വിശുദ്ധമായ ആണവായുധം, അവിശുദ്ധമായ ആണവോര്‍ജം
text_fieldsഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ)യുടെ ഈയിടത്തെ യോഗം, ഇസ്രായേലി ആണവശാലകള്‍ ഏജന്‍സി പരിശോധിക്കണമെന്ന പ്രമേയം വോട്ടിനിട്ടു തള്ളിയത് ഏറെ ശ്രദ്ധനേടാതെപോയ വാര്‍ത്തയാണ്. ഈജിപ്ത് കൊണ്ടുവന്ന പ്രമേയത്തെ തുര്‍ക്കി, ലിബിയ, സിറിയ, ഇറാന്, ഇറാഖ്, റഷ്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങള്‍ പിന്താങ്ങി. എന്നാല്‍, തെല്‍അവീവില്‍ ചേര്‍ന്ന ഐ.എ.ഇ.എ ജനറല്‍ കോണ്‍ഫറന്‍സ് അത് 61-43 ന് തള്ളി. ഇസ്രായേലിന്‍െറ ദിമോന ആണവശാലയില്‍ ആണവായുധം നിര്‍മിക്കുന്നുണ്ടെന്ന ആരോപണം കുറെ വര്‍ഷമായി നിലവിലുള്ളതാണ്. അപ്പോഴും ഇറാനെ കുറ്റപ്പെടുത്തി വ്യാജ ആരോപണമുന്നയിച്ചാണ് ഇസ്രായേല്‍ ഇതിന് മുമ്പ് പരിശോധനകളെ മറികടന്നത്.
ഇസ്രായേലിനെ സ്ഥിരമായി പിന്തുണക്കുന്ന യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും ആസ്ട്രേലിയയും മറ്റും ഇറാന്‍െറ ആണവശാലകള്‍ പരിശോധിക്കണമെന്ന പിടിവാശിയിലായിരുന്നു. ഇക്കാര്യത്തില്‍ ഈയിടെ ധാരണ ഉണ്ടായതോടെ ഇസ്രായേലില്‍ പരിശോധന ഏതു നിലക്കും അനിവാര്യവും ന്യായവുമായിരുന്നു. എന്നിട്ടും, മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയ പിന്തുണയോടെ ഇസ്രായേല്‍ പരിശോധനയെ മറികടന്നത്, യു.എന്നിലെന്നപോലെ ഐ.എ.ഇ.എയിലും ശക്തിപ്പെട്ട പക്ഷപാതിത്വത്തിന്‍െറ തെളിവാണ്. ഇറാന്‍െറ ഇല്ലാത്ത ആണവായുധം കാട്ടി അവിടെ പരിശോധനക്ക് വഴിതുറന്നവര്‍, ഇസ്രായേലിനുണ്ടെന്ന് മോര്‍ദെഷായ് വനൂനു എന്ന ഇസ്രായേലി ആണവ വിദഗ്ധനടക്കം പലരും ഉറപ്പിച്ചുപറഞ്ഞ ഇസ്രായേലിന്‍െറ ആണവായുധ പദ്ധതിക്ക് പ്രോത്സാഹനം നല്‍കുകയാണ് ഫലത്തില്‍ ചെയ്തിട്ടുള്ളത്. മേഖലയില്‍, ആണവ നിര്‍വ്യാപന കരാര്‍ (എന്‍.പി.ടി) ഒപ്പുവെച്ചിട്ടില്ലാത്ത ഏക രാജ്യമെന്ന നിലക്ക് ഇസ്രായേലിനെ നിയന്ത്രിക്കാന്‍ ഐ.എ.ഇ.എക്ക് കൂടുതല്‍ ബാധ്യതയുണ്ടെന്നിരിക്കെയാണിത്.
ഇറാനെതിരായ യു.എസ്-ഇസ്രായേല്‍-യൂറോപ്യന്‍ പ്രചാരണങ്ങള്‍ 1980കളില്‍ തുടങ്ങിയതാണ്. രണ്ടു വര്‍ഷംകൊണ്ട് ആണവായുധം നിര്മിക്കാവുന്നത്ര ഇറാന് മുന്നേറി എന്നായിരുന്നു അന്നുമുതലുള്ള ആരോപണം. അതേസമയം, അന്നു മുതല്‍ ഇന്നുവരെ അതുസംബന്ധിച്ച ഒരു തെളിവും കണ്ടത്തൊന്‍ കഴിഞ്ഞിട്ടുമില്ല. ആണവായുധമല്ല, ആണവോര്‍ജമാണ് ലക്ഷ്യമെന്ന് ഇറാന് പലതവണ വിശദീകരിച്ചതെല്ലാം യു.എസ് പക്ഷം തള്ളുകയായിരുന്നു. ഇറാന് എന്‍.പി.ടി ഒപ്പുവെച്ചശേഷവും ഇത് തുടര്‍ന്നു. അതേസമയം, എന്‍.പി.ടി ഒപ്പുവെക്കാന്‍ വിസമ്മതിച്ച ഇസ്രായേല്‍ ആണവായുധമുണ്ടാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരം വന്നപ്പോള്‍ അവരോ യു.എന്നോ ഐ.എ.ഇ.എയോ അനങ്ങിയുമില്ല. ഇറാന് ആണവോര്‍ജ നിര്‍മാണത്തിന്‍െറ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അത് ഐ.എ.ഇ.എയെ അറിയിച്ചില്ല എന്നായി പിന്നീട് ആരോപണം. അപ്പോഴും ഇസ്രായേല്‍ ആയുധ നിര്‍മാണ പരിപാടി തുടരുന്നുണ്ടായിരുന്നു.
