മൂന്നാറിലെ പുതിയ സമരഗാഥ
text_fieldsഒരാഴ്ചയായി മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ നടത്തുന്ന സമരം കേരളത്തിലെ സമരചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ്. തേയിലക്കമ്പനിയിലും തൊഴിലാളി യൂനിയനുകളിലും വിശ്വാസം നഷ്ടപ്പെട്ട സ്ത്രീതൊഴിലാളികള്‍ മദ്യത്തിനും ചെറിയ സംഖ്യകള്‍ക്കും കീഴടങ്ങുമെന്ന് സംശയിക്കുന്ന സ്വന്തം ഭര്‍ത്താക്കന്മാരെയും ആണ്‍മക്കളെയും മാറ്റിനിര്‍ത്തി മൂന്നാറിന്‍െറ നിരത്തുകള്‍ കൈയടക്കിയാണ് സമരത്തിന് തുടക്കംകുറിച്ചത്. സമരത്തോട് ഐക്യപ്പെട്ട് പുരുഷ തൊഴിലാളികളും ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നു. സമരം അവസാനിപ്പിക്കാന്‍ മാരത്തണ്‍ ചര്‍ച്ചകളും ആയിരക്കണക്കിന് പൊലീസിനെ ഇറക്കിയുള്ള സമ്മര്‍ദതന്ത്രങ്ങളും തൊഴിലാളികളുടെ സമരവീര്യത്തിന് ഒട്ടും ഇളക്കംതട്ടിക്കുന്നില്ല. കണ്ണന്‍ ദേവന്‍ കമ്പനിയിലെ തൊഴിലാളികള്‍ തുടക്കമിട്ട സമരം മൂന്നു ദിവസം കഴിഞ്ഞതോടെ ടാറ്റാ കമ്പനിയിലെ ജീവനക്കാരും പിന്നീട് തലയാര്‍ കമ്പനി ജീവനക്കാരും ഏറ്റെടുത്ത് പ്രബലമാകുകയായിരുന്നു. പതിയെ ഇതര പ്രദേശങ്ങളിലുള്ളവരും സമരപക്ഷത്ത് അണിചേരുകയാണ്. വെയില്‍ മൂക്കുമ്പോള്‍, പട്ടിണിയാകുമ്പോള്‍ സമരം മതിയാക്കി എഴുന്നേറ്റുപോകുമെന്ന് വിശ്വസിച്ചവര്‍ക്കും പുതിയ മുന്നേറ്റം നല്‍കുന്നത് അമ്പരപ്പാണ്; അവര്‍ക്ക് ലഭിക്കുന്ന പിന്തുണ ഞെട്ടിപ്പിക്കുന്നതും. സമരത്തിന്‍െറ മൂര്‍ച്ച കണ്ടിട്ടാകണം രാഷ്ട്രീയ കേരളവും വിഷയമേറ്റെടുത്തിരിക്കുന്നു. പ്രദേശത്തെ വ്യാപാരിസമൂഹവും സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തത്തെിയിട്ടുണ്ട്.
ബോണസില്‍ വന്ന ഗണ്യമായ കുറവാണ് ഏറെക്കാലമായി തൊഴിലാളികള്‍ക്കിടയില്‍ പുകയുന്ന അതൃപ്തി സമരരൂപത്തില്‍ തെരുവിലേക്കത്തൊന്‍ കാരണമായത്. മുന്‍ വര്‍ഷം കണ്ണന്‍ ദേവന്‍ കമ്പനി നല്‍കിയത് 19.5 ശതമാനം ബോണസായിരുന്നു. ഇക്കുറി 10 ശതമാനമേ നല്‍കൂവെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപനത്തില്‍ അമര്‍ഷംകൊണ്ട തൊഴിലാളികള്‍ അധികമായി നുള്ളുന്ന തേയില കൊളുന്തില്‍ കുറവ് വരുത്തി പ്രതിഷേധിച്ചു. ബോണസ് കുറച്ചതില്‍ മിണ്ടാതിരുന്ന യൂനിയന്‍ നേതാക്കളാകട്ടെ നുള്ളുന്ന കൊളുന്തില്‍ കുറവ് വരുത്തരുതെന്നും അധിക കൊളുന്ത് നുള്ളണമെന്നുമാണ് തൊഴിലാളികളോട് നിര്‍ദേശിച്ചത്. ഇതോടെ പ്രകോപിതരായ തൊഴിലാളികള്‍ മൂന്നാര്‍ ടൗണിലേക്കിരച്ചത്തെുകയായിരുന്നു. യൂനിയന്‍ ഓഫിസുകള്‍ അടിച്ചുതകര്‍ത്തു. രാഷ്ട്രീയ പ്രവര്‍ത്തകരെ കൈയേറ്റംചെയ്തു. യൂനിയന്‍ നേതാക്കള്‍ ഒടുവില്‍ പലായനം ചെയ്യേണ്ട സ്ഥിതിവിശേഷം വരെയത്തെി. വെള്ളിയാഴ്ച ചര്‍ച്ചക്കത്തെിയ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനെ വിരട്ടി തിരിച്ചയക്കാനുള്ള ധൈര്യവും അവര്‍ കാണിച്ചു. ലയങ്ങളില്‍ നരകജീവിതം നയിക്കുന്ന സ്ത്രീതൊഴിലാളികള്‍ ട്രേഡ് യൂനിയനുകളുടെയും കമ്പനികളുടെയും അവിശുദ്ധ ബാന്ധവത്തിന്‍െറ ഇരുണ്ട മറയാണ് വലിച്ചുകീറി പുറത്തിട്ടിരിക്കുന്നത്.
