Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightശ്രീലങ്കയില്‍...

ശ്രീലങ്കയില്‍ അരങ്ങേറിയ കൊടുംക്രൂരതകള്‍

text_fields
bookmark_border
ശ്രീലങ്കയില്‍ അരങ്ങേറിയ കൊടുംക്രൂരതകള്‍
cancel

കാല്‍നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ശ്രീലങ്കന്‍ സൈന്യവും തമിഴ്പുലികളും (എല്‍.ടി.ടി.ഇ) തമ്മിലുള്ള യുദ്ധത്തിനു പരിസമാപ്തിയായിട്ട് ആറു വര്‍ഷമാകുമ്പോള്‍ ഇപ്പോള്‍ പുറത്തുവന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ റിപ്പോര്‍ട്ട്, വിസ്മൃതിയിലാണ്ട ഭീകരമായൊരു മനുഷ്യദുരന്തത്തിലേക്ക് ലോകശ്രദ്ധ തിരിച്ചുകൊണ്ടുവരുകയാണ്. 2009ല്‍ യുദ്ധത്തിന്‍െറ അന്ത്യഘട്ടത്തില്‍ സൈന്യവും തമിഴ്പുലികളും അതിക്രൂരമായ പീഡനങ്ങളാണ് പുറത്തെടുത്തതെന്നും ഈ കിരാതകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ വിചാരണചെയ്തു ശിക്ഷിക്കാന്‍ രാഷ്ട്രാന്തരീയതലത്തില്‍ സംവിധാനം ഉണ്ടാക്കണമെന്നുമാണ് യു.എന്‍ മനുഷ്യാവകാശ കമീഷണര്‍ സൈദ് ബിന്‍ റആദ്  അല്‍ഹുസൈന്‍ കഴിഞ്ഞദിവസം ജനീവയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. ആഭ്യന്തര സംവിധാനംകൊണ്ട് നീതിപൂര്‍വകമായ അന്വേഷണമോ വിചാരണയോ പ്രതീക്ഷിക്കാനാവില്ളെന്നും അന്താരാഷ്ട്ര ന്യായാധിപന്മാരും പ്രോസിക്യൂട്ടര്‍മാരും അഭിഭാഷകരും അന്വേഷകരും അടങ്ങിയ കോടതിക്കു മാത്രമേ ഫലപ്രദവും നീതിപൂര്‍വകവുമായ തീര്‍പ്പ് സാധ്യമാകൂവെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ഒരുവേള, യു.എന്‍ ഏജന്‍സിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെപ്പോലും ചോദ്യംചെയ്യുകയും ഈ ദൗത്യവുമായി എത്തുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ളെന്നുവരെ ശഠിക്കുകയും ചെയ്ത്  ശ്രീലങ്കന്‍ സര്‍ക്കാര്‍ യു.എന്‍ റിപ്പോര്‍ട്ടിന്മേല്‍ ‘ആവശ്യമായ ശ്രദ്ധ’ പതിപ്പിക്കുമെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് യുദ്ധക്കുറ്റങ്ങളുടെ കാര്യത്തില്‍ നീതി ഉറപ്പാക്കുമെന്നും  പ്രതികരിച്ചിട്ടുണ്ട്.