ഇറാനെതിരെ കടുത്ത ഉപരോധങ്ങളേര്പ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. മീഡിലീസ്റ്റിനെ കൂട്ടനശീകരണായുധമുക്തമാക്കുകയെന്ന നയമാണ് അതിന് കാരണമായി പറഞ്ഞത്. എന്നാല്‍, ആ മേഖലയിലെ ഏക ആണവായുധ ശക്തിയായി ഇസ്രായേല്‍ മാറിയപ്പോഴും അക്കാര്യം വനൂനു തെളിവുസഹിതം വെളിപ്പെടുത്തിയപ്പോഴും ഇസ്രായേലിനെതിരെ ഒരു ചെറിയ നടപടിപോലുമുണ്ടായില്ല. ആണവായുധമുക്തമേഖല എന്ന ലക്ഷ്യത്തിനുവേണ്ടി പ്രത്യേക യു.എന്‍ സമ്മേളനം വിളിക്കണമെന്ന് 2010ല്‍ കുറെ ചേരിചേരാ രാജ്യങ്ങള്‍ ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടു. രണ്ടു വര്‍ഷത്തിനകം അത് വിളിച്ചുചേര്‍ക്കാമെന്ന് ഉറപ്പുപറഞ്ഞെങ്കിലും നടന്നില്ല. ഇറാനുമായി ആണവക്കരാര്‍ ഉണ്ടാക്കിയശേഷവും ഇസ്രായേലിനെ നിരായുധീകരിക്കണമെന്ന ആവശ്യം നടപ്പാകുന്നില്ല.
ഐ.എ.ഇ.എയുടെ ഒടുവിലത്തെ തീരുമാനം ഈ വിവേചനത്തെ ശക്തിപ്പെടുത്തുന്നതുമാത്രമല്ല, സ്വയം തോല്പിക്കുന്നതുമാണ്. ആണവായുധ ചര്‍ച്ചകളത്രയും ഇറാനെ കേന്ദ്രീകരിച്ചാക്കിയതുപോലും ഇസ്രായേലിനെ സൈ്വരമായി വിടാനായിരുന്നെന്ന് തോന്നിപ്പോകുന്നു. എന്‍.പി.ടി ഒപ്പിട്ട ബ്രിട്ടനും ഫ്രാന്‍സും ആ കരാര്‍ ലംഘിച്ച് ഇസ്രായേലിനെ ആണവായുധ നിര്‍മാണത്തില്‍ സഹായിച്ചതായി ബി.ബി.സി അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിമോനയിലെ ആണവായുധ നിര്‍മാണത്തെപ്പറ്റി അവിടത്തെ ടെക്നീഷ്യനായിരുന്ന വനൂനു 1986ല്‍ തന്നെ ലോകത്തെ അറിയിച്ചിരുന്നു. ഇസ്രായേലി ചരിത്രകാരനായ അവ്നര്‍ കോഹന് (ഇസ്രായേല്‍ ആന്‍ഡ് ദ ബോംബ് എന്ന പുസ്തകത്തില്‍) വെളിപ്പെടുത്തിയത് ശരിയാണെന്നുവരുന്നു: ഇസ്രായേലിന്‍െറ ആണവായുധത്തെക്കുറിച്ച വിവരം അമേരിക്ക ഒരിക്കലും പുറത്തുപറയില്ളെന്ന് പ്രസിഡന്റ് നിക്സന് ഇസ്രായേല്‍ പ്രധാനമന്ത്രി ഗോള്‍ഡാ മെയര്‍ക്ക് 1969ലേ ഉറപ്പുകൊടുത്തിരുന്നു. കപടനാട്യങ്ങളുടെയും വിവേചനങ്ങളുടെയും ഇരകളായി കുറെ രാജ്യങ്ങള്‍ ഉപരോധങ്ങളും അധിനിവേശങ്ങളും അനുഭവിക്കുമ്പോള്‍ ആയുധങ്ങളും അധികാരവും കൈയിലൊതുക്കി ഏതാനും ചിലര്‍ ലോകത്തെ ചൂഷണംചെയ്യുകയാണ്. വന്‍ശക്തി സര്‍ക്കാറുകളും യു.എന്പോലുള്ള സംവിധാനങ്ങളും ലോകത്തെ എപ്രകാരം വഞ്ചിച്ചുകൊണ്ടിരിക്കുന്നു എന്ന് വിവിധ സമൂഹങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ തെളിമയോടെ ആ വസ്തുത കണ്ടറിയാന്‍ എ.ഐ.ഇ.എ തീരുമാനം ഒരവസരം കൂടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
