Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭരണകൂടഭീകരതയുടെ...

ഭരണകൂടഭീകരതയുടെ ഞെട്ടിക്കുന്ന സാക്ഷ്യങ്ങള്‍

text_fields
bookmark_border
ഭരണകൂടഭീകരതയുടെ ഞെട്ടിക്കുന്ന സാക്ഷ്യങ്ങള്‍
cancel

ജമ്മു^കശ്മീരില്‍ ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടമാടുന്നതായി ഇടക്കിടെ പരാതികള്‍ ഉയരാറുണ്ടെങ്കിലും കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ അതപ്പടി നിഷേധിക്കുകയാണ് പതിവ്. ആംനസ്റ്റി, ഹ്യൂമന്‍ റൈറ്റ്സ് വാച് തുടങ്ങിയ മനുഷ്യാവകാശ ഏജന്‍സികള്‍, രാജ്യസുരക്ഷയുടെയും ഭീകരവിരുദ്ധ പോരാട്ടത്തിന്‍െറയും മറവില്‍ അരങ്ങേറുന്ന ഇത്തരം പൗരാവകാശ നിഷേധങ്ങളെ കുറിച്ച് പലപ്പോഴായി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അടിസ്ഥാനരഹിതമെന്നോ അനാവശ്യമായ ഇടപെടലുകളെന്നോ പറഞ്ഞ് കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു വ്യവസ്ഥിതിയുടെ കാവലാളുകള്‍ ഇതുവരെ. എന്നാല്‍, വ്യാജഏറ്റുമുട്ടല്‍ കേസില്‍ രണ്ട് ഓഫിസര്‍മാരടക്കം ആറു സൈനികര്‍ക്ക് പട്ടാളക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ കഴിഞ്ഞദിവസം ശരിവെച്ചത് ഭരണകൂടഭീകരതയുടെ കരാളമുഖമാണ് തുറന്നുകാട്ടിയത്. തീവ്രവാദികളുടെ കഥകഴിച്ചാല്‍ ലഭിക്കുന്ന പാരിതോഷികങ്ങളും ജോലിക്കയറ്റവും മുന്നില്‍ക്കണ്ട് നിരപരാധികളെ പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊല്ലാന്‍ നമ്മുടെ ജവാന്മാര്‍ക്ക് അശേഷം മന$സാക്ഷിക്കുത്ത് ഇല്ല എന്ന് സമര്‍ഥിക്കുന്നതാണ് രാജ്യത്താദ്യമായി നിയമത്തിന്‍െറ കൈകളില്‍ അകപ്പെട്ട ഈ പട്ടാളക്കുറ്റവാളികളുടെ ചെയ്തികള്‍. 2010 ഏപ്രില്‍ 30ന് വടക്കന്‍ കശ്മീരിലെ മാച്ചില്‍ മേഖലയില്‍ കണ്ടത്തെിയ മൂന്നു മൃതദേഹങ്ങള്‍ പാക് നുഴഞ്ഞുകയറ്റക്കാരുടേതാണെന്നാണ് സൈനികകേന്ദ്രങ്ങള്‍ ആദ്യമറിയിച്ചത്. എന്നാല്‍, ബാരാമുല്ല ജില്ലയില്‍നിന്നുള്ള തൊഴില്‍രഹിതരായ മൂന്നു ചെറുപ്പക്കാരുടെതാണ് ഈ മൃതദേഹങ്ങളെന്നും കൊലക്ക് ഉത്തരവാദികളെ ഉടന്‍ കണ്ടത്തെണമെന്നും ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങിയത് അന്ന് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നു നടത്തിയ ഒൗദ്യോഗിക അന്വേഷണത്തില്‍ കണ്ടത്തെിയത് രക്തം മരവിപ്പിക്കുന്ന സത്യങ്ങളാണ്. ജോലി തരപ്പെടുത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു മുന്‍ സ്പെഷല്‍ ഓഫിസര്‍ ബാരാമുല്ലയില്‍നിന്ന് മാച്ചിലേക്ക് കൂട്ടിക്കൊണ്ടുവന്ന് 50,000 രൂപ വാങ്ങി സൈനികര്‍ക്ക് മൂന്നുപേരെയും വില്‍ക്കുകയായിരുന്നുവത്രെ. രാജ്യസുരക്ഷ ഏറ്റെടുത്ത സൈനികരാവട്ടെ തീവ്രവാദികളെ വേട്ടയാടിയാല്‍ തങ്ങളെ കാത്തിരിക്കുന്ന വന്‍ പ്രതിഫലവും സ്ഥാനക്കയറ്റവും സ്വപ്നംകണ്ട് തൊട്ടടുത്തുനിന്ന് വെടിവെച്ചുകൊല്ലുകയായിരുന്നു ഈ പാവങ്ങളെ.

