Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനാലക്ഷരമറിയില്ലെന്ന...

നാലക്ഷരമറിയില്ലെന്ന പേരുദോഷം നീക്കണം

text_fields
bookmark_border
നാലക്ഷരമറിയില്ലെന്ന പേരുദോഷം നീക്കണം
cancel

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നാക്കം നില്‍ക്കുന്ന കേരളം കഴിഞ്ഞ രണ്ടു ദശകത്തിനിടെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതതലം വരെ മെച്ചപ്പെടുത്തുന്നതിന് പല പദ്ധതികള്‍ നടപ്പാക്കി. എല്ലാം ചെയ്തുകഴിഞ്ഞും സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം എവിടെ നില്‍ക്കുന്നു എന്ന് ഗൗരവമായി വിലയിരുത്തണമെന്ന് തെര്യപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന എസ്.സി.ഇ.ആര്‍.ടിയുടെ പഠനറിപ്പോര്‍ട്ട്. കേരളത്തില്‍ പ്രൈമറി ക്ളാസുകളെ വെച്ചുനടത്തിയ പഠനത്തില്‍ കണ്ടത്തെിയത് ഗണിതം, വായന, വ്യാകരണം എന്നിവയില്‍ വിദ്യാര്‍ഥികള്‍ നിശ്ചിത നിലവാരത്തിലും താഴെയാണെന്നാണ്. നിലവാരത്തകര്‍ച്ചയുടെ അതിദയനീയമായ ഉദാഹരണങ്ങളാണ് അക്കൗണ്ടന്‍റ് ജനറലിന്‍െറ നിര്‍ദേശാനുസരണം തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ നിരത്തുന്നത്. സര്‍ക്കാര്‍, എയ്ഡഡ് ഭേദമൊന്നുമില്ലാതെ സ്കൂള്‍ ഏഴാം ക്ളാസുകാരില്‍ അഞ്ചുശതമാനം പേര്‍ക്കും മലയാളം അക്ഷരമറിയില്ല. മൂന്നു ശതമാനത്തിന് ഇംഗ്ളീഷ് അക്ഷരവും അറിയില്ല. മലയാളം, ഇംഗ്ളീഷ്, പരിസ്ഥിതിപഠനം, ഗണിതം, അടിസ്ഥാനശാസ്ത്രം എന്നീ വിഷയങ്ങളിലെ പഠനനിലവാരമാണ് എസ്. സി.ഇ.ആര്‍.ടി പരിശോധിച്ചത്. ഭാഷയിലും ഗണിതത്തിലും എഴുത്തുശേഷിയിലും എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ പിന്നാക്കമാണെന്ന് അഞ്ചു ജില്ലകളില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. തിരുവനന്തപുരത്ത് ഏഴും പത്തനംതിട്ടയില്‍ ആറും എറണാകുളത്ത് നാലും തൃശൂരില്‍ ആറും കാസര്‍കോട്ട് അഞ്ചും സ്കൂളുകളിലാണ് പഠനം നടന്നത്.
നാലാം തരത്തില്‍ 47.52 ശതമാനം വിദ്യാര്‍ഥികളും മലയാള ഭാഷയിലെ ലളിത ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കഴിയാത്തവരാണ്. കാസര്‍കോട് ജില്ലയില്‍ മലയാളത്തില്‍ എ ഗ്രേഡ് നേടിയത് 30.09 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം. ഏഴാം തരത്തില്‍ മലയാളബോധനത്തില്‍ 35 ശതമാനം പിറകിലാണ്. അതില്‍ അഞ്ചു ശതമാനത്തിന് അക്ഷരമറിയില്ല.  ഇംഗ്ളീഷില്‍ 25 ശതമാനവും ഗണിതത്തില്‍ 63 ശതമാനവും പിന്നിലാണ്. ഇംഗ്ളീഷ് വായനാനൈപുണിയില്‍ 55 ശതമാനവും എഴുത്തില്‍ 12.32 ശതമാനം വിദ്യാര്‍ഥികളും പിന്നിലാണ്. വ്യാകരണത്തില്‍ പൂര്‍ണ സ്കോര്‍ നേടിയത് 22 ശതമാനം മാത്രം. പരിസ്ഥിതിപഠനത്തില്‍ 73 ശതമാനത്തിനും എ ഗ്രേഡില്ല. ഇംഗ്ളീഷില്‍ 30 ശതമാനം കുട്ടികള്‍ക്കും നിശ്ചിത നിലവാരമില്ല. 2.95 ശതമാനം കുട്ടികള്‍ക്ക് ഇംഗ്ളീഷ് അക്ഷരമറിയില്ല. അടിസ്ഥാനശാസ്ത്രത്തില്‍ 85 ശതമാനം പിന്നിലാണ്. 