Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഈ ദുരന്തമെങ്കിലും...

ഈ ദുരന്തമെങ്കിലും കണ്ണുതുറപ്പിക്കുമോ?

text_fields
bookmark_border
ഈ ദുരന്തമെങ്കിലും കണ്ണുതുറപ്പിക്കുമോ?
cancel

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അപകടത്തിന്‍െറ വാര്‍ത്ത കേട്ടാണ് കേരളം ഇന്നലെ ഉണര്‍ന്നത്. കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ, കമ്പപ്പുരക്ക് തീപിടിച്ച് 106 പേര്‍ മരിച്ചുവെന്നും 300ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഒൗദ്യോഗികവിവരം. പരിക്കേറ്റവരില്‍ നിരവധിപേര്‍ മരണവുമായി മല്ലിടുകയാണ്. പരവൂരില്‍ ദുരന്തത്തിനിരയായവരുടെ സന്തപ്തകുടുംബങ്ങളുടെ ദു$ഖത്തില്‍ ‘മാധ്യമ’വും ഹൃദയപൂര്‍വം പങ്കുചേരുന്നു.
അപകടത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സാസൗകര്യവും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സഹായധനവും വാഗ്ദാനംചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളും സംഭവസ്ഥലം സന്ദര്‍ശിച്ചു. ജില്ലാ ഭരണകൂടത്തിന്‍െറ  വിലക്ക് ലംഘിച്ചാണ് ഇത്രയും വലിയ വെടിക്കെട്ട് നടത്തിയതെന്നാണ് പ്രാഥമികവിവരം.  സംഭവത്തെക്കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്തെ നടുക്കിയ ദുരന്തത്തിന്‍െറ ഉത്തരവാദികളാരെന്ന് അന്വേഷണം പുറത്തുകൊണ്ടുവരുമെന്നു കരുതാം. അപകടം പതിയിരിക്കുന്ന വെടിക്കെട്ടിന്‍െറ സൗന്ദര്യം ആസ്വദിക്കാന്‍ ഭ്രാന്തമായ ആവേശത്താല്‍ ജനം തിങ്ങിക്കൂടുന്ന കാഴ്ച കേരളത്തില്‍ സാധാരണമാണ്. വര്‍ഷാവര്‍ഷമുണ്ടാകുന്ന വെടിക്കെട്ടപകടങ്ങളൊന്നും ഈ ജനക്കൂട്ടത്തെയും ഭരണകൂടത്തെയും  ഒരുതരത്തിലും അസ്വസ്ഥമാക്കുന്നില്ല. തൃശൂരിലെ പബ്ളിക് ഇന്‍ററസ്റ്റ് ഫോറം ശേഖരിച്ച കണക്കനുസരിച്ച്, കഴിഞ്ഞ 20 വര്‍ഷത്തിനിടെ ചെറുതും വലുതുമായി 700ഓളം അപകടങ്ങളാണ് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി ഉണ്ടായത്. ഇതില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 800ഓളം പേര്‍ അതിദാരുണമായി മരിച്ചു. 2000ത്തിനുശേഷം, കേരളത്തില്‍ 500 പേര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചുവെന്ന മറ്റൊരു റിപ്പോര്‍ട്ടും ഏതാനും മാസങ്ങള്‍ക്കു മുമ്പ് പുറത്തുവന്നതാണ്. ഈ വര്‍ഷം മാത്രം കേരളത്തില്‍ 27 വെടിക്കെട്ട് അപകടങ്ങളുണ്ടായിട്ടുണ്ട്.
വെടിക്കെട്ടിനുള്ള സ്ഫോടകവസ്തുക്കളുടെ ഉല്‍പാദനവും സംഭരണവും വിതരണവും സംബന്ധിച്ച സുരക്ഷാനിയമങ്ങളൊന്നും പാലിക്കാത്തതാണ് ഇത്തരം ദുരന്തങ്ങളുടെ മൂലകാരണമെന്ന് കാണാന്‍ പ്രയാസമില്ല. കരിമരുന്ന് വസ്തുക്കള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ അധികാരികള്‍ക്ക് സൂക്ഷ്മതയോ ജാഗ്രതയോ ഇല്ല. ലൈസന്‍സ് ഓരോ വര്‍ഷവും പുതുക്കണമെന്നാണ് ചട്ടമെങ്കിലും അതൊന്നും പാലിക്കാറില്ല. