Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅനാരോഗ്യകരമായ...

അനാരോഗ്യകരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍

text_fields
bookmark_border
അനാരോഗ്യകരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍
cancel

കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ മധ്യത്തോടെ നടത്താന്‍ ഇലക്ഷന്‍ കമീഷന്‍ തീരുമാനിച്ചതോടെ തദ്വിഷയകമായ അനിശ്ചിതത്വത്തിനും വിവാദങ്ങള്‍ക്കും വിരാമമായി. പോളിങ് തീയതി കമീഷന്‍ പ്രഖ്യാപിച്ചില്ളെങ്കിലും ജനകീയാടിത്തറ പരമാവധി വികസിപ്പിക്കാനും ബഹുജന പിന്തുണ നേടിയെടുക്കാനുമുള്ള തകൃതിയായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പാര്‍ട്ടികളും മുന്നണികളും ഇനി കാത്തിരിക്കേണ്ടതില്ല. ജനാധിപത്യം കുറ്റമറ്റതും ഭദ്രവും സാര്‍ഥകവും ആവുന്നതുതന്നെ താഴത്തെട്ടില്‍ ജനങ്ങളെ അതില്‍ പങ്കാളികളാക്കുമ്പോഴാണ്. ജനപങ്കാളിത്തം നേര്‍ക്കുനേരെ ഉറപ്പാക്കുന്നതാകട്ടെ പഞ്ചായത്ത്-നഗരസഭ സംവിധാനങ്ങളിലൂടെയും. അതേറ്റവും ഫലപ്രദമായി നടപ്പാക്കാനും ജനകീയതലത്തില്‍ വികസനം അനുഭവവേദ്യമാക്കാനും വേണ്ടിയാണ് പഞ്ചായത്തീരാജ്-നഗരസഭാ സംവിധാനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി നടപ്പാക്കണമെന്ന് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയത്തിന്‍െറ അതിപ്രസരവും രാഷ്ട്രീയക്കാരുടെ താല്‍പര്യങ്ങളും ആ വിഭാവനയത്തെന്നെ അട്ടിമറിച്ചുകളഞ്ഞു. ഫലത്തില്‍ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രകടമാവാത്തത്ര കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളും വാശിയുമാണ് തദ്ദേശ സ്വയംഭരണ സ്്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാറുള്ളത്. 50 ശതമാനം സ്ത്രീസംവരണംപോലും അതിനൊരുമാറ്റവും വരുത്തിയില്ല. സ്ത്രീശാക്തീകരണം എന്ന ലക്ഷ്യം മറന്ന, സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എത്ര ദുര്‍ബലയും എതിര്‍സ്ഥാനാര്‍ഥി എത്ര പ്രബലയും ആയിരുന്നാലും പാര്‍ട്ടിക്കാരിക്ക് വോട്ട് നല്‍കുക എന്നേടത്ത് വനിതാ സമ്മതിദായകരെയടക്കം എത്തിച്ചുകഴിഞ്ഞു.

