Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭരണകൂട ഭീകരതക്കായി...

ഭരണകൂട ഭീകരതക്കായി ഗുജറാത്ത് കരിനിയമം

text_fields
bookmark_border
ഭരണകൂട ഭീകരതക്കായി ഗുജറാത്ത് കരിനിയമം
cancel

ഭീകരവൃത്തിയും സംഘടിത കുറ്റകൃത്യങ്ങളും നിയന്ത്രിക്കാനുള്ള ഗുജറാത്ത് ബില്‍ (ജി.സി.ടി.ഒ.സി ബില്‍) കേന്ദ്ര ആഭ്യന്തരവകുപ്പ് അംഗീകരിച്ചതോടെ അത് നിയമമാകാന്‍ രാഷ്ട്രപതിയുടെ ഒപ്പുകൂടിയേ വേണ്ടൂ. ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ മതിയായ അമിതാധികാരമാണ് ഈ നിയമം ഭരണകൂടത്തിന് നല്‍കുന്നത്. അതിനെതിരെ രാജ്യസ്നേഹികള്‍ക്ക് ഇടപെടാനുള്ള അവസാന സന്ദര്‍ഭമാണിത്. ഗുജറാത്തില്‍ 2001ലാണ് ഈ കരിനിയമത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി രൂപം കൊടുത്തത്. ഗുജറാത്തില്‍ ഇത് നിയമമായാല്‍ മറ്റു പല സംസ്ഥാനങ്ങളും അത് പകര്‍ത്താന്‍ സാധ്യതയുണ്ട്. ഗുജറാത്തില്‍ ഇതിനകം തന്നെ വ്യാപകമായ ജനദ്രോഹ നീക്കങ്ങള്‍ക്ക് ആക്കം കൂടാനും ഇത് സന്ദര്‍ഭമൊരുക്കും. 2001 മുതല്‍ പലതവണ കേന്ദ്രത്തിനയച്ച ഈ ബില്ലിനെതിരെ ജനാഭിപ്രായവും നിയമോപദേശവും ഉണ്ടായതിനാലാണ് നാല് തവണ ഇത് തിരസ്കരിക്കപ്പെട്ടത്. രാഷ്ട്രപതിമാരായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമും പ്രതിഭ പാട്ടീലും അത് മടക്കി. കഴിഞ്ഞ ജൂലൈയില്‍ ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാറിലെ ഐ.ടി മന്ത്രാലയവും എതിര്‍പ്പു രേഖപ്പെടുത്തി. എന്നാല്‍, കരടു ബില്ലിലെ ജനദ്രോഹവകുപ്പുകള്‍ ഒട്ടും മാറ്റാതെയാണ് അവസാനം അത് കേന്ദ്രം പാസാക്കി രാഷ്ട്രപതിക്ക് അയച്ചു കൊടുത്തിരിക്കുന്നത്. വ്യാജ കേസുകളെടുത്ത് നിരപരാധികളെ പീഡിപ്പിച്ചതിനും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സംഘടിപ്പിച്ച് നിരപരാധികളെ കൊന്നതിനും ഏറെ പഴികേട്ട ഗുജറാത്ത് പൊലീസിനും ഭരണകര്‍ത്താക്കള്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്നതിന്‍െറ ഉദ്ദേശ്യവും അര്‍ഥവും ജനാധിപത്യവിശ്വാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ജി.സി.ടി.ഒ.സി ബില്ലിലെ ഏറ്റവും ചെറിയ വ്യവസ്ഥകള്‍പോലും വ്യാപകമായ പ്രത്യാഘാതമുള്‍ക്കൊള്ളുന്നതാണ്. ഭീകരതയും സംഘടിത കുറ്റവും ചെറുക്കാനെന്നു പറഞ്ഞാണ് ഈ കരിനിയമം കൊണ്ടുവരുന്നത്. നിയമമില്ലാത്തതല്ല, അത് നിഷ്പക്ഷമായും കാര്യക്ഷമമായും നടപ്പാക്കാത്തതാണ്  ഭീകരതയും സംഘടിത കുറ്റങ്ങളും പെരുകാന്‍ കാരണമെന്നതിന് തെളിവ് ഗുജറാത്തിലടക്കം നിരപരാധികള്‍ തുറുങ്കിലടക്കപ്പെടുകയും കുറ്റവാളികള്‍ സ്വതന്ത്ര വിഹാരം നടത്തുകയും ചെയ്യുന്ന കുറേ സംഭവങ്ങളിലുണ്ട്. ഭീകരത എന്ന ലേബലൊട്ടിച്ചാല്‍ ഏത് കരിനിയമവും അംഗീകരിക്കപ്പെടുന്ന സാഹചര്യം ആര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് ‘പോട്ട’ മുതല്‍ ‘യു.എ.പി.എ’ വരെയുള്ള നിയമങ്ങളും തെളിയിച്ചിട്ടുണ്ട്. ഗുജറാത്ത് കരിനിയമം അതിനപ്പുറം കടന്ന്, സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതും ഭരണനടപടികളെച്ചൊല്ലി വിയോജിപ്പോ വിവാദമോ ഉയര്‍ത്തുന്നതും വരെ കുറ്റകരമാക്കാന്‍ പ്രാപ്തിയുള്ളതാണ്. പരിസ്ഥിതിയെ തകര്‍ക്കുന്ന നീക്കങ്ങളെ ചെറുക്കുന്നതും കോര്‍പറേറ്റുകള്‍ നടത്തുന്ന ഭൂമി കൈയേറ്റത്തെ എതിര്‍ക്കുന്നതും ശിക്ഷാര്‍ഹമാകാം. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൂച്ചുവിലങ്ങായി അധികൃതര്‍ക്ക് അതിനെ പ്രയോജനപ്പെടുത്താം. ‘ടാഡ’, ‘പോട്ട’ തുടങ്ങിയ നിയമങ്ങള്‍ ഭീകരപ്രവൃത്തികളെന്ന് ആരോപിക്കപ്പെട്ട സംഭവങ്ങളിലാണ് അമിതാധികാരപ്രയോഗത്തിന് വ്യവസ്ഥ ചെയ്തതെങ്കില്‍ ഗുജറാത്ത് കരിനിയമം, സാധാരണ കുറ്റകൃത്യങ്ങളെയും ഭീകരതയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്ന തരത്തിലാണ് ഭീകരതയെ നിര്‍വചിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനോ ജനിതക വിള അടിച്ചേല്‍പിക്കലിനോ കേരളത്തിലെ ‘പെമ്പിളൈ ഒരുമൈ’ ഉന്നയിച്ചതുപോലുള്ള തൊഴില്‍ പീഡനത്തിനോ എതിരെ സമരം ചെയ്യുന്നത് ഭീകരതയായി എണ്ണപ്പെടാം; അഞ്ചുവര്‍ഷം തടവിനും അഞ്ചുലക്ഷം രൂപ പിഴക്കും അതു മതി. ഭീകരവൃത്തിയില്‍ പങ്കാളിയെന്ന പേരില്‍ ആരെയും പിടികൂടാനും വകുപ്പുണ്ട്. എത്ര ആളുകളെയും പിടികൂടി കൂട്ട എഫ്.ഐ.ആറില്‍ പെടുത്താം. വിചാരണയില്ലാതെ, പൊലീസ് റിപ്പോര്‍ട്ടിന്‍െറ മാത്രം ബലത്തില്‍ ആളുകളെ തടങ്കലിലിടാം. വിചാരണ എത്രയും നീട്ടിക്കൊണ്ടുപോകുന്നതോടെ നിരപരാധികളെ ശിക്ഷിക്കാനുള്ള പഴുതുമാകുന്നു. കുറ്റാരോപിതന്‍ നിരപരാധിയെന്നു തെളിഞ്ഞാലേ ജാമ്യം കൊടുക്കാന്‍ പ്രത്യേക  കോടതിക്ക് അധികാരമുള്ളൂ. എന്നുവെച്ചാല്‍, ജാമ്യം എന്നത് പ്രയോഗത്തില്‍ ഇല്ലാതാകും. പൊലീസിന് മുമ്പാകെ നടത്തുന്ന ‘കുറ്റസമ്മതം’ തെളിവായി കണക്കാക്കാമെന്ന ഭീകരവ്യവസ്ഥ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആറു മാസം വരെ കുറ്റപത്രം സമര്‍പ്പിക്കാതിരിക്കാം. വ്യക്തികളുടെ സ്വകാര്യ കത്തിടപാടുകളും മെയിലുകളും ചോര്‍ത്താം, പരിശോധിക്കാം. രഹസ്യവിചാരണ എന്ന വ്യവസ്ഥ, ഏറ്റവും കൊടിയ അനീതിപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകാമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
സര്‍ക്കാറിനെ വിമര്‍ശിക്കുന്ന കുറിപ്പുകള്‍ അച്ചടിക്കുന്നതും പോസ്റ്റ് ചെയ്യുന്നതുംവരെ ‘ഭീകരത’യിലെ പങ്കാളിത്തമായി പൊലീസ് ആരോപിച്ചാല്‍ ബാക്കിയെല്ലാം ‘മുറപോലെ’ നടക്കും എന്നത് ഇതിലെ ഒരു ഭീകരവശം മാത്രം. വ്യാപകമായ ദുരുപയോഗ സാധ്യതയാണ് മറ്റൊന്ന്. ‘ടാഡ’ പ്രകാരം പത്തുവര്‍ഷത്തിനിടെ 76000 പേരെ അറസ്റ്റ് ചെയ്തതില്‍ 75136 പേര്‍ നിരപരാധികളെന്ന് തെളിഞ്ഞത് അത്രയും കാലം തടങ്കലനുഭവിച്ച ശേഷമായിരുന്നു. അറസ്റ്റിലായവരില്‍ 25 ശതമാനം പേര്‍ കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെടാതെ ‘ശിക്ഷ’ അനുഭവിക്കേണ്ടി വന്നു. ഭരണകൂടപക്ഷപാതിത്തവും പ്രശ്നമാണ്. ഗുജറാത്തില്‍ ‘പോട്ട’ പ്രകാരം 287 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു; ഇതില്‍ ഒന്നൊഴിച്ചെല്ലാം മുസ്ലിംകള്‍ക്കെതിരെയായിരുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ 22 എണ്ണം നടന്നതായും തെളിഞ്ഞിട്ടുണ്ട് -അമിതാധികാരത്തിന്‍െറ പ്രത്യാഘാതമാണത്. പഴയ കരിനിയമങ്ങളിലെ ഭീകരവകുപ്പുകളെല്ലാം തുന്നിച്ചേര്‍ത്തു നിര്‍മിച്ച ഗുജറാത്ത് നിയമം രാജ്യത്തോടു ചോദിക്കുന്നു, നാം ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായി നിലനില്‍ക്കണോ വേണ്ടയോ എന്ന്.

Show Full Article
TAGS:
Next Story