Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭീകരതയുടെ നിര്‍വചനം,...

ഭീകരതയുടെ നിര്‍വചനം, രക്ഷാസമിതിയിലെ സ്ഥിരാംഗത്വം

text_fields
bookmark_border
ഭീകരതയുടെ നിര്‍വചനം, രക്ഷാസമിതിയിലെ സ്ഥിരാംഗത്വം
cancel

മികച്ച പ്രസംഗകന്‍കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയിലെ വിവിധ വേദികളില്‍ പ്രേക്ഷകരെ അഭിമുഖീകരിക്കെ ചൂണ്ടിക്കാണിച്ച കാര്യങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന്, ഇതുവരെ ഐക്യരാഷ്ട്രസഭക്ക് ഭീകരതയെ നിര്‍വചിക്കാനായില്ളെന്ന ദു$ഖസത്യമാണ്. എസ്.എ.പി സെന്‍ററില്‍ സന്നിഹിതരായ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെയും ഫ്രഞ്ച് ബ്രിട്ടീഷ് ഭരണത്തലവന്മാരെയും സാക്ഷിനിര്‍ത്തി ലോകം ഭീകരതയെ നേരിടുന്നതില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതോടൊപ്പം മോദി നല്ല ഭീകരത, ചീത്ത ഭീകരത എന്നു വേര്‍തിരിവിന് അര്‍ഥമില്ളെന്നും ഭീകരതയെ നിര്‍വചിക്കാന്‍ ഇനി നമുക്ക് സമയം കളയാനാവില്ളെന്നും തീര്‍ത്തുപറഞ്ഞു. ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്‍െറ മനസ്സിലിരിപ്പ് എന്തായാലും 2001 സെപ്റ്റംബര്‍ 11ന് ലോക വ്യാപാര സമുച്ചയത്തിനുനേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് അമേരിക്ക ആഗോളവ്യാപകമായി നടത്തിവരുന്ന ഭീകരതാ വിരുദ്ധ യുദ്ധത്തിന്‍െറ ഏറ്റവും മൗലികമായ ദൗര്‍ബല്യത്തിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടിയത്.
അമേരിക്കയുടെ പോരാട്ടം ഐക്യരാഷ്ട്രസഭകൂടി ഏറ്റെടുത്തതോടെ ലോക രാഷ്ട്രങ്ങളില്‍ ഏതാണ്ട്  മുഴുവനും തന്നെ തീവ്രവാദത്തിനും ഭീകരതക്കുമെതിരായ യുദ്ധത്തില്‍ പങ്കാളികളായെങ്കിലും ഒന്നര പതിറ്റാണ്ടിനു ശേഷവും സൈ്വരജീവിതത്തിനെതിരായ ഏറ്റവും വലിയ ഭീഷണിയായി അതവശേഷിക്കുന്നു. മാത്രമല്ല, പുതിയ പുതിയ ഭീകര കൂട്ടായ്മകള്‍ രംഗപ്രവേശം ചെയ്യുകയാണെന്നതിന് പ്രകടമായ തെളിവ് ലോക രാഷ്ട്രത്തലവന്മാരുടെ മുഖ്യ ആലോചനാവിഷയമായി അത് തുടരുന്നുവെന്നതാണ്. ഒരു പ്രത്യേക മതത്തിന്‍െറയോ സമുദായത്തിന്‍െറയോ പേരില്‍ വ്യക്തികളോ ഗ്രൂപ്പുകളോ സംഘടനകളോ നടത്തുന്ന ഹിംസാ പ്രവര്‍ത്തനങ്ങള്‍ മാത്രമേ തീവ്രവാദവും ഭീകരതയുമാവൂ, മറ്റുള്ളവര്‍ എന്തു ചെയ്താലും കൂട്ട മനുഷ്യക്കശാപ്പുതന്നെ നടത്തിയാലും അത് കേവലം ക്രമസമാധാന പ്രശ്നമാണെന്നുമാണ് ഇത$പര്യന്തമുള്ള ചര്‍ച്ചകളും തീരുമാനങ്ങളും പ്രചാരണങ്ങളും നിരീക്ഷിച്ചാല്‍ തോന്നുക. ഭരണകൂട ഭീകരത എന്ന ഒന്നു ചില മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകരുടെയും പ്രയോഗമായി ചുരുങ്ങിപ്പോയിരിക്കുന്നു. മൂന്നുലക്ഷം നിരപരാധികളുടെ കൂട്ടക്കൊലയില്‍ കലാശിച്ച ആഭ്യന്തര യുദ്ധത്തിനുത്തരവാദിയായ സിറിയന്‍ ഭരണാധികാരി ബശ്ശാര്‍ അല്‍അസദിനെ ഇനിയും പദവിയില്‍ തുടരാന്‍ അനുവദിക്കുന്നതിനെക്കുറിച്ചാണ് ഇതേവരെ അദ്ദേഹം പുറത്തുപോവണമെന്ന് ശഠിച്ചിരുന്ന പാശ്ചാത്യ ശക്തികള്‍പോലും ഒടുവില്‍ ആലോചിക്കുന്നത്. അദ്ദേഹം ഭീകരതയുടെ നിര്‍വചനത്തില്‍ വരില്ല, പ്രതിയോഗികളാണ് ഭീകരര്‍ എന്നര്‍ഥം. ഈജിപ്തിലെയും മ്യാന്മറിലെയും