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ടും ഇക്കണ്ട കൃത്യവിലോപങ്ങളെല്ലാമുണ്ടായിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വെടിക്കെട്ടുകള്‍ പൂര്‍ണമായും നിരോധിക്കണമെന്ന് പരവൂര്‍ അപകടത്തെ തുടര്‍ന്ന് പല സംഘടനകളും ആവശ്യപ്പെട്ടിരിക്കുന്നു. അപകടം ഇല്ലാതാക്കാനുള്ള ഏറ്റവും പ്രായോഗികമായ വഴി അതുതന്നെയാണെന്നതില്‍ സംശയമില്ല. വെടിക്കെട്ട് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. നിലവിലെ നിയമങ്ങള്‍ കൃത്യമായി നടപ്പാക്കിയാല്‍തന്നെ അപകടങ്ങള്‍ കുറക്കാനാകും. എക്സ്പ്ളോസിവ് ചട്ടപ്രകാരം ഒരു വെടിക്കെട്ടുകാരന്‍ ഒരുസമയത്ത് 15 കിലോ വെടിമരുന്നേ കൈവശം വെക്കാവൂ. നിലവാരമുള്ള വെടിക്കെട്ട് സാമഗ്രികള്‍ 30 മീറ്റര്‍ ഉയരത്തിലേ പൊട്ടിക്കാവൂ. ഒരു കോണ്‍ക്രീറ്റ് കുഴിയിലിട്ട് ഇത്തരമൊരു വസ്തു പൊട്ടിച്ചാല്‍ നാലു മീറ്റര്‍ അകലെയുള്ള ഡെസിബല്‍ മീറ്ററില്‍ 125 ഡെസിബലിനെക്കാള്‍  ശബ്ദം കൂടരുത്. വെടിക്കെട്ടില്‍ ഏറ്റവും അപകടമുണ്ടാക്കുന്നത് ഡൈനമിറ്റാണ്. ഇതും ഗുണ്ടും ഉപയോഗിക്കുന്നത് 2003ല്‍ ഹൈകോടതി നിരോധിച്ചതാണ്. അമിട്ട്, ഡൈനമിറ്റ് തുടങ്ങി ഡിസ്പ്ളേ ഇനങ്ങള്‍ ഉണ്ടാക്കാന്‍ കേരളത്തില്‍ ആര്‍ക്കും ലൈസന്‍സില്ളെന്നുകൂടി അറിയുക. കാര്യങ്ങള്‍ ഇതായിരിക്കെ, ഈ അപകടങ്ങളുടെയൊക്കെ യഥാര്‍ഥ ഉത്തരവാദി ആര് എന്നറിയാന്‍ ഇനി മറ്റൊരന്വേഷണത്തിന്‍െറ ആവശ്യമുണ്ടോ?
അപകടങ്ങളുണ്ടാവുമ്പോള്‍ മാത്രമാണ് അധികാരികളുടെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയുന്നത്. മുമ്പ് പല വെടിക്കെട്ട് അപകടങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയിട്ടുണ്ടെങ്കിലും അതിന്മേല്‍ കൃത്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. ത്രാങ്ങാലി വെടിക്കെട്ട് അപകടത്തിന്‍െറ പശ്ചാത്തലത്തില്‍, ഇത്തരം സ്ഫോടനങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നതുസംബന്ധിച്ച് അന്നത്തെ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ സമര്‍പ്പിച്ച ശാസ്ത്രീയ വിശകലന റിപ്പോര്‍ട്ട് ഇപ്പോഴും കോള്‍ഡ് സ്റ്റോറേജിലാണ്. പുറ്റിങ്ങലില്‍ ജില്ലാ ഭരണകൂടം നല്‍കാതിരുന്ന അനുമതി വളഞ്ഞവഴിയില്‍ നേടിയെടുക്കുകയായിരുന്നു എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചട്ടങ്ങള്‍ കാറ്റില്‍പറത്തി ഉത്സവക്കമ്മിറ്റിക്ക് വഴിവിട്ട് അനുമതി നല്‍കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. പരമ്പരാഗതവും പ്രായോഗികവുമായ അറിവും മനക്കണക്കുമൊക്കെ വെച്ചാണ് പലപ്പോഴും ആളുകള്‍ തീക്കളിക്ക് ഒരുങ്ങിപ്പുറപ്പെടുന്നത്. സ്ഫോടക വസ്തുക്കളില്‍ അടങ്ങിയ ഘടകങ്ങള്‍ ഏതൊക്കെയാണെന്ന അടിസ്ഥാന വിവരംപോലും ഇവര്‍ക്കുണ്ടാവില്ല. ജനങ്ങളുടെ ജീവന്‍ കൈയിലെടുത്തുകൊണ്ടുള്ള മരണക്കളിയാണെന്നറിഞ്ഞുതന്നെ മത്സരവെടിക്കെട്ടു പോലുള്ളതിനു മുന്‍കൈയെടുക്കുന്നവരും അതിനു നേരെ കണ്ണടക്കുകയോ അലസമായ സമീപനം സ്വീകരിക്കുകയോ  ചെയ്യുന്ന അധികാരികളും കണ്ണുതുറക്കുകയേ മാര്‍ഗമുള്ളൂ. ഇല്ളെങ്കില്‍ മനുഷ്യജീവനുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഞെട്ടിത്തരിക്കേണ്ട ഗതികേട് ഇനിയും ഒഴിവാക്കാനാവില്ല.

Show Full Article
TAGS:madhyamam editorial paravur fireworks accident 
Next Story