Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right‘ധര്‍മത്തെ അധര്‍മം...

‘ധര്‍മത്തെ അധര്‍മം മറികടക്കുന്നു’

text_fields
bookmark_border
‘ധര്‍മത്തെ അധര്‍മം മറികടക്കുന്നു’
cancel

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്യുന്ന രണ്ട് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍. അവരില്‍ നിനോ മാത്യു എന്ന പുരുഷനു ഭാര്യയും മകളുമുണ്ട്. അനുശാന്തി എന്ന വനിതക്കുമുണ്ട് ഭര്‍ത്താവും മൂന്നര വയസ്സുള്ള കുഞ്ഞും. മാന്യമായി കുടുംബജീവിതം നയിക്കാന്‍ സഹായകമായ സാഹചര്യം. പക്ഷേ, രണ്ടുപേരും തെരഞ്ഞെടുത്തത് അവിഹിതബന്ധത്തിന്‍െറ അപകടകരമായ വഴി. ആ ബന്ധത്തിന്‍െറ ഭവിഷ്യത്തുകളെക്കുറിച്ച് നിനോ മാത്യുവിനെ അധ്യാപകനായ പിതാവ് വേണ്ടവിധം ഗുണദോഷിക്കുകയും ബോധവത്കരിക്കുകയും ചെയ്തിട്ടും വിവേകത്തിന്‍െറ വഴിയിലേക്ക് അയാള്‍ വന്നില്ല. അനുശാന്തിക്കാവട്ടെ കെ.എസ്.ഇ.ബി.യിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ലിജീഷിന്‍െറയും നൊന്തുപെറ്റ ഏക മകള്‍ സ്വാസ്തികയുടെയും കഥകഴിച്ചിട്ടായാലും തന്‍െറ ജാരനുമായി നിര്‍ബാധ സമ്പര്‍ക്കം തുടരണമെന്ന പൈശാചിക ചിന്തയാണുണ്ടായത്. അങ്ങനെ രണ്ടുപേരും നടത്തിയ ആസൂത്രണ ഫലമായി 2014 ഏപ്രില്‍ 16ന് നടന്ന അതിക്രൂരമായ ഇരട്ടക്കൊലയാണ് ആറ്റിങ്ങലിനെ മാത്രമല്ല സംസ്ഥാനത്തെയാകെ ഞെട്ടിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കുറ്റമറ്റതും അതീവ ജാഗരൂകവുമായ അന്വേഷണത്തിനൊടുവില്‍ സത്യം പുറത്തുവരുകയും സാങ്കേതികവിദ്യയുടെ സഹായത്തോടെ കേസ് തെളിയിക്കപ്പെടുകയും ചെയ്തതിന്‍െറ പരിണതിയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷിര്‍സി പുറപ്പെടുവിച്ച വിധി. അതുപ്രകാരം നേരിട്ട് കൊലപാതകങ്ങള്‍ നടത്തിയ നിനോ മാത്യുവിന് തൂക്കുമരവും കുറ്റകൃത്യം നേരിട്ട് നടത്തിയിട്ടില്ലാത്ത അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തടവുമാണ് ലഭിച്ച ശിക്ഷ. വിരിയുന്ന മൊട്ടുപോലുള്ള മൂന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയ രീതിയെ സമാനതകളില്ലാത്ത ക്രൂരത എന്ന് വിശേഷിപ്പിച്ച ന്യായാധിപ, അറേബ്യയിലെ മുഴുവന്‍ സുഗന്ധങ്ങളുപയോഗിച്ച് കഴുകിയാലും പോകുന്നതല്ല ഈ പാപക്കറ എന്നുകൂടി അഭിപ്രായപ്പെട്ടിരിക്കുന്നു. അറുകൊല ചെയ്യപ്പെട്ട കുഞ്ഞിന്‍െറ മാതാവ് അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണെന്നും അവര്‍ നിരീക്ഷിച്ചു. ‘ധര്‍മത്തെ അധര്‍മം മറികടന്ന കേസാണിത്’ എന്നും ജഡ്ജി വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതെ, അതുതന്നെയാണ് സാക്ഷര പ്രബുദ്ധ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ധര്‍മത്തെ അധര്‍മം അതിജയിക്കുകതന്നെയാണ്. വിദ്യയും ഉദ്ബുദ്ധതയും ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുംതോറും ക്രിമിനലിസവും ലൈംഗിക അരാജകത്വവും സദാചാരത്തകര്‍ച്ചയും