കശ്മീര്‍ അടക്കമുള്ള അതിര്‍ത്തിസംസ്ഥാനങ്ങളില്‍ സൈന്യത്തിന് അമിതാധികാരം നല്‍കുന്ന സായുധസേന പ്രത്യേകാധികാര നിയമമാണ് (അഫ്സ്പ) കിരാതങ്ങള്‍ പുറത്തെടുക്കാനും തങ്ങളിട്ട യൂനിഫോമിന്‍െറ പവിത്രത പിച്ചിച്ചീന്താനും ഇവര്‍ക്ക് ധൈര്യംപകരുന്നത്. സൈനികമേധാവികളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍പോലും സാധിക്കൂ. ഇതിനുമുമ്പും ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉണ്ടായിട്ടും ആരും ശിക്ഷിക്കപ്പെടാതെപോയത് എന്തുകൊണ്ടാണെന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ല. സംസ്ഥാനത്ത് എല്ലാം ഭദ്രമാണെന്നും സൈന്യത്തിന്‍െറ അമിതസാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും വരുത്തിത്തീര്‍ക്കേണ്ടത് വ്യവസ്ഥിതിയുടെ താല്‍പര്യമാണ്. അതുകൊണ്ടുതന്നെ, താഴ്വരയിലെ യഥാര്‍ഥ അവസ്ഥ നമുക്കൊരിക്കലും ലഭ്യമാകുന്നില്ല. അതേസമയം, നിഷ്പക്ഷ പഠനങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്ന സത്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമാണ്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വസ്തുതകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ജമ്മു-കശ്മീരിലെ ഹിംസയുടെ ഘടനയെ കുറിച്ച് സന്നദ്ധ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവിട്ടപ്പോള്‍ താഴ്വരയുടെ യഥാര്‍ഥമുഖം അത് അനാവൃതമാക്കി. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ നടന്ന കൊലയുടെയും പീഡനങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും നിര്‍ബന്ധിത അപ്രത്യക്ഷമാകലിന്‍െറും 333 കേസുകള്‍ പരിശോധിച്ചതില്‍ ‘ഹിംസയുടെ ഏജന്‍റു’മാരായി 972 പേരെ കണ്ടത്തെിയത്രെ. അതില്‍ ജമ്മു-കശ്മീരിലെ 464 സൈനിക, പൊലീസ് ഉദ്യോഗസ്ഥരും 161 അര്‍ധസൈനിക വിഭാഗവും 198 ഗവണ്‍മെന്‍റ് ഗണ്‍മാന്മാരും ഉണ്ടത്രെ. ഒരു മേജര്‍ ജനറലും ഏഴു ബ്രിഗേഡിയര്‍മാരും 31 കേണല്‍മാരും നാലു ലഫ്. കേണല്‍മാരും 115 മേജര്‍മാരും 40 ക്യാപ്റ്റന്മാരും അര്‍ധസൈനിക വിഭാഗത്തിന്‍െ 53 മുതിര്‍ന്ന ഉദ്യോഗസ്ഥരും അതിക്രമകാരികളായി ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റക്കാരേയും തീവ്രവാദികളെയും നേരിടുകയാണെന്ന വ്യാജേനയാണ് കൃത്രിമ ഏറ്റുമുട്ടലുകളുടെ കള്ളക്കഥ മെനഞ്ഞ് പ്രമോഷന്‍ തരപ്പെടുത്തുന്നതും പാരിതോഷികങ്ങള്‍ വാരിക്കൂട്ടുന്നതും. തീവ്രവാദികളെ വിവിധ ഗണങ്ങളായി തിരിച്ച് അവരുടെ തലക്ക് ഇനാം പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ ജവാന്മാര്‍ക്ക് പണംകായ്ക്കുന്ന മരമായി അത് മാറുകയാണ്. എ പ്ളസ് ഗ്രേഡിലുള്ള ഒരു തീവ്രവാദിയുടെ കഥ കഴിക്കുമ്പോള്‍ അഞ്ചുലക്ഷം രൂപയാണ് കീശയില്‍ വീഴുന്നത്. ആറേഴുലക്ഷം സൈനികരാല്‍ ചുറ്റപ്പെട്ടുകഴിയുന്ന ഒരു ജനതക്ക് ഇത്തരത്തില്‍ മനുഷ്യത്വഹീനവും നിഷ്ഠുരവുമായ പെരുമാറ്റം സുരക്ഷാപാലകരില്‍നിന്നുതന്നെ ഉണ്ടാകുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ അരക്ഷിതബോധത്തെ കുറിച്ച് നമ്മുടെ ഭരണ-രാഷ്ട്രീയനേതൃത്വം ഒരിക്കലും ചിന്തിക്കാറില്ല. ‘അഫ്സ്പ’ കരിനിയമം എടുത്തുകളയണമെന്ന് അഭിപ്രായപ്പെടുന്നതുപോലും വന്‍ പാതകമായി കാണുന്ന രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. അത്തരമൊരു ചുറ്റുപാടില്‍ ആറു സൈനിക കുറ്റവാളികളെ ശിക്ഷിച്ചുകൊണ്ടുള്ള വിധി ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാന്‍ പ്രയോജനപ്പെട്ടെങ്കില്‍ എന്നാശിക്കാനേ നിര്‍വാഹമുള്ളൂ.

Show Full Article
TAGS:
Next Story