ചട്ടങ്ങള്‍ക്കും മേലെ സമാന്തര ഭരണകൂടം?
text_fieldsഒരു പൂരം കണ്ടാല്‍ വേറെ നൂറില്‍പരം ജീവന്‍ നഷ്ടപ്പെട്ടത് മറന്നുപോകുന്ന പാവം മാനവഹൃദയത്തെപ്പറ്റി ഒരു കവിയും പാടിയിട്ടില്ല. പക്ഷേ, കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ദുരന്തത്തെ മറവിയിലേക്ക് തട്ടിയൊതുക്കാന്‍ തൃശൂര്‍പൂരത്തിന്‍െറ ഗരിമ നമ്മെ പ്രാപ്തരാക്കുന്നുണ്ടോ എന്ന സംശയം, നമ്മുടെ മുന്‍ഗണനാക്രമത്തെ പറ്റിയുള്ള ചോദ്യത്തില്‍ വീണ്ടുമത്തെിക്കുന്നു. ചട്ടങ്ങളും നിയമങ്ങളുമോ അതോ അവസരത്തിനൊത്ത താല്‍ക്കാലിക തീര്‍പ്പുകളോ നമ്മെ ഭരിക്കേണ്ടതെന്ന ചോദ്യവും ഉയരുന്നു. കൊല്ലത്ത് ഉദ്യോഗസ്ഥര്‍ ചട്ടംപറഞ്ഞ് മത്സരക്കമ്പത്തിന് വിലങ്ങുതീര്‍ത്തപ്പോള്‍ രാഷ്ട്രീയക്കാരും മറ്റും വാക്കാല്‍ കല്‍പനകളിലൂടെ ചട്ടലംഘനത്തിന് കൂട്ടുനിന്നു എന്ന റിപ്പോര്‍ട്ടുകളില്‍ നമ്മുടെ ഇന്നത്തെ ദുരവസ്ഥ പ്രതിഫലിക്കുന്നുണ്ട്. നിയമമില്ലാത്തതല്ല അത് അനുസരിക്കാത്തതാണ് പ്രശ്നം എന്ന അവസ്ഥ. അനുസരിക്കാത്തത് സാധാരണക്കാരല്ല പ്രമാണിമാരും ഭരണകര്‍ത്താക്കളുമാണ് എന്ന അവസ്ഥ. നിയമങ്ങള്‍ക്കും മീതെ സമ്മര്‍ദങ്ങളുടെയും തല്‍ക്കാല തീര്‍പ്പുകളുടെയും അരാജകത്വത്തിന്‍െറയും സമാന്തരഭരണമാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്. ആരോഗ്യം, സുരക്ഷ, അന്തരീക്ഷ സുസ്ഥിതി തുടങ്ങിയ എല്ലാ പരിഗണനകളെയും ചട്ടങ്ങളെയും മറികടക്കാന്‍ ശേഷിയുണ്ട് ആ സമാന്തര ഭരണത്തിന്.
നാട് കടുത്ത വരള്‍ച്ചയിലൂടെ കടന്നുപോവുകയാണ്. കുടിവെള്ളം കിട്ടാത്തതിന്‍െറ പേരില്‍ കലാപംവരെ നടക്കുന്ന ലാത്തൂരില്‍ വരള്‍ച്ചാ ദുരിതാശ്വാസമാര്‍ഗങ്ങള്‍ പഠിക്കാനും ജലക്ഷാമം പരിഹരിക്കുന്നതിന് വഴികണ്ടത്തൊനും മഹാരാഷ്ട്ര മന്ത്രി ഏക്നാഥ് ഖദ്സെ പ്രത്യേക ഹെലികോപ്ടര്‍ പിടിച്ചു. കോപ്ടറിനിറങ്ങാന്‍ 10,000 ലിറ്റര്‍ വെള്ളമാണ് ഹെലിപാഡിലൊഴിച്ചത്. ജലക്ഷാമം പരിഹരിക്കാന്‍ ഇത്തരമാളുകള്‍ വരാതിരിക്കലാണ് ഭേദമെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാന്‍ സംഭവം കാരണമായി. കൊല്ലം ദുരന്തസ്ഥലം സന്ദര്‍ശിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും മറ്റും നീട്ടിവെച്ചിരുന്നെങ്കില്‍ ദുരന്തബാധിതരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞേനെ എന്ന് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് മേധാവികളും അഭിപ്രായപ്പെട്ടതും നമ്മുടെ അട്ടിമറിയുന്ന മുന്‍ഗണനയിലേക്കാണ് വിരല്‍ചൂണ്ടിയത്. ജനങ്ങള്‍ കുടിവെള്ളമില്ലാതെ വലയുമ്പോള്‍ ഐ.പി.എല്‍ ക്രിക്കറ്റിനുവേണ്ടി മഹാരാഷ്ട്രയിലെ സ്റ്റേഡിയങ്ങളില്‍ വെള്ളം വന്‍തോതില്‍ ഉപയോഗിക്കാനുള്ള തീരുമാനം ഒടുവില്‍ മാറ്റിയെന്നത് ശരി-ബോംബെ ഹൈകോടതി ഇടപെട്ട് മത്സരങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റിക്കുകയായിരുന്നു. കോടതി അധികാരപരിധി ലംഘിക്കുന്നു എന്നൊക്കെ മുറുമുറുപ്പുണ്ടായെങ്കിലും മേലാളരുടെ മുന്‍ഗണനയിലെ ഗുരുതരമായ പിഴവ് തിരുത്തപ്പെട്ടു.