ബംഗ്ളാദേശിലെയും ഭരണകൂടങ്ങളുടെ മനുഷ്യാവകാശ ധ്വംസനങ്ങളും ഭീകരതയുടെ പരിധിയില്‍ വരില്ല. അതേസമയം, ലോകത്തുടനീളം നടക്കുന്ന വിമോചന പോരാട്ടങ്ങളെല്ലാം തീവ്രവാദത്തിന്‍െറയും ഭീകരതയുടെയും മുദ്ര ചാര്‍ത്തപ്പെട്ടതാണ്; കരിനിയമങ്ങള്‍ ചുട്ടെടുത്ത് അവയുടെ അടിവേരറുക്കാന്‍ ഉദ്യുക്തരായ ജനവിരുദ്ധ സര്‍ക്കാറുകളുടേത് ക്രമസമാധാന പാലന ചുമതലയുടെ നിര്‍വഹണവും. ഈ പശ്ചാത്തലത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവും സത്യസന്ധവുമായ ഒരു നിര്‍വചനം ഭീകരതക്ക് യു.എന്‍ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഐക്യരാഷ്ട്ര സഭ വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടതിന്‍െറ അത്യാവശ്യകതയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി  ഊന്നിപ്പറഞ്ഞ മറ്റൊരു കാര്യം. യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിന് ഏറെക്കാലമായി ഇന്ത്യ തുടരുന്ന ശ്രമം ഇനിയും സഫലമാവാത്തതില്‍ രാജ്യത്തിനുള്ള ഉത്കണ്ഠ മനസ്സില്‍ വെച്ചുകൊണ്ട്, സമാധാനപാലനത്തിനുള്ള യു.എന്‍ ദൗത്യസേനയിലേക്ക് 850 അംഗങ്ങളുടെ ഒരു ബറ്റാലിയനെകൂടി അയക്കാനുള്ള സന്നദ്ധത അറിയിക്കവെ, മോദി സൈനികരെ സംഭാവന ചെയ്യുന്ന നാടുകള്‍ക്ക് തീരുമാനമെടുക്കുന്നതില്‍ പങ്കൊന്നുമില്ളെന്ന് ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ മാത്രമല്ല 120 കോടി ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് യു.എന്നിന്‍െറ നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ട രക്ഷാ സമിതിയില്‍ അംഗത്വമില്ളെന്നത് ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുക. ഒറ്റക്കൊറ്റക്ക് ഏതാണ്ടെല്ലാ അംഗരാജ്യങ്ങളും ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്താങ്ങുമ്പോഴും കൂട്ടായ തീരുമാനം അനിശ്ചിതമായി വൈകുന്നത് ദുരൂഹമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ രക്ഷാ സമിതിയിലെ അംഗങ്ങള്‍ക്കുള്ള കരുതിവെപ്പാവാം കാരണം. ഇന്ത്യ-പാകിസ്താന്‍ ബന്ധങ്ങള്‍ സാധാരണ നിലയിലോ സൗഹൃദപരമോ അല്ളെന്നത് പരോക്ഷമായി ഇതിന് വഴിയൊരുക്കുന്നുമുണ്ടാവാം. ഐക്യരാഷ്ട്ര ആസ്ഥാനത്ത് പരസ്പര കൂടിക്കാഴ്ചക്ക് മതിയായ അവസരം ലഭിച്ചിട്ടും നരേന്ദ്ര മോദിക്കോ നവാസ് ശരീഫിനോ നേരില്‍ കാണാന്‍ കഴിയാതെ പോയത് പ്രശ്നപരിഹാരത്തിലോ ബന്ധങ്ങള്‍ സമാധാനപരമാകുന്നതിലോ ഇരു രാജ്യങ്ങള്‍ക്കും വേണ്ടത്ര താല്‍പര്യമില്ളെന്ന സന്ദേശമാണ് നല്‍കുക. അമേരിക്കയിലത്തെിയ മോദി മൂന്ന് ബില്യണ്‍ ഡോളറിന്‍െറ ആയുധ ഇറക്കുമതിക്ക് കരാറൊപ്പിട്ടതും ഈ ഇടഞ്ഞുനില്‍പിന്‍െറ പാര്‍ശ്വഫലമാണ്. നടേപറഞ്ഞ ഭീകരത ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുരുതര ഭീഷണിയായി തുടരുന്നതിന്‍െറ ഉറവിടവും മറ്റൊന്നല്ല. വ്യക്തികളാവട്ടെ, സമൂഹങ്ങളാവട്ടെ, രാഷ്ട്രങ്ങളാവട്ടെ പരസ്പരം സംശയങ്ങളും ഭീതിയും കാലുഷ്യവും പ്രതികാരവാഞ്ഛയും മനസ്സില്‍ പേറിനടക്കുന്നിടത്തോളം കാലം ശാസ്ത്ര-സാങ്കേതിക വിദ്യയുടെ മാസ്മരിക നേട്ടങ്ങള്‍മാത്രം മനുഷ്യന്‍െറ രക്ഷക്കത്തെുകയില്ല.

Show Full Article
TAGS:
Next Story