്‍ക്കാറുകള്‍ നടപ്പാക്കേണ്ടതല്ല. മദ്യവര്‍ജനത്തെക്കുറിച്ച് ബോധവത്കരിക്കാനെന്നും പറഞ്ഞ് നീക്കിവെച്ച ബജറ്റ് വിഹിതങ്ങള്‍ കഴിഞ്ഞ കാലത്ത് ലാപ്സാകുകയേ ചെയ്തിട്ടുള്ളൂ. ഒരു കുട്ടിയെപ്പോലും മദ്യാസക്തിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സര്‍ക്കാറുകള്‍ക്ക് സാധിച്ച ചരിത്രവുമില്ല. മദ്യത്തിന്‍െറ ലഭ്യത പരമാവധി കുറക്കുക തന്നെയാണ് അതിന്‍െറ വ്യാപനവും ഉപഭോഗവും കുറച്ചുകൊണ്ടുവരാനുള്ള ഫലപ്രദമായ വഴി. അതിന് ഇടതുമുന്നണിക്കാര്‍ തയാറില്ളെങ്കില്‍ അക്കാര്യം തുറന്നുപറയുന്നതാണ് സത്യസന്ധത. പതിനൊന്നാം മണിക്കൂറിലെ അഴകൊഴമ്പന്‍ വര്‍ത്തമാനങ്ങളുടെ ലക്ഷ്യംതന്നെ ബാറുടമകളുടെ വന്‍ സംഭാവനകളാണെന്ന് ജനം ധരിച്ചുവശായാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. വ്യാജമദ്യരാജന്‍ മണിച്ചന്‍െറ കുപ്രസിദ്ധ മാസപ്പടി പട്ടികയില്‍ ഇടത്-വലത് നേതാക്കള്‍ ഒരുപോലെ ഉണ്ടായിരുന്ന കാര്യം കേരളം മറന്നിട്ടില്ളെന്നോര്‍ക്കണം.

Show Full Article
TAGS:madhyamam editorial 
Next Story