ജലവിനിയോഗത്തിലെ ഗുരുതരമായ തെറ്റുകള്‍ വേറെയുമുണ്ട്. കുടിവെള്ളമില്ലാതാക്കി ശീതളപാനീയമുണ്ടാക്കുന്ന ‘പ്ളാച്ചിമട’ മാതൃക ഒറ്റപ്പെട്ടതല്ല; എല്ലായിടത്തും ചെറുത്തുനില്‍പുകള്‍ വിജയിക്കുന്നുമില്ല. താപവൈദ്യുതി നിലയങ്ങള്‍ ജലവിനിയോഗത്തില്‍ പാലിക്കേണ്ട പരിധികള്‍ സംബന്ധിച്ച് ഈയിടെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ രംഗത്തും ചട്ടങ്ങളെ മറികടക്കാന്‍ ത്രാണിയുള്ള വന്‍കിട കോര്‍പറേറ്റുകളാണ് അപ്പുറത്ത്. ഗുജറാത്തിലെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ (സെസ്) പരിമിതമായ ചട്ടങ്ങള്‍പോലും പാലിക്കപ്പെടാത്തതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത് കഴിഞ്ഞദിവസമാണ്. മുന്ദ്രയില്‍ അദാനി ഗ്രൂപ് കമ്പനികള്‍ (ഇവയില്‍ ഒന്ന് അദാനിയുടെ തുറമുഖമാണ്) സൃഷ്ടിക്കുന്ന പരിസ്ഥിതി-സാമൂഹിക പ്രശ്നങ്ങള്‍ മറച്ചുപിടിക്കാനാവാത്തത്ര വലുതായിരിക്കുന്നുവത്രെ. കണ്ടല്‍ക്കാടുകളുടെ വ്യാപകമായ നശീകരണമടക്കം വന്‍തോതിലുള്ള പരിസ്ഥിതിത്തകര്‍ച്ച 2010ല്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ചട്ടലംഘനങ്ങള്‍ തിരുത്തപ്പെട്ടില്ല. ഡല്‍ഹിയില്‍ ‘ആര്‍ട്ട് ഓഫ് ലിവിങ്’ സാംസ്കാരിക പരിപാടിക്കുവേണ്ടി പരിസ്ഥിതിച്ചട്ടങ്ങള്‍ ലംഘിച്ചതിന് ഹരിത ട്രൈബ്യൂണലിന്‍െറ എതിര്‍പ്പ് ചെറിയ പിഴയിലൊതുങ്ങിയതും ചട്ടങ്ങളെക്കാള്‍ ശക്തിയുള്ള സമ്മര്‍ദങ്ങളുടെ ഫലമായിട്ടാവണം.
ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ആഗോള ‘പരിസ്ഥിതിനീതി’ അറ്റ്ലസ് (ഇ.ജെ. അറ്റ്ലസ്) ചൂണ്ടിക്കാട്ടുന്നത്, മറ്റേതൊരു രാജ്യത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ പരിസ്ഥിതിസംഘര്‍ഷങ്ങള്‍ ഇന്ത്യയിലുണ്ടെന്നാണ്. പരിസ്ഥിതിയെച്ചൊല്ലി ലോകത്തൊട്ടാകെ 1703 സംഘര്‍ഷങ്ങളുള്ളപ്പോള്‍ അതില്‍ 222 എണ്ണം ഇന്ത്യയിലാണ് -അതില്‍തന്നെ 27 ശതമാനം വെള്ളത്തെച്ചൊല്ലിയുള്ളതും. പരിസ്ഥിതിയെ അപകടപ്പെടുത്തുന്നതും ദുഷിപ്പിക്കുന്നതും പ്രമാണിമാരും ഭരണകര്‍ത്താക്കളുമാകുമ്പോള്‍ തിരുത്തലുകളുണ്ടാകാതെ പോകുന്നു. ജനങ്ങളുടെ ജീവനെക്കാള്‍ വലുത് രാഷ്ട്രീയസൗകര്യം നോക്കിയുള്ള നീക്കുപോക്കുകളാകുന്നു. നിലനില്‍ക്കുന്ന പരിസ്ഥിതി സംസ്കാരത്തിനുമേല്‍ താല്‍ക്കാലികമായ വൈകാരിക മുദ്രാവാക്യങ്ങള്‍ ജയംനേടുന്നു. നമ്മുടെ തീരുമാനങ്ങളെയും കൂട്ടായ ചെയ്തികളെയും നയിക്കുന്ന ഈ സംസ്കാരച്യുതി എപ്പോഴും ഒരുപക്ഷേ, ഒരു മത്സരക്കമ്പത്തില്‍ കുറെപേരെ ഒരുമിച്ച് കൊന്നൊടുക്കിയെന്ന് വരില്ല-പകരം അല്‍പാല്‍പമായി നമ്മെ കാര്‍ന്നുകാര്‍ന്നു തീര്‍ക്കുമെന്ന് തീര്‍ച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