മൂന്നാര്‍ നമുക്ക് അവധിക്കാലം ആസ്വദിക്കാനുള്ള ഒരു സ്ഥലംമാത്രമാണ്. എന്നാല്‍, തോട്ടംതൊഴിലാളികളെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര ആസ്വാദ്യകരമല്ല. ഒരു തൊഴിലാളി ദിവസം 21 കിലോ കൊളുന്ത് നുള്ളണം. ദിവസശമ്പളം 231 രൂപ. ഇതില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന ലയങ്ങളിലെ വൈദ്യുതി, അരി, വിറക് തുടങ്ങിയവയുടെ വില കിഴിച്ച് ശരാശരി ലഭിക്കുക 80 മുതല്‍ 100 രൂപ വരെ. വരുമാനം കൂട്ടാനാണ് തൊഴിലാളികള്‍ അധിക കൊളുന്ത് നുള്ളുന്നത്. കമ്പനിയുടെ നോട്ടവും അധിക കൊളുന്തിലാണ്. എന്നാല്‍, എത്ര അധിക കൊളുന്ത് നുള്ളിയാലും ഒരു നിശ്ചിത അളവില്‍ തൂക്കമുണ്ടാകില്ല. അവിടെയും നടക്കുന്നു കൊടിയ ചൂഷണം. തൊഴിലാളികളുടെ ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങള്‍ കമ്പനികള്‍ നോക്കണമെന്നാണ് നിയമം. 5000 പേര്‍ക്ക് ഒരു ഡോക്ടര്‍, നഴ്സ് എന്ന നിലയിലാണ് അവിടത്തെ ആരോഗ്യകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം. ആശുപത്രിയില്‍ തൊഴിലാളിക്കേ പ്രവേശമുള്ളൂ, ആശ്രിതര്‍ക്കില്ല. കാലങ്ങളായി ഇങ്ങനെയാണ്. യൂനിയനുകള്‍ക്കും പാര്‍ട്ടികള്‍ക്കുമാകട്ടെ ഈ തൊഴിലാളികള്‍ ജാഥക്ക് ശക്തിപ്രകടനത്തിനുള്ള ഒരു ഉപകരണം മാത്രവും. ഭൂരിഭാഗവും തമിഴ്വംശജര്‍. പലരും തലമുറകളായി നിവൃത്തികേടുകൊണ്ട് അടിമസമാനമായ പണി തുടരുകയാണ്.
യൂനിയനുകളിലും നേതാക്കളിലും പ്രതീക്ഷ നഷ്ടപ്പെടുന്നവര്‍ സ്വയം സമരം ഏറ്റെടുത്ത് രംഗത്തുവരുന്ന വര്‍ത്തമാനകാല കേരളീയ സമരപ്രതിഭാസങ്ങള്‍ ഭാവി കേരളത്തെക്കുറിച്ചുള്ള ചില ശുഭചിത്രങ്ങളാണ് യഥാര്‍ഥത്തില്‍ വരച്ചുവെക്കുന്നത്. മാവോവാദികള്‍, തമിഴ്പുലികള്‍ തുടങ്ങിയ ഉമ്മാക്കി പ്രയോഗങ്ങള്‍കൊണ്ട് നിസ്സാരവത്കരിക്കാന്‍ അസാധ്യമാണ് അടിസ്ഥാന വര്‍ഗങ്ങളുടെ ജീവിതാവസ്ഥകള്‍. രണ്ടുവര്‍ഷം മുമ്പത്തെ നഴ്സുമാരുടെ സമരത്തിന്‍െറയും ഈയിടെ നടന്ന ടെക്സ്റ്റൈല്‍ സമരത്തിന്‍െറയും മറ്റൊരു തുടര്‍ച്ചയാണിതും. ഈ സമരങ്ങളെല്ലാം സഹികെട്ടവരുടെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു.
എന്തുകൊണ്ടാണ് തൊഴിലാളി യൂനിയനുകള്‍ ഇത്രമാത്രം മുതലാളിപക്ഷത്തേക്ക് ചേര്‍ന്നുപോകുന്നതെന്നും തൊഴിലാളി-സ്ത്രീ വിരുദ്ധമാകുന്നുവെന്നും പുനര്‍വിചിന്തനം നടത്താത്തപക്ഷം ജനകീയ മുന്നേറ്റങ്ങള്‍ അവരെ തൂത്തുമാറ്റുന്നതിന് കേരളം സാക്ഷിയാകേണ്ടിവരുന്ന കാലം അത്ര വിദൂരത്തായിരിക്കില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് ഒഴിവാക്കി വസ്തുതാപരമായി വിഷയം പഠിക്കാനും പരിഹരിക്കാനും സര്‍ക്കാറും തൊഴില്‍വകുപ്പും അടിയന്തരമായി തയാറാകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
