കള്ളപ്പണക്കാരുടെ ഒളിത്താവളങ്ങള്‍
text_fields‘പാനമരേഖകള്‍’ എന്ന പേരില്‍ പുറത്തുവന്ന ആഗോള കള്ളപ്പണമിടപാടുകളുടെ വിവരങ്ങള്‍ തീര്‍ത്തും അപ്രതീക്ഷിതമല്ളെങ്കിലും ഞെട്ടിക്കുന്നതാണ്. മൊസാക് ഫൊന്‍സെക എന്ന പാനമേനിയന്‍ നിയമസ്ഥാപനത്തില്‍നിന്ന് ആരോ ചോര്‍ത്തിയ ഒരു കോടി 15 ലക്ഷം രഹസ്യ രേഖകളെപറ്റി തുടരന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങളുടെ കണ്‍സോര്‍ട്ട്യമാണ്, അനേകം രാജ്യങ്ങളില്‍ സമാന്തര സമ്പദ്ഘടനയും വന്‍ അഴിമതിയും നടപ്പിലുണ്ടെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇരുനൂറിലേറെ രാജ്യങ്ങളെ സംബന്ധിക്കുന്ന രഹസ്യങ്ങള്‍ ഇതിലുണ്ട്. അതത് രാജ്യങ്ങളില്‍നിന്ന് പുറംരാജ്യങ്ങളിലേക്ക് കടത്തിയ കള്ളപ്പണം രണ്ടു ലക്ഷത്തില്‍പരം കമ്പനികളിലായി ഒളിച്ചുവെക്കപ്പെട്ടിരിക്കുന്നു. 2013ല്‍ ‘വിക്കിലീക്സി’ലൂടെ പുറത്തുവന്ന രേഖകളിലും ഇത്തരം കള്ളപ്പണത്തെക്കുറിച്ച വിവരമുണ്ടായിരുന്നു.
എന്നാല്‍ ‘പാനമരേഖകളി’ലെ രഹസ്യങ്ങള്‍ വ്യാപ്തിയിലും അളവിലും ‘വിക്കിലീക്സ്’ വിവരങ്ങളെ കടത്തിവെട്ടിയിരിക്കുന്നു. കള്ളപ്പണം വന്‍തോതില്‍ പൂഴ്ത്തിവെച്ച വീരന്മാരില്‍ രാഷ്ട്രീയ നേതാക്കളും വ്യാപാരികളും താരങ്ങളും കുറ്റവാളികളുമെല്ലാമുണ്ട്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളോ അവരോട് അടുപ്പമുള്ളവരോ ഒക്കെ ഇക്കൂട്ടത്തിലുണ്ട്. ഒരു ഡസന്‍ രാഷ്ട്രനേതാക്കളടക്കം 140 രാഷ്ട്രീയ പ്രമാണിമാരെ തിരിച്ചറിഞ്ഞിരിക്കുന്നു. ബിനാമിയായും മറ്റും വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുന്നവര്‍ സ്വന്തം നാട്ടിലെ നികുതി വെട്ടിക്കാന്‍കൂടിയാണ് അങ്ങനെ ചെയ്യുന്നത്. നന്നേ കുറഞ്ഞ നികുതി ചുമത്തി മറുനാട്ടുകാരുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന പാനമ പോലുള്ള ഏതാനും രാജ്യങ്ങള്‍ കള്ളപ്പണക്കാരുടെ അഭയകേന്ദ്രമായിട്ട് കുറച്ചായി. ഇതിന്‍െറ വ്യാപ്തി ഇത്രയേറെ ഉണ്ടെന്ന അറിവാണ് പുതിയതായുള്ളത്.
