Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപാരസ്പര്യമില്ലാത്ത...

പാരസ്പര്യമില്ലാത്ത സൈനിക സഹകരണ കരാര്‍

text_fields
bookmark_border
പാരസ്പര്യമില്ലാത്ത സൈനിക സഹകരണ കരാര്‍
cancel

ഇന്ത്യയും അമേരിക്കയും മിലിട്ടറി ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് എഗ്രിമെന്‍റ് അഥവാ പരസ്പര സൈനിക വിന്യാസ സഹകരണ കരാര്‍ ഒപ്പുവെക്കാന്‍ ധാരണയായതായി, ഒരു കൊല്ലത്തിനിടെ രണ്ടാംതവണ ന്യൂഡല്‍ഹിയില്‍ എത്തിയ യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ വെളിപ്പെടുത്തിയതോടെ ദീര്‍ഘകാലമായി ലോക വന്‍ശക്തി ഇന്ത്യയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്ന സൈനിക സഖ്യത്തിന്‍െറ  പ്രയോഗവത്കരണത്തിലേക്ക് സുപ്രധാന കാല്‍വെപ്പ് യാഥാര്‍ഥ്യമായിക്കഴിഞ്ഞു എന്നുവേണം മനസ്സിലാക്കാന്‍. കരാര്‍ ഒപ്പിടുന്നതോടെ പ്രായോഗികാവശ്യങ്ങള്‍ക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗപ്പെടുത്താന്‍ വഴിയൊരുങ്ങും. അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും അമേരിക്കന്‍ സൈനികര്‍ക്കും യാത്രാമധ്യേ ഇന്ത്യന്‍ സന്നാഹങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവസരം ലഭിക്കും. ഇന്ത്യന്‍ വ്യോമ, സമുദ്രാതിര്‍ത്തിക്കുള്ളില്‍ അമേരിക്കന്‍ യുദ്ധസന്നാഹങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കും.

അറ്റകുറ്റപ്പണികള്‍ക്കും താല്‍കാലിക ക്രമീകരണങ്ങള്‍ക്കും ഇന്ത്യന്‍ താവളങ്ങള്‍ അമേരിക്കക്ക് ഉപയോഗിക്കാം.  കരാര്‍ പ്രകാരം ഇതേ സൗകര്യങ്ങള്‍ ഇന്ത്യന്‍ സേനക്ക് അമേരിക്കന്‍ താവളങ്ങളിലും ലഭിക്കുമെങ്കിലും അമേരിക്കയില്‍ ചെന്നോ മറ്റെവിടെയെങ്കിലും ഓപറേഷന്‍ നടത്തുമ്പോള്‍ ആ രാജ്യത്ത് തങ്ങിയോ ഇന്ത്യന്‍ സൈന്യത്തിന് അമേരിക്കന്‍ താവളങ്ങളോ സജ്ജീകരണങ്ങളോ ഉപയോഗപ്പെടുത്തേണ്ട സാഹചര്യമൊന്നും നിലവിലില്ല, ഭാവിയില്‍ ഉണ്ടാവാനുള്ള സാധ്യതയും കാണുന്നില്ല. അതിനാല്‍ പരസ്പര സഹകരണ കരാര്‍ എന്നാണ് പേരെങ്കിലും ഫലത്തില്‍ അത് ഏകപക്ഷീയമാണ്. ആഗോള പൊലീസുകാരന്‍െറ വേഷത്തില്‍ ലോകത്തെവിടെയും സൈനികമായി ഇടപെടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അവരുടെ ജോലി സുഗമമാക്കിക്കൊടുക്കുക എന്നതാണ് കരാര്‍ ഒപ്പിടുന്നതിലൂടെ ഇന്ത്യ നിറവേറ്റാന്‍ പോവുന്നത്.

യു.പി.എ സര്‍ക്കാറിന്‍െറ തലവന്‍ മന്‍മോഹന്‍ സിങ് തുടങ്ങിവെച്ച അമേരിക്കയുമായുള്ള തന്ത്രപ്രധാനമായ സഹകരണത്തിന്‍െറ പേരില്‍ അന്ന് പ്രതിപക്ഷത്തിരുന്ന ബി.ജെ.പി അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെങ്കിലും സുഖകരമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ തുമുതല്‍ നരേന്ദ്ര മോദിയുടെ ഹിന്ദുത്വ സര്‍ക്കാറും വിവിധ മേഖലകളില്‍ അമേരിക്കന്‍ ബാന്ധവം പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോവുന്നതാണ് കാണുന്നത്് മോദിയെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കോര്‍പറേറ്റ് ലോബിയുടെ താല്‍പര്യങ്ങള്‍ അതിന്‍െറ പിന്നിലുണ്ടാവാം. അതിലുപരി ദേശീയ താല്‍പര്യങ്ങളാണ് അമേരിക്കയുമായുള്ള സഹകരണത്തില്‍ തങ്ങളുടെ സര്‍ക്കാര്‍ സംരക്ഷിക്കാനും നേടിയെടുക്കാനും ആഗ്രഹിക്കുന്നതെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ നരേന്ദ്ര മോദിക്കോ രാജ്യരക്ഷാമന്ത്രി മനോഹര്‍ പരീകര്‍ക്കോ സംഘ്പരിവാര്‍ വക്താക്കള്‍ക്കോ കഴിയുമെന്ന് തോന്നുന്നില്ല.

