Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഐ.എസ് എന്ന മതഭ്രാന്ത്

ഐ.എസ് എന്ന മതഭ്രാന്ത്

text_fields
bookmark_border
ഐ.എസ് എന്ന മതഭ്രാന്ത്
cancel

സന്‍ആ മുതല്‍ ഹദര്‍മൗത്ത് വരെ ഏതൊരു പെണ്‍കുട്ടിക്കും ഏത് പാതിരാവിലും, ആടിനെ പിടിക്കുന്ന ചെന്നായയെയും അല്ലാഹുവിനെയുമല്ലാതെ മറ്റാരെയും ഭയക്കാതെ ഒറ്റക്ക് യാത്രചെയ്യാന്‍ പറ്റുന്ന ഒരു കാലത്തെക്കറിച്ച് പ്രവാചകന്‍ മുഹമ്മദ് തന്‍െറ ആദ്യനാളുകളില്‍ പ്രവചിച്ചിരുന്നു. സമാധാനത്തിന്‍െറയും നിര്‍ഭയത്വത്തിന്‍െറയും ഒരു മാതൃകാ സാമൂഹിക ക്രമം (ദാറുസ്സലാം) കെട്ടിപ്പടുത്തുകൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്. വിശപ്പില്‍നിന്നും ഭയത്തില്‍നിന്നുമുള്ള മോചനം ഇസ്ലാമിക സാമൂഹിക ക്രമത്തിന്‍െറ വളരെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ്. എന്നാല്‍, അതേ പ്രവാചകന്‍െറ കാല്‍പ്പാടുകള്‍ പതിഞ്ഞ നാടുകള്‍, പ്രവാചകന്‍െറ അനുയായികള്‍ കെട്ടിപ്പടുത്ത നഗരങ്ങള്‍ പലതും ഇന്ന് അരക്ഷിതത്വത്തിന്‍െറയും കനത്ത ഭയത്തിന്‍െറയും കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്നത് ചരിത്രത്തിലെ വേദനാജനകമായ  വിപര്യയമാണ്.

ദിനംദിനേ രക്തം കിനിയുന്ന വാര്‍ത്തകള്‍ പല അറബ് നാടുകളില്‍നിന്നും വന്നുകൊണ്ടിരിക്കുന്നു. ഈ വാര്‍ത്തകളിലെയെല്ലാം പ്രധാനപ്പെട്ടൊരു ഘടകമാണ് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം. ധമനികളെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതകളുടെ വാര്‍ത്തകളാണ് അവരുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. പ്രവാചക മാതൃകയിലുള്ള ഭരണക്രമം (ഖിലാഫത്ത്) നടപ്പാക്കുകയാണ് തങ്ങളെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഐ.എസ് ഇതെല്ലാം ചെയ്യുന്നതെന്നതാണ് മറ്റൊരു ക്രൂരഫലിതം. പ്രവാചകന്‍െറയും അനുയായികളുടെയും ഖിലാഫത്ത്, ഭയത്തില്‍നിന്ന് നിര്‍ഭയത്വത്തിലേക്കുള്ള യാത്രയായിരുന്നെങ്കില്‍, ഐ.എസ് ലോകത്താകമാനം ഭയമാണ് ഉല്‍പാദിപ്പിക്കുന്നത്.
ഐ.എസിന്‍െറ പേരില്‍ പൊതുവെ പരക്കുന്ന വാര്‍ത്തകളുടെ നിജ$സ്ഥിതി, ഐ.എസുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്യപ്പെടുന്നവരെ സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ തുടങ്ങിയവയെപ്പറ്റിയെല്ലാം വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാം.

ഇസ്രായേലിന്‍െറയും അമേരിക്കയുടെയും ഗൂഢപദ്ധതികളുടെ ഭാഗമായി രൂപപ്പെട്ട കൂലിപ്പടയാളി സംഘമാണ് ഐ.എസ് എന്ന്  ഉറച്ചുവിശ്വസിക്കുന്നവരുണ്ട്. ഈ ഗൂഢാലോചനാ സിദ്ധാന്തത്തിന് അറബ്-മുസ്ലിം വൃത്തങ്ങളില്‍ വലിയ സ്വീകാര്യതയുമുണ്ട്. അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അവര്‍ നിരത്താറുമുണ്ട്. മുസ്ലിം നാടുകളെ അസ്ഥിരമാക്കുകയെന്ന ഇസ്രായേലി അജണ്ടയെക്കുറിച്ച് അറിയാവുന്നവര്‍ക്ക് അതില്‍ വലിയ അതിശയവുമുണ്ടാവില്ല. അറബ് നാടുകളിലാകമാനം നാശംവിതക്കുന്ന ഐ.എസ് ഇസ്രായേലിനെ ഇതുവരെയും തൊട്ടിട്ടില്ല എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, അങ്ങനെയൊക്കെയാണെങ്കിലും ഐ.എസ് എന്നത് യാഥാര്‍ഥ്യമാണ്. ഇസ്ലാമിന്‍െറ പേരില്‍ ഇസ്ലാമിക പദാവലികള്‍ ഉപയോഗിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നതും. അവരുടെ രൂപവത്കരണത്തില്‍ ഇസ്രായേലിന് പങ്കുണ്ടെങ്കില്‍പോലും അവര്‍ നിലനില്‍ക്കുന്നത് അതിന്‍െറ മാത്രം അടിസ്ഥാനത്തിലല്ല.