യു.എന്‍ അന്വേഷകര്‍ നടത്തിയ നിഷ്ക്രിഷ്ടമായ പഠനത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടത്തെിയത്. 2009 മേയില്‍ എല്‍.ടി.ടി.ഇ സ്ഥാപകന്‍ വി. പ്രഭാകരന്‍െറ കഥകഴിച്ചതോടെയാണ് യുദ്ധത്തിന് തിരശ്ശീലവീഴുന്നത്. പ്രഭാകരന്‍െറ അന്ത്യത്തിലേക്കും തമിഴ്പോരാളികളുടെ ഉന്മൂലനത്തിലേക്കും നയിച്ച സാഹചര്യങ്ങളുടെ യഥാര്‍ഥചിത്രം ഇപ്പോഴും ലഭ്യമല്ളെങ്കിലും ആ ചരിത്രസന്ധിയില്‍ അരങ്ങേറിയത് കേട്ടാല്‍ ഞെട്ടുന്ന ക്രൂരഹത്യകളും കൊടിയ മനുഷ്യാവകാശധ്വംസനങ്ങളുമാണെന്ന നേരത്തേതന്നെ പല ഏജന്‍സികളും ആരോപിച്ച വസ്തുതകളാണ് യു.എന്‍ സംഘം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നാല്‍പതിനായിരം തമിഴ്പുലികളെ സൈന്യം വകവരുത്തിയിട്ടുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. അതിനു പുറമെ കൂട്ട ബലാത്സംഗങ്ങളും തിരോധാനങ്ങളും പീഡനങ്ങളും പുറത്തെടുക്കുന്നതില്‍ വംശീയവും രാഷ്ട്രീയവുമായ കാരണങ്ങള്‍ പട്ടാളത്തിനു പ്രേരകമാവുകയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്താകമാനം ഭീകരവിരുദ്ധ പോരാട്ടം കൊടുമ്പിരിക്കൊണ്ട ഒരു കാലഘട്ടത്തില്‍ തമിഴ്പുലികളെ ഒന്നടങ്കം കൊന്നൊടുക്കുന്നത് മഹാകൃത്യമായി ലോകം കൊണ്ടാടുമെന്ന് അന്നത്തെ പ്രസിഡന്‍റ് മഹിന്ദ രാജപക്സ കണക്കുകൂട്ടിയിട്ടുണ്ടാവണം. പ്രഭാകരനും സംഘവുമാവട്ടെ, ഈ പ്രക്ഷുബ്ധതക്കിടയില്‍ കുട്ടികളെ തന്‍െറ പോരാളിസംഘത്തിലേക്ക് നിര്‍ബന്ധിച്ച് റിക്രൂട്ട് ചെയ്തും തമിഴ്മേഖലയിലെ മുസ്ലിംകളെയും സിംഹളരെയും കൂട്ടമായി വകവരുത്തിയും മറ്റൊരുവശത്തൂടെ മനുഷ്യാവകാശ ധ്വംസനത്തിന്‍െറ ഭീകരമുഖം പുറത്തെടുക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തമിഴ് ഈഴം പ്രശ്നത്തിന് ശ്രീലങ്കന്‍ ഭരണകൂടം എങ്ങനെയാണ് ‘ശാശ്വത പരിഹാരം’ കണ്ടത്തെിയത് എന്ന കാതലായ ചോദ്യത്തിലേക്കാണ് യു.എന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് വെളിച്ചംതൂവുന്നത്. രാജ്യസുരക്ഷയുടെ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട പട്ടാളത്തെ സന്ദര്‍ഭം തരപ്പെട്ടപ്പോള്‍ രാഷ്ട്രീയനേതൃത്വം എല്ലാ അന്താരാഷ്ട്രനിയമങ്ങളും ഉല്ലംഘിച്ച് പൗരന്മാരെ കൊന്നൊടുക്കാന്‍ കയറൂരിവിടുകയായിരുന്നു. ഇത് ശ്രീലങ്കയില്‍ മാത്രം സംഭവിച്ച നിഷ്ഠുരതയല്ല. ലോകയുദ്ധ കാലഘട്ടത്തില്‍ വന്‍ശക്തികള്‍ തമ്മിലുള്ള ബലപരീക്ഷണങ്ങളില്‍ പലതും തീര്‍പ്പാക്കപ്പെട്ടത് ആഫ്രോ^ഏഷ്യന്‍ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയും പുതിയ വംശീയ^മതവിഭാഗങ്ങളെ പകരം കുടിയിരുത്തിയുമാണ്. സമീപകാലത്ത് നാറ്റോ സൈന്യം ഇറാഖില്‍ നടപ്പാക്കിയ വംശവിച്ഛേദന പ്രക്രിയയില്‍ ചുരുങ്ങിയത് 4,61,000 പേര്‍ ഇരയായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സിറിയയില്‍ ഇതിനകം മൂന്നരലക്ഷം മനുഷ്യരെ വിവിധ സൈന്യങ്ങള്‍ കൊന്നൊടുക്കിക്കഴിഞ്ഞു. 1999^2000 കാലഘട്ടത്തില്‍ ചെചന്‍ പോരാളികളെ റഷ്യന്‍ പട്ടാളം നേരിട്ടത് തലസ്ഥാനനഗരമായ ഗ്രോസ്നിയയെ ഇടിച്ചുനിരപ്പാക്കി ജീവജാലങ്ങളെ കൊന്നൊടുക്കിയാണ്.

‘ഭൂമുഖത്തെ അങ്ങേയറ്റം നശിപ്പിക്കപ്പെട്ട നഗരം’ എന്നാണ് യു.എന്‍ ഗ്രോസ്നിയയുടെ പേരില്‍ അശ്രുപൊഴിച്ചത്. യുദ്ധക്കുറ്റം നടന്നത് ഏഷ്യന്‍ രാജ്യമായ ശ്രീലങ്കയിലായതുകൊണ്ടും പ്രതിസ്ഥാനത്തുള്ളത് വന്‍ശക്തികള്‍ക്ക് വലിയ പ്രതിബദ്ധതയില്ലാത്ത ഭരണകൂടമായതുകൊണ്ടും യു. എന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടിക്ക് വരുംദിവസങ്ങളില്‍ മുറവിളി ഉയര്‍ന്നേക്കാം. വംശീയാധിഷ്ഠിത നയനിലപാടുകളുമായി തുടര്‍ന്നും മുന്നോട്ടുപോകുന്ന ശ്രീലങ്കന്‍ രാഷ്ട്രീയ^ഭരണനേതൃത്വത്തെ വിചാരണചെയ്ത് കുറ്റവാളികളായി കണ്ടത്തെുന്നവരെ ശിക്ഷിക്കാന്‍ ആഗോളസമൂഹം മുന്നോട്ടുവരുകയാണെങ്കില്‍ അത് ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കാന്‍ പ്രയോജനപ്പെട്ടേക്കാം. തമിഴര്‍, മുസ്ലിംകള്‍ തുടങ്ങിയ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ  സിംഹള, ബുദ്ധ ആത്യന്തിക ചിന്താഗതിക്കാര്‍ കൂടുതല്‍ ആക്രമണോത്സുകമായ നയപരിപാടികളുമായി മുന്നോട്ടുപോകുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍  വിശേഷിച്ചും.

Show Full Article
TAGS:
Next Story