കാരണം, അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിലെ അംഗ രാജ്യങ്ങള്‍ക്കോ നാറ്റോവിന് പുറത്ത് അമേരിക്കയുമായി വിവിധ കരാറുകളില്‍ ഒപ്പിടുകയും ആ രാജ്യത്തിന് സ്വന്തം സൈനിക താവളങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവസരമൊരുക്കുകയും ചെയ്ത നാടുകള്‍ക്കോ സ്വതന്ത്രമായ വിദേശനയം രൂപവത്കരിക്കാനും നടപ്പാക്കാനും സാധിക്കുന്നില്ല. അഫ്ഗാനിസ്താനിലും ഇറാഖിലും സിറിയയിലും ലിബിയയിലും അമേരിക്ക അന്യായമായി ഇടപെടുകയും നഗ്നമായ അധിനിവേശം നടത്തുകയും ചെയ്തപ്പോള്‍ സൈനിക കരാറുകളിലേര്‍പ്പെട്ട ഒരു രാജ്യത്തിനും അതിനെതിരെ ചെറുവിരലനക്കാന്‍ ആയിട്ടില്ല. അബദ്ധമായിപ്പോയി എന്ന് അമേരിക്ക സ്വയം സമ്മതിച്ച സൈനിക നടപടികളെപ്പോലും വിമര്‍ശിക്കാന്‍ അവയിലൊന്നിനും  നാക്ക് പൊങ്ങുന്നുമില്ല.

ഇത്തരമൊരു ധൃതരാഷ്ട്രാലിംഗനം ഇന്ത്യക്ക് അഭികാമ്യമാണോ എന്നതാണ് ആലോചനാ വിഷയം. ഇപ്പോള്‍തന്നെ ലോകത്തേറ്റവും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഇന്ത്യ അമേരിക്കയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നവരില്‍ രണ്ടാംസ്ഥാനത്താണ്. അതേയവസരത്തില്‍ രാജ്യരക്ഷാ സന്നാഹങ്ങളുടെ കാര്യത്തില്‍ ‘ഇന്ത്യയില്‍ നിര്‍മിക്കുക’ എന്ന മോദി മുദ്രാവാക്യത്തെ സാര്‍ഥകമാക്കുന്ന ഒരു കരാറിലും ഒപ്പിടാന്‍ അമേരിക്ക തയാറല്ല. ഇന്ത്യ മുഖ്യശത്രുവായി കാണുന്ന പാകിസ്താന് അത്യാധുനിക യുദ്ധവിമാനങ്ങളും മറ്റായുധങ്ങളും നല്‍കുന്ന നിലപാടില്‍ വന്‍ശക്തി ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. യുദ്ധോപകരണങ്ങളുടെ നിര്‍മാണത്തില്‍ ഒരു പരിധിവരെ ഇപ്പോള്‍ നമ്മളുമായി സഹകരിക്കുന്ന റഷ്യയില്‍നിന്ന് ഇന്ത്യയെ അകറ്റുന്നതോടൊപ്പം ദക്ഷിണേഷ്യയില്‍ അമേരിക്കയുടെ പ്രതിയോഗിയായ ചൈനയെ തളക്കുന്നതില്‍ ഇന്ത്യയെ പങ്കാളിയാക്കാനുമാണ് യഥാര്‍ഥത്തില്‍ ആ രാജ്യം ആഗ്രഹിക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയുമായി വ്യവസായ-വാണിജ്യ-സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്ക് ഏഷ്യയിലെ നമ്പര്‍ വണ്‍ സൈനിക ശക്തിയായ ചൈനയുമായി ഒരഭിമുഖീകരണം എത്രത്തോളം ഗുണകരമാവും എന്നാലോചിക്കേണ്ടതുണ്ട്. ആരുടെയും വാലാവാതെയും ആരുടെയും ശത്രുത അനാവശ്യമായി വിലക്കുവാങ്ങാതെയും സ്വന്തം കാലില്‍ നില്‍ക്കാനും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും സാധിക്കുന്നതിലൂടെ മാത്രമേ രാജ്യം ലോകശക്തിയായി വളരുകയും ഉയരുകയും ചെയ്യൂ എന്ന് തിരിച്ചറിയാന്‍ അസാമാന്യ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story