കരിമണല്‍ ഖനനം: പ്രതിലോമ തീര്‍പ്പിനെ ചെറുക്കണം
text_fieldsകരിമണല്‍ ഖനനം ചെയ്യുന്നതില്‍നിന്ന് സ്വകാര്യകമ്പനികളെ മാറ്റിനിര്‍ത്താനാവില്ളെന്ന സുപ്രീംകോടതി വിധി, ഉത്തരങ്ങളെക്കാള്‍ ചോദ്യങ്ങളുയര്‍ത്തുന്ന ഒന്നാണ്. തെക്കന്‍കേരളത്തിലെ തീരങ്ങളില്‍നിന്ന് വന്‍തോതില്‍ കരിമണല്‍ കടത്തുന്നത് വമ്പിച്ച പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യമേഖലയെ അകറ്റിനിര്‍ത്തിയിരുന്നത്. എന്നാല്‍, പൊതുമേഖലക്ക് മാത്രം അനുമതിയുണ്ടായിരുന്ന കരിമണല്‍ഖനനത്തിന് സ്വകാര്യസംരംഭങ്ങള്‍ക്കു കൂടി അനുമതിനല്‍കിക്കൊണ്ട് 2001ല്‍ സംസ്ഥാനം വിജ്ഞാപനമിറക്കി. ചില തല്‍പരകക്ഷികള്‍ക്കുവേണ്ടിയാണ് ഈ ഇളവെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു. പരിസ്ഥിതിപരവും ആരോഗ്യപരവും തൊഴില്‍പരവുമായ പ്രശ്നങ്ങള്‍ ഇത് സൃഷ്ടിക്കുന്നുവെന്ന് കണ്ട ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തത്തെി.
എതിര്‍പ്പ് അവഗണിക്കാന്‍ പറ്റാതായതോടെ സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിച്ചു; കരിമണല്‍ഖനനത്തിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്ന് വ്യക്തമാക്കുന്ന ഉത്തരവ് 2011ല്‍ പുറത്തിറക്കി. ഇതിനെതിരെ സ്വകാര്യവ്യവസായി നല്‍കിയ ഹരജിയില്‍ കേരള ഹൈകോടതിയുടെ സിംഗ്ള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും സര്‍ക്കാര്‍ നിലപാട് തള്ളി. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹരജിയാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഒന്നിനെതിരെ രണ്ട് എന്ന ഭൂരിപക്ഷ വിധിപ്രകാരം തള്ളിയിരിക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്കും ഖനനമാകാമെന്ന് രണ്ടു ജഡ്ജിമാര്‍ പറഞ്ഞപ്പോള്‍, സംസ്ഥാന സര്‍ക്കാറിന്‍െറ നയപരമായ തീരുമാനത്തില്‍ കോടതിക്ക് ഇടപെടാന്‍ പറ്റില്ളെന്നാണ് മൂന്നാമത്തെ ജഡ്ജിയുടെ തീര്‍പ്പ്.
2001ലെ യു.ഡി.എഫ് സര്‍ക്കാറാണ് സ്വകാര്യമേഖലക്ക് ഖനനത്തിലേക്ക് വാതില്‍ തുറന്നുകൊടുത്തതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അതീതമായ നിക്ഷിപ്തതാല്‍പര്യങ്ങള്‍ എക്കാലവും സ്വകാര്യ മണല്‍മാഫിയയെ പിന്താങ്ങിപ്പോന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും അന്നത്തെ ആലപ്പുഴ എം.പിയുമായ വി.എം. സുധീരനാണ് ഇടതുപക്ഷവുമായി ചേര്‍ന്ന് യു.ഡി.എഫ് തീരുമാനത്തെ ചെറുത്തത്. എന്നാല്‍, മാറിമാറിവന്ന സര്‍ക്കാറുകള്‍ക്ക് ഇക്കാര്യത്തിലുള്ള ആത്മാര്‍ഥതയെ സംശയിക്കാവുന്ന തരത്തിലാണ് നയങ്ങളും നിലപാടുകളും കോടതികളിലെ വാദമുഖങ്ങളും രൂപപ്പെട്ടുവന്നത്. ഒരു പക്ഷേ, ഇനിയും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്‍െറ പൊതുതാല്‍പര്യമനുസരിച്ചുള്ള നയം കൈക്കൊള്ളാന്‍ സര്‍ക്കാറിന് കഴിഞ്ഞേക്കും. എന്തുകൊണ്ട് സ്വകാര്യമേഖലയെ മാറ്റിനിര്‍ത്തണമെന്നതു സംബന്ധിച്ച അടിസ്ഥാനനിലപാടും വാദമുഖങ്ങളും ജുഡീഷ്യറിയെ ബോധ്യപ്പെടുത്താന്‍ കഴിയേണ്ടതായിരുന്നു. യഥാര്‍ഥപ്രശ്നം വേറെയാണ്. സ്വകാര്യമേഖലയെ അനുകൂലിക്കുകയും സ്വകാര്യ കമ്പനികള്‍ക്ക് അവിഹിതമായ പരിഗണന നല്‍കുകയും ചെയ്യുന്ന വിഭാഗം രാഷ്ട്രീയ-ഉദ്യോഗസ്ഥ രംഗങ്ങളില്‍ സജീവമാണ് എന്നതാണത്.
പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപയുടെ മണല്‍ ഇത്രയുംകാലം കടത്തിക്കൊണ്ടിരുന്നവര്‍ക്ക് നേരിയ പിന്‍ബലമല്ല ഉള്ളതെന്ന് വ്യക്തമാണ്.
ഗ്രാമങ്ങള്‍ ഇല്ലാതാവുകയും സൂനാമിത്തിരകള്‍ക്ക് വിഴുങ്ങാന്‍ പാകത്തില്‍ തീരദേശം ദുര്‍ബലമാവുകയും രോഗങ്ങള്‍ വര്‍ധിക്കുകയും മീന്‍പിടിത്തക്കാര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുകയും ചെയ്യുമ്പോഴും വികസനമെന്ന വാദമുയര്‍ത്തിക്കൊണ്ടാണ് കരിമണല്‍ ലോബി സ്വാര്‍ഥലക്ഷ്യങ്ങള്‍ നേടുന്നത്. ജനകീയ പ്രതിരോധസമിതിയും മറ്റും ഇക്കാര്യത്തില്‍ നടത്തിയ പഠനങ്ങള്‍ പ്രശ്നത്തിന്‍െറ ഗൗരവം ബോധ്യപ്പെടുത്തുന്നുണ്ട്. അതേസമയം, ശരിയായ പരിസ്ഥിതി ആഘാതപഠനമൊന്നും കൂടാതെയാണ് ഖനനം ഇതുവരെ നടന്നിട്ടുള്ളത്. സംസ്ഥാന സര്‍ക്കാറിന്‍െറ ഇച്ഛാശക്തിയാണ് പ്രധാനം. ഇപ്പോഴും അതേക്കുറിച്ചാണ് സന്ദേഹങ്ങള്‍ നിലനില്‍ക്കുന്നത്.
ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് വീണുകിട്ടിയ അവസരമാണ്. ജലം, അപൂര്‍വധാതുക്കളടങ്ങിയ കരിമണല്‍ മുതലായ വിലപ്പെട്ട പ്രകൃതിവിഭവങ്ങള്‍ പൊതുസ്വത്താണെന്ന നയം സ്വീകരിക്കാനും അതിനനുസരിച്ച് അവയുടെ സ്വകാര്യവത്കരണം വിലക്കുന്നതരത്തില്‍ നിയമനിര്‍മാണം നടത്താനും രാഷ്ട്രീയപാര്‍ട്ടികള്‍ തയാറാകണം. അതിന് ഏതൊക്കെ കക്ഷികള്‍ തയാറുണ്ടെന്ന് ജനങ്ങള്‍ അറിയട്ടെ. കരിമണല്‍ ഖനനം സംബന്ധിച്ച സുപ്രീംകോടതിയുടെ പ്രതിലോമപരമായ ഭൂരിപക്ഷതീര്‍പ്പിന്മേല്‍ എന്തെല്ലാം അനന്തരനടപടികളാണ് തങ്ങളെടുക്കാനുദ്ദേശിക്കുന്നതെന്ന് മുന്നണികള്‍ വ്യക്തമാക്കട്ടെ. ശാസ്ത്രപഠനങ്ങളുടെയും കൊല്ലം-ആലപ്പുഴ ജില്ലകളിലെ ദുരിതബാധിതരുടെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന-കേന്ദ്രതലങ്ങളില്‍ നിയമനിര്‍മാണമടക്കമുള്ള നടപടികള്‍ക്ക് തയാറാകട്ടെ. ഇപ്പോഴത്തെ വിധി അവസാനവാക്കല്ല. ജനങ്ങളുടെ ക്ഷേമം പരിഗണിക്കാതുള്ള ഒരു സ്വകാര്യമേഖലാവികസനത്തിന് ഉപകരണമാകാന്‍ ഒരു ജനാധിപത്യസര്‍ക്കാറിനും സാധിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
