ലോകത്തെ നടുക്കിയ മിനാ ദുരന്തം
text_fieldsപഴുതുകളടച്ച, ശാസ്ത്രീയമായ എത്ര സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാലും അത് നടപ്പാക്കുന്ന കാര്യത്തില്‍ സംഭവിച്ചേക്കാവുന്ന ചെറിയൊരു പാളിച്ച അത്യാഹിതങ്ങള്‍ വിളിച്ചുവരുത്തുമെന്ന വലിയൊരു താക്കീതാണ് വ്യാഴാഴ്ച ഹജ്ജ് തീര്‍ഥാടനകര്‍മങ്ങളുടെ പ്രധാന വേദികളിലൊന്നായ മിനായിലുണ്ടായ വന്‍ ദുരന്തം കൈമാറുന്നത്. ജംറ സമുച്ചയത്തിലേക്കുള്ള വഴിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 16 ഇന്ത്യക്കാരടക്കം 717 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 165ഓളം രാജ്യങ്ങളില്‍നിന്നുള്ള 20-25 ലക്ഷം ഹാജിമാര്‍ നാലഞ്ചുദിവസം സംഗമിക്കുന്ന വേളയില്‍ ഇമ്മട്ടിലൊരു അത്യാഹിതത്തിനുള്ള സാധ്യത കൂടുതലാണെങ്കിലും ബില്യണ്‍ കണക്കിന് റിയാല്‍ ചെലവിട്ട് സൗദി ഭരണകൂടം ഓരോ വര്‍ഷവും സജ്ജീകരിക്കുന്ന വിപുലമായ ഒരുക്കങ്ങളും സുരക്ഷാസംവിധാനങ്ങളും ഹജ്ജിനെ അത്യാഹിതമുക്തമാക്കേണ്ടതായിരുന്നു. എന്നാല്‍, അതാവര്‍ത്തിക്കപ്പെടുകയാണ്. അറഫാസംഗമവും മുസ്ദലിഫയിലെ രാപ്പാര്‍ക്കലും കഴിഞ്ഞ് മിനായിലേക്ക് തിരിച്ചത്തെിയ ഹാജിമാര്‍ വ്യാഴാഴ്ച രാവിലത്തെന്നെ പിശാചിന്‍െറ പ്രതീകമായ ജംറകള്‍ എറിയാന്‍ പുറപ്പെട്ടപ്പോഴാണ് ദുരന്തമുണ്ടായത്. യഥാര്‍ഥ കാരണമെന്താണെന്നും എങ്ങനെയാണ് തിക്കും തിരക്കും ഉണ്ടായതെന്നുമുള്ള വിഷയത്തില്‍ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ജംറപാലത്തിന് അകലെ, 203, 204 നമ്പര്‍ റോഡുകള്‍ കൂട്ടിമുട്ടുന്നിടത്ത് കല്ളേറ് നിര്‍വഹിക്കാന്‍ കുതിക്കുന്ന സംഘവും കര്‍മം നിര്‍വഹിച്ച് മടങ്ങുന്ന സംഘവും കൂടിച്ചേര്‍ന്നപ്പോഴുണ്ടായ തിക്കും തിരക്കുമാണ് അത്യാഹിതത്തിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇങ്ങനെ രണ്ടു മനുഷ്യപ്രവാഹങ്ങള്‍ ഇരുദിശകളില്‍നിന്ന് വന്ന് കൂടിക്കലരുന്നതും അവരെ നിയന്ത്രിക്കുന്നതില്‍ സുരക്ഷാസേന പരാജയപ്പെടുന്നതും സാധാരണഗതിയില്‍ അചിന്ത്യമാണ്. ഒരു കൂട്ടം തീര്‍ഥാടകര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ നീങ്ങിയതാണ് നാശംവരുത്തിവെച്ചതെന്ന് സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫലീഹ് കുറ്റപ്പെടുത്തിയത് ആഫ്രിക്കയില്‍നിന്നുള്ള ഹാജിമാരെ ഉദ്ദേശിച്ചാണത്രെ. എന്നാല്‍, 44 ഡിഗ്രി കൊടുംചൂടും തലേദിവസത്തെ അറഫാസംഗമവും മുസ്ദലിഫയില്‍നിന്നുള്ള യാത്രയുമൊക്കെ പ്രായാധിക്യമുള്ള ഹാജിമാരെ വല്ലാതെ അവശരാക്കിയിരുന്നുവെന്നും കല്ളേറ് കഴിഞ്ഞ് മടങ്ങുന്നവഴിയില്‍ അവര്‍ വിശ്രമിക്കാനിരുന്നതാണ് മറുഭാഗത്തുനിന്ന് വന്ന തീര്‍ഥാടകപ്രവാഹത്തില്‍പ്പെടാന്‍ കാരണമായതെന്നും വിശദീകരിക്കപ്പെടുന്നുണ്ട്. എന്തുതന്നെയായാലും, ത്യാഗവും സഹനവും ആവശ്യപ്പെടുന്ന ആരാധനയായ ഹജ്ജ് ഇമ്മട്ടില്‍ ദുരന്തത്തിലേക്ക് വഴിമാറുമ്പോള്‍ പാപമുക്തമായ പുതിയൊരു ജീവിതം സ്വപ്നംകണ്ട് യാത്രതിരിച്ചവരെയും അവരുടെ കുടുംബമിത്രാദികളെയും അത് ആഴത്തില്‍ പിടിച്ചുലക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസിന്‍െറ കാലംതൊട്ടുതന്നെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്ന വിഷയത്തില്‍ ഭരണകൂടം പ്രതിജ്ഞാബദ്ധരാണ്. എണ്ണയിലൂടെ സമ്പത്ത് കുമിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ, ഫഹദ് രാജാവും പിന്‍ഗാമികളും പൂര്‍ത്തിയാക്കിയ വിപുലീകരണവും നവീകരണവും ഇരുഹറമുകള്‍ക്കും പുണ്യകേന്ദ്രങ്ങള്‍ക്കും എത്രയോ ലക്ഷങ്ങള്‍ വരുന്ന തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനുള്ള ശേഷി നേടിക്കൊടുത്തു. ഇതിനുമുമ്പ് മിനായില്‍ രണ്ടുതരത്തിലാണ് ദുരന്തങ്ങള്‍ സംഭവിച്ചിരുന്നത്. തമ്പുകള്‍ കത്തിയും ജംറ ഏറിനിടയിലെ തിക്കും തിരക്കും കാരണവും. 1994ലും 98ലും 2001ലും 2003ലും2006ലും ജംറയിലെ തിക്കിലും തിരക്കിലുംപെട്ട് നൂറുകണക്കിന് തീര്‍ഥാടകര്‍ മരിച്ചത് ഈ കര്‍മം പൂര്‍ത്തിയാക്കുന്നതിന് മികച്ച സംവിധാനം അനിവാര്യമാണെന്ന് സൗദി അധികൃതരെ ബോധ്യപ്പെടുത്തി. അതിന്‍െറയടിസ്ഥാനത്തിലാണ് ബില്യണ്‍ റിയാല്‍ ചെലവഴിച്ച് അഞ്ചുനില ജംറ സമുച്ചയം പൂര്‍ത്തിയാക്കുന്നത്. 2008നുശേഷം പറയത്തക്ക അനര്‍ഥങ്ങളൊന്നുമില്ലാതെ ഹജ്ജ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഇതുവഴിയാണ്. മിനായില്‍ പതിവായ അഗ്നിബാധ ഒഴിവാക്കാന്‍ തീപിടിക്കാത്ത ടെന്‍റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും ദുരന്തങ്ങള്‍ പഴങ്കഥയാക്കി. 1990ല്‍ 1426 പേരുടെ ജീവനെടുത്തത് മക്കയെ മിനായുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിലെ വെന്‍റിലേഷന്‍ സിസ്റ്റം തകരാറായതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലും ശ്വാസംമുട്ടിയാണ്. എന്നാല്‍, രണ്ടാഴ്ചമുമ്പ് മസ്ജിദുല്‍ ഹറാമില്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന ഭാഗത്ത് രണ്ടുക്രെയിനുകള്‍ തകര്‍ന്ന്112 പേര്‍ മരിച്ചതിന്‍െറ ആഘാതത്തില്‍നിന്ന് മുക്തമാകുന്നതിനു മുമ്പാണ് ഇപ്പോഴത്തെ കൂട്ടമരണം.
മനുഷ്യന്‍ ഒരുക്കുന്ന സകലസംവിധാനങ്ങളെയും അപ്രസക്തമാക്കുംവിധം ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമ്പോള്‍ പരസ്പരം പഴിചാരിയോ ആരോപണങ്ങള്‍ ഉന്നയിച്ചോ ദു$ഖസാന്ദ്രമായ അന്തരീക്ഷത്തെ രോഷപ്രകടനത്തിന് വിനിയോഗിക്കുന്നത് വിവേകത്തിന്‍െറ ലക്ഷണമല്ല. മിനായിലെ ഇപ്പോഴത്തെ ദുരന്തത്തിന് ഇറാന്‍ സൗദി ഭരണകൂടത്തെ കടുത്തഭാഷയില്‍ കുറ്റപ്പെടുത്തിയതിനു പിന്നില്‍ രാഷ്ട്രീയമാണ്്. ഹജ്ജിന് ആതിഥ്യമരുളുന്ന സൗദി സര്‍ക്കാര്‍ എത്രമാത്രം ഭൗതികസന്നാഹങ്ങള്‍ ഒരുക്കുന്നുണ്ടോ അതിനനുസൃതമായി ഹാജിമാര്‍ക്ക് അവരെ തീര്‍ഥാടനത്തിനു പറഞ്ഞയക്കുന്ന രാജ്യങ്ങള്‍ അവബോധവും മുന്നറിയിപ്പുകളും വേണ്ടവിധം നല്‍കണമെന്നാണ് ഇപ്പോഴത്തെ ദുരന്തം ഓര്‍മപ്പെടുത്തുന്നത്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട സൗദി സര്‍ക്കാര്‍ സംഭവത്തിന്‍െറ യഥാര്‍ഥ കാരണം കണ്ടത്തെി വരുംവര്‍ഷങ്ങളില്‍ അതാവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
