നേപ്പാളിന്‍െറ പുതിയ ഭരണഘടനയും ഇന്ത്യയുടെ അതൃപ്തിയും
text_fieldsകായ പഴുത്തപ്പോള്‍ കാക്കക്ക് വായ്പുണ്ണ് എന്ന പഴമൊഴിയെ ഓര്‍മിപ്പിക്കുന്നതാണ് ഹിമാലയന്‍ അയല്‍രാജ്യമായ നേപ്പാള്‍, വര്‍ഷങ്ങള്‍നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കും അനിശ്ചിതത്വത്തിനുംശേഷം ഒരു മതേതര-ജനാധിപത്യ-ഫെഡറല്‍-റിപ്പബ്ളിക്കന്‍ ഭരണഘടന അംഗീകരിച്ചപ്പോള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. പുതിയ ഭരണഘടന അംഗീകരിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളില്‍ ഇന്ത്യ ഉത്കണ്ഠ പ്രകടിപ്പിക്കുകയും കാഠ്മണ്ഡുവിലെ അംബാസഡര്‍ രഞ്ജിത് റായിയെ കൂടിയാലോചനകള്‍ക്കായി തിരിച്ചുവിളിക്കുകയും ചെയ്തിരിക്കുകയാണ്.
ഇന്ത്യന്‍ സംസ്ഥാനങ്ങളായ യു.പി, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവയോട് ചേര്‍ന്നുനില്‍ക്കുന്ന തരായ് മേഖലയിലെ 30 ശതമാനം വരുന്ന മധേശികള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ എതിര്‍പ്പും തത്ഫലമായി ഉടലെടുത്ത സംഘര്‍ഷവുമാണ് ഇന്ത്യന്‍ സര്‍ക്കാറിന്‍െറ അതൃപ്തിക്ക് നിമിത്തമായിരിക്കുന്നത്. അവരുടെ എതിര്‍പ്പിനെ മറികടന്ന് പുതിയ ഭരണഘടന പാസാക്കരുതെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിരുന്നെങ്കിലും 598 അംഗ ഭരണഘടനാ അസംബ്ളിയിലെ 507 പേരുടെ പിന്തുണയോടെ അത് പാസാക്കപ്പെടുകയായിരുന്നു. ഇതിന് ചുക്കാന്‍പിടിച്ച നേപ്പാളി കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യു.എം.എന്‍), യുനൈറ്റഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്) എന്നീ മൂന്നു പ്രധാന രാഷ്ട്രീയപാര്‍ട്ടികളും വന്‍ ആഹ്ളാദത്തിമിര്‍പ്പിലാണ്. ദക്ഷിണ നേപ്പാളിലെ മധേശി-താരു വിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികളാവട്ടെ പ്രക്ഷോഭപാതയിലും.
80 ശതമാനം ഹിന്ദുക്കള്‍ താമസിക്കുന്ന നേപ്പാള്‍ തൊണ്ണൂറുകളില്‍ രാജവാഴ്ചയുടെ അന്ത്യത്തോടെ പ്രധാനമായും മാവോവാദികളുടെ ശക്തമായ അരങ്ങേറ്റത്തോടെ ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കും വഴിമാറുകയായിരുന്നു. നിരന്തരമായ അസ്ഥിരതക്കും രാഷ്ട്രീയാനിശ്ചിതത്വത്തിനും ഒടുവില്‍ പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ സമന്വയത്തിലൂടെ യാഥാര്‍ഥ്യമായിക്കഴിഞ്ഞ റിപ്പബ്ളിക്കന്‍ ഭരണഘടന, മതേതരത്വത്തിലേക്കും ഫെഡറലിസത്തിലേക്കും രാജ്യത്തെ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