അതൊരു തിക്തയാഥാര്‍ഥ്യമായി അംഗീകരിച്ചുകൊണ്ടുതന്നെ ആരോഗ്യകരവും നിര്‍മാണാത്മകവുമായ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെ വികസനോന്മുഖമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍മിതി ഉറപ്പുവരുത്താന്‍ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും കഴിയേണ്ടതായിരുന്നു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും അടിസ്ഥാനപ്രശ്നങ്ങളെയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനെയും മാലിന്യനിര്‍മാര്‍ജനം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലില്ലായ്മ, സംസ്ഥാനത്തിന്‍െറ മഹാ ശാപമായി മാറിയ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം, വര്‍ധിതമായ സ്ത്രീപീഡനം, അതിഭീകരമായി വളരുന്ന മാഫിയാസംഘങ്ങളുടെ തേര്‍വാഴ്ച തുടങ്ങിയ വിഷയങ്ങളിലൂന്നിയ വിചാരണയെയും വാഗ്ദാനങ്ങളെയും കേന്ദ്രീകരിച്ചാവേണ്ടിയിരുന്നു പ്രചാരണവും ബോധവത്കരണവും. പക്ഷേ, തുടക്കത്തിലേ ഇത്തരം കാര്യങ്ങളിലൊന്നുമല്ല പാര്‍ട്ടികളുടെ മുഖ്യശ്രദ്ധ എന്നാണ് വ്യക്തമാവുന്നത്. തീര്‍ത്തും അനാരോഗ്യകരവും മതനിരപേക്ഷ ജനാധിപത്യത്തിന്‍െറ അന്തസ്സത്തക്ക് നിരക്കാത്തതും അതിവൈകാരിക പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍മാത്രം ഉതകുന്നതുമായ വിഷയങ്ങളില്‍ കടിച്ചുതൂങ്ങി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുവേണം ന്യായമായും സംശയിക്കാന്‍. മത-സാമുദായിക, ജാതീയ ചേരിതിരിവുകള്‍ മതിയാവോളം ആളിക്കത്തിച്ച് നേട്ടം കൊയ്യാനാണ് ശ്രമം. സാമ്പ്രദായിക രാഷ്ട്രീയ പ്രതിയോഗികള്‍ തമ്മില്‍ കൈയാങ്കളിയും കൈയേറ്റങ്ങളും കൊലപാതകങ്ങളും തുടര്‍ന്ന് ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രാദേശിക ഹര്‍ത്താലുകളും പൊടുന്നനെ പെരുകിയതിന്‍െറ പിന്നില്‍ ആസന്നമായ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പാണെന്നല്ലാതെ മറ്റൊരു കാരണം കണ്ടത്തെുക പ്രയാസമാണ്. ഓണം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ കക്ഷി തിരിഞ്ഞ് നടത്തുക മാത്രമല്ല, അതിലുയര്‍ത്തപ്പെട്ട ഫ്ളോട്ടുകള്‍വരെ വന്‍ വിവാദ പ്രതിഷേധ കോലാഹലങ്ങള്‍ക്ക് വഴിവെക്കുകകൂടി ചെയ്തിരിക്കുന്നു. ശ്രീനാരായണഗുരു യഥാര്‍ഥത്തില്‍ എന്ത് പഠിപ്പിക്കുകയും മാതൃക സൃഷ്ടിക്കുകയും ചെയ്തുവോ അതിന് കടകവിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശക്തികളാണ് ആ മഹാന്‍െറ പേരില്‍ കത്തിയെടുക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വീറുറ്റ രണ്ടു കേഡര്‍ പാര്‍ട്ടികളാണ് സി.പി.എമ്മും ബി.ജെ.പിയും. രണ്ടും തമ്മിലെ പോര്‍വിളി, യോഗങ്ങള്‍ കൈയേറി കലക്കുന്നതില്‍ കലാശിച്ചാല്‍ അനിയന്ത്രിത ക്രമസമാധാന പ്രശ്നമായി അത് മാറും. മാറിയ ദേശീയസാഹചര്യത്തില്‍ കേരളത്തില്‍ എന്തുവിലകൊടുത്തും ജനപ്രതിനിധി സഭകളില്‍ സ്ഥാനമുറപ്പിക്കാനുള്ള സംഘ്പരിവാറിന്‍െറ വ്യഗ്രത മനസ്സിലാക്കാന്‍ കഴിയാത്തതല്ല. അതു പക്ഷേ, ജനാധിപത്യപരമായ സംയമനം പാലിച്ചുകൊണ്ടല്ളെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമാവുമെന്ന് അവര്‍ മനസ്സിലാക്കണം. മറുവശത്ത് പാര്‍ട്ടി അണികളില്‍നിന്ന് വലതുപക്ഷത്തേക്കുള്ള ചോര്‍ച്ചക്ക് വേഗതയും വ്യാപ്തിയും കൂടിയിരിക്കുന്നു എന്ന തിരിച്ചറിവ് സി.പി.എമ്മിന്‍െറ സമനില തെറ്റിക്കരുത്. പ്രതികൂല സ്ഥിതിഗതികളെ അവധാനപൂര്‍വം വിലയിരുത്തി വിവേകപൂര്‍വമായ പ്രതിരോധ നടപടികളല്ല സ്വീകരിക്കുന്നതെങ്കില്‍ അപരിഹാര്യമായ പതനത്തിലേക്കായിരിക്കും എടുത്തെറിയപ്പെടുക.

Show Full Article
TAGS:
Next Story