Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഗ്രീന്‍പീസിനെ...

ഗ്രീന്‍പീസിനെ തളക്കുന്നത്എന്തിന്?

text_fields
bookmark_border
ഗ്രീന്‍പീസിനെ തളക്കുന്നത്എന്തിന്?
cancel

‘ഗ്രീന്‍പീസ് ഇന്ത്യ’യുടെ വിദേശ സംഭാവനാ രജിസ്ട്രേഷന്‍ റദ്ദാക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ അതിനെ ശ്വാസംമുട്ടിച്ച് നിഷ്ക്രിയമാക്കാനാണ് നോക്കുന്നത്. വിദേശ സഹായം വിലക്കുന്നതില്‍ എത്തിച്ച സാഹചര്യങ്ങള്‍ അക്കാര്യം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നയങ്ങളെ ചോദ്യംചെയ്യുന്നവരും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് തടസ്സംനില്‍ക്കുന്നവരുമായ സര്‍ക്കാറിതര സന്നദ്ധസംഘടനകള്‍ പല രാജ്യങ്ങളിലും മിക്ക സര്‍ക്കാറുകള്‍ക്കും ശല്യമാണ്. പക്ഷേ, അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യ രാജ്യങ്ങള്‍ ഏറെയില്ല. ഇക്കൊല്ലം ജനുവരിയില്‍ ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയെ വിദേശത്തേക്ക് യാത്രചെയ്യുന്നതില്‍നിന്ന് തടഞ്ഞത് എന്‍.ജി.ഒ വിരുദ്ധ മനോഭാവത്തിന്‍െറ പ്രതിഫലനമായിരുന്നു. ആ നടപടി നിയമവിരുദ്ധമാണെന്ന് രണ്ടുമാസം കഴിഞ്ഞ് ഡല്‍ഹി ഹൈകോടതി വിധിച്ചെങ്കിലും സര്‍ക്കാര്‍ വേട്ട തുടര്‍ന്നു. വിദേശ സംഭാവനാചട്ടങ്ങള്‍ (എഫ്.സി.ആര്‍.എ) ലംഘിച്ചെന്നാരോപിച്ച് ഗ്രീന്‍പീസിന് നോട്ടീസ് കൊടുത്തു. അവരുടെ വിശദീകരണങ്ങള്‍ ഒട്ടും കണക്കിലെടുക്കാതെ ഏപ്രിലില്‍ അവരുടെ സകല ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. മേയില്‍ ഡല്‍ഹി ഹൈകോടതി ഗ്രീന്‍പീസിന്‍െറ ആഭ്യന്തര അക്കൗണ്ടുകളുടെ വിലക്ക് എടുത്തുകളഞ്ഞു. എന്നാല്‍, ആ കോടതി വിധിയുടെ തൊട്ടുപിറ്റേന്ന്, ഗ്രീന്‍പീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തമിഴ്നാട്ടില്‍ അവരുടെ കണക്കുപുസ്തകങ്ങള്‍ വീണ്ടും ഓഡിറ്റ് ചെയ്യാന്‍ അധികൃതരത്തെി. എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം. 2005 മുതല്‍ 2012 വരെയുള്ള കണക്കുകളില്‍ ക്രമക്കേടുകള്‍ കണ്ടുപിടിച്ചതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്രീന്‍പീസിന്‍െറ രജിസ്ട്രേഷന്‍ പിന്‍വലിക്കുമെന്നറിയിച്ചു. സംഘടന വീണ്ടും കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ മരവിപ്പിച്ചിരുന്ന ഫണ്ട് വിട്ടുകിട്ടാനുള്ള ഹരജിയും കോടതിയില്‍ സമര്‍പ്പിച്ചു. അതിന്മേല്‍ സര്‍ക്കാറിന്‍െറ ഭാഗം കോടതി കേള്‍ക്കേണ്ട ദിവസത്തിന്‍െറ തലേന്നാണ് ആഭ്യന്തര വകുപ്പ് എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസ് നല്‍കിയത്.
ഫണ്ടുകള്‍ പിടിച്ചുവെച്ച് സംഘടനയെ വരിഞ്ഞുകെട്ടുക, കേസുകളില്‍നിന്ന് കേസുകളിലേക്ക് നടത്തി വിഷമിപ്പിക്കുക, സംഭാവനാ ദാതാക്കളെയും ബാങ്കുകളെയും നിരുത്സാഹപ്പെടുത്തുക തുടങ്ങിയ തന്ത്രങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പയറ്റുന്നത്. ചട്ടങ്ങള്‍ ശരിയായി പാലിക്കുന്നില്ല എന്നതാണ് കാരണം പറയുന്നത്. ക്രമക്കേട് സൂചിപ്പിക്കുന്ന ഗുരുതരമായ ചട്ടലംഘനങ്ങളും നോട്ടപ്പിശകുമൂലമുണ്ടാകാവുന്ന ചെറിയ സാങ്കേതികത്തകരാറുകളും ഒരുപോലെ കാണുന്നത് ശരിയല്ല. ഗ്രീന്‍പീസിന്‍െറ വിദേശ-ആഭ്യന്തര കണക്കുകള്‍ കൂടിച്ചേര്‍ന്നുകിടക്കുന്നു എന്നതാണ് ഗുരുതരമെന്ന് പറയാവുന്ന ആരോപണം. അതിനുള്ള അവരുടെ വിശദീകരണമോ കോടതിയില്‍ നല്‍കിയ പരാതിയോ കണക്കിലെടുക്കാതുള്ള കടുത്ത നടപടിതന്നെ, ലക്ഷ്യം മറ്റെന്തോ ആണെന്ന് സൂചിപ്പിക്കുന്നു. യു.