കുടുംബജീവിതത്തിനും സമാധാനത്തിനും ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊലയിലെ ഒന്നാംപ്രതിയെ കോടതി മരണശിക്ഷക്ക് വിധിച്ചിരിക്കുന്നത്. എന്നാല്‍, ഇത്രത്തോളം മനുഷ്യത്വരഹിതമായ പരിണതിയിലത്തെിയില്ളെങ്കിലും നമ്മുടെ സാമൂഹികബന്ധങ്ങളില്‍ പൊതുവിലും കുടുംബജീവിതത്തില്‍ വിശേഷിച്ചും അപരിഹാര്യമായ താളപ്പിഴകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ആര്‍ക്കും കാണാന്‍ കഴിയും. ഒരുവശത്ത് ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ ഉന്നത ശ്രേണികളിലത്തെിയവര്‍ ജോലിയിടങ്ങളിലെ പിരിമുറുക്കവും സമ്മര്‍ദവുംമൂലം അനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങള്‍. മറുവശത്ത് സാമ്പ്രദായിക സദാചാര മൂല്യങ്ങളിലുള്ള വിശ്വാസം തകരുകയും പുരോഗമനത്തിന്‍െറയും പരിഷ്കാരത്തിന്‍െറയും പേരില്‍ ബോധപൂര്‍വം പ്രചരിപ്പിക്കപ്പെടുന്ന അനാര്‍ക്കിസത്തിന്‍െറ ദുസ്സ്വാധീനം. സര്‍ക്കാറുകളെയും ബ്യൂറോക്രസിയെയും നയിക്കുന്നവര്‍ക്കും ജനാഭിപ്രായം രൂപവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കുള്ള മാധ്യമങ്ങള്‍ക്കുമാവട്ടെ ഇത് അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന ബോധംപോലും ഇല്ലതാനും. പകരം തിന്മയെ തടയുന്നവരുടെ പിന്നില്‍ സദാചാര പൊലീസിനെ കണ്ടത്തൊനും ബഹളം വെക്കാനുമാണ് താല്‍പര്യം. അധാര്‍മിക-അസാന്മാര്‍ഗിക പ്രവണതകള്‍ ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത് ഐ.ടി മേഖലയിലാണെന്ന് പഠനങ്ങള്‍ അനാവരണം ചെയ്യുന്നു. കൈയില്‍ യഥേഷ്ടം പണം, സംതൃപ്തമായ കുടുംബ ജീവിതത്തിന് സമയമനുവദിക്കാത്ത ജോലിഭാരം. ഒപ്പം ഇന്‍റര്‍നെറ്റിലൂടെ പതഞ്ഞൊഴുകുന്ന ലൈംഗിക പ്രലോഭനങ്ങളും. ഇവയൊക്കെയാണത്രെ ഐ.ടി മേഖലയില്‍ വര്‍ധിച്ചുവരുന്ന ദാമ്പത്യത്തകര്‍ച്ചയുടെ കാരണങ്ങള്‍. മലയാളി ഐ.ടി പ്രഫഷനലുകള്‍ക്കിടയിലെ വിവാഹമോചനങ്ങളുടെ എണ്ണം രണ്ടു വര്‍ഷത്തിനകം 280ല്‍നിന്ന് 2500ലധികമായാണ് വര്‍ധിച്ചതെന്ന് വനിതാ കമീഷന്‍ അധ്യക്ഷയായിരുന്നപ്പോള്‍ ജസ്റ്റിസ് ശ്രീദേവി ചൂണ്ടിക്കാട്ടിയത് ഇവിടെ ഓര്‍ക്കാവുന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കേരളത്തില്‍ മൂന്നു മുന്നണികളും പുറത്തിറക്കുന്ന പ്രകടനപത്രികകളില്‍ പാലും തേനും ഒഴുക്കുമെന്ന മധുരമനോഹര സ്വപ്നം പരമാവധി വശ്യമായി അവതരിപ്പിച്ചിരിക്കും. എന്നാല്‍, അനുദിനം വിനാശത്തിലേക്ക് കുതിക്കുന്ന യുവതലമുറയുടെ അധാര്‍മിക ചിന്തകളും ചെയ്തികളും ഫലപ്രദമായി തടഞ്ഞുനിര്‍ത്താനുള്ള ഒരു നടപടിയും നിര്‍ദേശിക്കപ്പെടുകയില്ളെന്ന് തീര്‍ച്ച. ക്ഷുഭിത യൗവനം തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്തില്ളെങ്കിലോ? മത, ധാര്‍മിക, സാംസ്കാരിക രംഗങ്ങളിലെ മനുഷ്യസ്നേഹികളെങ്കിലും ഈ പോക്കിനെതിരെ രംഗത്തിറങ്ങാന്‍ നിശ്ചയദാര്‍ഢ്യം കാണിച്ചേ പറ്റൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story