ലോകത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നും ഐ.എസില്‍ ആകൃഷ്ടരായി ചെറുപ്പക്കാര്‍ സിറിയയിലേക്കും ഇറാഖിലേക്കും യാത്രതിരിക്കുന്നുണ്ട്. ഇസ്ലാമിനെക്കുറിച്ച വളരെ കുടുസ്സായ വായനയാണ് അവരെ ഐ.എസിലേക്ക് നയിക്കുന്നത്. അസഹിഷ്ണുതയിലധിഷ്ഠിതമായ ഈ മതവ്യാഖ്യാനമാണ് ഐ.എസിനെ നിലനിര്‍ത്തുന്നത്. അതിനാല്‍, ഇസ്ലാമിനെക്കുറിച്ച യഥാര്‍ഥ വായനയെ വളര്‍ത്തുകയെന്നതാണ് ഐ.എസ് പോലുള്ള പ്രതിഭാസങ്ങളെ തളര്‍ത്താനുള്ള പോംവഴി.

മുസ്ലിമേതര സമൂഹങ്ങളെയല്ല, ഇസ്ലാമിനകത്തുതന്നെയുള്ള വ്യത്യസ്തതകളെയും വൈവിധ്യങ്ങളെയുമാണ് ഐ.എസ് ഒന്നാമതായി ലക്ഷ്യംവെക്കുന്നത്. തങ്ങളുടെ വ്യാഖ്യാനത്തിന് പുറത്തുള്ള മുസ്ലിംകളെല്ലാം മതവിരുദ്ധരും വധാര്‍ഹരുമാണ് എന്ന അതിവിചിത്ര സിദ്ധാന്തമാണ് അവര്‍ കൊണ്ടുനടക്കുന്നത്. അഭിപ്രായ വൈവിധ്യങ്ങളെ മാനിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ആലോചിക്കാനേ പറ്റുന്നില്ല. അതിനാല്‍, അഭിപ്രായ വൈവിധ്യങ്ങളെ ആദരിക്കുകയും മുഴുവന്‍ സമൂഹങ്ങളുമായും ആരോഗ്യകരമായ സംവാദാത്മക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്നതാണ് ഐ.എസ് പോലുള്ള അതിവാദ പ്രവണതകളെ തടുക്കാനുള്ള മികച്ച പോംവഴി.

ഐ.എസിനെതിരായി പടിഞ്ഞാറന്‍ ശക്തികള്‍ നടത്തുന്ന നീക്കങ്ങളെ വിശ്വാസത്തിലെടുക്കാന്‍ പലപ്പോഴും മുസ്ലിംകള്‍ക്ക് സാധിച്ചെന്നുവരില്ല. കാരണം, ഐ.എസ് ചെയ്യുന്നതിന്‍െറ എത്രയോ ഇരട്ടി ക്രൂരതകള്‍ മുസ്ലിം-അറബ് നാടുകളില്‍ ചെയ്തുകൂട്ടിയവരാണവര്‍. അതിനാല്‍തന്നെ മുസ്ലിം സമൂഹത്തിനകത്തുനിന്നുതന്നെ ഐ.എസിനെതിരായ ആശയപരമായ മുന്‍കൈകള്‍ രൂപപ്പെട്ടുവരുകയാണ് വേണ്ടത്. അത്തരം നീക്കങ്ങള്‍ക്ക് മുസ്ലിം സംഘടനകള്‍ തുടക്കമിടുന്നുവെന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സാമ്രാജ്യത്വത്തിന്‍െറ കുതന്ത്രങ്ങളെയും സങ്കുചിത മതഭ്രാന്തിന്‍െറ വന്യമായ നടപടികളെയും ഒരേസമയം തുറന്നെതിര്‍ക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. പക്ഷേ, ഈ കെട്ടകാലത്ത് ആ സാഹസിക ദൗത്യം ഏറ്റെടുത്തേ മതിയാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story