Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightയു.എന്‍ @ 70

യു.എന്‍ @ 70

text_fields
bookmark_border
യു.എന്‍ @ 70
cancel

ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറല്‍ ആയിരുന്ന ദാഗ് ഹമ്മര്‍ഷോള്‍ഡ് പ്രസ്തുത പദവിയിലിരിക്കെ, ഒരിക്കല്‍ ഇങ്ങനെ കുറിക്കുകയുണ്ടായി: ‘മനുഷ്യകുലത്തെ സ്വര്‍ഗത്തിലേക്ക് നയിക്കുകയല്ല, അവരെ ജീവിത നരകത്തില്‍നിന്ന് രക്ഷിക്കുകയാണ് ഈ പ്രസ്ഥാനത്തിന്‍െറ ലക്ഷ്യം.’ രണ്ടാം ലോകയുദ്ധം സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍നിന്ന് പൂര്‍ണമായും ഉയിര്‍ത്തെഴുന്നേല്‍ക്കുംമുമ്പുള്ള സവിശേഷ രാഷ്ട്രീയ സാഹചര്യത്തിലാണ് യു.എന്നിനെക്കുറിച്ചുള്ള സ്വപ്നം അദ്ദേഹം പങ്കുവെച്ചത്. ഒരു പരിധിവരെയെങ്കിലും ആ സ്വപ്നം യഥാര്‍ഥ്യമായെന്ന് നിസ്സംശയം പറയാനാകും. പലതരത്തിലുള്ള നരകങ്ങളില്‍നിന്ന് ഈ പ്രസ്ഥാനം ആളുകളെ രക്ഷിച്ചിട്ടുണ്ട്. കോടിക്കണക്കിന് ആളുകളുടെ പട്ടിണിയകറ്റുന്നതിനും അതിലുമിരട്ടി പേര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനും യു.എന്നിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പോലും കുട്ടികള്‍ക്കായുള്ള യു.എന്നിന്‍െറ പ്രത്യേക സംഘടനയായ യൂനിസെഫിന്‍െറ വിദ്യാഭ്യാസ പദ്ധതിയുടെ ഗുണഫലം നേരിട്ടനുഭവിച്ചയാളാണ്. വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മാര്‍ജനം, രോഗപ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഇതിനകം സംഘടന 3500 കോടി ഡോളറിലധികം ചെലവഴിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഐക്യരാഷ്ട്ര സഭയുടെ സംഘടനാ സംവിധാനവും പ്രവര്‍ത്തന രീതിയുമെല്ലാം രണ്ടാം ലോകയുദ്ധാനന്തരമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ ഓര്‍മപ്പെടുത്തുന്നുണ്ടെന്ന് പറയാതെവയ്യ. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചൈനയും റഷ്യയുമൊക്കെ ചേര്‍ന്ന അക്കാലത്തെ മുഖ്യരാഷ്ട്രീയ ചേരിതന്നെയാണ് ഇപ്പോഴും സംഘടനയെ നിയന്ത്രിക്കുന്നത്. സോവിയറ്റ് യൂനിയന്‍െറ പതനത്തിനുശേഷം ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും പുതിയ സാമ്പത്തിക ശക്തികളെ വേണ്ടവിധത്തില്‍ തിരിച്ചറിയാനും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ടോ?

ഐക്യരാഷ്ട്രസഭയുടെ 70ാമത് പൊതുസഭാ സമ്മേളനം ന്യൂയോര്‍ക്കില്‍ പുരോഗമിക്കുമ്പോള്‍, ഒൗദ്യോഗികമായല്ളെങ്കില്‍ പോലും, സംഘടനയുടെ ഈ ന്യൂനതയാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്. രാഷ്ട്രീയ, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടും, നേതൃതലത്തില്‍ ഭൂമിശാസ്ത്രപരമായ സന്തുലനം ഉറപ്പുവരുത്തിയുമുള്ള ഒരു ഘടനാമാറ്റം ഭൂരിഭാഗം രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും, യു.എന്‍ തീരുമാനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന യു.എന്‍ രക്ഷാസമിതിയുടെ വിപുലീകരണം എന്ന ആവശ്യം വര്‍ഷങ്ങളായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞദിവസം ന്യൂയോര്‍ക്കിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാസമിതി പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കണമെന്ന് ബാന്‍ കി മൂണിനോട് ആവശ്യപ്പെടുകയുണ്ടായി. രക്ഷാസമിതി പരിഷ്കരണം നടപ്പുസമ്മേളനത്തിന്‍െറ അജണ്ടയില്‍വരുന്നുണ്ടെങ്കിലും അന്തിമമായ ഒരു തീരുമാനമൊന്നും ഉരുത്തിരിയാന്‍ സാധ്യത കാണുന്നില്ല.

