Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതീക്കളി നിര്‍ത്താന്‍...

തീക്കളി നിര്‍ത്താന്‍ നേരമായി

text_fields
bookmark_border
തീക്കളി നിര്‍ത്താന്‍ നേരമായി
cancel

ആഗോള മാധ്യമങ്ങളുടെ അമ്പരപ്പ് പിടിച്ചുപറ്റിയ കൊല്ലംപരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്‍െറ ഞെട്ടലില്‍നിന്ന് സംസ്ഥാനമോ രാജ്യം തന്നെയോ ഇനിയും മുക്തമായിട്ടില്ല. 113 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. കാണാതായവരും തിരിച്ചറിയാത്തവരുമായ ഹതഭാഗ്യരെച്ചൊല്ലി വാവിട്ട് കരയുകയാണ് അവരുടെ കുടുംബങ്ങള്‍. 383 പേര്‍ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ കാത്തുകിടക്കുമ്പോള്‍ അവരില്‍ ചിലരുടെയെങ്കിലും സ്ഥിതി അതീവ ഗുരുതരമാണ്. ഈ മഹാദുരന്തത്തിന്‍െറ ആഴവും വ്യാപ്തിയും ഇനിയും പുറത്തറിയാനിരിക്കുന്നേയുള്ളൂ. അത്യന്തം വിനാശകരമായ പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് സംഭവം മുഖ്യമായും മൂന്നു ചോദ്യങ്ങളാണുയര്‍ത്തുന്നത്. ഒന്ന്, ആരൊക്കെയാണ് അതിനുത്തരവാദികള്‍; അവരെ നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരാനാവുമോ? രണ്ട്, ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നേരിട്ട നഷ്ടം ഒരാള്‍ക്കും പൂര്‍ണമായി നികത്താനാവില്ളെങ്കിലും മനുഷ്യസാധ്യമായ പരിഹാര നടപടികള്‍ ജാഗ്രതയോടെയും കാര്യക്ഷമമായും സ്വീകരിക്കാന്‍ സര്‍ക്കാറും സമൂഹവും തയാറാവുമോ? മൂന്ന്, ഈയിനത്തില്‍പെട്ട മനുഷ്യനിര്‍മിത വിപത്തുകളില്‍ ഇതവസാനത്തേതായിരിക്കുമെന്നെങ്കിലും ഉറപ്പുവരുത്താന്‍ ദേശീയ-സംസ്ഥാന ഭരണകൂടങ്ങള്‍ക്കാവുമോ?

പതിവായി നടന്നുവരാറുള്ളതാണെങ്കിലും പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് മത്സരം മതിയായ കാരണങ്ങളാല്‍ നടത്താനനുവദിക്കരുത് എന്ന് ബന്ധപ്പെട്ട പൊലീസ് മേധാവി യഥാസമയം റിപ്പോര്‍ട്ട് നല്‍കിയതിന്‍െറ വെളിച്ചത്തില്‍ കൊല്ലം ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അനുമതി നിഷേധിച്ചിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവരും അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. പിന്നീടെങ്ങനെ അനുമതിയില്ലാതെ വെടിക്കെട്ട് നടന്നു എന്നതാണ് ദുരൂഹ സമസ്യയായി തുടരുന്നത്. രാഷ്ട്രീയ നേതാക്കളില്‍ ചിലരുടെ സമ്മര്‍ദംമൂലം പൊലീസ് അധികൃതര്‍ ആദ്യ റിപ്പോര്‍ട്ടില്‍നിന്ന് പിന്മാറി, മത്സരം ഒഴിവാക്കി വെടിക്കെട്ട് നടത്താന്‍ അനുവാദം നല്‍കുകയായിരുന്നു എന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്.

ഇത് വാസ്തവമാണെങ്കില്‍ അനുമതിക്കായി സമ്മര്‍ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കളും ഭവിഷ്യത്ത് അറിയാമായിരുന്നിട്ടും ഉത്തരവാദിത്തബോധമില്ലാതെ അവര്‍ക്ക് വഴങ്ങിയ പൊലീസ് ഉദ്യോഗസ്ഥരും കുറ്റവാളികളാണെന്ന് പറയാതെവയ്യ. സത്യത്തിനും നീതിക്കും നിയമവാഴ്ചക്കും എന്തെങ്കിലും പരിഗണനയുണ്ടെങ്കില്‍ ഏത് തലത്തിലുള്ള അന്വേഷണവും അവരില്‍നിന്ന് തുടങ്ങണം; പങ്ക് ബോധ്യപ്പെട്ടാല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയും വേണം. അതോടൊപ്പം ഇപ്പോള്‍ പ്രാഥമികമായി പ്രതിചേര്‍ക്കപ്പെട്ട കരാറുകാരുടെയും ക്ഷേത്ര ഭരണസമിതി ഭാരവാഹികളുടെയും പങ്കിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടക്കണം. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിനെ ബാധിക്കുമെന്ന് ഭയന്ന് അന്വേഷണത്തിലോ തുടര്‍നടപടികളിലോ അലംഭാവവും വെള്ളം ചേര്‍ക്കലും ഉണ്ടായിക്കൂടാ.

ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 20 കോടിയുടെ പുനരധിവാസ പാക്കേജാണ് കഴിഞ്ഞദിവസം മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കിയിരിക്കുന്നത്. സാധാരണ ഇലക്ഷന്‍ സ്പെഷല്‍ ഉറപ്പുകളുടെ ഗതി ഈ പ്രഖ്യാപനത്തിനുണ്ടാവരുത്. വസ്തുനിഷ്ഠമായ അന്വേഷണത്തിലൂടെ അര്‍ഹരെന്ന് തെളിഞ്ഞവര്‍ക്കെല്ലാം ചികിത്സക്കും തുടര്‍ ജീവിതത്തിനും വീടും സ്വത്തുവഹകളും പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ടവരുടെ തൃപ്തികരമായ പുനരധിവാസത്തിനും സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണം. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഭരണം മാറിയാലും വെടിക്കെട്ട് ദുരന്തത്തിന്‍െറ ഇരകളുടെ കാര്യം കട്ടപ്പുകയാവരുത്.

സര്‍വോപരി പ്രധാനം ഭാവിയില്‍ ഇത്തരത്തില്‍പെട്ട വെടിക്കെട്ടുത്സവം നിശ്ശേഷം തടയപ്പെടുക എന്നുള്ളതാണ്. ദിവസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തൃശൂര്‍ പൂരത്തിനും ഇത് ബാധകമണ്. ഘോരശബ്ദവും അപായകരവുമായ വെടിമരുന്ന് പ്രയോഗവും ഇല്ലാതെതന്നെ നയനാനന്ദകരമായ ദൃശ്യങ്ങള്‍ ഒരുക്കാന്‍ മാത്രം സാങ്കേതികവിദ്യ വളര്‍ന്നിരിക്കെ ജീവനും അവയവങ്ങള്‍ക്കും ദ്രോഹകരമായ കരിമരുന്ന്, ഗുണ്ട്, അമിട്ട് പ്രയോഗങ്ങള്‍ തല്‍ക്കാലത്തെ ആവേശത്തിന് ജനം നിര്‍ബന്ധിച്ചാലും സര്‍ക്കാറോ പൊലീസോ പ്രാദേശിക ഭരണാധികാരികളോ സമ്മതിക്കരുത്. ഏതാനും പേര്‍ക്ക് ജീവാപായമോ പരിക്കോ വരുത്തിവെക്കും എന്നുള്ളതുകൊണ്ടും മൃഗങ്ങളോട് ചെയ്യുന്ന ക്രൂരകൃത്യമെന്ന നിലയിലുമാണ് തമിഴ്നാട്ടില്‍ ചില പ്രദേശങ്ങളിലെ ജെല്ലിക്കെട്ട് സുപ്രീംകോടതി വിലക്കിയത്.

രാഷ്ട്രീയക്കാരുടെ നിരന്തര സമ്മര്‍ദങ്ങള്‍ക്കും കോടതിവിധി തിരുത്താനായിട്ടില്ല. എങ്കില്‍ കേരളത്തിന്‍െറ കൊടും ശാപമായ വെടിമരുന്ന് പ്രയോഗവും അപായകരമായ ആനക്കളിയും എന്തുവില കൊടുത്തും അവസാനിപ്പിച്ചേ മതിയാവൂ. ഇത്തരം ദുരാചാരങ്ങളൊന്നും യഥാര്‍ഥ മതാചാരങ്ങളല്ളെന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കിയിരിക്കെ ഇനിയും ആള്‍ക്കൂട്ടമുറവിളികള്‍ക്ക് ചെവികൊടുക്കേണ്ടതില്ല, കൊടുക്കരുത്. തീക്കളി നിര്‍ത്താന്‍ നേരമായി.

 

Show Full Article
TAGS:madhyamam editorial 
Next Story