പി.എ ഭരണകാലത്തും ഗ്രീന്‍പീസ് വേട്ടയാടപ്പെട്ടിരുന്നു. അന്ന് ഉത്തരവിട്ടതുപ്രകാരമാണ് ഐ.ബി 2014 ജൂണില്‍ എന്‍.ജി.ഒകള്‍ക്കെതിരെ ആരോപണങ്ങളടങ്ങുന്ന രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്‍.ഡി.എ സര്‍ക്കാറിന് അത് ആയുധമായി. സര്‍ക്കാറിന്‍െറ വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുക വഴി ഓരോവര്‍ഷവും സാമ്പത്തിക വളര്‍ച്ചയില്‍ രണ്ടോ മൂന്നോ ശതമാനം കുറയാന്‍ എന്‍.ജി.ഒകള്‍ ഇടയാക്കുന്നു പോലും. ഏതുതരം വികസനമാണ് തടസ്സപ്പെട്ടതെന്ന് തുടങ്ങിയ കാര്യങ്ങള്‍  ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. പക്ഷേ, ആ റിപ്പോര്‍ട്ട് എന്‍.ജി.ഒ വേട്ടക്ക് സൗകര്യമായി. രണ്ടുമാസംകൊണ്ട് 13,000 എന്‍.ജി.ഒകളുടെ ലൈസന്‍സുകള്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടത്രെ. എന്‍.ജി.ഒകളില്‍ പലതും വ്യാജമാണെന്നതും പലതും തട്ടിപ്പുസംഘങ്ങളാണെന്നതും ശരിയാവാം. പക്ഷേ, ജനപക്ഷത്തുനിന്നുകൊണ്ട് സര്‍ക്കാറിന്‍െറ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ നിയന്ത്രിക്കുന്നതിന് അതൊന്നും ന്യായമല്ല.
ഗ്രീന്‍പീസിന്‍െറ കുറ്റം അതാണ് -കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരം നടത്തിയതിന് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഗ്രീന്‍പീസിനെ നോട്ടമിട്ടിരുന്നു. മോദി സര്‍ക്കാറിനും അത്തരം ചെറുത്തുനില്‍പുകള്‍ ഹിതകരമല്ല. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന വന്‍ പദ്ധതികള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും ഭൂമിക്കുതന്നെയും ദോഷകരമാണെന്നു പറയാനും അതുപ്രകാരം പ്രചാരണപ്രവര്‍ത്തനം നടത്താനും സ്വാതന്ത്ര്യം  ഉണ്ടാകേണ്ടതുണ്ട്. കല്‍ക്കരി വ്യവസായങ്ങള്‍ക്കെതിരെ ഗ്രീന്‍പീസ് എടുത്തിട്ടുള്ള ശക്തമായ നിലപാട് വന്‍കോര്‍പറേറ്റുകള്‍ക്ക് ദഹിച്ചിട്ടില്ല. ലോകത്ത് പുതുതായി തുടങ്ങാന്‍ പോകുന്ന 1200 കല്‍ക്കരിപ്പാടങ്ങളില്‍ പകുതിയും ഇന്ത്യയിലാണെന്ന് വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് എടുത്തുപറയുന്നു.  ഈ രംഗത്ത് ഏറെ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പിന് ഇന്ത്യന്‍ സര്‍ക്കാറിലും നല്ല സ്വാധീനമുണ്ടെന്നതും സുവിദിതമാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ  കല്‍ക്കരിക്കമ്പനിയാണ് അദാനി ഗ്രൂപ്. പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷകരമെന്ന് അവര്‍ വിശ്വസിക്കുന്ന പദ്ധതികളെ ചെറുക്കാനും എതിര്‍ക്കാനും ഗ്രീന്‍പീസിനുള്ള അവകാശം അനുവദിക്കുകയാണ് ജനാധിപത്യ മര്യാദ. ഡല്‍ഹി കോടതി ചൂണ്ടിക്കാട്ടിയപോലെ, ഭരണകൂടത്തിന് ഹിതകരമല്ളെന്നുവെച്ച് വിമര്‍ശകരുടെ വായ മൂടരുത്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍െറ മര്‍മമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story