രക്ഷാസമിതിയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരം എടുത്തുകളയുക, സമിതിയില്‍ മേഖലാതലത്തിലുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ മാറ്റങ്ങളാണ് രക്ഷാസമിതി പരിഷ്കരണം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മറ്റൊരര്‍ഥത്തില്‍, ഐക്യരാഷ്ട്ര സഭയുടെ ജനാധിപത്യ സ്വഭാവത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് ഇവ.  കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ചില പരിഷ്കരണങ്ങളൊക്കെ രക്ഷാസമിതിയില്‍ നടന്നിട്ടുമുണ്ട്. സമിതിയിലെ താല്‍ക്കാലിക അംഗങ്ങളുടെ എണ്ണം ആറില്‍നിന്ന് പത്താക്കിയത് അങ്ങനെയാണ്. പക്ഷേ, പുതിയ രാഷ്ട്രീയ, സാമ്പത്തിക ശക്തികള്‍ക്ക് സ്ഥിരാംഗത്വം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. അമേരിക്ക കഴിഞ്ഞാല്‍ യു.എന്നിന് ഏറ്റവും അധികം സാമ്പത്തിക സഹായം നല്‍കുന്ന ജര്‍മനിയും ജപ്പാനും രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്ന ആവശ്യം ഇന്ത്യക്ക് മുന്നേ ഉന്നയിച്ചിട്ടുണ്ട്. ബ്രസീലും ഈ ആവശ്യവുമായി രംഗത്തുണ്ട്. തങ്ങളുടെ മേഖലയിലെ രണ്ട് രാജ്യങ്ങള്‍ക്ക് സമിതിയില്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ സ്ഥിരാംഗത്വം വേണമെന്ന് ആഫ്രിക്കന്‍ യൂനിയനും ആവശ്യപ്പെടുന്നു. രക്ഷാസമിതിയില്‍ ഏതെങ്കിലും തരത്തിലുള്ള പരിഷ്കരണം കൊണ്ടുവരണമെങ്കില്‍ മൂന്ന് കടമ്പകളാണ് താണ്ടേണ്ടത്. ഒന്ന്, പൊതുസഭയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണം. രണ്ട്,  രക്ഷാസമിതിയിലും ഈ ഭൂരിപക്ഷം നിലനിര്‍ത്തണം. മൂന്ന്, രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെയും പിന്തുണ വേണം. ഇവ മൂന്നും നേടിയെടുക്കുക അത്ര പ്രായോഗികമല്ല. കാരണം, നിലവിലെ സ്ഥിരാംഗങ്ങള്‍ ഈ പരിഷ്കരണങ്ങളെ തുടക്കംമുതലേ എതിര്‍ക്കുകയാണ്. ഇന്ത്യയുടെയും ജപ്പാന്‍െറയും രക്ഷാസമിതി പ്രവേശത്തെ അമേരിക്ക സ്വാഗതംചെയ്യുന്നുണ്ടെങ്കിലും ചൈന ഇതിനോടകംതന്നെ എതിര്‍പ്പ് അറിയിച്ചുകഴിഞ്ഞു. ജര്‍മനിയുടെയും ബ്രസീലിന്‍െറയും സ്ഥിതിയും വ്യത്യസ്തമല്ല. വീറ്റോ അധികാരം എടുത്തുകളയുന്നതിനെ ഒരു സ്ഥിരാംഗവും അനുകൂലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് രക്ഷാസമിതി പരിഷ്കരണം സാധ്യമാവുക?

യഥാര്‍ഥത്തില്‍, ഐക്യരാഷ്ട്ര സഭ നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് ഈ ചര്‍ച്ചകളിലൂടെ പ്രതിഫലിക്കുന്നത്. സിറിയന്‍ വിഷയത്തില്‍ രക്ഷാസമിതി കനത്ത പരാജയമാണെന്ന് ബാന്‍ കി മൂണ്‍ അടുത്തിടെ പ്രസ്താവിച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കുക. സിറിയന്‍ പ്രക്ഷോഭം സംബന്ധിച്ച് രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തതോടെ വിഷയത്തില്‍ യു.എന്‍ ഇടപെടല്‍തന്നെ പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ആ രാജ്യത്തുനിന്നുമൊഴുകുന്ന അഭയാര്‍ഥികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ യു.എന്നിന് സാധിക്കുന്നില്ല. യുക്രെയ്ന്‍, ഫലസ്തീന്‍ തുടങ്ങിയ വിഷയങ്ങളിലും വന്‍ശക്തിരാഷ്ട്രങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നത് വീറ്റോ ഭീഷണിമൂലമായിരുന്നു. ജനാധിപത്യം കൂടുതല്‍ വിശാലത തേടുന്ന പുതിയലോകക്രമത്തിലും ആ പഴയ ഇരുണ്ട രാഷ്ട്രീയയുഗത്തില്‍തന്നെ തളച്ചിടാനാണ്  യു.എന്നിലെ വരേണ്യരാജ്യങ്ങള്‍ ശ്രമിക്കുന്നത്. കൂടുതല്‍ കരുത്തുറ്റ ജനാധിപത്യ ക്രമത്തിലേക്ക് ഇനിയും പരിവര്‍ത്തനംചെയ്യാന്‍ ഈ ആഗോളരാഷ്ട്ര കൂട്ടായ്മക്ക് സാധിക്കാതെവന്നാല്‍ ഭൂമുഖത്ത് കൂടുതല്‍ നരകങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story