കേവലം വ്യക്തിഗതമായ സാമ്പത്തിക കുറ്റങ്ങളായി മാത്രം കാണാവുന്ന ഒന്നല്ല ഇത്. രാജ്യാതിര്‍ത്തികളെയും രാജ്യ നിയമങ്ങളെയും അതിലംഘിക്കുന്ന കോര്‍പറേറ്റുകളുടെ കരുത്ത് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ലോക സമ്പത്തിന്‍െറ നിയന്ത്രണം കൈയാളുന്നത് ഭരണകൂടങ്ങളല്ല എന്നതും അവയെയടക്കം നിയന്ത്രിക്കാനുള്ള ശേഷി കോര്‍പറേറ്റുകള്‍ക്കുണ്ടെന്നതും പുതിയ അറിവല്ല. എന്നാല്‍, സ്വയം തന്നെ ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥയായി കള്ളപ്പണക്കാരും അഴിമതിക്കാരും കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു എന്നത് അമ്പരപ്പിക്കുന്നതാണ്. പുറമേക്ക് അഭിനയിക്കുന്ന സാമൂഹിക പ്രതിബദ്ധതയോ രാജ്യസ്നേഹമോ ഒന്നുമല്ല പല നേതാക്കളെയും ഭരിക്കുന്നത്: രാഷ്ട്ര നേതാക്കള്‍വരെ സാമ്പത്തിക കുറ്റം ചെയ്യുന്ന അവസ്ഥ. ജനാധിപത്യമെന്നോ രാജാധിപത്യമെന്നോ വ്യത്യാസമില്ലാതെ, എല്ലാ സംവിധാനങ്ങളേയും തകിടംമറിക്കുന്ന ധനാധിപത്യമാണിത്. കള്ളപ്പണം വിദേശത്ത് സൂക്ഷിച്ചവരുടെ കൂട്ടത്തില്‍ അഞ്ഞൂറിലേറെ ഇന്ത്യക്കാരുമുണ്ടത്രെ. അമിതാഭ് ബച്ചന്‍ മുതല്‍ വിനോദ് അദാനിവരെയും രാഷ്ട്രീയക്കാര്‍ മുതല്‍ കമ്പനിമേധാവികള്‍വരെയും പട്ടികയിലുള്‍പ്പെടും. അതിസമ്പന്നരാണ് വലിയ സാമ്പത്തിക കുറ്റവും ചെയ്യുന്നതെന്ന് വിജയ്മല്യ ഒരിക്കല്‍കൂടി തെളിയിച്ചിട്ട് ഏറെയായിട്ടില്ലല്ളോ.
ഇത്തരക്കാരെ പുറത്തുകൊണ്ടുവരാനും കള്ളപ്പണം വീണ്ടെടുക്കാനും നമ്മുടെ രാജ്യ സംവിധാനങ്ങള്‍ക്ക് കരുത്തുണ്ടോ എന്നതാണ് ഇപ്പോള്‍ ഉയരേണ്ട ചോദ്യം. ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പുകാലത്ത് നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു വിദേശങ്ങളില്‍ പൂഴ്ത്തിവെച്ച കരിമ്പണം മടക്കിക്കൊണ്ടുവരുമെന്ന്. സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ രഹസ്യ നിക്ഷേപങ്ങള്‍ മാത്രം 25 ലക്ഷം കോടിവരുമെന്ന് ബി.ജെ.പി വാദിച്ചിരുന്നു. അത്രത്തോളം ശരിയല്ളെന്നു വന്നാലും 9000ത്തില്‍പ്പരം കോടി രൂപ ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കുകളില്‍ ഉണ്ടെന്ന് 2010 ല്‍ ഒൗദ്യോഗികമായി വെളിപ്പെട്ടിരുന്നു- മുമ്പ് കാല്‍ ലക്ഷം കോടിയോളം ഉണ്ടായിരുന്നുവെന്നും. വിവിധ രാജ്യങ്ങളില്‍ ഒളിപ്പിച്ച കള്ളപ്പണത്തിന്മേല്‍ നഷ്ടമായ നികുതി വരുമാനവും പിഴയും മാത്രം 40 ലക്ഷം കോടി വരുമെന്നാണ് ഒരു അനുമാനം. ഇത് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടമാകുമെന്നതില്‍ തര്‍ക്കമില്ല.
എന്‍.ഡി.എ സര്‍ക്കാര്‍ നിയമിച്ച പ്രത്യേകാന്വേഷണ സംഘം ഇക്കാര്യത്തില്‍ എത്രത്തോളം മുന്നോട്ടുപോയി എന്ന് വ്യക്തമല്ല. ഏതായാലും ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ പുതിയ അന്വേഷണങ്ങള്‍ക്കും നടപടികള്‍ക്കും നിമിത്തമാകേണ്ടതുണ്ട്. പാനമരേഖകള്‍ തെളിയിക്കുന്നതുപോലെ, പാവങ്ങളുടെ ചെറു തെറ്റുകള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്ന ഭരണകൂടങ്ങള്‍ വന്‍ സ്രാവുകളുടെ കൂറ്റന്‍ ക്രമക്കേടുകള്‍ക്കുനേരെ കണ്ണടക്കുന്നുണ്ട്. മാത്രമല്ല, മൊസാക് ഫൊന്‍സെക അടക്കമുള്ള രാജ്യാന്തര സ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുമ്പോഴും ഭരണകൂടങ്ങള്‍ നടപടിയെടുക്കാതെ നിഷ്ക്രിയരാകുന്നു. കുറ്റകൃത്യങ്ങളോടും കള്ളപ്പണക്കാരോടും ഭരണകൂടങ്ങള്‍ പുലര്‍ത്തുന്ന സൗമനസ്യത്തിന്‍െറ തീവ്രതകൂടി വെളിപ്പെടുത്തുന്നുണ്ട് പാനമേനിയന്‍ കുംഭകോണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