10.88 ശതമാനത്തിന് ഗണിതത്തിന്‍െറ അടിസ്ഥാനബോധംപോലുമില്ല. തിരുവനന്തപുരം ജില്ലയിലെ ഏഴാംതരക്കാരില്‍ 19.47 ശതമാനം വിദ്യാര്‍ഥികളും ജ്യോമട്രിയില്‍ ഒരു സ്കോര്‍പോലും നേടിയില്ല. ഇങ്ങനെ, കേള്‍ക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്ന കൗതുകവാര്‍ത്തകളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമായി സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിലും കുഞ്ഞുങ്ങളെ സ്കൂളുകളിലത്തെിക്കുന്ന വിഷയത്തിലും കേരളം ബഹുദൂരം മുന്നോട്ടുപോയി. ഡി.പി.ഇ.പി മുതല്‍ ഇങ്ങോട്ട് കഴിഞ്ഞ ഒന്നര ദശകത്തിലേറെയായി നടപ്പാക്കിവരുന്ന പരിഷ്കാരങ്ങളിലൂടെ സ്കൂള്‍ ക്ളാസുകളുടെ അഴകും കൂടി. ഈ ആനച്ചന്തത്തിനപ്പുറം പഠനനിലവാരം കൂടക്കൂടെ താഴ്ന്നുവരുന്നുവെന്നാണ് ഏതാനും വര്‍ഷങ്ങളായി പുറത്തുവരുന്ന വസ്തുതകള്‍. പരിഷ്കരണങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ പ്രയോഗത്തില്‍ പരാജയപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പരിഹാരനിര്‍ദേശങ്ങള്‍ സൂചിപ്പിക്കുന്നത്. കരിക്കുലവും ബോധനരീതിയും സംബന്ധിച്ച് ഏറെക്കാലം വാദവിവാദങ്ങള്‍ നടന്ന കേരളത്തിനു മുന്നില്‍ എസ്.സി.ഇ.ആര്‍.ടി. സമര്‍പ്പിക്കുന്നത് ‘പഴഞ്ചന്‍’ നിര്‍ദേശങ്ങള്‍ തന്നെ. മാതൃകാവായന, ഉച്ചാരണ പരിശീലനം, എഴുത്തുമത്സരം, പകര്‍ത്തിയെഴുത്ത്, പദപ്രശ്നം എന്നിവ നടത്തുക, ശരിയായ ഉച്ചാരണത്തില്‍ ഉച്ചത്തിലുള്ള വായന ശീലിപ്പിക്കുക, വാക്കുകളുടെ സ്പെല്ലിങ് അറിയാന്‍ അവസരമൊരുക്കുക തുടങ്ങി നൂറോളം നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഏറെ വാദവിവാദങ്ങള്‍ക്കു വഴിവെച്ച ജില്ലാ പ്രാഥമികവിദ്യാഭ്യാസ പരിപാടി  (ഡി.പി.ഇ.പി) നടപ്പാക്കുമ്പോള്‍തന്നെ സാമ്പ്രദായികരീതിയുടെ നേട്ടകോട്ടങ്ങളും പുതിയ പരിഷ്കരണത്തിന്‍െറ വരുംവരായ്കകളും ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. പാഠ്യപദ്ധതിയും ബോധനരീതികളും കാലോചിതവും സന്ദര്‍ഭാനുസൃതവുമായ മാറ്റങ്ങള്‍ക്കു വിധേയമാകണം. എന്നാല്‍, നാലക്ഷരം കൂട്ടിവായിക്കാനും എഴുതാനുമുള്ള വിദ്യാഭ്യാസത്തിന്‍െറ അടിസ്ഥാനശേഷിക്കുതന്നെ ശോഷണം സംഭവിക്കുന്നുവെങ്കില്‍ പരിഷ്കരണങ്ങള്‍ക്കും പന്തികേടുണ്ടെന്ന് മനസ്സിലാക്കണം. ഏതായാലും, വാക്കുകള്‍ കൂട്ടിച്ചൊല്ലാനോ കൂട്ടിയെഴുതാനോ വയ്യാത്ത ഈ പേരുദോഷം നീക്കാന്‍ അടിയന്തരമായി വല്ലതും ചെയ്തേ തീരൂ.
 

Show Full Article
TAGS:
Next Story