മാറ്റം തീര്‍ച്ചയായും വംശീയ ന്യൂനപക്ഷങ്ങളെ അരക്ഷിതരും അവഗണിതരുമാക്കാന് കാരണമായിക്കൂടാ. ഇന്ത്യന്‍വംശജരായ മധേശികള്ക്കും അവര്‍ അധിവസിക്കുന്ന മേഖലക്കും തുല്യനീതിയും അവസരസമത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അയല്‍രാജ്യമായ ഇന്ത്യക്കുള്ള ഉത്കണ്ഠ സ്വാഭാവികമാണ്. അതേയവസരത്തില്‍ നേപ്പാള്‍ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്കാണെന്നതും അന്നാട്ടിലെ ജനങ്ങളാണ് അവരുടെ ഭാഗധേയം നിര്ണയിക്കേണ്ടതെന്നതും വിസ്മരിക്കപ്പെട്ടുകൂടാ. നേപ്പാളിന്‍െറ ഭൂമിശാസ്ത്രപരമായ സവിശേഷതകളും വംശീയവൈവിധ്യങ്ങളും കണക്കിലെടുത്താവണം ഏഴു പ്രവിശ്യകളുള്ള ഫെഡറല്‍ റിപ്പബ്ളിക്കായി പുതിയ ഭരണഘടന വിഭാവനംചെയ്തിരിക്കുന്നത്. ജനസംഖ്യാപരമായ സീറ്റ് വിഭജനത്തിനുപകരം ഭൂമിശാസ്ത്രപരമായ സീറ്റുകളുടെ നിര്‍മിതി തങ്ങളുടെ പാര്‍ലമെന്റ് പ്രാതിനിധ്യത്തെ ഗണ്യമായി വെട്ടിച്ചുരുക്കും എന്നതാണ് മധേശികളുടെ ഒരാശങ്ക.
അതോടൊപ്പം, അവരില്‍ വലിയൊരു വിഭാഗത്തിന് ഇനിയും പൗരത്വം ലഭിച്ചിട്ടില്ളെന്നതും അതൃപ്തിക്ക് കാരണമാണ്. ഭരണഘടനാശില്പികളും സര്‍ക്കാറും പ്രതിവിധി കാണേണ്ട പ്രശ്നങ്ങള്‍ തന്നെയാണിത്. എന്നാല്‍, ഇന്ത്യയിലെ ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വവാദികളായ ചില വക്താക്കള്‍ നേപ്പാളികളുടെ കാര്യത്തില്‍ പ്രകടിപ്പിക്കുന്ന അതിരുവിട്ട താല്പര്യം സ്ഥിതിഗതികള്‍ വഷളാക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത സുഹൃദ്ബന്ധങ്ങള്‍ക്ക് പോറലേല്പിക്കുകയുമേ ചെയ്യൂ. ഒരു ഹിന്ദുനേപ്പാളാണ് വേണ്ടതെന്ന ബി.ജെ.പി വൈസ് പ്രസിഡന്റ് രണു ദേവിയുടെ അഭിപ്രായപ്രകടനം ഇന്ത്യയുടെ ഒൗദ്യോഗിക വീക്ഷണഗതിയല്ളെന്ന് ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന് വിശദീകരിക്കേണ്ടിവന്നിരിക്കുന്നു. ഗോരഖ്പുരില്‍നിന്നുള്ള ബി.ജെ.പി എം.പി യോഗി ആദിത്യനാഥും നേപ്പാള്‍ ഹിന്ദുരാഷ്ട്രമാവണമെന്ന് പരസ്യമായി വാദിക്കുകയാണ്. അദ്ദേഹം മധേശി പ്രക്ഷോഭത്തെ പിന്തുണക്കുകയും ചെയ്യുന്നു.
നേപ്പാളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗങ്ങളുടെ മഹാഭൂരിപക്ഷം ഒരു മതേതര-ജനാധിപത്യ-ഫെഡറല്‍ ഭരണഘടനക്ക് അനുകൂലമായി വിധി എഴുതിയിരിക്കെ ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ അതംഗീകരിക്കാന്‍ വിസമ്മതിക്കുന്നതെന്ത് മര്യാദയാണ്? ചൈനയുടെകൂടി അയല്‍രാജ്യമായ നേപ്പാളിന്‍െറ ആഭ്യന്തര കാര്യങ്ങളിലുള്ള ഇത്തരം ഇടപെടലുകള്‍ നമ്മുടെ ദേശീയതാല്പര്യങ്ങള്ക്ക് എന്തുമാത്രം ഗുണകരമാവുമെന്ന് നരേന്ദ്ര മോദിസര്‍ക്കാര്‍ സഗൗരവം ആലോചിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
